Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിജയ് ബാബുവിനെതിരെ റെഡ്‌കോർണർ നോട്ടിസിന് നടപടി തുടങ്ങി; പൊലീസിന്റെ ശുപാർശ ആഭ്യന്തര വകുപ്പുവഴി സിബിഐക്ക് കൈമാറി; ഹൈക്കോടതിയിൽ നൽകിയ യാത്രരേഖയെപ്പറ്റി അറിയില്ലെന്നും അന്വേഷണ സംഘം

വിജയ് ബാബുവിനെതിരെ റെഡ്‌കോർണർ നോട്ടിസിന് നടപടി തുടങ്ങി; പൊലീസിന്റെ ശുപാർശ ആഭ്യന്തര വകുപ്പുവഴി സിബിഐക്ക് കൈമാറി; ഹൈക്കോടതിയിൽ നൽകിയ യാത്രരേഖയെപ്പറ്റി അറിയില്ലെന്നും അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ തുടരുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നടപടി തുടങ്ങി. നോട്ടിസ് പുറപ്പെടുവിക്കാനുള്ള പൊലീസിന്റെ ശുപാർശ ആഭ്യന്തര വകുപ്പുവഴി സിബിഐക്ക് കൈമാറി.

ആദ്യപടിയായി റെഡ് കോർണർ നോട്ടീസ് ആഭ്യന്തര വകുപ്പിൽ നിന്നും സിബിഐക്ക് അയച്ചു. സിബിഐ വൈകാതെ ഈ നോട്ടീസ് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളിന് കൈമാറും. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയാണ് സിബിഐ.

ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള ഇന്നത്തെ യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബു ഉണ്ടായിരുന്നില്ല. അതിനാൽ ഇന്ന് വൈകിട്ടോടെ റെഡ്‌കോർണർ നോട്ടിസിനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു നേരത്തേ അറിയിച്ചിരുന്നു.

വിജയ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് അന്വേഷണ സംഘം രംഗത്ത് എത്തിയതോടെ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി. മെയ് മാസം മുപ്പതിനുള്ള ദുബായ് - കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകർ ഇന്ന് കോടതിയെ അറിയിച്ചു. വിശദമായ യാത്രരേഖകൾ നാളെ ഹാജരാക്കമെന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിജയ് ബാബുവിന്റെ അഭിഭാഷകർ ഹൈക്കോടതിയിൽ നൽകിയ അദ്ദേഹത്തിന്റെ യാത്രാ രേഖയെപ്പറ്റി അറിയില്ലെന്ന് പൊലീസ് പ്രതികരിച്ചു.

മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെയാണ് വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയത്.

ഇന്റർ പോൾ ആണ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുന്നത്. ഇതിന് മുമ്പായി വിജയ് ബാബുവിനെതിരെ ബ്ലൂ കോർണർ നോട്ടീസും ഇന്റർപോൾ പുറത്തിറക്കിയിരിക്കുന്നു. ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ അഥവാ ഐസിപിഒ ആണ് ഇന്റർപോൾ (Interpol) എന്ന പേരിൽ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള പൊലീസ് സേനകൾ തമ്മിൽ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഇന്റർപോൾ നടത്തുന്നത്. ഫ്രാൻസിലെ ലിയോണിലാണ് ഇന്റർപോളിന്റെ ആസ്ഥാനം. 195 അംഗരാജ്യങ്ങളാണ് ഇന്റർപോളിൽ ഉള്ളത്.

കുറ്റവാളികൾ രാജ്യം വിട്ടുപോകുമ്പോൾ പൊലീസിന് പിടികൂടുക ഏറെക്കുറേ അസാധ്യമാണ്. അതുകൊണ്ട് തന്നെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇത്തരക്കാരെ പിടികൂടാറുള്ളത്. വിജയ് ബാബു നിലവിൽ കുറ്റവാളിയെന്ന് പറയാൻ ആവില്ല. കേസിൽ കോടതി ശിക്ഷിക്കുന്നത് വരെ പ്രതി മാത്രമാണ്. എന്നിരുന്നാലും, ഇത്തരം കേസുകളിലും ഇന്റർപോളിന്റെ സഹായം ലഭിക്കാറുണ്ട്.

1. ബ്ലൂ കോർണർ നോട്ടീസ് (Blue Corner Notice)
വിജയ് ബാബുവിനെതിരെ ആദ്യം ഇന്റർപോൾ പുറപ്പെടുവിച്ചത് ബ്ലൂ കോർണർ നോട്ടീസ് ആയിരുന്നു. ബ്ലൂ കോർണർ നോട്ടീസ് എന്നത് ഒരു എൻക്വയറി (അന്വേഷണ) നോട്ടീസ് മാത്രമാണ്. പ്രതിയോ, പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളോ ഒളിവിൽ പോയാൽ അയാളുടെ ലൊക്കേഷൻ, ഐഡന്റിറ്റി, മറ്റ് വിവരങ്ങൾ തുടങ്ങിയവ അറിയുന്നതിനാണിത്. ഇങ്ങനെ ഒരു നോട്ടീസ് ഇന്റർപോൾ പുറത്തിറക്കിയാൽ, അംഗരാജ്യങ്ങൾ് വിവരങ്ങൾ കൈമാറിയേ മതിയാകൂ എന്നാണ് ചട്ടം. ഒരേ സമയം ഒന്നിലധികം വ്യക്തികൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് സാധിക്കും.

2. റെഡ് കോർണർ നോട്ടീസ് (Red Corner Notice)
ബ്ലൂ കോർണർ നോട്ടീസ് പ്രസ്തുത വ്യക്തിയുടെ വിവരങ്ങൾ മാത്രമാണ് തേടുന്നത് എങ്കിൽ, കുറച്ചുകൂടി മുന്നോട്ട് പോകും റെഡ് കോർണർ നോട്ടീസ്. കുറ്റാവളി/കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ആളെ പിടികൂടുന്നതിനായിട്ടാണ് ഇത്. കുറ്റം നടന്ന രാജ്യത്തിന് പ്രതിയെ കൈമാറുക എന്ന ഉദ്ദേശത്തോടെയാണ് അറസ്റ്റ് നടക്കുക.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെയാണ് സാധാരണ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാറുള്ളത്. എന്നാൽ അല്ലാത്ത സാഹചര്യങ്ങളും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാറുണ്ട്. അതുകൊണ്ട് തന്നെ, ഇത്തരമൊരു നോട്ടീസ് പുറപ്പെടുവിച്ചു എന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാണെന്ന് പറയാൻ ആവില്ല. കുറ്റവാളികളെ കൈമാറുന്നതിന് കരാർ ഇല്ലാത്ത രാജ്യങ്ങളാണെങ്കിൽ പോലും ഇന്റർപോൾ അംഗങ്ങളാണെങ്കിൽ റെഡ് കോർണർ നോട്ടീസിന് പ്രസക്തിയുണ്ട്.

ഇന്റർപോളിന്റെ നാല് ഔദ്യോഗിക ഭാഷകളിൽ ആണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ് എന്നിവയാണ് ആ ഭാഷകൾ. അംഗരാജ്യത്തിന്റെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ ജനറൽ സെക്രട്ടേറിയറ്റ് ആണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്. റെഡ് കോർണർ നോട്ടീസ് എന്നത് ഒരു അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അല്ലെന്നും ഇന്റർപോൾ വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP