Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാദിറ സുരേഷിന്റെ വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത് നിർണായക രേഖകൾ; സുരേഷ് 2018 മുതൽ ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനി പാരറ്റ് ഗ്രോയുടെ കൺസൾട്ടന്റ്; വി എസിന്റെ കാലത്തു കൊച്ചിയിൽ ടൗൺഷിപ്പിനായി ഭൂമി വാങ്ങി വിവാദത്തിലായതും പാരറ്റ് ഗ്രോ; ഡിസിസി സെക്രട്ടറിയും കുടുംബവും ചെറുമീനുകളല്ലെന്ന് ഇൻകം ടാക്സ്

നാദിറ സുരേഷിന്റെ വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത് നിർണായക രേഖകൾ; സുരേഷ്  2018 മുതൽ ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനി പാരറ്റ് ഗ്രോയുടെ കൺസൾട്ടന്റ്; വി എസിന്റെ കാലത്തു കൊച്ചിയിൽ ടൗൺഷിപ്പിനായി ഭൂമി വാങ്ങി വിവാദത്തിലായതും പാരറ്റ് ഗ്രോ; ഡിസിസി സെക്രട്ടറിയും കുടുംബവും ചെറുമീനുകളല്ലെന്ന് ഇൻകം ടാക്സ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഭൂമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇഡിയും ഇൻകംടാക്‌സും സംയുക്തമായി പരിശോധന നടത്തിയ ഡിസിസി സെക്രട്ടറി നാദിറയും ഭർത്താവ് സുരേഷും ചെറുമീനുകൾ അല്ലെന്ന സൂചനയുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ. ഇവരുടെ മണ്ണന്തലയിലെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചതോടെ കൂടുതൽ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്്. ചില വ്യക്തികളുടെ ഭൂമി ഇടപാടുകളും ഫ്‌ളാറ്റ് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം. ഇതോടെ നാദിറയെയും ഭർത്താവ് സുരേഷിനെയും കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലും വേണ്ടിവരുമെന്നാണ് സൂചന.

വീട്ടിലെ റെയ്ഡിൽ നിന്നും കണ്ടെടുത്തത് നിർണായക രേഖകളാണ്. മണ്ണന്തലക്ക് സമീപമുള്ള വീട്ടിൽ 30 മണിക്കൂറിലേറെ പരിശോധന നടന്നിരുന്നു. തിങ്കളാഴ്ച ആരംഭിച്ച പരിശോധന ചൊവ്വാഴ്ച രാത്രി വരെ തുടരുകയാണ് ഉണ്ടായത്. ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൺസൾട്ടന്റാണ് സുരേഷ്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഭൂമി, ബാങ്ക് ഇടപാടുകളുടെ ഉൾപ്പെടെ രേഖകൾ ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്.

ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാരറ്റ് ഗ്രോയുടെ കൺസൾട്ടന്റായി 2018 മുതൽ സുരേഷ് ജോലി ചെയ്യുകയാണ്. ഫാരിസ് 10 വർഷം മുമ്പ് ആരംഭിച്ച ദിനപത്രം മെട്രോ വാർത്തയുടെ ചീഫ് ഓപറേറ്റിങ് ഓഫിസറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പത്രം മറ്റൊരു ഗ്രൂപ്പാണ് നടത്തുന്നത്. പാരറ്റ് ഗ്രോ കമ്പനി കേരളത്തിലുടനീളം ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആദായനികുതിവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. മുമ്പും വിവാദത്തിൽ പെട്ട കമ്പനിയാണ് ഫാരിസിന്റെ പാരറ്റ്‌ഗ്രോ. വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുകൊച്ചി വളന്തക്കാടിൽ ടൗൺഷിപ്പിനായി കണ്ടൽക്കാട് ഉൾപ്പെടുന്ന ഭൂമി ഇതേ കമ്പനി വാങ്ങിയത് വിവാദമായിരുന്നു. അന്ന് സംഭവം വിവാദമായതോടെ പദ്ധതിക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു.

ഭൂമിവിൽപനയുടെ പ്രധാന ഇടനിലക്കാരനായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന്റെ വീട്ടിൽ പരിശോധന നടന്നത്. സംസ്ഥാന സർക്കാറിനെതിരെ ഏജൻസികളുടെ നടപടികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധം തുടരുമ്പോഴാണ് തിരിച്ചടിയായി ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വസതിയിൽ പരിശോധന നടന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കോൺഗ്രസ് പ്രതിരോധത്തിലാകുന്ന അവസ്ഥയുമുണ്ടായി. കാലങ്ങൾക്ക് മുമ്പ് വിപ്ലവം തീർത്ത പ്രണയ വിവാഹത്തിലെ നായികാ നായകന്മാരായിരുന്നു നാദിറയും ഭർത്താവ് സുരേഷും. ഇവരുടെ വിവാഹം നടത്തിക്കൊടുത്തതും മുതിർന്ന കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്തായിരുന്നു. പിൽക്കാലത്ത് സർക്കാർ ജീവനക്കാരിയായിരുന്നു ഇവർ. പെൻഷൻ പറ്റിയ ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു അവർ.

ഇപ്പോൾ നാദിറയുടെ ഭർത്താവ് സുരേഷിന് വിവാദ വ്യവസായി ഫാരീസ് അബൂബക്കറുമായുള്ള ഇടപാടുകളും ബന്ധങ്ങളുമാണ് അവരെ വിവാദ നായികയാക്കി മാറ്റുന്നത്. ഫാരിസിന്റെ ഇടപാടുകളിൽ ഇവർക്കും പങ്കുണ്ടെന്ന വിധത്തിൽ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. നാദിറയും ഈ വിവാദ ഇടപാടുകളുടെ ഭാഗമായിരുന്നു എന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്. ഇൻകംടാക്സ് പിടിച്ചെടുത്ത രേഖകളിൽ നാദിറയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ടെന്നതാണ് പുറത്തുവരുന്ന വിവരം. ഭർത്താവ് സുരേഷ് ഫാരീസ് അബൂബക്കറിന്റെ വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.

ഇത് കൂടാതെ ഇവരുടെ മകനും വിവാദ വ്യവസായിയുടെ സ്ഥാപനത്തിലാണ് ജോലി നോക്കുന്നത്. ഫാരീസിന്റെ വിദേശത്തുള്ള ഇടപാടുകൾ അടക്കം നിയന്ത്രിച്ചിരുന്നത് സുരേഷും കുടുംബവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ഉദ്യോഗസ്ഥയായിരുന്ന നാദിറ വിരമിച്ച ശേഷം ഒരു പെൻഷൻ സംഘടനയിലാണ് പ്രവർത്തിച്ചത്. പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചു. മഹിളാ കോൺഗ്രസിലായിരുന്നു കുറച്ചു കാലം പ്രവർത്തനം പിന്നീട് പടിപടിയായി ഉയർന്ന് ഡിസിസി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എം എം ഹസൻ അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധവും ഇവർക്കുണ്ടായിരുന്നു. അതേസമയം കോൺഗ്രസിലെ വനിതാ നേതാക്കളുമായി പോലും വലിയ ബന്ധം ഉണ്ടായിരുന്നില്ല. നിശ്ചയിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ വന്ന് മടങ്ങുകയാണ് ഇവർ ചെയ്യാറ്.

ഇപ്പോൾ നാദിറ സുരേഷ് എന്ന ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ഇഡി കയറിയപ്പോൾ സിപിഎം അത്യുത്സാഹമൊന്നും കാണിക്കുന്നില്ല. അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. ഫാരീസ് ബന്ധമാണ് ഈ വിഷയം രാഷ്ട്രീയമായി മാറാതിരിക്കാനുള്ള കാരണവും. സുരേഷ് കുമാർ വഴിയാണ് ഫാരിസുമായി നാദിറയ്ക്ക് ബന്ധമുള്ളതും. തിരുവനന്തപുരത്ത് വിശാലമായ ബന്ധങ്ങലുള്ള വ്യക്തിയാണ് നാദിറയുടെ ഭർത്താവ്. മെട്രോ വാർത്തയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു. അമൃതാ ടിവിയിലെ പ്രവർത്തന പരിചയവുമായാണ് മെട്രോ വാർത്തയിലേക്ക് സുരേഷ് എത്തുന്നത്. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം അവർക്കുണ്ടായിരുന്നു. മെട്രോ വാർത്തയുടെ ഭാഗമായതോടെ ഫാരീസിന്റെ വിശ്വസ്തനായി സുരേഷ് മാറി. പല കോൺഗ്രസ് നേതാക്കളും ഫാരീസുമായുള്ള പാലമായും സുരേഷ് മാറിയെന്നാണ് വിലയിരുത്തൽ.

അമൃതാ ടിവിയിലെ ജീവനക്കാരനായിരുന്ന സുരേഷ് മുൻകാല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. വി എം സുധീരന്റെ കാലത്താണ് നദീറ കോൺഗ്രസിൽ സജീവമാകുന്നത്. മഹിളാ കോൺഗ്രസിലായിരുന്നു പ്രവർത്തന മണ്ഡലം. പിന്നീട് ഡിസിസി ഭാരവാഹിയായി മാറുകയും ചെയ്തു. ജയ്ഹിന്ദ് ടിവിയുടെ പുനരുദ്ധാരണത്തിൽ അടക്കം സുരേഷ് കുമാറിനെ കോൺഗ്രസ് നേതൃത്വം സഹകരിപ്പിച്ചിരുന്നു. അമതൃ ടിവിയിൽ ചാനൽ കോ ഓർഡിനേറ്ററുടെ റോളിലായിരുന്നു സുരേഷിന്റെ പ്രവർത്തനം.

ഫാരീസ് മെട്രോ വാർത്ത തുടങ്ങിയതോടെ അതിലേക്ക് മാറി. അധികാരത്തിന്റെ ഇടനാഴികളിലെ സ്വാധീനം സമർദ്ദമായി സ്ഥാപനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രത്യേക മിടുക്ക് സുരേഷിനുണ്ടായിരുന്നു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോഴെല്ലാം മന്ത്രിമാർ അടക്കമുള്ളവരെ സുഹൃത്തുക്കളെ പോലെയാണ് കൈകാര്യം ചെയ്തത്. ഈശ്വരവിലാസം റോഡിൽ താമസിക്കുന്ന പ്രമുഖ യുഡിഎഫ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി സുരേഷ്. അമൃതാ ടിവിയിൽ എത്തും മുമ്പും പത്രങ്ങളുമായി സഹകരിച്ചിട്ടുണ്ട് സുരേഷ്. മാർക്കറ്റിംഗുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ എല്ലാം സുരേഷിന്റെ പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP