Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാനിഹാൾ തുരങ്കം കടത്തി ജമ്മു വഴി ചണ്ഡീഗഡിൽ എത്തിക്കുന്നതിന് താൻ 12 ലക്ഷം രൂപ ഹിസ്ബുൾ ഭീകരരിൽ നിന്ന് വാങ്ങിയതായി തുറന്നുസമ്മതിച്ച് ഡിസിപി ദേവീന്ദർ സിങ്; ഭീകരർ എത്തിയത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ആക്രമണം ലക്ഷ്യമിട്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ; രണ്ടുഭീകരരെയും ദേവീന്ദർ പാർപ്പിച്ചത് സൈന്യത്തിന്റെ 15 കോർപ്‌സ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള ഇന്ദിരാ നഗറിലെ വസതിയിൽ; ജമ്മുവിലേക്കുള്ള യാത്രാമധ്യേ മാരുതി കാറോടിച്ചത് ഹിസ്ബുൾ ഭീകരൻ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ബാനിഹാൾ തുരങ്കം കടത്തി ജമ്മു വഴി ചണ്ഡീഗഡിൽ എത്തിക്കുന്നതിന് താൻ 12 ലക്ഷം രൂപ ഹിസ്ബുൾ ഭീകരരിൽ നിന്ന് വാങ്ങിയതായി തുറന്നുസമ്മതിച്ച് ഡിസിപി ദേവീന്ദർ സിങ്; ഭീകരർ എത്തിയത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ആക്രമണം ലക്ഷ്യമിട്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ; രണ്ടുഭീകരരെയും ദേവീന്ദർ പാർപ്പിച്ചത് സൈന്യത്തിന്റെ 15 കോർപ്‌സ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള ഇന്ദിരാ നഗറിലെ വസതിയിൽ; ജമ്മുവിലേക്കുള്ള യാത്രാമധ്യേ മാരുതി കാറോടിച്ചത് ഹിസ്ബുൾ ഭീകരൻ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: തീവ്രവാദികൾക്ക് ഒത്താശ നൽകിയ ജമ്മു-കശ്മീർ ഡിസിപി ദേവീന്ദർ സിങ് താൻ 12 ലക്ഷം രൂപ അവരിൽ നിന്ന് കൈപ്പറ്റിയതായി സനമ്മതിച്ചു. കുൽഗാമിൽ നിന്ന് രണ്ട് ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പമാണ് ദേവീന്ദറിനെ ശനിയാഴ്ച പിടികൂടിയത്. ബാനിഹാൾ തുരങ്കം വഴി ഭീകരെ ജമ്മുവിൽ എത്തിക്കാമെന്നും അവിടെ നിന്നും ചണ്ഡിഗഡിൽ എത്തിക്കാമെന്നുമായിരുന്നു ദേവീന്ദറും ഭീകരരും തമ്മിലുള്ള കരാർ. ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഇവരെ ഒരുസ്വകാര്യ വാഹനത്തിൽ സഞ്ചരിക്കവേയാണ് കസ്റ്റഡിയിലെടുത്തത്. ദേവീന്ദർ ഇവരുടെ പക്കൽ നിന്ന് 12 ലക്ഷം വാങ്ങിയതായി കശ്മീർ ഐജി വിജയകുമാർ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, ഭീകരർ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് വന്നവരെന്നാണ് ഇന്റലിജൻസ് കേന്ദ്രങ്ങൾ പറയുന്നത്. പൊലീസിനെ കൂടാതെ ഐബി, മിലിട്ടറി ഇന്റലിജൻസ്, റോ തുടങ്ങിയ ഏജൻസികളും ദേവീന്ദറെ ചോദ്യം ചെയ്തു. താൻ ഭീകരരെ ശ്രീനഗറിലെ ഇന്ദിരാ നഗറിലുള്ള വസതിയിൽ താമസിപ്പിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഭീകരരെ വെള്ളിയാഴ്ച ഷോപിയാനിൽ നിന്ന് വീട്ടിലെത്തിച്ചത് ദേവീന്ദർ സിങ്ങ് തന്നെയാണ്. അന്ന് രാത്രി അവരെ ഒപ്പം താമസിപ്പിച്ചു. ദേവീന്ദർ സിങ്ങിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഒരു എകെ റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെത്തി. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലാണു കനത്ത സുരക്ഷയിലുള്ള ദേവീന്ദർ സിങ്ങിന്റെ വീട്. ഇവിടെയാണ് ഭീകരരെ പാർപ്പിച്ചത്. സൈന്യത്തിന്റെ 15 കോർപ്‌സ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ദേവീന്ദറിന്റെ വസതി എന്നതും ഞെട്ടിക്കുന്നതാണ്. അവിടെ നിന്ന് ജമ്മുവിലേക്ക് ഭീകരർക്കൊപ്പം മാരുതി കാറിൽ പുറപ്പെട്ടു. ഹിസ്ബുൾ മുജാഹിദീൻ അനുഭാവിയാണ് കാർ ഓടിച്ചത്.

കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറിയേക്കും. തീവ്രവാദികളുടെ യഥാർഥ ലക്ഷ്യം കണ്ടെത്തണമെങ്കിൽ എൻഐഎ അന്വഷണം തന്നെ വേണ്ടി വരും.

ആട്ടിൻ തോലിട്ട ചെന്നായ

പെട്ടെന്നൊരു സുപ്രഭാതത്തിലല്ല ജമ്മു-കശ്മീർ ഡപ്യൂട്ടി സൂപ്രണ്ട് ദേവീന്ദർ സിങ്ങിന്റെ തീവ്രവാദ ബന്ധം വെളിച്ചത്ത് വന്നത്. ഇയാൾ ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് മാസങ്ങൾക്ക് മുമ്പേ വിവരം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ നിരീക്ഷണത്തിലുമായിരുന്നു. ദേവീന്ദർ എന്തു ചെയ്യുന്നു, ആരെ കാണുന്നു, എവിടെയൊക്കെ പോകുന്നു..എല്ലാം 24 മണിക്കൂറും ചാരക്കണ്ണുകളുടെ വലയത്തിലായിരുന്നു. ഒടുവിൽ പിടിയിലായപ്പോൾ, ദേവീന്ദർ താൻ രണ്ട് ഹിസ്ബുൾ തീവ്രവാദികളുടെ കീഴടങ്ങൽ സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെടാൻ ന്യായം പറഞ്ഞത്. എന്നാൽ, ഇങ്ങനെയൊരു കീഴടങ്ങൽ പദ്ധതി ഉന്നത ഉദ്യോഗസ്ഥരെ ആരെയും അറിയിച്ചിരുന്നുമില്ല.

പ്രാഥമികാന്വേഷണത്തിൽ ദേവീന്ദർ സിങ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സയിദ് നവീദ് മുഷ്താഖ്, റാഫി റാത്തർ, എന്നിവരെ കീഴടങ്ങാൻ കൊണ്ടുവരികയായിരുന്നുവെന്ന് അവകാശപ്പെട്ടുവെങ്കിലും, ഭീകരരെ ചോദ്യം ചെയ്തപ്പോൾ കള്ളി പൊളിഞ്ഞു. തീവ്രവാദികൾക്ക് അങ്ങനെയൊരു കീഴടങ്ങൽ പദ്ധതിയെ കുറിച്ച് അറിവൊന്നുമില്ലായിരുന്നു. ബാനിഹാൾ തുരങ്കം കടക്കുന്നതിന് ഇയാൾ 12 ലക്ഷം രൂപ തീവ്രവാദികളോട് ചോദിച്ചുവെന്നാണ് ഇന്റലിജൻസ് വിവരം. ഇക്കാര്യത്തിൽ ഭീകരരുമായി ധാരണയിൽ എത്തുകയും ചെയ്തു. സിങ് തന്നെ ധൈര്യപൂർവം കാറിലിരുന്നത് അമിത ആത്മവിശ്വാസം കൊണ്ടാണ്. ഡിവൈഎസ്‌പി ആയതുകൊണ്ട് തന്റെ കാർ തടഞ്ഞുനിർത്തി ആരുംപരിശോധിക്കില്ലെന്നാണ് സിങ് കരുതിയത്. കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജമ്മു-കശ്മീർ പൊലീസും ഐബിയും മറ്റ് ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത് എന്നതുകൊണ്ട് തന്നെ സിങ്ങിന്റെ നുണകളൊന്നും വിലപ്പോയില്ല.

പൊലീസ് പണി വിട്ട് തീവ്രവാദത്തിലേക്ക് കടന്നയാളാണ് പിടിയിലായ നവീദ് മുഷ്താഖ്. ഇയാളെയും കൂട്ടാളികളെയും ജമ്മുവിലേക്ക് സുരക്ഷിതമായി കടത്താനാണ് സിങ് 12 ലക്ഷം ആവശ്യപ്പെട്ടത്. ദക്ഷിണ കശ്മീരിൽ അടുത്തിടെ ആപ്പിളുകളുമായി എത്തിയ ട്രക്ക് ഡ്രൈവർമാരെ വെടിവച്ചുകൊന്ന കേസിലെ മുഖ്യ പ്രതിയാണ് മുഷ്താഖ്.

ഏതായാലും, ദേവീന്ദർ സിങ് ഈ പണി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കാശിന് വേണ്ടി എന്തു ചെയ്യും സിങ്. മുമ്പ് അഞ്ച് തവണ ഭീകരർക്ക് ബാനിഹാൾ തുരങ്കം കടക്കാനും ജമ്മുവിൽ സുരക്ഷിത താവളം ഒരുക്കാനും ദേവീന്ദർ സിങ് നേരിട്ട് സഹായിച്ചിട്ടുണ്ട്. സിങ്ങിന്റെ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഭീകരർ പിടിയിലായത്. ഇതിന് മുമ്പ് അവർ സിങ്ങിന്റെ വസതിയിലാണ് താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. അഭിഭാഷക പണി ഉപേക്ഷിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഇർഫാൻ ഷാഫി മിറും ഇവർക്കൊപ്പം പിടിയിലായിരുന്നു. ഇയാൾ അഞ്ചുവട്ടം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്നും ഇവിടുത്തെ കണ്ണികളുമായി നിരന്തര ബന്ധത്തിലായിരുന്നുവെന്നും വ്യക്തമായിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ ഭീകരർ എന്തെങ്കിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവോയെന്നും ദേവീന്ദർ സിങ്ങിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി വിവരം ശേഖരിക്കാൻ പൊലീസുകാർ ശ്രമം നടത്താറുണ്ടെങ്കിലും സിങ്ങിനെ അക്കൂട്ടത്തിൽ കൂട്ടാനാവില്ല. സിങ് ചെയ്തത് പൂർണമായും അനധികൃത പ്രവർത്തനമാണ്. അതുകൊണ്ടാണ് ഒരുതീവ്രവാദിയെ പോലെ കണക്കാക്കി ഇപ്പോൾ അന്വേഷണം നടത്തുന്നത്.

പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിന്റെ സത്യവാങ്മൂലപ്രകാരം ദേവീന്ദർ സിങ്ങാണ് തീവ്രവാദികളെ കൊണ്ടുവരാൻ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയത്. ഡൽഹിയിൽ വീട് എടുക്കാനും, ഒരു സെക്കൻഡ് ഹാൻഡ് വെള്ള അംബാസഡർ കാർ വാങ്ങാനും എല്ലാം നിർദ്ദേശിച്ചത് സിങ്ങായിരുന്നു. ഈ അംബാസഡർ കാറാണ് 2001 ലെ പാർലമെന്റ് ആക്രമണത്തിന് ഉപയോഗിച്ചതും. 2015 ൽ ട്രക്ക് ഡ്രൈവർമാരുടെ കൈയിൽ നിന്നും തുടർച്ചയായി പണം വാങ്ങുന്നതായി സിങ്ങിനെതിരെ ആരോപണം ഉയർന്നിരുന്നു. പണം നൽകിയില്ലെങ്കിൽ കള്ളതീവ്രവാദക്കേസുകളിൽ കുടുക്കുമെന്നായിരുന്നും അന്ന് സിങ്ങിന്റെ ഭീഷണിയെന്ന് ട്രക്ക് ഡ്രൈവർമാർ പറഞ്ഞിരുന്നു.

ദേവീന്ദർ സിങ്ങിന് കിട്ടിയ ബഹുമതികൾ നീക്കും

ദേവീന്ദർ സിങ്ങിന്റെ അദ്ധ്യായം ഇന്റലിജൻസ് ഏജൻസികളെ ദീർഘകാലം വേട്ടയാടുമെന്ന് ഉറപ്പാണ്. ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ സബ് ഇൻസ്പക്ടറായി ചേർന്ന ദേവീന്ദർ സിങ് വളരെ വേഗം ഡിഎസ്‌പി റാങ്കിലേക്ക് ഉയർന്നു. ഇതിനൊപ്പം പ്രസിഡന്റിന്റെ പൊലീസ് മെഡലും സ്വന്തമാക്കി.

എന്നാൽ, തനിക്ക് കിട്ടിയ പുരസ്‌കാരങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ജമ്മുവിൽ ശീതകാലത്ത് തന്റെ വസതിയിൽ പണത്തിന് പകരം ഭീകരർക്ക് അഭയം കൊടുക്കുകയായിരുന്നു സിങ്ങിന്റെ പണി. ഷോപിയാനിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവീദിനെയും ആസിഫിനെയും കൊണ്ടുപോകാൻ എത്തുമ്പോൾ പൊലീസ് ദേവീന്ദർ സിങ്ങിനെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. സിങ്ങിനെയും നവീദിനെയും തീവ്രവാദത്തിനായി ഒഴുക്കുന്ന പണത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎയും ചോദ്യം ചെയ്യും. എത്രനാളായി സിങ് ഇരയ്ക്ക് ഒപ്പം ഓടുകയും വേട്ടക്കാരന് സഹായം ചെയ്തുകൊടുക്കുകയും ആയിരുന്നുവെന്ന ചോദ്യം ജമ്മു-കശ്മീർ പൊലീസിനെ നാണംകെടുത്തുമെത്തുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ ദേവീന്ദർ സിങ്ങിന് കിട്ടിയ ബഹുമതികളും നീക്കാതെ വയ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP