Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംശയരോഗം മൂർച്ഛിച്ച് മർദ്ദനം പതിവായപ്പോൾ മാറി താമസിച്ചു; സ്‌നേഹത്തോടെ വീണ്ടും വിളിച്ചപ്പോൾ മനസ്സലിഞ്ഞ് കൂടെ പോയി; ആദ്യഭാര്യയെ കൊല്ലാൻ ശ്രമിച്ചവൻ രണ്ടാം ഭാര്യയെ കഴുത്തറുത്തുകൊന്നത് സംശയ രോഗം കൊണ്ടുമാത്രം: കൊല്ലത്തേ കൊലപാതകം സ്ത്രീകളെ ഓർമ്മിപ്പിക്കുന്നത്

സംശയരോഗം മൂർച്ഛിച്ച് മർദ്ദനം പതിവായപ്പോൾ മാറി താമസിച്ചു; സ്‌നേഹത്തോടെ വീണ്ടും വിളിച്ചപ്പോൾ മനസ്സലിഞ്ഞ് കൂടെ പോയി; ആദ്യഭാര്യയെ കൊല്ലാൻ ശ്രമിച്ചവൻ രണ്ടാം ഭാര്യയെ കഴുത്തറുത്തുകൊന്നത് സംശയ രോഗം കൊണ്ടുമാത്രം: കൊല്ലത്തേ കൊലപാതകം സ്ത്രീകളെ ഓർമ്മിപ്പിക്കുന്നത്

കൊല്ലം: ചവറയെ നടുക്കിയ അരുംകൊലയ്ക്ക് കാരണമായത് സംശയരോഗം. ഭർത്താക്കന്മാർ സംശയരോഗിയായി മാറുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതം തീരെ സുരക്ഷിതമല്ലെന്നതിലേക്കാണ് കൊല്ലം തങ്കശേരി സ്വദേശിയായ ഡോമി ബ്രയർലിയെ എന്ന മുപ്പത്തിയാറുകാരിയുടെ കൊലപാതകം വിരൽചൂണ്ടുന്നത്. ഒരുവർഷമായി അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് സ്‌നേഹത്തോടെ വിളിച്ചപ്പോൾ കൂടെപ്പോയി താമസിച്ച ഡോമിക്ക് അറിയില്ലായിരുന്നു അത് തന്നെ കൊല്ലാനുള്ള ഭർത്താവ് ബാബുവിന്റെ തന്ത്രമായിരുന്നുവെന്ന്. ഡോമിയെ കഴുത്തറത്തുകൊലപ്പെടുത്തിയ ഭർത്താവ് ബാബു അമിതമായി ഉറക്കഗുളിക കഴിച്ച് അവശനായി ആശുപത്രിയിലാവുകയും ചെയ്തു.

ഡോമിയെ ചവറ കോയിവിള ബംഗ്ലാവിൽ (കിഴക്കേപുരയിൽ) ബാബു വല്ലേരിയൻ എന്ന നാൽപ്പതുകാരൻ വിവാഹം കഴിച്ചത് ഏഴ് വർഷം മുമ്പാണ്. ഗൾഫുകാരന്റെ വിലസലുകളുമായി രണ്ടാം വിവാഹത്തിന് പെണ്ണുകാണാൻ ബാബു വന്നപ്പോൾ ഡോമി കുടുങ്ങിയത് ഒരു സംശയരോഗിയുടെ വലയിലായിരുന്നു. ആദ്യഭാര്യയുമായുള്ള വേർപിരിയലിന് കാരണക്കാരൻ താനല്ലെന്ന് പറഞ്ഞ് ബാബു പറഞ്ഞ നുണക്കഥകൾ വിശ്വസിച്ച ഡിഗ്രിക്കാരിയായ ഡോമി കല്യാണത്തിന് സമ്മതിച്ചു.

ആദ്യ ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും 2007 ൽ പഞ്ചായത്ത് അംഗം ജോർജ്ജിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും അയൽവാസിയായ സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ബാബു. ഇതൊന്നുമറിയാതെയാണ് ഡോമി ബാബുവിന്റെ രണ്ടാംവിവാഹമെന്ന വലയിൽ അകപ്പെട്ടത്. ആദ്യ ഭാര്യയെ കൊല്ലാനായി വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടെങ്കിലും ഭാഗ്യംകൊണ്ട് അവർ രക്ഷപ്പെടുകയായിരുന്നു. അന്നും സംശയരോഗം തന്നെയാണ് വില്ലനായത്. വിവാഹബന്ധം വേർപെടുത്തിയ അവർ മറ്റൊരു വിവാഹം കഴിച്ച് ഇപ്പോൾ സുഖമായി കഴിയുന്നു.

വിവാഹത്തിന്റെ ആദ്യനാളുകൾ ഒരു പ്രശ്‌നവുമില്ലാതെ പോയി. രണ്ട് കുട്ടികൾ ജനിച്ചു. ബാബു ഗൾഫിൽ പോയും വന്നുമിരുന്നു. പക്ഷേ ബാബുവിന്റെ സ്വഭാവം പെട്ടെന്ന് മാറി. ഡോമിയെ സംശയമായി. ചിലപ്പോൾ മാനസിക നില തെറ്റിയപോലെയുള്ള പെരുമാറ്റവും. ആദ്യമൊക്കെ കാര്യമാക്കിയില്ലെങ്കിലും വഴക്കുകൾ മർദ്ദനത്തിലേക്ക് മാറി. ഒരുവർഷം മുമ്പ് ഡോമിയെ ക്രൂരമായി മർദ്ദിച്ച് കൈയും കാലും തല്ലിയൊടിച്ചതോടെ കുട്ടികളായ ബെനഡിക്ട്, ബെർണോ എന്നിവരെയും കൂട്ടി ഡോമി തങ്കശേരിയിലെ വീട്ടിലേക്ക് പോയി.

ബാബു ഗൾഫിലേക്ക് മടങ്ങി ഒരുമാസം കഴിഞ്ഞപ്പോൾ ഡോമിക്ക് കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലി ലഭിച്ചു. ജീവിക്കാൻ ഒരു തൊഴിൽ ലഭിച്ചതോടെ ഡോമി സ്വസ്ഥമായി ജീവിച്ചുതുടങ്ങി. എറണാകുളത്ത് ഹോസ്റ്റലിൽ താമസിച്ച് ജോലിക്ക് പോയി. കുട്ടികളെ തന്റെ വീട്ടിൽത്തന്നെ നിർത്തി. ആറുമാസം മുമ്പ് ബാബു നാട്ടിൽ ലീവിനെത്തി. ഒരു ദിവസം എറണാകുളത്ത് പോയി ഭാര്യയെ കണ്ടു. കുറേ സംസാരിച്ചു. തനിക്ക് തെറ്റ് പറ്റിയെന്നും തിരികെ വരണമെന്നും ആവശ്യപ്പെട്ടു.

ഭർത്താവിന്റെ ഏറ്റുപറച്ചിലും വിഷമവും കണ്ട ഡോമി പിന്നീടൊരു ദിവസം വരാമെന്ന് പറഞ്ഞു. പക്ഷെ, ഭാര്യ കണ്ടക്ടർ ജോലി ചെയ്യുമ്പോൾ കൂടുതൽ പേരുമായി ഇടപഴകുന്നത് സഹിക്കാൻ വയ്യാതെ ജോലി രാജിവെപ്പിക്കാനുള്ള തന്ത്രവുമായാണ് ബാബു സ്‌നേഹം നടിച്ചെത്തിയത്. സഹോദരിയുടെ ഗൃഹ പ്രവേശച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഡോമി ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് കൊല്ലത്തേക്ക് ബസിൽ വരുന്നതിനിടെ ബാബു ഫോൺ ചെയ്തു. തന്നോടൊപ്പം വരണമെന്ന് നിർബന്ധിച്ചു. അങ്ങനെ ഡോമി പുലർച്ചെ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ ബസ് ഇറങ്ങി. ഓട്ടോറിക്ഷയുമായി കാത്തുനിന്ന ബാബു വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.

രാവിലെ വീട്ടിൽ എത്തുമെന്ന് അറിച്ചിരുന്നിട്ടും കാണാതായപ്പോൾ ബന്ധുക്കൾ എറണാകുളം ഡിപ്പോയിൽ ബന്ധപ്പെട്ടു. അപ്പോഴാണ് ഡോമി രാത്രി തന്നെ പോന്നതായി അറിയുന്നത്. ആശങ്കയിലായ വീട്ടുകാർ പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകി. അപ്പോഴേക്കും മരണവാർത്ത നാട്ടിൽ അറിഞ്ഞുകഴിഞ്ഞു. മഴയെ തുടർന്ന് കോയിവിള ഭരണിക്കാവ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആൽബർട്ടിന്റെ ഓട്ടോയിലാണ് ബാബു ചവറയിൽ എത്തി ഡോമിയെ കൂട്ടിക്കൊണ്ട് പോയത്.

വണ്ടിയിൽ ഇരുവരും സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. അന്നു രാവിലെ ബാബുവിന്റെ മാതൃ സഹോദരി റീത്ത വീട്ടിൽ എത്തി വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരെ അറിയിച്ചു. പരിസരത്തുള്ളവർ എത്തി ജനലിലൂടെ നോക്കുമ്പോൾ കാണുന്നത് കുളിമുറിയിൽ കിടക്കുന്ന ഡോമിയുടെ മൃതദേഹമാണ്. അടുത്ത മുറിയിൽ അമിത ഗുളിക കഴിച്ച് അവശനായ ബാബുവിനെയും കാണുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP