Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ആന്റണി ഫെർണാണ്ടസ് എന്ന കള്ളപ്പേരിൽ ഭാര്യയ്ക്കും കൂട്ടാളികൾക്കുമൊപ്പം നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ മാറി മാറി താമസിച്ചു; കർണ്ണാടക സർക്കാരിന്റേതടക്കം 70 കേസുകളിൽ പ്രതിയായിട്ടും 15 കൊല്ലമായി ആരും തിരിച്ചറിഞ്ഞില്ല; ഉഡുപ്പിയിൽ ജനിച്ച് വളർന്ന് മുംബൈ അധോലോകത്തിന്റെ നായകനായി മാറിയ രവി പൂജാരി ദാവൂദിന്റെ അഭാവത്തിൽ ഇന്ത്യൻ മാഫിയയെ നിയന്ത്രിച്ചിരുന്ന പ്രധാന ശക്തി; സെനഗൽ പൊലീസ് പൊക്കിയത് ബാർബർ ഷോപ്പിൽ നിന്നും

ആന്റണി ഫെർണാണ്ടസ് എന്ന കള്ളപ്പേരിൽ ഭാര്യയ്ക്കും കൂട്ടാളികൾക്കുമൊപ്പം നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ മാറി മാറി താമസിച്ചു; കർണ്ണാടക സർക്കാരിന്റേതടക്കം 70 കേസുകളിൽ പ്രതിയായിട്ടും 15 കൊല്ലമായി ആരും തിരിച്ചറിഞ്ഞില്ല; ഉഡുപ്പിയിൽ ജനിച്ച് വളർന്ന് മുംബൈ അധോലോകത്തിന്റെ നായകനായി മാറിയ രവി പൂജാരി ദാവൂദിന്റെ അഭാവത്തിൽ ഇന്ത്യൻ മാഫിയയെ നിയന്ത്രിച്ചിരുന്ന പ്രധാന ശക്തി; സെനഗൽ പൊലീസ് പൊക്കിയത് ബാർബർ ഷോപ്പിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു; അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പോലും വിറപ്പിച്ച വില്ലനാണ് രവി പൂജാരി. പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായ അധാലോക കുറ്റവാളി രവി പൂജാരി ഗിനിയ, ഐവറികോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ മാറിമാറി അടിച്ചു പൊളിച്ച് ജീവിക്കുകയായിരുന്നു. ഇതിനിടെയാണ് ഒളിവ് ജീവിതം തകർത്ത് ഇന്റർപോളിന്റെ നിർദ്ദേശാനുസരണമുള്ള അറസ്റ്റ്. തലസ്ഥാനമായ ദകാറിലെ ബാർബർ ഷോപ്പിൽ സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് രവി കുടുങ്ങിയത്. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ആന്റണി ഫെർണാണ്ടസ് എന്ന പേരിലായിരുന്നു ഒളിവുജീവിതം.

എഴുപതോളം കേസുകളിൽ പ്രതിയായ രവി പൂജാരിക്കെതിരെ ബംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ഉടൻ ആവശ്യപ്പെടും. ഉഡുപ്പിയിൽ ജനിച്ചുവളർന്ന് മുംബൈയിൽ അധോലോക പ്രവർത്തനം ആരംഭിച്ച രവി ആദ്യം ഛോട്ടാ രാജൻ സംഘത്തിനൊപ്പമായിരുന്നു. തൊണ്ണൂറുകളിൽ ദുബായിലേക്കു താവളം മാറ്റി. പിന്നീട് ഓസ്‌ട്രേലിയയുള്ളതായും സൂചനയുണ്ടായിരുന്നു. കൂട്ടാളികൾ മുഖേന മുംബൈ അധോലോകത്ത് ഇപ്പോഴും സജീവമാണ്. മംഗളുരുവിലും ബംഗളുരുവിലും നിർണ്ണായ സ്വാധീവമുള്ള വ്യക്തി. കൊച്ചിയിൽ നടി ലീനാ മരിയാ പോളിനെ ആക്രമിച്ച കേസിലാണ് രവി പൂജാരിയുടെ പേര് അവസാനമായി ചർച്ചയായത്. 15 വർഷത്തിലേറെയായി ഒളിവിലാണ്.

കഴിഞ്ഞ മാസം 19നാണു സെനഗലിൽ അറസ്റ്റുണ്ടായത്. പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചെന്നാണു സൂചന. ബുർക്കിന ഫാസോയിലാണ് രവി കഴിയുന്നതെന്നു നാലു മാസം മുൻപാണു കണ്ടെത്തിയത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ സെനഗലിലേക്കു കടന്നു. ദാകറിൽ റസ്റ്റോറന്റ് നടത്തിയാണ് ഒളിക്കാൻ സാഹചര്യമുണ്ടാക്കിയത്. അതിനിടെ രവി പൂജാരി പിടിയിലായെന്ന വാർത്തയ്ക്കു സ്ഥിരീകരണം തേടി കേരള പൊലീസ് ഇന്റർപോളിനു കത്തയച്ചു.ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐക്കാണു കത്തയച്ചത്. 25 കോടി രൂപ ആവശ്യപ്പെട്ടു നടി ലീന മരിയ പോളിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും കൊച്ചി കടവന്ത്രയിൽ അവരുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സലൂണിനു നേരെ വെടിയുതിർക്കുകയും ചെയ്ത കേസിൽ പ്രതിയാണു രവി പൂജാരി.

മുബൈയിലെ ചെമ്പൂരിൽനിന്നു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമ എന്നയാളാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. വിദേശത്തിരുന്നാണ് പ്രവർത്തനമെങ്കിലും കേരളത്തിൽ പോലും സജീവമാണ് രവി പൂജാരിയുടെ അധോലോക സംഘം. ലക്ഷ്യം തെറ്റാത്ത വെടിയുതിർത്തുന്ന പ്രൊഫഷണലുകൾ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവർത്തനങ്ങൾ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പർതാരങ്ങളുടെ പേടി സ്വപ്‌നമായിരുന്നു്. ആദ്യം ഒന്നു വിരട്ടുക. വഴങ്ങിയില്ലെങ്കിൽ വകവരുത്തുകഇതാണ് രവി പൂജാരിയെന്ന ഡോണിന്റെ പ്രവർത്തനം രീതി. രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരിൽ എത്തുക പതിവാണ്. ഇത്തരത്തിൽ രാജ്യം തേടുന്ന കുറ്റവാളിയാണ്

ദാവൂദ് ഇബ്രാഹിമിനാണ് അധോലക നായകനെന്ന വിശേഷണം ആദ്യമായി കിട്ടുന്നത്. മുസ്ലിം വർഗ്ഗീയതയായിരുന്നു ദാവൂദിന്റെ പ്രധാന ദൗർബല്യം. തീവ്രവാദത്തിന്റെ വഴിയിലേക്ക് ദാവൂദിനെ എത്തിച്ചതും ബോംബെ സ്‌ഫോടനവുമെല്ലാം ഇതിന്റെ പ്രതിഫലനമായരുന്നു. ഇതിന് ഘടക വിരദ്ധമാണ് രവി പൂജാരിയുടെ പ്രവർത്തന ശൈലി. ഹൈന്ദവ തീവ്രവാദമാണ് രവി പൂജാരിയുടെ പ്രവർത്തന ശൈലി. അങ്ങനെ ദാവൂദിന്റെ ഇഷ്ടക്കാരെ രവി പൂജാരി നോട്ടമിട്ടു. മുംബൈയിലും കർണ്ണാടകയിലെ മംഗളുരുവിലുമാണ് പ്രധാന ശ്രദ്ധ. ഇവിടെ ഹൈന്ദവ വ്യവസായികളുടെ രക്ഷകനെന്ന നിലയിൽ ഗുണ്ടാ പ്രവർത്തനം സജീവമാക്കി. 'ഹിന്ദു' ഡോൺ എന്ന വിശേഷണം രവി പൂജാരിക്ക് എത്തിയത് അങ്ങനെയാണ്. ഹിന്ദിയും ഇംഗ്ലീഷും അനായാസം സംസാരിക്കും. ഒപ്പം മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളും രവി പൂജാരി കൈകാര്യം ചെയ്യും. അതുകൊണ്ട് തന്നെ രാജ്യത്ത് എവിടേയും ഗുണ്ടാ കച്ചവടത്തിന് രവി പൂജാരിക്ക് കഴിയുമായിരുന്നു. പത്താംക്ലാസിന് അപ്പുറം പഠിക്കാത്ത രവി പൂജാരി എങ്ങനെ ഈ ഭാഷകളെല്ലാം പഠിച്ചെന്നതിന് ആർക്കും ഉത്തരമില്ല. മുംബൈ അധോലോകത്തിലെ താഴെ തട്ടിലെ പ്രവർത്തനമാണ് രവി പൂജാരിയെ ഭാഷകളുമായി അടുപ്പിച്ചതെന്നാണ് വിലയിരുത്തൽ.

കൊച്ചി നഗരത്തിൽ അധോലോക സംഘം ആഡംബര ബ്യൂട്ടി പാർലറിലേക്ക് നിറയൊഴിച്ചതോടെയാണ് രവി പൂജാരിയുടെ പേര് വീണ്ടും ചർച്ചാകുന്നത്. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലേക്കാണ് രണ്ടംഗ സംഘം നിറയൊഴിച്ചത്. ലീന മരിയാ പോളിന്റെ ഉടസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാർലർ. വൈകുന്നേരം മൂന്നരയ്ക്കാണു കൊച്ചി നഗരത്തെ നടുക്കിയ വെടിവെപ്പ് പനമ്പിള്ളി നഗറിൽ അരങ്ങേറിയത്. ബ്യൂട്ടിപാർലർ ഉടമയും ചലച്ചിത്ര നടിയുമായ ലീനയിൽ നിന്ന് പണം ആവശ്യപ്പെട്ട് പലതവണ മുംബൈ ആധോലോകത്തിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ക്വട്ടേഷൻ ആക്രമണം. രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ സന്ദേശം ലഭിച്ചതെന്ന് പൊലീസിന് നടി മൊഴി നൽകിയെന്നാണ് വിവരം. 25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ, പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. വെടിവെപ്പിനു ശേഷം രണ്ടംഗ അക്രമി സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

ബണ്ണഞ്ചെ രാജ എന്ന കർണാടകയിലെ അധോലോകനായകനെ മൊറോക്കോയിൽ അറസ്റ്റു ചെയ്തതിന് പിന്നാലെ രവി പൂജാരി അടക്ക മുള്ളവരെ വലയിലാക്കാൻ കർണാടക പൊലീസ് തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രവി പൂജാരിക്കെതിരേ കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി 102 കേസുകളുണ്ട്. ഒന്നിലധികം പാസ്‌പോർട്ടുകളുള്ള പൂജാരി കുറച്ചു വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിലെത്തി പഞ്ചാബി പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ബോളിവുഡ് താരങ്ങളെ അടക്കം നേരിൽ ഫോണിൽ വിൽച്ച് ഭീഷണിപ്പെടുത്തുകയാണ് പൂജാരിയുടെ ശൈലി. മുംബൈയിൽ അന്ധേരിയിലാണ് രവി പൂജാരിയുടെ ഗുണ്ടാ പ്രവർത്തനം തുടങ്ങുന്നത്. സ്‌കൂളിൽ നിന്ന് തോറ്റ് പുറത്തായതോടെ ചെറിയ പണികളുമായി രവി പൂജാരി എത്തി. ബാലാ സേട്ടിനെ കൊന്നതോടെ ഗ്രാഫ് ഉയർന്നു. അങ്ങനെ ചോട്ടാ രാജന്റെ വിശ്വസ്തനായി. പതിയേ ദാവൂദ് ഇബ്രഹാമിന്റെ കണ്ണിലുമെത്തി. ഏൽപ്പിക്കുന്ന ജോലിയെല്ലാം കൃത്യമായി ചെയ്യുന്ന പയ്യനെ ദാവൂദിനും പിടിച്ചു. പിന്നെ അധോലോകത്ത് വച്ചടി വച്ചടി കയറ്റമായിരുന്നു. അപ്പോഴും ഹൈന്ദവ വർഗ്ഗീയതയോടായിരുന്നു രവി പൂജാരിക്ക് താൽപ്പര്യം. ചോട്ടാ രാജനും ഇതേ പക്ഷക്കാരനായിരുന്നു 1992ൽ ബാബറി മസ്ജിദ് തകർന്ന് വീണത് മുംബൈയിലെ അധോലോക ബന്ധങ്ങളെ മാറ്റി മറിച്ചു. ബോംബെ സ്‌ഫോടനം ദാവൂദ് ആസൂത്രണം ചെയ്തത് ചോട്ടാ രാജന്റേയും രവി പൂജാരിയുടേയും പിന്തുണ ഇല്ലാതെയായിരുന്നു. ചോട്ടാ ഷക്കീൽ മാത്രമായ ദാവൂദിന്റെ അനുയായി. രാജനും പൂജാരിയും ഒരുമിച്ചതോടെ ബോംബെ സ്ഫാടനത്തിലെ ചുരുൾ അഴിഞ്ഞു. ദാവൂദ് രാജ്യം വിടുകയും ചെയ്തു.

അജിത് ഡോവൽ നടത്തിയ ഇടപെടലുകളാണ് ദാവൂദിനെ കുടുക്കിയത്. ദാവൂദ് ഇന്ത്യ വിട്ടതോടെ മുംബൈ അധോലോകത്തിന്റെ നിയന്ത്രണം രവി പൂജാരിക്കും ചോട്ടാരാജനുമായി. ദാവൂദിനെ വക വരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ചോട്ടാ ഷക്കീലിനെ കൊല്ലാൻ രാജൻ കരുക്കൾ നീക്കി. ഇതു പൊളിഞ്ഞത് രാജനേയും പൂജാരിയേയും അകറ്റി. അങ്ങനെ രണ്ടു പേരും രണ്ട് വഴിക്കായി. അത്യാഡംബരമാണ് നാൽപ്പത്തിയാറുകാരനായ രവി പൂജാരിയുടെ സ്‌റ്റൈൽ. അതുകൊണ്ട് തന്നെ അടിച്ചു പൊളിക്ക് യാത്രകൾ പ്രധാനവും. മെക്കാവുവും ഓസ്‌ട്രേലിയയും ആണ് ഇഷ്ട സ്ഥലങ്ങൾ. പക്ഷേ ഒരിടത്തും സ്ഥിരമാക്കില്ല. ചോട്ടാ രാജനെ തന്ത്രപരമായി അകത്താക്കിയ അജിത് ഡോവലിന്റെ അടുത്ത ലക്ഷ്യം രവി പൂജാരിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴത്തെ അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP