Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ബാലാ സേട്ടിനെ കൊന്ന് അന്ധേരിയിലെ രാജകുമാരനായി; ചോട്ടാ രാജന്റെ കണ്ണിൽ പതിഞ്ഞതോടെ ഡി കമ്പനിയിലെ പ്രധാനി; ബോംബെ സ്ഫോടനം ഹിന്ദു വിരുദ്ധമെന്ന് പറഞ്ഞ് ദാവൂദിനെ ഇന്ത്യയിൽ നിന്ന് പറത്തിയ വില്ലൻ; ഷാരൂഖിനേയും സൽമാനേയും കരൺ ജോഹറിനേയും ബ്ലാക് മെയിൽ ചെയ്ത്‌ താരമായി; ചെന്നിത്തലയെ വിരട്ടി കേരളത്തിലും സ്റ്റാറായി; കൊലയും ഭീഷണിപ്പെടുത്തലും നേരിട്ട് നടത്തി 'ഡോൺ' പദവിയിലെത്തിയ രവി പൂജാരിക്ക് വേരുകൾ കൊച്ചിയിലും; ലീനാ മരിയാ പോളിലൂടെ അധോലോക രാജാവിനെ കുടുക്കാൻ ദേശീയ ഏജൻസികളും

ബാലാ സേട്ടിനെ കൊന്ന് അന്ധേരിയിലെ രാജകുമാരനായി; ചോട്ടാ രാജന്റെ കണ്ണിൽ പതിഞ്ഞതോടെ ഡി കമ്പനിയിലെ പ്രധാനി; ബോംബെ സ്ഫോടനം ഹിന്ദു വിരുദ്ധമെന്ന് പറഞ്ഞ് ദാവൂദിനെ ഇന്ത്യയിൽ നിന്ന് പറത്തിയ വില്ലൻ; ഷാരൂഖിനേയും സൽമാനേയും കരൺ ജോഹറിനേയും ബ്ലാക് മെയിൽ ചെയ്ത്‌ താരമായി; ചെന്നിത്തലയെ വിരട്ടി കേരളത്തിലും സ്റ്റാറായി; കൊലയും ഭീഷണിപ്പെടുത്തലും നേരിട്ട് നടത്തി 'ഡോൺ' പദവിയിലെത്തിയ രവി പൂജാരിക്ക് വേരുകൾ കൊച്ചിയിലും; ലീനാ മരിയാ പോളിലൂടെ അധോലോക രാജാവിനെ കുടുക്കാൻ ദേശീയ ഏജൻസികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തിരുന്നാണ് പ്രവർത്തനമെങ്കിലും കേരളത്തിൽ പോലും സജീവമാണ് രവി പൂജാരിയുടെ അധോലോക സംഘം. ലക്ഷ്യം തെറ്റാത്ത വെടിയുതിർത്തുന്ന പ്രൊഫഷണലുകൾ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവർത്തനങ്ങൾ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പർതാരങ്ങളുടെ പേടി സ്വപ്നമാണ്. ആദ്യം ഒന്നു വിരട്ടുക. വഴങ്ങിയില്ലെങ്കിൽ വകവരുത്തുകഇതാണ് രവി പൂജാരിയെന്ന ഡോണിന്റെ പ്രവർത്തനം രീതി. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരിൽ എത്തുക പതിവാണ്. ഇത്തരത്തിൽ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്‌പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീനാ മരിയാ പോളുമായി രവി പൂജാരിക്കുള്ളത് എത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്.

ദാവൂദ് ഇബ്രാഹിമിനാണ് അധോലക നായകനെന്ന വിശേഷണം ആദ്യമായി കിട്ടുന്നത്. മുസ്ലിം വർഗ്ഗീയതയായിരുന്നു ദാവൂദിന്റെ പ്രധാന ദൗർബല്യം. തീവ്രവാദത്തിന്റെ വഴിയിലേക്ക് ദാവൂദിനെ എത്തിച്ചതും ബോംബെ സ്ഫോടനവുമെല്ലാം ഇതിന്റെ പ്രതിഫലനമായരുന്നു. ഇതിന് ഘടക വിരദ്ധമാണ് രവി പൂജാരിയുടെ പ്രവർത്തന ശൈലി. ഹൈന്ദവ തീവ്രവാദമാണ് രവി പൂജാരിയുടെ പ്രവർത്തന ശൈലി. അങ്ങനെ ദാവൂദിന്റെ ഇഷ്ടക്കാരെ രവി പൂജാരി നോട്ടമിട്ടു. മുംബൈയിലും കർണ്ണാടകയിലെ മംഗളുരുവിലുമാണ് പ്രധാന ശ്രദ്ധ. ഇവിടെ ഹൈന്ദവ വ്യവസായികളുടെ രക്ഷകനെന്ന നിലയിൽ ഗുണ്ടാ പ്രവർത്തനം സജീവമാക്കി. 'ഹിന്ദു' ഡോൺ എന്ന വിശേഷണം രവി പൂജാരിക്ക് എത്തിയത് അങ്ങനെയാണ്. ഹിന്ദിയും ഇംഗ്ലീഷും അനായാസം സംസാരിക്കും. ഒപ്പം മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളും രവി പൂജാരി കൈകാര്യം ചെയ്യും. അതുകൊണ്ട് തന്നെ രാജ്യത്ത് എവിടേയും ഗുണ്ടാ കച്ചവടത്തിന് രവി പൂജാരിക്ക് കഴിയുമായിരുന്നു. പത്താംക്ലാസിന് അപ്പുറം പഠിക്കാത്ത രവി പൂജാരി എങ്ങനെ ഈ ഭാഷകളെല്ലാം പഠിച്ചെന്നതിന് ആർക്കും ഉത്തരമില്ല. മുംബൈ അധോലോകത്തിലെ താഴെ തട്ടിലെ പ്രവർത്തനമാണ് രവി പൂജാരിയെ ഭാഷകളുമായി അടുപ്പിച്ചതെന്നാണ് വിലയിരുത്തൽ.

Stories you may Like

കൊച്ചി നഗരത്തിൽ അധോലോക സംഘം ആഡംബര ബ്യൂട്ടി പാർലറിലേക്ക് നിറയൊഴിച്ചതോടെയാണ് രവി പൂജാരിയുടെ പേര് വീണ്ടും ചർച്ചാകുന്നത്. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലേക്കാണ് രണ്ടംഗ സംഘം നിറയൊഴിച്ചത്. ലീന മരിയാ പോളിന്റെ ഉടസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാർലർ. വൈകുന്നേരം മൂന്നരയ്ക്കാണു കൊച്ചി നഗരത്തെ നടുക്കിയ വെടിവെപ്പ് പനമ്പിള്ളി നഗറിൽ അരങ്ങേറിയത്. ബ്യൂട്ടിപാർലർ ഉടമയും ചലച്ചിത്ര നടിയുമായ ലീനയിൽ നിന്ന് പണം ആവശ്യപ്പെട്ട് പലതവണ മുംബൈ ആധോലോകത്തിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ക്വട്ടേഷൻ ആക്രമണം. രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ സന്ദേശം ലഭിച്ചതെന്ന് പൊലീസിന് നടി മൊഴി നൽകിയെന്നാണ് വിവരം.
25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ, പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. വെടിവെപ്പിനു ശേഷം രണ്ടംഗ അക്രമി സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പാർലറിലേക്ക് നിറയൊഴിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ അക്രമി സംഘം മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിച്ചിരുന്നു. ഇതിലും രവി പൂജാരിയുടെ പേരുണ്ടായിരുന്നു. ഇതോടെ കേരളത്തിലും രവി പൂജാരിക്ക് വേരുകളുണ്ടെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുകയാണ്. ലീനാ മരിയാ പോളിന്റെ സ്ഥാപനത്തിലെ വെടിവയ്‌പ്പിലെ ദുരൂഹത നീക്കി രവി പൂജാരിയിലേക്ക് എത്താൻ ദേശീയ അന്വേഷണ ഏജൻസികളും പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഇതോടെ കൊച്ചിയിലെ വെടിവയ്‌പ്പ് ദേശീയ ശ്രദ്ധയിലുമെത്തും.

തുടക്കം ഗുണ്ടാപിരിവിൽ

ബണ്ണഞ്ചെ രാജ എന്ന കർണാടകയിലെ അധോലോകനായകനെ മൊറോക്കോയിൽ അറസ്റ്റു ചെയ്തതിന് പിന്നാലെ രവി പൂജാരി അടക്ക മുള്ളവരെ വലയിലാക്കാൻ കർണാടക പൊലീസ് തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രവി പൂജാരിക്കെതിരേ കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി 102 കേസുകളുണ്ട്. ഒന്നിലധികം പാസ്പോർട്ടുകളുള്ള പൂജാരി കുറച്ചു വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിലെത്തി പഞ്ചാബി പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇപ്പോൾ ആഫ്രിക്കയിലേക്ക് ഒളിച്ചുകടന്ന ഇയാൾ അവിടെയും പ്രദേശത്തെ പെൺകുട്ടിയെ വിവാഹം കഴിച്ചതായും സൂചനയുണ്ട്.

ഗുണ്ടാ പിരിവിൽ തുടങ്ങി മുംബൈ അധോലോകത്ത് എത്തി ഡോണായി മാറിയ രവി പൂജാരി ബോളിവുഡിന്റെയും പേടി സ്വപ്നമാണ്. പലപ്പോഴും ബോളിവുഡ് താരങ്ങളെ അടക്കം നേരിൽ ഫോണിൽ വിൽച്ച് ഭീഷണിപ്പെടുത്തുകയാണ് പൂജാരിയുടെ ശൈലി. മുംബൈയിൽ അന്ധേരിയിലാണ് രവി പൂജാരിയുടെ ഗുണ്ടാ പ്രവർത്തനം തുടങ്ങുന്നത്. സ്‌കൂളിൽ നിന്ന് തോറ്റ് പുറത്തായതോടെ ചെറിയ പണികളുമായി രവി പൂജാരി എത്തി. ബാലാ സേട്ടിനെ കൊന്നതോടെ ഗ്രാഫ് ഉയർന്നു. അങ്ങനെ ചോട്ടാ രാജന്റെ വിശ്വസ്തനായി. പതിയേ ദാവൂദ് ഇബ്രഹാമിന്റെ കണ്ണിലുമെത്തി. ഏൽപ്പിക്കുന്ന ജോലിയെല്ലാം കൃത്യമായി ചെയ്യുന്ന പയ്യനെ ദാവൂദിനും പിടിച്ചു. പിന്നെ അധോലോകത്ത് വച്ചടി വച്ചടി കയറ്റമായിരുന്നു. അപ്പോഴും ഹൈന്ദവ വർഗ്ഗീയതയോടായിരുന്നു രവി പൂജാരിക്ക് താൽപ്പര്യം. ചോട്ടാ രാജനും ഇതേ പക്ഷക്കാരനായിരുന്നു 1992ൽ ബാബറി മസ്ജിദ് തകർന്ന് വീണത് മുംബൈയിലെ അധോലോക ബന്ധങ്ങളെ മാറ്റി മറിച്ചു. ബോംബെ സ്ഫോടനം ദാവൂദ് ആസൂത്രണം ചെയ്തത് ചോട്ടാ രാജന്റേയും രവി പൂജാരിയുടേയും പിന്തുണ ഇല്ലാതെയായിരുന്നു. ചോട്ടാ ഷക്കീൽ മാത്രമായ ദാവൂദിന്റെ അനുയായി. രാജനും പൂജാരിയും ഒരുമിച്ചതോടെ ബോംബെ സ്ഫാടനത്തിലെ ചുരുൾ അഴിഞ്ഞു. ദാവൂദ് രാജ്യം വിടുകയും ചെയ്തു.

അജിത് ഡോവൽ നടത്തിയ ഇടപെടലുകളാണ് ദാവൂദിനെ കുടുക്കിയത്. ദാവൂദ് ഇന്ത്യ വിട്ടതോടെ മുംബൈ അധോലോകത്തിന്റെ നിയന്ത്രണം രവി പൂജാരിക്കും ചോട്ടാരാജനുമായി. ദാവൂദിനെ വക വരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ചോട്ടാ ഷക്കീലിനെ കൊല്ലാൻ രാജൻ കരുക്കൾ നീക്കി. ഇതു പൊളിഞ്ഞത് രാജനേയും പൂജാരിയേയും അകറ്റി. അങ്ങനെ രണ്ടു പേരും രണ്ട് വഴിക്കായി. അത്യാഡംബരമാണ് നാൽപ്പത്തിയാറുകാരനായ രവി പൂജാരിയുടെ സ്റ്റൈൽ. അതുകൊണ്ട് തന്നെ അടിച്ചു പൊളിക്ക് യാത്രകൾ പ്രധാനവും. മെക്കാവുവും ഓസ്ട്രേലിയയും ആണ് ഇഷ്ട സ്ഥലങ്ങൾ. പക്ഷേ ഒരിടത്തും സ്ഥിരമാക്കില്ല. ചോട്ടാ രാജനെ തന്ത്രപരമായി അകത്താക്കിയ അജിത് ഡോവലിന്റെ അടുത്ത ലക്ഷ്യം രവി പൂജാരിയാണ്. ദാവൂദ് ഇബ്രാഹിം എന്ന ലക്ഷ്യത്തിലെത്താൻ രവി പൂജാരിയെ കുടുക്കണമെന്നാണ് ഡോവലിന്റെ വിലയിരുത്തൽ. ദാവുദുമായി തെറ്റിലാണെങ്കിലും ഡി കമ്പനിയുടെ ചലനമെല്ലാം രവി പൂജാരിക്ക് അറിയാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

നിസാമിനായി ചെന്നിത്തലയെ ഭീഷണിപ്പെടുത്തൽ

മുംബൈയിലാണ് വേരുകളെങ്കിലും കർണ്ണാടകയിലായിരുന്നു കുറച്ചുകാലമായി പ്രധാന ശ്രദ്ധ. മംഗളുരുവിലേയും മറ്റും സാധ്യതകൾ പരമാവധി ഉപയോഗിക്കാനായിരുന്നു അത്. ജനനം മുംബൈയിലാണെങ്കിലും കന്നഡക്കാരനാണ് രവി പൂജാരിയെന്ന വാദവും സജീവമാണ്. ഇതിന് സമാനമായി രവി പൂജാരി പണം ആവശ്യപ്പെട്ട് കൊണ്ട് ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിർമ്മാതവുമായ കരൺ ജോഹറിന് ഭീഷണി സന്ദേശം അയച്ചിരുന്നു. ബോളിവുഡിലെ ശ്രദ്ധേയനായ നിർമ്മാതാവ് ബോണി കപൂറിനും ഇത്തരത്തിൽ പണം നൽകാൻ ആവശ്യപ്പെട്ട് കൊണ്ട് ഭീഷണി ഫോൺകോൾ വന്നിരുന്നു. ഷാരൂഖാനും സൽമാൻ ഖാനുമെല്ലാം രവി പൂജാരിയുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. പൊലീസിന് കണ്ട് പിടിക്കാൻ കഴിയാത്ത തരത്തിൽ ഇന്റർനെറ്റ് ടെലിഫോണിംഗിലൂടെയാണ് പൂജാരി ഭീഷണിപ്പെടുത്തുന്നത്. ജെഎൻയുവിലെ പ്രതിഷേധങ്ങളുടെ ആസൂത്രകൻ എന്ന് പൊലീസാരോപിക്കുന്ന ഉമർ ഖാലിദിനെ വധിക്കുമെന്ന് രവി പൂജാരി ഭീഷണിപ്പെടുത്തിയിരുന്നു. ഉമറിന്റെ പിതാവ് ഇല്ല്യാസിനാണ് ഫോണിലൂടെയാണ് വധഭീഷണി സന്ദേശം ലഭിച്ചത്.

ഛോട്ടാ രാജനെ പിടികുടിയതിനു പിന്നാലെ അധോലോകത്ത് നടക്കുന്ന അധികാര വടംവലിയുടെ ഭാഗമായി രവി പൂജാരിയുടെ ഇടപെടലും പൊലീസിന് തലവേദനയായിരുന്നു. ദുബായിൽ ഛോട്ടാ രാജന്റെ അനുയായി ആയിരുന്നു വിക്കി ഷെട്ടിയുമായി പലപ്പോഴും കൊമ്പ് കോർത്തു. ഛോട്ടാ രാജന്റെ അറസ്റ്റോടെ ആ സ്ഥാനത്ത് എത്താനുള്ള കിട മത്സരം രവി പൂജാരി ശക്തമാക്കിയിരുന്നു. കാസർകോട് ജില്ലയിലെ ചെർക്കുള ബേവിഞ്ചയിൽ പൊതുമരാമത്ത് കരാറുകാരൻ എംപി.മുഹമ്മദ് കുഞ്ഞിയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിലും രവി പൂജാരിയാണെന്നായിരുന്നു സംശയം. അതേസമയം പൊലീസ് അന്വേഷണം നാടകീയമായി അട്ടിമറിക്കപ്പെട്ടു. രവി പൂജാരിയുടെ ആളുകൾ അന്വേഷണ ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്തുവെന്ന് സംശയിക്കത്തക്കവിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കേരളത്തിലെ രാഷ്ട്രീയക്കാരുമായി രവി പൂജാരിക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലുമെത്തി. സോളാർ കേസിനിടെ കുരുവിള തനിക്ക് രവി പൂജാരിയുടെ ഭീഷണിയുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ യുഡിഎഫ് സർക്കാരിലെ ചിലർക്ക് രവി പൂജാരിയുമായി ബന്ധമുണ്ടെന്നും വിലയിരുത്തലെത്തി.

ഇതിന് കരുത്ത് പകരുന്നതാണ് മുഹമ്മദ് കുഞ്ഞ് കേസ്. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ രണ്ടാംതവണ വെടിവെപ്പ് നടത്തിയതിന് പിന്നിൽ രവി പൂജാരിയാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. രവി പൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തി കരാറുകാരൻ മുഹമ്മദ് കുഞ്ഞിയെ ഫോൺ ചെയ്യുകയും പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലൂരു ജയിലിൽ തടവിൽ കഴിയുന്ന രവി പൂജാരി സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെ അന്വേഷണവും നലിച്ചു. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിന്റെ സൂത്രധാരൻ മഞ്ചേശ്വരം സ്വദേശിയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അതിന് ശേഷം ഒന്നും നടന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കച്ചവടത്തിന് സ്വന്തം പേരു തന്നെ ഉപയോഗിക്കും. അറിയിക്കാനുള്ളത് നേരിട്ട് വിളിച്ചു പറയുകയും ചെയ്യും. ഇതിന് സമാനമായ ഭീഷണിയാണ് രമേശ് ചെന്നിത്തലയ്ക്ക് എത്തിയത്. ചന്ദ്രബോസ് കേസിൽ അകത്തുള്ള നിസാമിന് വേണ്ടിയായിരുന്നു ഭീഷണി. രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതോടെ രവി പൂജാരിയുടെ പേര് കേരളത്തിൽ ചർച്ചയായി. ജയിലിലുള്ള നിസാമിന് അധോലോക ബന്ധങ്ങളുണ്ടെന്ന നിഗമനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് രവി പൂജാരിയുടെ ഈ സന്ദേശമയക്കലെന്നതും ചർച്ചായായി. രമേശ് ചെന്നിത്തലയെ നെറ്റ് ഫോണിൽ വിളച്ചതും രവി പൂജാരി തന്നെയാകുമെന്നാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP