Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

ജയകൃഷ്ൺ മാസ്റ്റർ കൊലക്കേസിൽ വിചാരണക്കാലത്ത് ഫുട്‌ബോൾ കളിച്ചു കൊണ്ടിരുന്ന പ്രതിയെ വിളിച്ചു കൊണ്ട് പോയത് സിപിഎം പ്രാദേശിക നേതാവ്; പിന്നീട് കാരായി സജീവനെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ; പാന്നൂരിലെ കൂലോത്ത് രതീഷിന്റെ ശ്വാസകോശത്തിലും മാരക പരിക്ക്; പ്രതിയുടെ 'കൊല'യ്ക്ക് പിന്നിൽ ഗൂഢാലോചനയിലെ തെളിവ് നശിപ്പിക്കലോ?

ജയകൃഷ്ൺ മാസ്റ്റർ കൊലക്കേസിൽ വിചാരണക്കാലത്ത് ഫുട്‌ബോൾ കളിച്ചു കൊണ്ടിരുന്ന പ്രതിയെ വിളിച്ചു കൊണ്ട് പോയത് സിപിഎം പ്രാദേശിക നേതാവ്; പിന്നീട് കാരായി സജീവനെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ; പാന്നൂരിലെ കൂലോത്ത് രതീഷിന്റെ ശ്വാസകോശത്തിലും മാരക പരിക്ക്; പ്രതിയുടെ 'കൊല'യ്ക്ക് പിന്നിൽ ഗൂഢാലോചനയിലെ തെളിവ് നശിപ്പിക്കലോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വധിച്ച കേസിലെ രണ്ടാം പ്രതി കൂലോത്ത് രതീഷിന്റെ മരണം കൊലപാതകമെന്നു പ്രാഥമിക നിഗമനം ഉയർത്തുന്നത് ദുരൂഹതകൾ. ഇതേത്തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. മരണത്തിനു മുൻപ് രതീഷിന്റെ ആന്തരാവയവങ്ങൾക്കു പരുക്കേറ്റെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഈ മരണത്തോടെ ഉന്നതതല ഗൂഢാലോചനയിൽ തെളിവ് നശിക്കപ്പെട്ടുവെന്ന വിലയിരുത്തലും സജീവമാണ്.

അതീവ ഗുരുതരമാണ് കണ്ടെത്തലുകൾ. ശ്വാസകോശത്തിന് അമിത സമ്മർദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പരുക്കാണ് എന്നതാണു കൊലപാതകം എന്ന സാധ്യതയിലേക്ക് വരിൽ ചൂണ്ടുന്നത്. മരണത്തിനു തൊട്ടുമുൻപു വരെ മൻസൂർ വധക്കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിനു സൂചന ലഭിച്ചു. ഇതോടെ രതീഷിന്റെ മരണം ദൂരൂഹമാകുകയാണ്. എന്തോ ഒന്നിന് ആരോ രതീഷിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്.

സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗമായ രതീഷിനെ (35) വെള്ളിയാഴ്ച വൈകിട്ടാണു നാദാപുരം ചെക്യാട് കായലോട്ട് താഴെ അരൂണ്ടയിലെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശനിയാഴ്ചയാണ് പൊലീസിനു ലഭിച്ചത്. തുടർന്ന് രാത്രി 11 മുതൽ പുലർച്ചെ വരെ റൂറൽ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തു പരിശോധന നടത്തി. എന്നാൽ നിർണ്ണായക തെളിവുകളൊന്നും കിട്ടിയില്ല.

ഫൊറൻസിക് വിദഗ്ധരും ഇന്നലെ മണിക്കൂറുകളോളം പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അതിനിടെ കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാണ്. പ്രതിസ്ഥാനത്തെത്തുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതികളാകുന്ന പാർട്ടിക്കാർ ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങൾ മുൻപും ഉണ്ട്. ഇവയിൽ പലതിലും ഗൂഢാലോചനയിലെ അന്വേഷണം അട്ടിമറിക്കുന്നതായിരുന്നു. ഇതാണ് ഇവിടേയും സംഭവിച്ചതെന്നാണ് ഉയരുന്ന ആരോപണം.

1999 ഡിസംബർ ഒന്നിനാണു യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണൻ കൊല്ലപ്പെട്ടത്. കേസിലെ ഏഴാം പ്രതി പാട്യം കാര്യോട്ടുപുറത്തെ കാരായി സജീവനെ 2002ൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ വിചാരണ തുടങ്ങിയപ്പോഴായിരുന്നു സജീവന്റെ മരണം. സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കെ, പാർട്ടിയുടെ പ്രാദേശിക നേതാവ് എത്തി സജീവനെ വിളിച്ചുകൊണ്ടുപോയി. പിന്നീട് എന്തു സംഭവിച്ചെന്ന് ആർക്കും അറിയില്ല.

ഏറെ വിവാദമായ തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത് 2012 ഫെബ്രുവരി 20ന്. കേസിൽ ഇരുപതാം പ്രതിയായിരുന്ന മൊറാഴ കുമ്മനാട് അച്ചാലി സരീഷ് (28) ജാമ്യത്തിലിറങ്ങി ചികിത്സയിലിരിക്കെ ആശുപത്രിയുടെ ശുചിമുറിയിൽ തൂങ്ങിമരിച്ചു. കൂവേരിയിൽ നെട്ടൂർ ഗോവിന്ദൻ കൊലക്കേസ് പ്രതിയായിരുന്ന സിപിഎം പ്രവർത്തകൻ സജീവനെ ഒളിവിൽ കഴിയുന്നതിനിടെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു പ്രതി സദാനന്ദൻ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. ജയിലിൽനിന്നു പുറത്തുവന്നശേഷം സദാനന്ദൻ സിപിഎമ്മിനെതിരെ തിരിയുകയും വെട്ടേൽക്കുകയും ചെയ്തിരുന്നു. ബിജെപിയിൽ ചേർന്ന ശേഷമായിരുന്നു ആത്മഹത്യ.

ആന്തൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ദാസൻ കൊല കേസിൽ പ്രതികളെന്നു നാട്ടുകാർ സംശയിച്ച 2 പേർ ആത്മഹത്യ ചെയ്തു. ഇവർ പൊലീസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. കോഴിക്കോട് ജില്ലയിൽ ബിഎംഎസ് നേതാവ് പയ്യോളി സി.ടി.മനോജിന്റെ കൊലപാതകവുമായി (2012 ഫെബ്രുവരി 12) ബന്ധപ്പെട്ട് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ചോദ്യം ചെയ്ത യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇങ്ങനെ നിരവധി കേസിലെ പ്രതികൾ ആത്മഹത്യ ചെയ്തു. ഇതോടെ കേസും അപ്രസക്തമാകും. ഇത്തരത്തിലൊന്ന് പാനൂരിലെ മൻസൂർ കൊലയിലും ഉണ്ടോ എന്ന സംശയം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP