Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഉത്തർപ്രദേശിൽ പീഡനങ്ങൾ തുടർക്കഥയാകുന്നു; ഉന്നവോ ജില്ലയിൽ 25കാരിയെ കാറിൽ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത് ബലാത്സം​ഗ ശ്രമം ചെറുത്തതോടെ; പിലിഭിത് ജില്ലയിൽ പീഡനത്തിനിരയായത് അഞ്ചുവയസ്സുകാരിയും

ഉത്തർപ്രദേശിൽ പീഡനങ്ങൾ തുടർക്കഥയാകുന്നു; ഉന്നവോ ജില്ലയിൽ 25കാരിയെ കാറിൽ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത് ബലാത്സം​ഗ ശ്രമം ചെറുത്തതോടെ; പിലിഭിത് ജില്ലയിൽ പീഡനത്തിനിരയായത് അഞ്ചുവയസ്സുകാരിയും

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ബലാത്സം​ഗ ശ്രമം ചെറുത്ത യുവതിയെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. യുപിയിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശിൽ ആഗ്ര-ലഖ്‌നൗ എക്സ്‌പ്രസ് വേയിൽ വച്ചായിരുന്നു സംഭവം. ഓടുന്ന കാറിൽ വെച്ച് യുവതി ബലാത്സം​ഗ ശ്രമം ചെറുത്തതോടെയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ അനന്തരവനും സുഹൃത്തും അറസ്റ്റിലായി.

ബലാൽസംഗ ശ്രമം ചെറുത്ത യുവതിയെ ജീവനോടെ ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. 25 കാരിയായ യുവതി അനന്തരവനും ഇയാളുടെ സുഹൃത്തിനും ഒപ്പമായിരുന്നു കാറിൽ യാത്ര ചെയ്തിരുന്നത്. ഇതിനിടെ യുവാക്കൾ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു. യുവതി ഇതിനെ ശക്തമായി ചെറുത്തു.

ഇതോടെ യുവതിയെ അടിക്കുകയും പ്രതികളിലൊരാൾ ബെൽറ്റ് കൊണ്ട് കഴുത്ത് മുറുക്കുകയും ചെയ്തു. ഇതേത്തുടർന്ന് യുവതി ബോധരഹിതയായി. മരിച്ചെന്നു കരുതി പ്രതികൾ ഓടുന്ന കാറിൽ നിന്നും യുവതിയെ റോഡിൽ തള്ളുകയായിരുന്നു. എക്സ്‌പ്രസ് വേ ജീവനക്കാരാണ് യുവതിയെ കണ്ടെത്തി ആശുപത്രിയിൽ ആക്കിയത്. സംഭവത്തിൽ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുൽക്കർണി പറഞ്ഞു. അതിനിടെ, ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ ഒരു ഗ്രാമത്തിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഡ്യൂറിയ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് പ്രായപൂർത്തിയാകാത്തയാൾ കുഞ്ഞിനെ പീഡിപ്പിച്ചത്.

ഹത്രാസ് പെൺകുട്ടിയെക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കവെയാണ് യുപിയിൽ നിന്നും പീഡന വാർത്തകൾ പുറത്ത് വരുന്നത്. കഴിഞ്ഞ മാസം മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്.

ഉത്തർപ്രദേശിൽ പെൺകുട്ടികൾ ക്രൂരപീഡനത്തിന് ഇരയാകുന്നതിന്റെ നിരവധി വാർത്തകളാണ് ദിവസേന പുറത്ത് വരുന്നത്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പീഡനങ്ങൾക്ക് പലപ്പോഴും ഇരയാകുന്നത്. പട്ടികജാതി സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട കേസുകളിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് യുപി. കഴിഞ്ഞ ദിവസം ഹത്രസിലും ബൽറാംപുരിലും പീഡനത്തിനിരയായി ദലിത് പെൺകുട്ടികൾ മരിച്ച സംഭവം ക്രമസമാധാന തകർച്ചയുടെ തെളിവാണെന്നു പ്രതിപക്ഷ കക്ഷികൾ പറയുന്നു. 2020 ജൂൺ 26നും ജൂലൈ മൂന്നിനുമിടയിൽ മാത്രം സംസ്ഥാനത്ത് 50 കൊലപാതകങ്ങൾ നടന്നതായാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഹത്രസിലും ബൽറാംപുരിലും ദലിത് പെൺകുട്ടികൾ മരണമടഞ്ഞ ദിവസം തന്നെ അസംഗഡിൽ 8 വയസ്സുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചു. ഇതേദിവസം ബാഗ്പതിൽ പീഡനത്തിനിരയായ 17 വയസ്സുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. ഹത്രസിൽ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിനിരയായാണു 19 വയസ്സുകാരി മരിച്ചതെങ്കിൽ ബൽറാംപുരിൽ രണ്ടംഗ സംഘമാണ് 22 വയസ്സുകാരിയെ ലഹരിമരുന്ന് കുത്തിവച്ച ശേഷം പീഡിപ്പിച്ചത്. അവശയായി വീട്ടിലെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചിരുന്നു. ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുൻപാണ് വീണ്ടും ക്രൂരസംഭവങ്ങൾ. ലഖിംപുർ ഖേരിയിൽ ഓഗസ്റ്റ് അവസാനം നടന്ന വ്യത്യസ്ത സംഭവങ്ങളിൽ മൂന്നു വയസ്സുള്ള പെൺകുഞ്ഞ്, 18 വയസ്സുകാരി, 13 വയസ്സുകാരി എന്നിവരെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. മൂന്ന് സംഭവങ്ങളിലും പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP