Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദമ്പതികൊലക്കേസിൽ നിർണായക തെളിവുകൾ കണ്ടില്ലെന്ന് വരുത്തി തീർത്ത ലോക്കൽ പൊലീസ്; പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച ക്രൈം ബ്രാഞ്ച്; കുറ്റവാളിയല്ലെന്ന് പ്രഖ്യാപിക്കുന്ന സിബിഐ; ഹൈക്കോടതിയെ വീണ്ടും സമീപിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടവർക്ക് നീതി കിട്ടണേ എന്ന പ്രാർത്ഥന മാത്രമെന്ന് മകൾ ഡോ ജിക്കി ജോർജ്

ദമ്പതികൊലക്കേസിൽ നിർണായക തെളിവുകൾ കണ്ടില്ലെന്ന് വരുത്തി തീർത്ത ലോക്കൽ പൊലീസ്; പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച ക്രൈം ബ്രാഞ്ച്; കുറ്റവാളിയല്ലെന്ന് പ്രഖ്യാപിക്കുന്ന സിബിഐ;  ഹൈക്കോടതിയെ വീണ്ടും സമീപിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടവർക്ക് നീതി കിട്ടണേ എന്ന പ്രാർത്ഥന മാത്രമെന്ന് മകൾ ഡോ ജിക്കി ജോർജ്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം:ഇട്ടിയപ്പാറ ഇരട്ടക്കൊലക്കേസിൽ ലോക്കൽ പൊലീസ് ആദ്യം മുതൽ ജാഗ്രതക്കുറവ് കാണിച്ചത് ആർക്ക് വേണ്ടിയെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഈ ജാഗ്രതക്കുറവ് ശരിവച്ച ഹൈക്കോടതി 2017 ഡിസംബർ 22 നാണ് കേസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നത്. 2014 ഡിസംബർ 14 നാണ് എഴുപത് വയസ്സ് പിന്നിട്ട ജോർജ് ജോണും ഭാര്യ കുഞ്ഞൂഞ്ഞമ്മയും അതിദാരുണമായി കൊല്ലപ്പെട്ടത്. കൃത്യം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.

കൊല്ലപ്പെട്ട ജോർജ് ജോണിന്റെ സഹോദരൻ ജോർജ് തോമസും ജോർജ് ജോണിന്റെ വാടകക്കാരനായ രശ്മിയും അറിയിച്ചതനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ റാന്നി പൊലീസ് മുൻവിധിയോടെയാണ് അന്വേഷണത്തിന് കരുക്കൾ നീക്കിയത്. ഇത് മനസ്സിലാക്കിയ മകൾ ഡോ ജിക്കി ജോർജും ബന്ധുക്കളും അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. തുടർന്ന് അന്വേഷണത്തിൽ നിന്ന് ആരോപണ വിധേയരായ റാന്നി സിഐ, എസ് ഐ എന്നിവരെ ഒഴിവാക്കി തിരുവല്ല ഡിവൈഎസ്‌പി ആയിരുന്ന തമ്പി എസ് ദുർഗാദത്തിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

അന്വേഷണം നാട്ടിലുള്ളവരിലേക്കും അതിഥി തൊഴിലാളികളിലേക്കും നീണ്ടു. ജോർജ് ജോൺ വാടകയ്ക്ക് നൽകിയിരുന്ന കടമുറികളിൽ ഒന്നിൽ ടൈൽസ് കടയാണ് പ്രവർത്തിച്ചിരുന്നത്. അവിടെ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി ഫക്രുദീൻ ജോലി മതിയാക്കി നാട്ടിലേക്ക് തിരികെ പോയിരുന്നു. എന്നാൽ ഇരട്ടക്കൊലപാതകം നടക്കുന്ന ദിവസവും അതിനു മുന്നേയുള്ള രണ്ട് ദിവസങ്ങളിലും ഫക്രുദീന്റെ ഫോൺ ഇട്ടിയപ്പാറ ടവർ പരിധിയിൽ പ്രവർത്തിച്ചിരുന്നു എന്ന് മാത്രമല്ല കൊല്ലപ്പെട്ട ജോർജ് ജോണിനെ ഫക്രുദീൻ വിളിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഇതാണ് ഫകുദീന്റെ അറസ്റ്റിലേക്ക് പൊലീസിനെ നയിച്ചത്.

ജോർജ് ജോണിൽ നിന്ന് നിരവധി പേർ പണം കടമായി വാങ്ങിയിരുന്നു. ചിലരൊക്കെ തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. ആ വഴിക്കും പൊലീസ് അന്വേഷണം നീണ്ടു. ഫക്രുദീൻ ജോർജ് ജോണിൽ നിന്ന് കൈക്കലാക്കിയ കണക്കുകൾ ഉൾപ്പെടെയുള്ള ഫോൺ ബുക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ബുക്ക് നശിപ്പിക്കാൻ ശ്രമിച്ചെന്ന് ഫക്രുദീൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

ഫക്രുദീന്റെ മൊഴി അനുസരിച്ചാണ് കൊലപാതകത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പങ്കുണ്ടെന്ന് പൊലീസ് മനസ്സിലാക്കുന്നത്.തുടർന്ന് ഉത്തർപ്രദേശ് സ്വദേശികളായ സമീർ അലി, ഇല്യാസ് അലി എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജോർജ് ജോണിന് നേരെ രണ്ട് തവണ നിറയൊഴിച്ചെന്ന് ഫക്രുദീൻ മൊഴി നൽകിയതോടെയാണ് ആദ്യം കേസ് അന്വേഷിച്ച റാന്നി സിഐ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തുകയും വീടിന്റെ അലമാരിയുടെ മുകളിൽ തന്നെ തിരികെ വയ്ക്കുകയും ചെയ്ത നാടൻ തോക്ക് നിർണായക തെളിവാകുന്നത്.

കേസിൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണവും നിഗമനങ്ങളും അപ്പാടെ തെറ്റെന്ന് തെളിയിക്കുന്നതായിരുന്നും ക്രൈം ബ്രാഞ്ച് അന്വേഷണവും കണ്ടെത്തലുകളും. കുഞ്ഞൂഞ്ഞമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജോർജ് ജോൺ സ്വയം കഴുത്തറുത്ത് മരിച്ചുവെന്നായിരുന്നു ലോക്കൽ പൊലീസ് ആദ്യം മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാൽ ഇത് തെറ്റായ നിഗമനമായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ടും വീട്ടിൽ നിന്ന് കണ്ടെത്തിയ തോക്കും ക്രൂരമായ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.

തോക്ക് നിർണായക തെളിവാകുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും റാന്നി സിഐ തോക്കിന്റെ കാര്യം ഗൗരവത്തിൽ കാണാത്തത് ഇന്നും നീഗൂഢമായിത്തന്നെ തുടരുന്നുണ്ട്. മൂന്ന് പ്രതികളെ പിടികൂടിയ പൊലീസ് സംഘം കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. നാട്ടിലെ ചിലരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശ്രമിച്ചിരുന്നു.

എന്നാൽ പൊലീസ് നിഗമനങ്ങൾ കേട്ട് ആകെ തളർന്ന ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയും സിബിഐ അന്വേഷണം എന്ന ആവശ്യം നേടിയെടുക്കുകയും ചെയ്തു. നിർഭാഗ്യ വശാൽ കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ സിബിഐ സംഘത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടായിരുന്ന സമീർ അലിയും ഇല്യാസ് അലിയും ജാമ്യം നേടി ഒളിവിൽ പോയി.വ്യാജ രേഖ ചമച്ച് പ്രതികൾക്ക് ജാമ്യം നേടികൊടുത്ത അഭിഭാഷകന്റെ പേരിലും പിന്നീട് പൊലീസ് കേസെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഫക്രുദീനാകട്ടെ വിചാരണ കോടതി വിലക്കിയ തക്കം നോക്കി ജാമ്യം നേടി ഒളിവിൽ പോയി. ഈ സംഭവത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

രണ്ട് തവണ ജോർജ് ജോണിന് നേരെ വെടിയുതിർത്തെന്നും അത് ലക്ഷ്യത്തിൽ എത്താതിരുന്നതിനെ തുടർന്നാണ് കഴുത്തിലും മറ്റും മുറിവുണ്ടാക്കിയും ശ്വാസം മുട്ടിച്ചും വൃദ്ധ ദമ്പതികളെ വകവരുത്തിയതെന്ന് ഫക്രുദീൻ മൊഴി നല്കിയിരുന്നു. ഉത്തർ പ്രദേശിൽ നിന്ന് തോക്കുമായി വന്ന് ജോർജ് ജോണിനെയും കുഞ്ഞൂഞ്ഞമ്മയേയും കൊലപ്പെടുത്താൻ തക്ക വൈരാഗ്യമോ പകയോ ഫക്രുദീന് ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇന്നും ആശയക്കുഴപ്പമുണ്ട്.

കൂടാതെ സ്വർണത്തിനും പണത്തിനും വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെങ്കിൽ പ്രത്യക്ഷത്തിൽ കണ്ട സ്വർണവും പണവുമല്ലാതെ മറ്റൊന്നും മോഷ്ടിക്കാൻ പ്രതികൾ തയ്യാറാകാതിരുന്നതും സംശയമുണർത്തുന്നുണ്ട്. ചുരുക്കത്തിൽ സിബിഐ സംഘം കേസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ കേസിൽ പുതിയ ട്വിസ്റ്റ് ഉണ്ടാകുമായിരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഡോ ജിക്കിയും അടുത്ത ബന്ധുക്കളും.

ദാരുണമായ ഇരട്ട കൊലക്കേസ് നടന്നിട്ട് എട്ട് വർഷം കഴിയുന്ന സാഹചര്യത്തിലെങ്കിലും സിബിഐ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കേസിലെ എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണം. കൊലപാതകം ആസൂത്രണം ചെയ്തവരും പിടിക്കപ്പെടണം. അതിന് സിബിഐ സംഘം കുറ്റവാളികളെ എത്രയും വേഗം പിടികൂടാനുള്ള നടപടികൾ തുടങ്ങണമെന്നാണ് ഡോ ജിക്കിയുടെ ആവശ്യം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഒരിക്കൽ കൂടി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഡോ ജിക്കിയും മറ്റ് ബന്ധുക്കളും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP