Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശരീരം തളർന്ന ജോർജ് ജോൺ കുഞ്ഞൂഞ്ഞമ്മയെ കൊലപ്പെടുത്തിയ ശേഷം വീൽചെയറിൽ പോയിരുന്ന് ആത്മഹത്യ ചെയ്‌തെന്ന് ലോക്കൽ പൊലീസ്; ഒന്നാം പ്രതിയെ പിടിക്കാതെ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരല്ലെന്ന് പറയുന്ന സിബിഐ; റാന്നി ദമ്പതി കൊലക്കേസിൽ നേരറിയാൻ ബന്ധുക്കൾ

ശരീരം തളർന്ന ജോർജ് ജോൺ കുഞ്ഞൂഞ്ഞമ്മയെ കൊലപ്പെടുത്തിയ ശേഷം വീൽചെയറിൽ പോയിരുന്ന് ആത്മഹത്യ ചെയ്‌തെന്ന് ലോക്കൽ പൊലീസ്; ഒന്നാം പ്രതിയെ പിടിക്കാതെ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരല്ലെന്ന് പറയുന്ന സിബിഐ; റാന്നി ദമ്പതി കൊലക്കേസിൽ നേരറിയാൻ ബന്ധുക്കൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: കേരളത്തിൽ പലകേസുകളും കൈകാര്യം ചെയ്ത് കയ്യടി വാങ്ങിയ സിബിഐ സംഘം റാന്നി ഇരട്ടക്കൊലക്കേസിൽ ഇരുട്ടിൽ തപ്പുന്നു. 2014 ഡിസംബർ 14 ന് പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിൽ നടന്ന ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നാളിതുവരെ ഒളിവിലുള്ള ഒന്നാം പ്രതിയെ പിടികൂടിയില്ലെന്ന് മാത്രമല്ല കേസിലെ മൂന്നാം പ്രതി സമീർ അലി കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടാം പ്രതിയും കുറ്റക്കാരനല്ലെന്ന നിലപാടിലാണ് സിബിഐ എന്നാണ് പരാതിക്കാരുടെ വാദം. രണ്ടും മൂന്നും പ്രതികളുടെ കാര്യം അവിടെ നിൽക്കട്ടെ, ഒളിവിലുള്ള ഒന്നാം പ്രതി ഫക്രുദീനെ പടികൂടുകയെങ്കിലും വേണ്ടേ. അതും സിബിഐ സംഘം ചെയ്യുന്നില്ലെന്ന് കൊല്ലപ്പെട്ട വൃദ്ധ ദമ്പതിയുടെ ഒരേ ഒരു മകൾ ജിക്കി ജോർജ് പറയുന്നു.

ജോർജ് ജോണും ഭാര്യ കുഞ്ഞുഞ്ഞമ്മയും പ്രവാസികളായിരുന്നു. ഏറെ നാളത്തെ പ്രവാസത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ ദമ്പതികൾ റാന്നി ഇട്ടിയപ്പാറ ചുഴുകുന്നിലുള്ള വീട്ടിലായിരുന്നു താമസം. വീടിനോട് ചേർന്ന് മൂന്ന് കടമുറികൾ വാടകയ്ക്ക് നൽകിയിരുന്നു. വീട്ടിൽ ജോലി ചെയ്യുന്നതിനിടെ മതിലിൽ നിന്ന് വീണ് ജോർജ് ജോണിന്റെ ശരീരം തളർന്നു. പിന്നീട് ഇദ്ദേഹത്തിന്റെ ആശ്രയം വീൽചെയറായിരുന്നു. എങ്കിലും 75 ഉം 72 ഉം വയസ്സിലെത്തിയ ആ വന്ദ്യ വയോധികർ സന്തോഷത്തോടെ ചുഴുകുന്നേലുള്ള വീട്ടിൽ താമസിച്ചു.

എന്നാൽ 2014 ഡിസംബർ 16 ന് ഇരുവരെയും മരിച്ച നിലയിൽ വീടിനുള്ളിൽ കാണപ്പെട്ടു. വീടിന്റെ ജനാലകളും വാതിലുകളും പൂട്ടിയിട്ട നിലയിലായിരുന്നുവെന്ന് കൊല്ലപ്പെട്ട ജോർജ് ജോണിന്റെ സഹോദരൻ ജോർജ് തോമസ് പറയുന്നു. സഹോദരനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്ത കൊണ്ട് വിവരം തിരക്കി അന്നേ ദിവസം വീട്ടിലെത്തിയ ജോർജ് തോമസ് രശ്മി എന്ന് പേരുള്ള ജോർജ് ജോണിന്റെ കടമുറി വാടകയ്ക്കെടുത്ത ഒരു വ്യക്തിക്കൊപ്പമാണ് സംഭവം നടന്ന വീട്ടിലെത്തിയത്. വീടിന്റെ പ്രധാന കവാടത്തിലെ ഗ്രില്ല് പൂട്ടിയിരുന്നു. കുഞ്ഞൂഞ്ഞമ്മയുടെ കിടപ്പുമുറിയുടെ ജനാലച്ചില്ല് തകർത്ത് അകത്തേക്ക് നോക്കിയ ജോർജ് തോമസ് വീൽചെയറിൽ ചലനമറ്റിരിക്കുന്ന സഹോദരനെ കണ്ടു. ഉടനെ റാന്നി പൊലീസിനെ വിവരം അറിയിച്ചു. റാന്നി പൊലീസ് എത്തി പ്രധാന ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നു പരിശോധിച്ചപ്പോഴാണ് ദമ്പതികൾ മരിച്ചെന്ന് തിരിച്ചറിയുന്നത്.

ലോക്കൽ പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടുന്നതിന് മുന്നേ തന്നെ അവർ വിധിയെഴുതി. കുഞ്ഞൂഞ്ഞമ്മയെ കൊലപ്പെടുത്തി നിലത്തിട്ട ശേഷം ജോർജ് ജോൺ വീൽചെയറിൽ പോയിരുന്ന് സ്വയം കഴുത്ത് ഞെരിച്ച് ആത്മഹത്യ ചെയ്തുവെന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ വിദേശത്ത് ജോലി നോക്കിയിരുന്ന മകൾ ജിക്കിയും സഹോദരൻ ജോർജ് തോമസും കൊല്ലപ്പെട്ട ജോർജ് ജോണിന് വീൽചെയറിൽ നിന്ന് എണീറ്റ് നിൽക്കാൻ കഴിയുമായിരുന്നില്ലെന്ന് പറഞ്ഞതോടെയാണ് ലോക്കൽ പൊലീസിന്റെ തിയറി പൊള്ളയാണെന്ന് പുറം ലോകം അറിഞ്ഞത്.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇടപ്പെട്ട് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയതോടെ സംഗതി ഇരട്ടക്കൊലപാതകമാണെന്ന് തെളിഞ്ഞു. പിന്നീട് ലോക്കൽ പൊലീസ് തന്നെ തെളിവുകളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിൽ ഉത്തർ പ്രദേശ് സ്വദേശി ഫക്രുദീനാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി ഇയാളെ പിടികൂടി. നാട്ടിലെത്തിച്ചു. തുടർന്ന് ഫക്രുദീന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇല്യാസ് അലി, സമീർ അലി എന്നീ പ്രതികളെയും പൊലീസ് പിടികൂടി.

പ്രത്യക്ഷത്തിൽ കണ്ട സ്വർണവും പണവുമല്ലാതെ മറ്റൊന്നും വീട്ടിൽ നിന്ന് നഷ്ടമായിരുന്നില്ലെന്ന് മനസിലാക്കിയ പൊലീസ് കൊലപാതകം മോഷണത്തിന് വേണ്ടിയല്ലെന്ന് ഉറപ്പിച്ചു. ഫക്രുദീനെ ചോദ്യം ചെയ്തതിൽ നിന്ന് അയാൾക്ക് ഏകദേശം രണ്ടായിരത്തിൽ താഴെ രൂപ മാത്രമാണ് കൊലപാതക ശേഷം ലഭിച്ചതെന്നും പൊലീസ് കണ്ടെത്തി. ബാക്കി തുകയും സ്വർണവും ഇല്യാസും സമീറും എടുത്തുവെന്നും അതും തുച്ഛമായ തുക ആയിരുന്നുവെന്നും പൊലീസ് തന്നെ പറയുന്നുണ്ട്. മറ്റെല്ലാ വിലപിടിപ്പുള്ള വസ്തുകളും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിൽ നാട്ടിലെ തന്നെ ആരുടെയെങ്കിലും ക്വട്ടേഷനായിരുന്നോ എന്ന സംശയത്തിലേക്ക് ബന്ധുക്കളെയും പൊലീസിനെയും എത്തിച്ചത്.

പ്രതികൾ ഉപയോഗിച്ചുവെന്ന് പറയുന്ന തോക്ക് കേസ് ആദ്യം അന്വേഷിച്ച റാന്നി സ്റ്റേഷനിലെ ഇൻസ്പെക്ടർ അലക്ഷ്യമായി കൈകാര്യം ചെയ്തതും ഫക്രുദീൻ നശിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ജോർജ് ജോണിന്റെ ഫോൺ ബുക്ക് പൊലീസ് കണ്ടെത്തിയെങ്കിലും വേണ്ടവിധം പരിശോധിക്കാത്തതും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് പൊലീസ് കാട്ടിയ അലംഭാവവും കൊണ്ട് കേസ് സിബിഐക്ക് വിടണമെന്ന് മകൾ ജിക്കി ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. ഹർജി പരിഗണിച്ച കോടതി കേസ് സിബിഐക്ക് വിട്ടു.

സിബിഐക്ക് കേസ് ഏറ്റെടുക്കുമ്പോൾ കേസിൽ മൂന്ന് പ്രതികളുണ്ടായിരുന്നു. ഫക്രുദീൻ , സമീർ, ഇല്യാസ്, എന്നാൽ ഇപ്പോൾ സമീർ കുറ്റവാളിയല്ലെന്ന നിലപാടാണ് സിബിഐ സ്വീകരിക്കുന്നതെന്ന് ജിക്കി പറയുന്നു. 2017 ഡിസംബർ 22 ന് കേസ് ഏറ്റെടുത്ത സിബിഐ സംഘം നാളിതുവരെ മൂന്ന് തവണ സംഭവം നടന്ന വീട് പരിശോധിച്ചതല്ലാതെ യാതൊന്നും ചെയ്തിട്ടില്ലെന്നും ബന്ധുക്കൾക്ക് പരാതിയുണ്ട്.ഏറ്റവും ഒടുവിൽ 2022 മാർച്ചിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി എത്രയും വേഗം കേസിൽ വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി തിരുവനന്തപുരം സിജെഎം കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആ നിർദ്ദേശവും നടപ്പിലായിട്ടില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകരാണ് ദമ്പതി കൊലക്കേസിൽ വാദികൾക്ക് വേണ്ടി വക്കാലത്ത് നൽകിയിട്ടുള്ളത്. എന്നിട്ടും സ്ഥിതി ഇതാണെന്ന് വിദേശത്ത് ജോലി നോക്കുന്ന ജിക്കി പറയുന്നു. വക്കാലത്തുകൊടുക്കാനും കേസിന് പിന്നാലെ പോകാനും എംബസിയുടെ അനുമതിവേണം. നിയമ പ്രശ്നങ്ങൾ മറികടക്കാൻ നാട്ടിലെ ബന്ധുക്കളാണ് കേസുമായി മുന്നോട്ട് പോകുന്നത്. കൊല്ലപ്പെട്ട ജോർജ് ജോണിന്റെ സഹോദരൻ ജോർജ് തോമസ് ആണ് കേസുമായി മുന്നോട്ട് പോകുന്നത്.

ദമ്പതികളുടെ കൊലയാളികളെ എത്രയും വേഗം പിടികൂടി കേസിൽ വിചാരണ തുടങ്ങാൻ സിബിഐ കുറച്ച് കൂടി ഉന്മേഷം കാട്ടണമെന്നാണ് ജോർജ് തോമസിന്റെ അഭിപ്രായം. ഇക്കാര്യം ഉന്നയിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കൊല്ലപ്പെട്ട ദമ്പതികളുടെ അടുത്ത ബന്ധുക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP