Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്‌ഫോടനം ഉണ്ടായത് ഭക്ഷണം കഴിക്കാൻ വന്നയാൾ വച്ചിട്ടുപോയ ബാഗിൽ നിന്ന്; ബെംഗളൂരുവിൽ രാമേശ്വരം കഫേയിൽ ഉണ്ടായത് ബോംബ് സ്‌ഫോടനം തന്നെ; പരിക്കേറ്റത് 9 പേർക്ക്; എൻഐഎയും ഐബിയും എത്തും

സ്‌ഫോടനം ഉണ്ടായത് ഭക്ഷണം കഴിക്കാൻ വന്നയാൾ വച്ചിട്ടുപോയ ബാഗിൽ നിന്ന്; ബെംഗളൂരുവിൽ രാമേശ്വരം കഫേയിൽ ഉണ്ടായത് ബോംബ് സ്‌ഫോടനം തന്നെ; പരിക്കേറ്റത്  9 പേർക്ക്; എൻഐഎയും ഐബിയും എത്തും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ഉണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ചു. സ്‌ഫോടനദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിരുന്നു. 9 പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

' ഉച്ചയ്ക്ക് 12.30 ഓടെ സ്‌ഫോടനം നടന്നതായി വിവരമുണ്ട്. അവിടെ ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. അന്വേഷണം തുടരുകയാണ്. അതൊരു തീവ്രത കുറഞ്ഞ ഐ ഇ ഡി സ്‌ഫോടനം ആയിരുന്നുവെന്നാണ് സംശയിക്കുന്നത്', മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഫേയിൽ ഉണ്ടായത് ബോംബ് സ്‌ഫോടനമാണെന്നും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും കർണാടക ഡിജിപി പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയെയും, ആഭ്യന്തര മന്ത്രി ജി പരമേശ്വരയെയും ഡിജിപി ധരിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് ബാറ്ററികൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് വരുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. എൻഐഎയെയും ഐബിയെയും വിവരങ്ങൾ അറിയിച്ചു.

      View this post on Instagram

A post shared by Whatsaround Bengaluru | Food | Travel | Life style (@whatsaroundbengaluru)

നേരത്തെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ താൻ രാമേശ്വരം കഫേ ഉടമയുമായി സംസാരിച്ചതിന്റെ വിവരങ്ങൾ എക്‌സിൽ പങ്കുവച്ചിരുന്നു. ' രാമേശ്വരം കഫേ സ്ഥാപകൻ നാഗരാജുമായി സ്‌ഫോടനത്തെ കുറിച്ച് സംസാരിച്ചു. ഭക്ഷണം കഴിക്കാൻ വന്നയാൾ വച്ചിട്ടുപോയ ബാഗിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്, ഗ്യാസ് സിലിണ്ടറിൽ നിന്നല്ല. ഇതൊരു ബോംബ് സ്‌ഫോടനം തന്നെ',  തേജസ്വി സൂര്യ കുറിച്ചു.

ഗ്യാസ് ലീക്ക് സംഭവിച്ചതല്ല എന്ന് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആളുകൾ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. നല്ല ആൾത്തിരക്കുള്ള ഇടത്താണ് സ്‌ഫോടനം നടന്നത്. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. സ്ഫോടനത്തെ തുടർന്ന് വൈറ്റ്ഫീൽഡ് ഏരിയയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ശൃഖലകളിൽ ഒന്നാണ് രാമേശ്വരം കഫേ.

സ്‌ഫോടനത്തിന് ശേഷം തീപിടിത്തമുണ്ടായില്ല. അതുകൊണ്ട് തന്നെ പാചക വാതക സിലിണ്ടർ സ്‌ഫോടനം ആണെന്ന് ആദ്യമേ കരുതിയിരുന്നില്ല. വാതക പൈപ്പ് ലൈനിൽ ചോർച്ചയുണ്ടോ എന്നും പൊലീസ് പരിശോധിച്ചിരുന്നു.

കഫേയിൽ ഫോറസൻസിക് സംഘം പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ' രാമേശ്വരം കഫേയിൽ സിലിണ്ടർ പൊട്ടിത്തെറിയുണ്ടായി എന്നാണ് കോൾ കിട്ടിയത്. ഉടൻ തന്നെ ഫയർ എഞ്ചിൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിലാണ് സ്‌ഫോടനമുണ്ടായത്. ഞങ്ങൾ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്', ഒരു പൊലീസ് ഉദ്യോഗസ്ഥൻ പി ടി ഐയോട് പറഞ്ഞു.

ആരുടേതാണ് രാമേശ്വരം കഫേ?

2021 ൽ രാഘവേന്ദ്ര റാവു, സിഎ ദിവ്യ രാഘവേന്ദ്ര റാവു എന്നിവർ ചേർന്നാണ് രാമേശ്വരം കഫേ തുടങ്ങിയത്. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ജന്മനാടിനോടുള്ള ആദരസൂചകമായാണ് രാമേശ്വരം എന്ന് പേര് കഫേക്ക് നൽകിയത്. നല്ല ഒന്നാന്തരം ഭക്ഷണത്തിന് പേരുകേട്ട കഫേയാണ്. കൃത്രിമ രുചികളോ, നിറങ്ങളോ ചേർക്കാത്ത റെസിപ്പികളാണ് ഉപയോഗിക്കുന്നത്. ഔട്ട്‌ലെറ്റുകളിൽ റഫ്രിജറേറ്ററുകൾ ഉപയോഗിക്കുന്നില്ല. പുലർച്ചെ രണ്ടുമണി വരെ തുറന്നിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP