Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടുവള്ളി സംഘത്തിന്റെ സ്വർണ്ണ വരവ് കണ്ണൂരുകാരെ അറിയിച്ചത് കാരിയർ; വിമാനം പറന്നിറങ്ങിയപ്പോൾ തന്നെ കസ്റ്റംസ് ഓപ്പറേഷൻ അറിഞ്ഞ് കണ്ണൂരുകാർ നിരാശരായി മടങ്ങി; സ്വർണം മറ്റേ ടിം സ്വന്തമാക്കിയെന്ന സംശയത്തിൽ ചെയ്‌സിങ്; 'സാധനം' പിടിച്ച വാർത്ത അറിഞ്ഞുള്ള മടക്കത്തിൽ അപകടം; രാമനാട്ടുകരയിലെ വില്ലൻ കണ്ണൂരുകാരൻ

കൊടുവള്ളി സംഘത്തിന്റെ സ്വർണ്ണ വരവ് കണ്ണൂരുകാരെ അറിയിച്ചത് കാരിയർ; വിമാനം പറന്നിറങ്ങിയപ്പോൾ തന്നെ കസ്റ്റംസ് ഓപ്പറേഷൻ അറിഞ്ഞ് കണ്ണൂരുകാർ നിരാശരായി മടങ്ങി; സ്വർണം മറ്റേ ടിം സ്വന്തമാക്കിയെന്ന സംശയത്തിൽ ചെയ്‌സിങ്; 'സാധനം' പിടിച്ച വാർത്ത അറിഞ്ഞുള്ള മടക്കത്തിൽ അപകടം; രാമനാട്ടുകരയിലെ വില്ലൻ കണ്ണൂരുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊണ്ടോട്ടി: രാമനാട്ടുകരയിലെ അപകടത്തിന് പിന്നിൽ തെളിയുന്നത് കള്ളക്കടത്ത് മാഫിയയുടെ നിഗൂഡ ഇടപെടലുകൾ. കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കാനാണ് തങ്ങൾ കരിപ്പൂരിലെത്തിയതെന്ന് പിടിയിലായ യുവാക്കൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ് ഇതിനുള്ള ക്വട്ടേഷൻ നൽകിയത്. സ്വർണമാഫിയയുടെ ഇടനിലക്കാരനായ കണ്ണൂരുകാരൻ ഗൾഫിലുള്ള സംഘത്തിനുവേണ്ടിയാണ് ചെർപ്പുളശ്ശേരി സംഘത്തെ ദൗത്യം ഏൽപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കുന്നത് നേരത്തേ ഇവർ ഏറ്റെടുത്തിരുന്നതായും അവസരം കിട്ടുമ്പോൾ കള്ളക്കടത്ത് സ്വർണം കവർന്നിരുന്നതായും പൊലീസിന് സൂചനലഭിച്ചിട്ടുണ്ട്. ചിലർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കണ്ണൂർ സ്വദേശിയിലൂടെ ഗൾഫിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങൾ സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നു. കഴിഞ്ഞ 16 മുതൽ കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഘം കരിപ്പൂരിലെത്തിയത്. കള്ളക്കടത്ത് സ്വർണം കാറിൽ കയറ്റിക്കൊണ്ടുപോയതായി സൂചന ലഭിച്ച ഉടനെ വാഹനങ്ങൾ അതിവേഗത്തിൽ പിന്തുടർന്നു. എന്നാൽ പിന്നീട് സ്വർണം ആ വണ്ടിയിൽ ഇല്ലെന്നും മനസ്സിലാക്കി. ഇതോടെ മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തിലും സ്വർണക്കവർച്ചയിലും മൂന്നാമതൊരു സംഘത്തിന്റെ കൂടി സാന്നിധ്യമുണ്ടെന്ന് പൊലീസും പറയുന്നു. കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘങ്ങൾക്കു പുറമെ കണ്ണൂരിൽ നിന്നുള്ള സംഘം കൂടി സ്വർണത്തിനു വേണ്ടിയുള്ള മത്സരയോട്ടത്തിൽ പങ്കെടുത്തു. കണ്ണൂർ സ്വദേശിയായ അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അപകടത്തിൽ പെട്ട ചെർപ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ പിന്തുടർന്നത്. കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കാനാണ് 15 പേരടങ്ങുന്ന ചെർപ്പുളശ്ശേരി സംഘമെത്തിയത്. അനസ് പെരുമ്പാവൂരാണ് ഇവരെ ഈ ഓപ്പറേഷന് നിയോഗിച്ചത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അനസ്.

കൊടുവള്ളി സംഘത്തിനായി എത്തിയ സ്വർണം കവർച്ച ചെയ്യാനാണ് ചെർപ്പുളശ്ശേരി സംഘം എത്തിയത് എന്നായിരുന്നു ആദ്യ സൂചന. സ്വർണം പക്ഷേ, പുറത്തു കടത്തും മുൻപേ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തിരുന്നു. കൊടുവള്ളിയിലെ സ്വർണക്കടത്തു സംഘത്തിനു വേണ്ടി ദുബായിൽ നിന്നു സ്വർണമെത്തുന്ന വിവരം കാരിയർ തന്നെ കണ്ണൂർ സംഘത്തിനു ചോർത്തി നൽകിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടർന്നു കവർച്ചസംഘത്തെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ സംഘത്തിന്റെ പങ്ക് പുറത്തുവന്നത്.

കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.33 കിലോഗ്രാം സ്വർണവുമായി മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ തിങ്കളാഴ്ച പുലർച്ചെയാണ് എയർ ഇന്റലിജൻസ് പിടികൂടിയത്. സ്വർണം തട്ടിയെടുക്കാൻ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിനു സമീപത്തു തമ്പടിച്ചിട്ടുണ്ടെന്നു ചെർപ്പുളശ്ശേരി സംഘത്തിനു സൂചന ലഭിച്ചിരുന്നു. കണ്ണൂർ സംഘമെത്തിയ കാറും ഇവരുടെ നിരീക്ഷണത്തിലുണ്ടായിരുന്നു. സ്വർണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്തു പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂർ സംഘമാണ്. ഇതോടെ ഇവർ മടങ്ങാനൊരുങ്ങി.

ദുബായ് വിമാനത്തിൽ നിന്നുള്ള യാത്രക്കാർ പുറത്തെത്തിയതിനു പിന്നാലെ കണ്ണൂർ സംഘത്തിന്റെ കാർ പുറത്തേക്കിറങ്ങി. ഇതോടെ സ്വർണം ഇവർക്ക് കിട്ടിയെന്ന് ചെർപ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. തുടർന്ന് ഈ വാഹനത്തിനു പിന്നാലെ 3 വാഹനങ്ങളിൽ പിന്തുടർന്നു. രാമനാട്ടുകരയിൽ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്തു വച്ചു തന്നെ സ്വർണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുൻപിലുള്ള വാഹനം അപകടത്തിൽ പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന 8 പേരെ പൊലീസ് തിങ്കളാഴ്ച തന്നെ പിടികൂടിയിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഒരു വാഹനവും രണ്ടു പേരെയും കൂടി പിടികൂടാനുണ്ട്.

പാലക്കാട് നെല്ലായ നാരായണമംഗലം ഫൈസൽ (24), വല്ലപ്പുഴ കടകശ്ശേരി വളപ്പിൽ ഷാമിൽ (32), വല്ലപ്പുഴ മലയാരിൽ സുഹൈൽ (24), കുലുക്കല്ലൂർ വാലില്ലാത്തൊടി മുസ്തഫ (26), തൃത്താല നടക്കൽ ഫയാസ് (29), വല്ലപ്പുഴ പുത്തൻപീടിയേക്കൽ ഹസ്സൻ (35), മുളയങ്കാവ് പെരുംപറത്തൂർ സലീം (29), മുളയങ്കാവ് നടക്കാട് മുബഷിർ (26) എന്നിവരാണ് പിടിയിലായത്. ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ഇവരെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

തിങ്കളാഴ്ച പുലർച്ചെ രാമനാട്ടുകര ബൈപാസ് ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിലാണ് സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ അഞ്ച് യുവാക്കൾ മരിച്ചത്. ഇവർ സഞ്ചരിച്ച ബൊലേറോ സിമന്റ്ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സ്വർണക്കവർച്ച അന്വേഷിക്കാൻ പ്രത്യേക സംഘം

രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ച ചെർപ്പുളശേരി സ്വദേശികൾ ഉൾപ്പെട്ട സ്വർണക്കവർച്ചാശ്രമ കേസ് അന്വേഷിക്കാൻ പ്രത്യേകസംഘം. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്‌റഫിനാണ് ചുമതലയെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത്ദാസ് പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ടിഡിവൈ എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് സ്വർണക്കവർച്ചാസംഘം പ്രവർത്തിച്ചത്. ചൊവ്വാഴ്ച അറസ്റ്റിലായ എട്ടുപേർ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങൾ കേസിൽ പ്രധാന തെളിവാകും. കരിപ്പൂർ വിമാനത്താവള പരിസരത്തെയുൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP