Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട അഖിൽ ആർ നായർ രാഖി മോളുമായി പ്രണയത്തിലായി; മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ ഉടക്കുമായി എത്തിയ കാമുകിയെ വാഹനത്തിൽ വെച്ചു കഴുത്തു ഞെരിച്ചു കൊന്നു; വീട്ടരികിൽ ഉപ്പു വിതറി മണ്ണിട്ടു മൂടി; അമ്പൂരി രാഖി കൊലക്കേസിൽ മൂന്ന് പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി ഒമ്പതിന്

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട അഖിൽ ആർ നായർ രാഖി മോളുമായി പ്രണയത്തിലായി; മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ ഉടക്കുമായി എത്തിയ കാമുകിയെ വാഹനത്തിൽ വെച്ചു കഴുത്തു ഞെരിച്ചു കൊന്നു; വീട്ടരികിൽ ഉപ്പു വിതറി മണ്ണിട്ടു മൂടി; അമ്പൂരി രാഖി കൊലക്കേസിൽ മൂന്ന് പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി ഒമ്പതിന്

അഡ്വ. പി നാഗരാജ്‌

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ ചായത്തട്ട് നടത്തുന്ന രാജന്റെ മകൾ രാഖിമോൾ(30)ളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വീട്ടു വളപ്പിൽ കഴിച്ചിട്ട കേസിലാണ് മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ. നായർ(24), അഖിലിന്റെ സഹോദരൻ രാഹുൽ ആർ. നായർ(27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാന്മുക്ക് ആദർശ് ഭവനിൽ ആദർശ് നായർ(23) എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ.വിഷ്ണുവാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. പ്രതികൾക്ക് ഈ മാസം ഒമ്പതിന് ശിക്ഷ വിധിക്കും.

2019 ജൂൺ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ആർ. നായർ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കി വരവേ പൂവാർ നിന്നും കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖി മോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ശേഷം അഖിൽ ആർ നായർ രാഖിയുമായി പ്രണയത്തിലാവുകയും തുടർന്ന് അവധിക്ക് രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം രാഖിമോളെ അഖിൽ ബീച്ചിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുനടന്ന് വിവാഹ വാഗ്ദാനം നൽകിയിരുന്നു.

രാഖി മോളുമായി അഖിൽ പ്രണയത്തിലിരിക്കെ തന്നെ രാഖി അറിയാതെ അന്തിയൂർക്കോണം സ്വദേശിയായ ഒരു യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും തുടർന്ന് രാഖിയെ ഒഴിവാക്കി അന്തിയൂർകോണത്തുള്ള യുവതിയുമായി വിവാഹം നിശ്ചയം നടത്തിയതിന്റെ ഫോട്ടോകൾ അഖിൽ ഫെയ്‌സ് ബുക്കിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ രാഖി അന്തിയൂർ കോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞിതിലുള്ള വിരോധമാണ് രാഖിമോളെ കൊല്ലാനുണ്ടായ കാരണം.

കൃത്യ ദിവസം രാഖിമോളെ പുവ്വാറിലെ വീട്ടിൽ നിന്നും അഖിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ അനുനയത്തിൽ വിളിച്ചുവരുത്തുകയും അമ്പൂരിയിലുള്ള തന്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിൽ രാഖിമോളെ കയറ്റി നെയ്യാറ്റിൻകര ധനുവച്ചപുരം റോഡ് വഴി അമ്പൂരിയിൽ എത്തുകയും അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ വാഹനത്തിൽ കയറി രണ്ടാംപ്രതി രാഹുൽ ആർ നായർ വാഹനമോടിച്ചും ആദർശും, അഖിലും പിൻ സീറ്റിൽ ഇരുന്ന് അമ്പൂരിയിൽ നിന്നും തട്ടാമൂക്ക് ഭാഗത്തേക്ക് പോകുന്ന വഴി വാഹനത്തിന്റെ ഇടതു മുൻവശത്തിരുന്ന രാഖിയെ വാഹനത്തിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു വാഹനത്തിനുള്ളിൽ വച് കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട രാഖിയെ മൂന്നു പേരും ചേർന്നു അഖിലിന്റെ തട്ടാമൂക്കിലെ പുതിയതായി പണിത വീടിന്റെ പുറകു വശത്ത് നേരത്തെ തയ്യാറാക്കി വച്ചിരുന്ന കുഴിയിൽ രാഖിയുടെ മൃതശരീരം നഗ്‌നയാക്കി ഉപ്പു പരലുകൾ വിതറി മണ്ണിട്ട്മൂടി,കമുക് തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു. തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും, ആദർശും,രാഹുലും ഗുരുവായൂരിലേക്കും സ്ഥലം വിടുകയും ചെയ്തു.

തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പുവ്വാർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദർശിന്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും, രാഹുലും പൊലീസിന്റെ കസ്റ്റഡി ലാകുന്നത്. പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിന്റെ വീട്ട് വളപ്പിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.92 തൊണ്ടിമുതലുകളും,178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആദർശിനെ ചികിത്സിച്ച ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച് 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP