Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെയ്യാറ്റിൻകരയിൽ നിന്നും കാറിൽ കയറ്റിയ രാഖിയുമായി വിവാഹ കാര്യത്തിൽ തർക്കിച്ച് ഒടുവിൽ കഴുത്തു ഞെരിച്ച് ബോധം കെടുത്തിയത് ചേട്ടൻ അഖിൽ; വീട്ടിലെത്തിയപ്പോൾ രാഖിയുടെ കഴുത്തിൽ കയറിട്ടു മരണം ഉറപ്പാക്കിയത് അനിയൻ രാഹുൽ; കുഴിമൂടുമ്പോൾ മക്കളുടെ തോളത്ത് കൈവച്ച് കണ്ടു നിന്ന് അച്ഛൻ 'കഞ്ചാവ് മണിയൻ'; അഖിൽ താലികെട്ടി സ്വന്തമാക്കിയെന്ന് കരുതിയ രാഖിയെ വകവരുത്തിയത് ഒരു കുടുംബം ഒരുമിച്ച്; കാർ കസ്റ്റഡിയിലെടുക്കും; രാഖി വധഗൂഢാലോചനയിലെ ചുരുളുകൾ അഴിയുമ്പോൾ

നെയ്യാറ്റിൻകരയിൽ നിന്നും കാറിൽ കയറ്റിയ രാഖിയുമായി വിവാഹ കാര്യത്തിൽ തർക്കിച്ച് ഒടുവിൽ കഴുത്തു ഞെരിച്ച് ബോധം കെടുത്തിയത് ചേട്ടൻ അഖിൽ; വീട്ടിലെത്തിയപ്പോൾ രാഖിയുടെ കഴുത്തിൽ കയറിട്ടു മരണം ഉറപ്പാക്കിയത് അനിയൻ രാഹുൽ; കുഴിമൂടുമ്പോൾ മക്കളുടെ തോളത്ത് കൈവച്ച് കണ്ടു നിന്ന് അച്ഛൻ 'കഞ്ചാവ് മണിയൻ'; അഖിൽ താലികെട്ടി സ്വന്തമാക്കിയെന്ന് കരുതിയ രാഖിയെ വകവരുത്തിയത് ഒരു കുടുംബം ഒരുമിച്ച്; കാർ കസ്റ്റഡിയിലെടുക്കും; രാഖി വധഗൂഢാലോചനയിലെ ചുരുളുകൾ അഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താലിച്ചരടിൽ കോർത്ത ദാമ്പത്യത്തിനു ആയുസ്സില്ലെന്നു അറിഞ്ഞു പൊരുതാൻ ഇറങ്ങിയ പൂവാറിലെ രാഖിക്ക് സംഭവിച്ച ദുരന്തത്തിന്റെ നേര് അറിയാൻ പൊലീസ് ഒരുങ്ങുന്നു. ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള അഖിലിന്റെ സഹോദരനായ രാഹുൽ കൊലപാതക വിവരങ്ങൾ പൊലീസിന് മുന്നിൽ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കൊല നടത്തിയത് പട്ടാളക്കാരൻ ആയ സഹോദരൻ അഖിൽ തന്നെയാണെന്നാണ് രാഹുൽ പൊലീസിനോട് വെളിപ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുപോകവെയാണ് മുഖ്യപ്രതിയും ആസൂത്രകനുമെന്നു പൊലീസ് സംശയിച്ച സിനിമാ-സീരിയൽ അണിയറ പ്രവർത്തകൻ രാഹുൽ കൊലപാതക കഥകൾ പൊലീസിന് മുന്നിൽ വ്യക്തമാക്കിയത്.

രാഖിയെ വിളിച്ചുകൊണ്ടുവരാൻ നെയ്യാറ്റിൻകരയിൽ കാറുമായി എത്തുമ്പോൾ അഖിൽ ഒപ്പമുണ്ടായിരുന്നു. രാഖിയെ ഇരുത്തി കാർ ഓടിച്ചതും അഖിൽ തന്നെയാണ്. പക്ഷെ വിവാഹ കാര്യം പറഞ്ഞപ്പോൾ അഖിൽ രാഖിയുമായി ഉടക്കി. കാറിന്റെ പിൻസീറ്റിൽ കയറിയ ശേഷം അഖിൽ രാഖിയുടെ കഴുത്തു ഞെരിച്ചു. അബോധാവസ്ഥയിൽ അമ്പൂരിയിലെ വീട്ടിൽ എത്തിച്ച രാഖിയുടെ കഴുത്തിൽ കയറിട്ടു മരണം ഉറപ്പാക്കുകയാണ് താൻ ചെയ്തത്-രാഹുൽ പൊലീസിനോട് പറഞ്ഞു. ഇപ്പോൾ കൊലപാതകത്തിൽ സഹോദരന്റെ പങ്കു തുറന്നു പറഞ്ഞു രാഹുൽ മുഖ്യപ്രതി സഹോദരൻ തന്നെയാണ് എന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. കൊലപാതകത്തിൽ തന്റെ ശിക്ഷ ലഘൂകരിക്കാനുള്ള വഴികൂടിയാണ് രാഹുൽ തേടുന്നത്. സഹോദരനെ പ്രതിസ്ഥാനത്ത് രാഹുൽ പ്രതിഷ്ഠിച്ചു കഴിഞ്ഞെങ്കിലും കൊലപാതകത്തിലെ കൂട്ടുപ്രതി തന്നെയായി രാഹുൽ മാറിയിട്ടുണ്ട്. കഴുത്തിൽ കയർ കുറുക്കി മരണം ഉറപ്പിച്ചത് താൻ തന്നെയാണെന്നും രാഹുൽ പൊലീസിനോട് സമ്മതിച്ച് കഴിഞ്ഞിട്ടുണ്ട്. പക്ഷെ രാഹുലിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി എന്നല്ലാതെ കൂടുതൽ ചോദ്യം ചെയ്യലിനു ഇപ്പോൾ പൊലീസ് തയ്യാറായിട്ടില്ല. കോടതിയിൽ ഹാജരാക്കിയശേഷം രണ്ടു ദിവസം കസ്റ്റഡിയിൽ വാങ്ങി കൊലപാതക ആസൂത്രണത്തിന്റെ മുഴുവൻ വിശദാംശങ്ങളും ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ലഡാക്കിലെ പട്ടാള ക്യാമ്പിലുള്ള മുഖ്യപ്രതി അഖിലിനെയും കേരളത്തിൽ എത്തിക്കേണ്ടതുണ്ട്.

അതേസമയം കൊലപാതകത്തിന്റെ സംശയമുനകൾ അച്ഛൻ കഞ്ചാവ് മണിയൻ എന്ന് പേരുള്ള അഖിലിന്റെ അച്ഛൻ രാജപ്പൻ നായരിലേക്കും തിരിയുന്നുണ്ട്. കൊലപാതകത്തിൽ രാജപ്പൻ നായരുടെ പങ്ക് എന്താണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രാജപ്പൻ നായരുടെ ക്രിമിനൽ പശ്ചാത്തലം വിശദമായി പഠിച്ച ശേഷം കൊലപാതകത്തിൽ ഇയാളുടെ പങ്ക് എന്താണ് എന്ന് തിരിച്ചറിയാനാണ് പൊലീസ് ഒരുങ്ങുന്നത്. രാഖിയെ കൊന്നശേഷം ഉപ്പിട്ട് മൂടിയ ബുദ്ധി ആരുടേതെന്നും രാഖിയെ കൊന്നു കുഴിച്ചിട്ട ശേഷം പറമ്പു കിളച്ചു കമുക് നട്ടതുമാണ് പൊലീസ് അന്വേഷിക്കുന്നത്. അയൽവാസികൾ എന്തിനാണ് കുഴി എടുക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ തെങ്ങു നടാനാണ് കുഴി എന്ന് പറഞ്ഞതും പൊലീസിന് മുന്നിലുണ്ട്. ഇതെല്ലാം ചേർത്ത് അഖിലിന്റെ മാതാപിതാക്കളുടെ പങ്ക് കണ്ടെത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

അതേസമയം അമ്പൂരി കൊലപാതകത്തിലെ മുഖ്യ പ്രതി അഖിൽ എസ്.നായർ ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ തന്നെയുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. അഖിലിനെ പുറത്തേക്ക് വിടരുതെന്ന് സൈന്യത്തോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ലഡാക്കിലെ ക്യാമ്പിൽ തന്നെ അഖിലുണ്ടെന്നാണ് പൊലീസ് മറുനാടനോട് വിശദീകരിക്കുന്നത്. അഖിൽ ഒളിവിൽ പോയെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

താൻ ഒളിവിൽ അല്ലെന്നും കഴിഞ്ഞ 29 ന് ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നുമായിരുന്നു അഖിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നത്. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പൊലീസിന് കീഴടങ്ങുമെന്നും അഖിൽ പറഞ്ഞിരുന്നു. ഇത് ശരിയാണെന്നാണ് പൊലീസും പറയുന്നത്. ക്യാമ്പിൽ നിന്ന് അഖിൽ പോകാതിരിക്കാനുള്ള മുൻകരുതൽ പൊലീസ് എടുത്തിട്ടുണ്ട്. സൈനിക നേതൃത്വവും ഇതുമായി സഹകരിക്കുന്നുണ്ട്. ഡൽഹിയിലുള്ള അന്വേഷണ സംഘം ഉടൻ ലഡാക്കിലെത്തും. ഇതിന് ശേഷം അഖിലിനെ പൊലീസിന് സൈന്യം കൈമാറുമെന്നാണ് സൂചന. അഖിലന്റെ ക്രൂരതയെ വളരെ ഞെട്ടലോടെയാണ് സൈന്യം ഉൾക്കൊള്ളുന്നത്. ്അതുകൊണ്ട് കൂടിയാണ് അഖിലിനെ സൈന്യം രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം തടഞ്ഞു വച്ചിരിക്കുന്നത്.

കേസിൽ അഖിലിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെയും പൊലീസ് സംശയിക്കുന്നുണ്ട്. അച്ഛൻ കഞ്ചാവ് മണിയനും അറസ്റ്റിലാകും. രാജപ്പൻ നായർ എന്നാണ് ഇയാളുടെ പേര്. നേരത്തെ കേസിലെ രണ്ടാം പ്രതി രാഹുൽ പൊലീസ് പിടിയിലായിരുന്നു. അഖിന്റെ ചേട്ടനാണ് രാഹുൽ. കൂട്ടുകാരനായ ആദർശ് നേരത്തെ അറസ്റ്റിലായിരുന്നു. ഈ അറസ്റ്റാണ് രാഖിയുടെ മൃതദേഹം കണ്ടെത്താൻ സഹായകമായത്. ഇതോടെയാണ് അഖില്ഡ കേസിൽ കുടങ്ങിയത്. അതിനിടെ അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയെന്ന വാർത്തകളെത്തി. എന്നാൽ ഇത് അടിസ്ഥാന രഹതിമാണെന്നാണ് കേസ് അന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി അഖിലിനെ സൈന്യം ഉടൻ കൈമാറുമെന്നാണ് പൊലീസിലെ ഉന്നതർ പറയുന്നത്.

അഖിൽ രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേത്തുമെന്നും മകൻ നിരപരാധിയാണെന്നുമാണ് അഖിലിന്റെ അച്ഛൻ മണിയന്റെ വാദം. രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വെളിപ്പെടുത്തിയിരുന്നു.

ഭാര്യാഭർത്താക്കന്മാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ചേർന്നെന്നും റിപ്പോർട്ടിലുണ്ട് . രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിനിടെ കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തി. കൊലപാതക വിവരം അഖിലിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടലെന്നും രാഖിയുടെ അച്ഛൻ ആരോപിക്കുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നുമാണ് രാഖിയുടെ അച്ഛൻ പറയുന്നത്.

രാഖിയും അഖിലും ഫ്രെബുവരിയിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന്, കേസിലെ മൂന്നാം പ്രതിയും പ്രതികളായ സഹോദരന്മാരുടെ അയൽക്കാരനുമായ ആദർശിന്റെ റിമാൻഡ് റിപ്പോർട്ടിൽ, പൊലീസ് പറയുന്നു. ഇതിനുശേഷം മറ്റൊരു വിവാഹത്തിന് അഖിൽ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രാഖിയുടെ മൃതദേഹത്തിൽ നിന്നും താലിയും കണ്ടെത്തി. ഈ വിവരമടക്കം നേരത്തേ അഖിലിന്റെ കുടുംബത്തിന് അറിയാമായിരുന്നു. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു.

കഴിഞ്ഞ മാസം 21-ന് വൈകുന്നേരം രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൊച്ചിയിൽ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാഖി വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ അഖിൽ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാറിൽ കയറ്റി അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി രാഖിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP