Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആ വർഗീയ ഭീകരരുടെ കത്തി ആഴ്ന്നിറങ്ങിയത് രാജസ്ഥാനിലെ കോൺഗ്രസ് ഭരണത്തിന്റെ കടയ്ക്കലോ? ഐഎസിസ് മോഡൽ കഴുത്തറുക്കൽ കൊലപാതകം സർക്കാർ വീഴ്‌ച്ച ആരോപിച്ചു ബിജെപി; നരേന്ദ്ര മോദിക്കെതിരെയും പ്രതികൾ ഭീഷണി മുഴക്കിയതോടെ രാജ്യം അതിജാഗ്രതയിൽ; എൻഐഎ സംഘം ഉദയ്പുരിലെത്തി; ഇന്റർനെറ്റ് വിച്ഛേദിച്ചു എങ്ങും കനത്ത ജാഗ്രത

ആ വർഗീയ ഭീകരരുടെ കത്തി ആഴ്ന്നിറങ്ങിയത് രാജസ്ഥാനിലെ കോൺഗ്രസ് ഭരണത്തിന്റെ കടയ്ക്കലോ? ഐഎസിസ് മോഡൽ കഴുത്തറുക്കൽ കൊലപാതകം സർക്കാർ വീഴ്‌ച്ച ആരോപിച്ചു ബിജെപി; നരേന്ദ്ര മോദിക്കെതിരെയും പ്രതികൾ ഭീഷണി മുഴക്കിയതോടെ രാജ്യം അതിജാഗ്രതയിൽ; എൻഐഎ സംഘം ഉദയ്പുരിലെത്തി; ഇന്റർനെറ്റ് വിച്ഛേദിച്ചു എങ്ങും കനത്ത ജാഗ്രത

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: രാജ്യത്തെ നടുക്കുന്ന സംഭവങ്ങളാണ് രാജസ്ഥാനിലെ ഉദയ് പുരിൽ ഇന്നലെ ഉണ്ടായത്. ഐസിസ് മോഡൽ കാടത്തമാണ് പ്രവാചക വിമർശനത്തിന്റെ പേരിൽ രാജ്യം കണ്ടത്. ലോകത്തെ നടക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നതും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും ഭീഷണി മുഴക്കി പ്രതികൾ രംഗതതുവന്നതോടെ രാജ്യം അതീവ ജാഗ്രതയിലുമാണ്. റാഫിഖ് മുഹമ്മദ്, അബ്ദുൾ ജബ്ബാർ എന്നിങ്ങനെയാണ് അരും കൊലയുടെ പേരിൽ പിടിയിലാവരുടെ പേരുകൾ. ഇരുവരും ഉദയ്പുർ സൂരജ്പോലെ സ്വദേശികളാണെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു.

ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കനയ്യ ലാൽ എന്ന തയ്യൽകാരനാണ് ഈ വർഗീയവാദികളുടെ കൊടും ക്രൂരതയ്ക്ക് ഇരയായത്. അതേസമയം ഈ ദാരുണ സംഭവം ഏറ്റവും തിരിച്ചടിയായിരിക്കുന്നത് രാജസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനുമാണ്. അവശേഷിക്കുന്ന കോൺഗ്രസ് ഭരണത്തിന് അന്ത്യമാകുമെന്ന സൂചന ബിജെപി ഇതോടെ നല്കി കഴിഞ്ഞു.

സർക്കാർ വീഴ്‌ച്ച ആരോപിച്ചു ബിജെപി

സംഭവത്തിൽ സർക്കാര് വീഴ്‌ച്ച ആരോപിച്ചു ബിജെപി രംഗത്തുണ്ട്. പട്ടാപ്പകൽ നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ പ്രേരണയാലാണെന്ന് വ്യക്തമാക്കുന്നുവെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ട്വീറ്റ് ചെയ്തു. അശോക് ഗെലോട്ട് സർക്കാരിന്റെ ഭരണത്തിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് ഉദയ്പുർ കൊലപാതകം തെളിയിച്ചുവെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.

സംഭവം ദുഃഖകരമാണെന്ന് പറഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം കുറ്റപ്പെടുത്തി. 'രാജ്യത്ത് ഇന്ന് സംഘർഷഭരിതമായ അന്തരീക്ഷമാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ അഭിസംബോധന ചെയ്യാത്തത്?. ആളുകൾക്കിടയിൽ പിരിമുറുക്കമുണ്ട്. പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യണം. ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല'- അദ്ദേഹം പറഞ്ഞു.

സംഭവത്തെ അപലപിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി. ഉദയ്പുരിലെ ക്രൂരമായ കൊലപാതകം അറിഞ്ഞ് ഞെട്ടിപ്പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 'മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ ചെറുക്കണം. ദയവായി സമാധാനവും സാഹോദര്യവും നിലനിർത്തുക'- അദ്ദേഹം പറഞ്ഞു.

കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും മതത്തിന്റെ പേരിൽ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് അപകടമാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഉദയ് പുരിൽ സംഘർഷാന്തരീക്ഷം, കർഫ്യൂ

ഉദയ്പൂരിൽ വലിയ സംഘർഷാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഉദയ്പുരിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പൊലീസ് സംഘർഷം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. 600 പൊലീസുകാരെ അധികമായി വിന്യസിച്ചു. 24 മണിക്കൂർ നേരത്തേയ്ക്ക് ഇന്റർനെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പുർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാൻ പൊലീസ് നിർദ്ദേശം നൽകി. ഉദയ്പുരിലെ തിരക്കേറിയ മാർക്കറ്റിലുള്ള തന്റെ കടയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാൽ കൊല്ലപ്പെട്ടത്. രണ്ടു പേർ കടയിലേക്ക് കയറിവരികയും കനയ്യ ലാലിന്റെ കഴുത്തറുക്കുകയുമായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതികൾ ഭീഷണി മുഴക്കുന്നുണ്ട്.

കൊലയാളികൾ എത്തിയത് വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേന

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽകയറി കഴുത്തറുത്തുകൊലപ്പെടുത്തിയത് വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനയെത്തിയവർ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കൊല്ലപ്പെട്ട കനയ്യ ലാൽ, ധൻ മണ്ഡി മാർക്കറ്റിലെ തന്റെ കടയിൽ ഇരിക്കുമ്പോഴാണ് പ്രതികളായ ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസ് അൻസാരിയും എത്തിയത്. ഇതിലൊരാൾക്ക് തുണി തയ്ക്കാൻ അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു. കനയ്യ ലാൽ അളവെടുക്കുന്നതിനിടെ ഇയാൾ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു.

മറ്റേയാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഓടി രക്ഷപ്പെട്ട പ്രതികൾ, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് കനയ്യ ലാൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിൽ കടയിലെത്തി ആക്രമിക്കുകയായിരുന്നു. കനയ്യ ലാലിനെ ചില സംഘങ്ങൾ മുൻപ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

പ്രതികൾ പുറത്തുവിട്ട വിഡിയോ കാണുകയോ പ്രചരിപ്പിക്കയോ ചെയ്യരുതെന്ന് രാജസ്ഥാൻ പൊലീസ് ആവശ്യപ്പെട്ടു. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) ഒരു സംഘം ഉദയ്പുരിൽ എത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. ഒരു മാസത്തേക്ക് സമ്മേളനങ്ങളും നിരോധിച്ചു. ഉദയ്പുർ ജില്ലയിലെ ഏഴു മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശവാസികൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്തെ കടകൾ അടപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP