Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജീവനക്കാരെ എല്ലുമുറിയെ പണിയെടുപ്പിച്ചിട്ടും ഇരിക്കാൻ പോലും അനുവാദമില്ല; ടോയ്‌ലറ്റിൽ പോകണമെങ്കിൽ മേലുദ്യോഗസ്ഥന്റെ അനുമതി വേണം; മെച്ചപ്പെട്ട താമസസൗകര്യവുമില്ല; വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയവയിൽ പോത്തീസും രാമചന്ദ്രനും കല്യാണും ശീമാട്ടിയും ജയലക്ഷ്മിയും ചെന്നൈ സിൽക്സും

ജീവനക്കാരെ എല്ലുമുറിയെ പണിയെടുപ്പിച്ചിട്ടും ഇരിക്കാൻ പോലും അനുവാദമില്ല; ടോയ്‌ലറ്റിൽ പോകണമെങ്കിൽ മേലുദ്യോഗസ്ഥന്റെ അനുമതി വേണം; മെച്ചപ്പെട്ട താമസസൗകര്യവുമില്ല; വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയവയിൽ പോത്തീസും രാമചന്ദ്രനും കല്യാണും ശീമാട്ടിയും ജയലക്ഷ്മിയും ചെന്നൈ സിൽക്സും

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ റെയ്ഡിൽ പിടിവീണ വൻകിട വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി എടുത്തേക്കും. ഇവരുടെ പേര് മറച്ച് വച്ച ഉദ്യോഗസ്ഥർക്കെതിരേയും നടപടി ഉണ്ടായേക്കും.

തൊഴിൽ കേന്ദ്രങ്ങളിൽ ജീവനക്കാരെ മാടു പോലെ പണിയെടുപ്പിച്ചതായി തൊഴിൽ വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ മൂന്ന് പ്രധാന വകുപ്പുകളിൽ വ്യാപക അഴിമതിയാണെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു.

ആരോഗ്യ വകുപ്പിന്റേയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയുണ്ടെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. റെയ്ഡ് നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനങ്ങളുടെ പേര് സംസ്ഥാന തൊഴിൽ ഭവനിലെത്തി ലേബർ കമ്മീഷണറുടെ ഓഫീസിൽ നേരിട്ട് തിരക്കിയെങ്കിലും സംസ്ഥാനം മുഴുവൻ നടത്തിയ റെയ്ഡായതിനാൽ എല്ലായിടത്തുനിന്നും വിവരങ്ങൾ ലഭിച്ചുവരുന്നതെയുള്ളു എന്ന വിശദീകരണമാണ് ലഭിച്ചത്.

തിരുവനന്തപുരം പോത്തീസ്, രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ്, കല്യാൺ സാരീസ്, എറണാകുളം ശീമാട്ടി, ജയലക്ഷ്മി, ചെന്നൈ സിൽക്‌സ്, കോഴിക്കോട് ജയലക്ഷ്മി, കല്യാൺ കേന്ദ്ര, കല്യാൺ സിൽക്‌സ് എന്നിവയാണ് ആ സ്ഥാപനങ്ങളെന്നാണു പിന്നീടു പുറത്തുവന്ന വിവരം. വ്യാപകമായ തൊഴിലാളി പീഡനമാണ് ഈ സ്ഥാപനങ്ങളിലെല്ലാം നടക്കുന്നതെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരത്തെ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറാകാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ പേരറിയുവാനായി അടുത്ത ദിവസം തന്നെ വിവരാവകാശം നൽകുകയും ചെയ്തു. അതിന് ലഭിച്ച മറുപടിയാകട്ടെ ഏതൊക്കെ സ്ഥാപനങ്ങളാണ് എന്നറിയുന്നതിനുള്ള നിങ്ങളുടെ അപേക്ഷ എല്ലാ ജില്ലാ ലേബർ ഓഫീസുകളിലേക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും അവിടെ നിന്നും നേരിട്ട് മറുപടി ലഭ്യമാകുമെന്നുമായിരുന്നു. സംസ്ഥാന തൊഴിൽ ഭവനിൽ രേഖകൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് സ്ഥാപനങ്ങളുടെ പേര് അറിയാൻ ശ്രമിച്ചതിന് അധികൃതർ വട്ടം ചുറ്റിച്ചതാണെന്ന് വ്യക്തം. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയിരുന്നത്.

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളുടെ പേരും ലഭ്യമായില്ലെങ്കിലും തലസ്ഥാനത്തെ പ്രമുഖ ഷോപ്പിങ്ങ് സെന്ററായ പോത്തീസിലെ തൊഴിലാളി പീഡനത്തെക്കുറിച്ച് ജില്ലാ ലേബർ ഓഫീസിൽ നിന്നും വിവരം ലഭിച്ചിരുന്നു. ജൂൺ 21ന് തന്നെ ചിത്രം സഹിതം മറുനാടൻ മലയാളി ഇതിന്റെ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. പോത്തീസിന്റെതിനു സമാനമായ തൊഴിൽ ചൂഷമം തന്നെയാണ് ഇപ്പോൾ പേരുകൾ പുറത്ത് വന്ന സ്ഥാപനങ്ങളിലും നടന്നിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപകമായ തൊഴിൽചൂഷണം കണ്ടെത്തിയിരിക്കുന്നത്. മിക്ക സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ഇരിക്കാൻ കസേരകൾ പോലുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഇരിക്കാൻ അനുവദിക്കില്ല. വൃത്തിയുള്ള ശൗചാലയങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ടോയിലറ്റിൽ പോകാൻ മേലുദ്യോഗസ്ഥന്റെ അനുവാദം വേണമെന്നതിനാൽ പലവും അനുമതി വാങ്ങാൻ പോകാറില്ല. തുടർച്ചയായി 12 മണിക്കൂറോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് വെരിക്കോസ് വെയിൻ, ടോയിലറ്റിൽ പോകാത്തത് കാരണമുണ്ടാകുന്ന മൂത്രാശയ അണുബാധ തുടങ്ങിയ രോഗങ്ങൾ പതിവാണെന്നും മനസ്സിലാക്കാനാകും.

തൊഴിൽ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളുമൊക്കെ നിലവിലുണ്ടെങ്കിലും ഇവയൊക്കെ കാറ്റിൽ പറത്തികൊണ്ടുള്ള പ്രവർത്തനമാണ് വിവിധ സ്ഥാപനങ്ങളിൽ നടക്കുന്നതെന്നും കമ്മീഷൻ വിലയിരുത്തി. വിവിധ സർക്കാർ വകുപ്പുകൾ ഇവർക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവാണ് മുൻപ് സംസ്ഥാന തൊഴിൽ മന്ത്രിയുടെ ഉത്തരവിൽ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങൾ പോലും മറച്ച് വച്ചത്.

തൊഴിലാളികൾക്കായി ഒരുക്കുന്ന വിശ്രമമുറികളിൽ ഒരുക്കേണ്ട യാതൊരു സൗകര്യവും ഒരു സ്ഥാപനവും ഒരുക്കിയിട്ടില്ലെന്നും മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. കൃത്യമായ വായു സഞ്ചാരവും വെളിച്ചവും ചാരിയിരിക്കുന്നതിന് സൗകര്യങ്ങളുള്ള ബെഞ്ചുകളുണ്ടായിരിക്കണമെന്നുമിരിക്കെ ഒരു കമ്പനിയിലും ഇത്രയും സൗകര്യങ്ങളില്ലെന്നതാണ് സത്യം. ആവശ്യത്തിലധികം തൊഴിലാളികളെ കുത്തിത്തിരുകിയാണ് ഇവിടെ പ്രവർത്തനം നടത്തുന്നത്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും അടിസ്ഥാനശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണമുണ്ട്.

നേരത്തെ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വൻകിട വസ്ത്രവ്യാപാരസ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്ത്രീത്തൊഴിലാളികൾ ദുരിതത്തിലായതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ച താമസ സൗകര്യം പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥർക്ക് മേയർ നിർദ്ദേശം നൽകുകയും ചെയ്തു. 30 ദിവസത്തിനുള്ളിൽ പുതിയ താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഏറ്റവും മുകളിൽ 200 സ്‌ക്വയർഫീറ്റ് സ്ഥലത്ത് ഇരുമ്പുകമ്പികളും തകരഷീറ്റും ഉപയോഗിച്ച് മറച്ചാണ് 300 വനിതാ ജീവനക്കാരെ താമസിപ്പിക്കുന്നത്. ഇവർക്ക് ആവശ്യത്തിന് ടോയ്ലെറ്റുകളോ വായുസഞ്ചാരത്തിന് ജനലുകളോ ഇല്ല. പുറത്തുകടക്കുന്നതിന് ഒറ്റവാതിലാണുള്ളത്. കട്ടിലുകളിൽ മെത്തയോ തലയണയോ ഷീറ്റോ ഇല്ല. വസ്ത്രവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതമറിഞ്ഞാണ് മേയറും സംഘവും നേരിട്ട് പരിശോധന നടത്തിയത്. വ്യാപാരസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് തൊഴിൽവകുപ്പിന്റെ ഉത്തരവുണ്ട്. വനിതാ തൊഴിലാളികൾ കൂടുതലുള്ള വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് അനുവദിക്കേണ്ട വിശ്രമസമയം, കുടിവെള്ളലഭ്യത, ടോയ്ലെറ്റ് സൗകര്യം, അവധി, തൊഴിൽസ്ഥലത്തെ സുരക്ഷ എന്നിവ സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണമെന്നാണ് വകുപ്പിന്റെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP