Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ഇഷ്ടപ്രാണനെ ആരും കാണാതിരിക്കാൻ കൊച്ചുമുറിയുടെ വാതിലിൽ സജ്ജീകരിച്ചത് സ്വച്ചിട്ടാൽ ലോക്കാകുന്ന ഓടാമ്പൽ; പരസ്പരം സംസാരിക്കാൻ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കും; ഭ്രാന്തനെ പോലെ അഭിനയിച്ച യുവാവിനെ വീട്ടുകാർ എത്തിച്ചത് മന്ത്രവാദിക്ക് മുന്നിൽ; റഹ്മാൻ പത്തുവർഷം ആരും കാണാതെ സജിതയെ കാത്ത കഥ

ഇഷ്ടപ്രാണനെ ആരും കാണാതിരിക്കാൻ കൊച്ചുമുറിയുടെ വാതിലിൽ സജ്ജീകരിച്ചത് സ്വച്ചിട്ടാൽ ലോക്കാകുന്ന ഓടാമ്പൽ; പരസ്പരം സംസാരിക്കാൻ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കും; ഭ്രാന്തനെ പോലെ അഭിനയിച്ച യുവാവിനെ വീട്ടുകാർ എത്തിച്ചത് മന്ത്രവാദിക്ക് മുന്നിൽ; റഹ്മാൻ പത്തുവർഷം ആരും കാണാതെ സജിതയെ കാത്ത കഥ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അയിലൂർ കാരക്കാട്ടുപറമ്പിൽ ശുചിമുറി പോലുമില്ലാത്ത ഇടുങ്ങിയ മുറിയിൽ വീട്ടുകാർ അറിയാതെ സ്നേഹവും കരുതലും നൽകി പ്രണയിനിയെ 10 വർഷം സംരക്ഷിച്ച യുവാവിന്റെ ഇപ്പോഴും അവിശ്വസനീയമാണ് പലർക്കും. എന്നാൽ കേട്ടതിനെക്കാളുമൊക്കെ സംഭവബഹുലമാണ് റഹ്മാന്റെയും സജിതയുടെയും പ്രണയകഥ. പ്രണയവും സാങ്കേതികവിദ്യയും മന്ത്രവാദവുമൊക്കെയുള്ള ഒരു സയന്റിഫിക്ക് പ്രണയ ചിത്രം. സിനിമയെ വെല്ലുന്ന ആ കഥ ശുഭപര്യവസാനിയായതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓടാമ്പൽ

പിതാവും മാതാവും സഹോദരിയും ഉൾപ്പെടെ കഴിയുന്ന വീട്ടിൽ അടുക്കളയുൾപ്പെടെ മൂന്നു മുറിയും ഇടനാഴിയും മാത്രമുള്ളത്. ഈ കൊച്ചുവീട്ടിലാണ് ആരുമറിയാതെ റഹ്മാൻ പ്രണയിനിയെ 10 വർഷവും സംരക്ഷിച്ചത്. പണിക്ക് പോകുന്ന സമയത്ത് പുറത്തുനിന്ന് മുറി പൂട്ടും. പണിക്ക് പോയി വന്നാൽ മുറിയിലെ ടിവി ഉച്ചത്തിൽവെയ്ക്കും. ഈ സമയത്താണ് ഇവരുടെ സംസാരമൊക്കെയും.

കൊച്ചുമുറിയിൽ കഴിഞ്ഞ സജിതയെ വീട്ടുകാർ പോലും കാണാതെ സംരക്ഷിക്കാൻ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിൽ ലോക്കാക്കാൻ കഴിയുന്ന ഓടാമ്പലും ഉണ്ടാക്കിയിരുന്നു. മുറിയുടെ അകത്തെ ഓടാമ്പൽ പൂട്ടുന്നതിനും തുറക്കുന്നതിനുമായി ചെറു മോട്ടോർ ഉപയോഗിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന യന്ത്രമാണുണ്ടാക്കിയത്. രണ്ടു ചെറുവയറുകൾ ചേർത്ത് പിടിച്ചാൽ ഓടാമ്പൽ നീങ്ങി അടക്കാനും തുറക്കാനും കഴിയുന്ന രീതിയിലാണ് ഓടാമ്പൽ ലോക്ക് ഉണ്ടാക്കിയത്. അനാവശ്യമായി മുറി തുറക്കാൻ ശ്രമിച്ചാൽ ഈ രണ്ട് വയറുകളിൽനിന്ന് ഷോക്കേൽക്കുമെന്ന് റഹ്മാൻ പറഞ്ഞതോടെ വീട്ടുകാർ വാതിലിൽ തൊടാൻ പോലും ഭയന്നു.

പകൽസമയത്ത് ഒറ്റയ്ക്ക് മുറിയിൽ കഴിയുന്ന സജിതയ്ക്ക് ടിവിയുടെ ശബ്ദം കേൾക്കുന്നതിനായി ഇയർഫോണും സജ്ജമാക്കി നൽകിയിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നതിനായി മുറിയിലെ ജനലഴികൾ അഴിച്ചു മാറ്റി പുറത്ത് കടക്കാൻ സൗകര്യമുണ്ടായിരുന്നു. അതുവഴിയാണ് പുറത്തുള്ള ശുചിമുറിയിലേക്ക് പോകാറുള്ളത്.

ഈ മുറിയിലിരുന്നാൽ വീട്ടിൽ വരുന്നവരെയും പോകുന്നവരെയും വാതിൽപാളിയിലൂടെ കാണാൻ കഴിയും. ഇങ്ങനെ ആളില്ലാത്ത സമയത്താണ് ജനൽ വഴി പുറത്തിറങ്ങി ശുചിമുറിയിൽ പോകുകയും തുണി അലക്കുകയും ചെയ്യുന്നതെന്നാണ് സജിത പറയുന്നത്. ഓടിട്ട വീടായതിനാൽ വീട്ടിൽ സംസാരിക്കുന്ന എല്ലാ വിവരങ്ങളും സജിത അറിയുകയും ചെയ്തിരുന്നു. സജിതക്കുള്ള ഭക്ഷണം ജോലി കഴിഞ്ഞ് വരുമ്പോൾ പുറത്തുനിന്ന് വാങ്ങികൊണ്ട് കൊടുക്കുകയാണ് ചെയ്യുന്നത്.

പ്രേതബാധയ്ക്ക് ചികിൽസ

ഒരുപാട് സമ്മർദ്ദങ്ങളും കഷ്ടതകളും അനുഭവിച്ചിട്ടാണ് ഒടുവിൽ റഹ്മാനും സജിതയും ഒന്നിക്കുന്നത്. പണിക്ക് പോയി വീട്ടിലെത്തിയാലും വീട്ടുകാരുമായി കൂടുതലും സംസാരിക്കാതെ മുറിക്കകത്ത് ഇരിക്കുന്നത് പതിവായതോടെ വീട്ടുകാർ റഹ്മാന് പ്രേതബാധയുണ്ടായതായി പറഞ്ഞ് മന്ത്രവാദ ചികിത്സ ആരംഭിച്ചു. രണ്ടിടങ്ങളിൽ നിർബന്ധിച്ച് കൂട്ടികൊണ്ടുപോവുകയും അവിടെ നിന്ന് പച്ചമരുന്ന് കഴിച്ച് ഛർദ്ദിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇനി ഇത്തരം ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ് ഇരുവരും മറ്റൊരു വീട്ടിലേയ്ക്ക് മാറി താമസിക്കാൻ തീരുമാനിച്ചത്.

വീട്ടിൽനിന്ന് മാറി ഏഴ് കിലോ മീറ്റർ അകലെ 2021 മാർച്ച് മൂന്നിനാണ് റഹ്മാനും സജിതയും രഹസ്യമായി താമസം ആരംഭിച്ചത്. യുവാവിനെ കാണാതായതോടെ വീട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പക്ഷേ, മൂന്നു മാസത്തെ അന്വേഷണത്തിൽ യാതൊരു വിവരവും കിട്ടിയില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സഹോദരൻ യുവാവിനെ യാദൃശ്ചികമായി കാണുന്നത്. തുടർന്ന് സഹോദരൻ തന്നെ യുവാവിനെ പൊലീസിലേൽപ്പിക്കുകയും ചെയ്തു.

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പത്ത് വർഷം നീണ്ട പ്രണയകഥ പുറംലോകമറിഞ്ഞത്. മറ്റു പരാതികളൊന്നും ഇല്ലാത്തതിനാൽ പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. ബുധനാഴ്ച കാലത്ത് നെന്മാറ പൊലീസിനോടൊപ്പം ഇരുവരും യുവാവിന്റെ വീട്ടിലെത്തുകയും ഇവർ ഉപയോഗിച്ച സാധനങ്ങൾ ഉൾപ്പെടെ താമസം തുടങ്ങിയ വാടകവീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഇനി ഞങ്ങൾക്കും മറ്റുള്ളവരെ പോലെ ലോകത്ത് തലയുയർത്തി ജീവിക്കണമെന്നാണ് ഇരുവരും പറയുന്നത്. എന്തിനാണ് ഇതുവരെ മറച്ചുവെച്ചെതെന്ന ചോദ്യത്തിന് സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയുന്ന കാലത്തിനായി കാത്തിരുന്നതെന്നായിരുന്നു യുവാവിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP