Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202129Wednesday

പ്ലൈവുഡ് വ്യാപാരി എന്ന് വീട്ടുമസ്ഥനെ സ്വയം പരിചയപ്പെടുത്തി; ഒരു മാസമായി രാഗിൽ നെല്ലിക്കുഴിയിൽ മാനസയുടെ വീടിന് സമീപം റൂം എടുത്ത് താമസം; ഒന്നുമറിയാതെ മാനസയും കൂട്ടുകാരും; മക്കളുടെ ദാരുണാന്ത്യം അറിഞ്ഞ് തോരാകണ്ണീരുമായി കണ്ണൂരെ ഇരുകുടുംബങ്ങളും

പ്ലൈവുഡ് വ്യാപാരി എന്ന് വീട്ടുമസ്ഥനെ സ്വയം പരിചയപ്പെടുത്തി; ഒരു മാസമായി രാഗിൽ നെല്ലിക്കുഴിയിൽ മാനസയുടെ വീടിന് സമീപം റൂം എടുത്ത് താമസം;  ഒന്നുമറിയാതെ മാനസയും കൂട്ടുകാരും; മക്കളുടെ ദാരുണാന്ത്യം അറിഞ്ഞ് തോരാകണ്ണീരുമായി  കണ്ണൂരെ ഇരുകുടുംബങ്ങളും

അനീഷ് കുമാർ

കണ്ണൂർ: തലശേരി പാലയാട് മേലൂർ മാക്കുനി കടവിന് സമീപം താമസിക്കുന്ന രാഗിലി (33)ന്റെ പ്രണയം ചോര വീഴ്‌ത്തിയപ്പോൾ തോരാ കണ്ണീരിലായത് കണ്ണൂരിലെ രണ്ട് കുടുംബങ്ങൾ. കോതമംഗലത്ത് ദന്തൽ കോളേജിൽ നടന്ന വെടിവയ്‌പ്പു സംഭവത്തിൽ മക്കളെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ രണ്ട് കുടുംബങ്ങൾ.

മകൾ പഠിക്കുന്ന സ്ഥലത്ത് മേലൂർ കടവ് സ്വദേശിയായ യുവാവിന്റെ വെടിയേറ്റു മരിച്ച വാർത്ത വിശ്വസിക്കാനാവാതെ തരിച്ചുനിൽക്കുകയാണ് ദന്തൽ വിദ്യാർത്ഥിനിയായ മാനസയുടെ കുടുംബം. കണ്ണൂർ നാറാത്ത് ടി സി ഗേറ്റിനു സമീപത്തെ 'പാർവ്വണ 'ത്തെ വീട്ടിലെ മാനസയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും മകളുടെ മരണവാർത്ത വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഈ വീട്ടിൽ നിന്ന് ദുരന്ത വാർത്തയറിഞ്ഞതിനു ശേഷം ഉയരുന്നത് കൂട്ട നിലവിളി മാത്രമാണ്. വിമുക്തഭടനായ പി വി മാധവനും പുതിയ തെരു രാമഗുരു സ്‌കൂൾ അദ്ധ്യാപികയായ അമ്മ സബീനയും സഹോദരനായ അശ്വന്തും കേട്ട വാർത്ത വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്.

പാലയാട് മേലുർ കടവിലെ രാഹുൽ നിവാസിൽ താമസിക്കുന്ന രഘുത്തമന്റെ മകനാണ് രാഗിൽ (33). രാഹുൽ സഹോദരനാണ്. നേരത്തെ മാനസയുമായുള്ള അടുപ്പത്തെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ വെച്ചു ഇരു കുടുംബങ്ങളെയും വിളിച്ചു സംസാരിച്ചു വിഷയം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനു ശേഷമാണ് മാനസ പഠിക്കുന്ന കോളേജിലെ ഹോസ്റ്റലിൽ രാഗിൽ തോക്കുമായി എത്തിയത് എങ്ങനെയാണെന്ന് അന്വേഷിച്ചുവരികയാണ് പൊലിസ്.

സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം വഴിപിരിയാൻ തീരുമാനിച്ചതോടെയാണ് മാനസയെ കൊലപ്പെടുത്താൻ രാഗിൽ തുനിഞ്ഞത് .
ഡി.വൈ.എസ്‌പിയുടെ മേൽനോട്ടത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയും ഫലം കണ്ടില്ല. രാഗിലിന്റെ സൗഹൃദം വഴിവിട്ടതോടെയാണ് രമാനസയുമായുള്ള ബന്ധം വഷളാകുന്നത്. ബന്ധത്തിൽ നിന്ന് രാഗിൽ പിന്മാറാതായതോടെ മാനസയുടെ പിതാവ് കണ്ണൂർ ഡി.വൈ. എസ്. പിക്ക് പരാതി നൽകിയെങ്കിലും, ഫ്. ഐ. ആർ ഇടാൻ താൽപര്യപ്പെടാതിരുന്ന കുടുംബം ഡി.വൈ. എസ്‌പിയുടെ നേതൃത്വത്തിൽ പ്രശ്‌നം പറഞ്ഞ് തീർക്കുകയായിരുന്നു.

അതിനു ശേഷവും പല തവണ മാനസയെ കാണാൻ രാഗിൽ കോതമംഗലത്തെത്തിയതായാണ് വിവരം. ഒടുവിൽ കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ച് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി എടുത്താണ് ആസൂത്രിതമായായി മാനസയുടെ കൊല നടത്തിയത്. നാടിനെ നടുക്കിയ കൊലപാതകം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. തുടർ നടപടികൾക്കായി മാനസയുടെ ബന്ധുക്കൾ കോതമംഗലത്തേക്ക് തിരിച്ചിട്ടുണ്ട്

രാഗിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രാഗിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്.

എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രരാഗിൽ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രഖിൽ എത്തിയത്. 'നീയെന്തിന് ഇവിടെ വന്നു?' എന്നായിരുന്നു രഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP