Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ക്വാറന്റൈനായി ഹോട്ടൽ സർക്കാർ ഏറ്റെടുത്തത് രണ്ടു മാസം മുൻപ്; നന്നായി പരിപാലനം നടത്തിയിരുന്ന ടൂറിസ്റ്റ് ഹോം ഉടമയ്ക്ക് പിന്നീട് ലഭിച്ചത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 'പൈപ്പ് പൊട്ടി ലീക്കായ വെള്ളത്തിൽ ചവിട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവർ; കുപ്പികളും പേപ്പറുകളും മരുന്നിന്റെ കവറുകളും വാരിവലിച്ചിട്ട നിലയിൽ; വൈദ്യുതിബിൽ വന്നത് 40000 രൂപ; ജീവനക്കാരുടെ ശമ്പളവും കൈയിൽ നിന്നും കൊടുക്കണം; രണ്ടായിരം രൂപയുടെ മുറിക്ക് 300 തരാമെന്ന് അധികൃതർ; കൈലാസ് മഹൽ ഉടമകളുടെ ദുർഗതി ഇങ്ങനെ

ക്വാറന്റൈനായി ഹോട്ടൽ സർക്കാർ ഏറ്റെടുത്തത് രണ്ടു മാസം മുൻപ്; നന്നായി പരിപാലനം നടത്തിയിരുന്ന ടൂറിസ്റ്റ് ഹോം ഉടമയ്ക്ക് പിന്നീട് ലഭിച്ചത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 'പൈപ്പ് പൊട്ടി ലീക്കായ വെള്ളത്തിൽ ചവിട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവർ; കുപ്പികളും പേപ്പറുകളും മരുന്നിന്റെ കവറുകളും വാരിവലിച്ചിട്ട നിലയിൽ; വൈദ്യുതിബിൽ വന്നത് 40000 രൂപ; ജീവനക്കാരുടെ ശമ്പളവും കൈയിൽ നിന്നും കൊടുക്കണം; രണ്ടായിരം രൂപയുടെ മുറിക്ക് 300 തരാമെന്ന് അധികൃതർ; കൈലാസ് മഹൽ ഉടമകളുടെ ദുർഗതി ഇങ്ങനെ

എം മനോജ് കുമാർ

പുനലൂർ: ഇൻസ്റ്റിട്ട്യുഷണൽ കൊറന്റൈനു വേണ്ടി സർക്കാർ ഏറ്റെടുത്ത തങ്ങളുടെ ഏക വരുമാനമാർഗമായ ടൂറിസ്റ്റ്‌ഹോം അനാസ്ഥകൊണ്ട് നശിപ്പിക്കപ്പെടുന്നതിൽ ആശങ്കാകുലരായി ടൂറിസ്റ്റ് ഹോം ഉടമകൾ. പുനലൂരിലെ ഹോട്ടൽ കൈലാസ് മഹൽ ഉടമകളാണ് ടൂറിസ്റ്റ് ഹോം നശിപ്പിക്കപ്പെടുന്നതിൽ ആശങ്കാകുലരായി തുടരുന്നത്. രണ്ടു മാസം മുൻപാണ് ഹോട്ടൽ കൈലാസ് ഇൻസ്റ്റിട്ട്യുഷണൽ കൊറന്റൈനുവേണ്ടി അധികൃതർ ഏറ്റെടുത്തത്. പിന്നീട് അനാസ്ഥകാരണം നശിപ്പിക്കപ്പെടുന്ന ഹോട്ടൽ ദൃശ്യങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഈ കുടുംബത്തിനു ലഭിച്ചത്. ടൂറിസ്റ്റ് ഹോമിലെ ഒരു റൂമിൽ നിറയെ വെള്ളം. ആ വെള്ളം നിറഞ്ഞു കവിഞ്ഞു മറ്റു മുറികളിലേക്കും ഇടനാഴികളിലേക്കും ഒഴുകുന്നു. മുറിയിലെ വെള്ളത്തിൽ ചവിട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവർ. കുപ്പികളും പേപ്പറുകളും മരുന്നിന്റെ കവറുകളുമൊക്കെ ഒരു മുറി നിറയെ വിതറിയിരിക്കുന്നു. ഇൻസ്റ്റിട്ട്യുഷണൽ കൊറന്റൈനിൽ തുടരുന്നവർ ഉള്ള മുറികളുടെ ചിത്രങ്ങളാണ് കൈലാസ് ഉടമകൾക്ക് ലഭിച്ചത്. അധികാരികളെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഒരു ചിത്രവും ലഭിക്കുകയും ചെയ്തില്ല. ഇതോടെയാണ് തങ്ങളുടെ എകാശ്രയമായ ഹോട്ടലിന്റെ അവസ്ഥയെക്കുറിച്ച് ഇവർ ആശങ്ക പൂണ്ടത്.

രണ്ടുമാസമായി സർക്കാർ ഏറ്റെടുത്തെങ്കിലും വരുമാനമായി ഒരു രൂപ പോലും ഇവർക്ക് ലഭിച്ചിട്ടില്ല. ആയിരം മുതൽ രണ്ടായിരം രൂപവരെയുള്ള എസി-നോൺ എസി മുറികളാണ് ഈ ഹോട്ടലിൽ ഉള്ളത്. ഹോട്ടൽ സർക്കാർ ഏറ്റെടുത്തതോടെ കുടുംബത്തിനു പ്രശ്‌നങ്ങളും തുടങ്ങി. മുഴുവൻ ലൈറ്റുകളും സാധാ സമയവും കത്തി നിൽക്കുന്ന അവസ്ഥയാണ്. ഇങ്ങനെ ഇലക്ട്രിസിറ്റി ഉപയോഗിക്കുമ്പോൾ ബിൽ തുക നൽകേണ്ടത് ഹോട്ടൽ ഉടമകളും. ഇതിനു പുറമേ ഹോട്ടൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമായതോടെ ഇവർക്കുള്ള ശമ്പളവും നൽകണം. 40000 രൂപയുടെ ഇലക്ട്രിസിറ്റി ബിൽ വന്നു കിടക്കുന്നുമുണ്ട്. ആശങ്കയിലാതോടെ കാൻസർ രോഗിയായ ഉടമ ഷീലയ്ക്ക് സമ്മർദ്ദമേറി. അതിനെ തുടർന്ന് അസുഖബാധിതയായ ഉടമയായ ഷീല തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവ് ആണെങ്കിൽ ഹൃദ്രോഗിയുമാണ്. നിലവിലെ അവസ്ഥയിൽ എന്ത് ചെയ്യണമെന്നു അറിയാത്ത അവസ്ഥയിലാണ് കുടുംബം.

ഇൻസ്റ്റിട്ട്യുഷണൽ കൊറന്റൈനു വേണ്ടി സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന അവസ്ഥ വന്നപ്പോൾ പുനലൂർ അധികൃതർ നേരിട്ടെത്തിയാണ് ഹോട്ടൽ ഏറ്റെടുത്തത്. ഉടമകളുടെ അനുവാദം പോലും തിരക്കാതെ ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. തൊഴിലാളികളെ ഇറക്കി വിട്ടു. ഹോട്ടൽ അധികൃതർ ഏറ്റെടുത്തപ്പോൾ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരും വഴിയാധാരമായ അവസ്ഥയിലാണ്. സർക്കാർ ഏറ്റെടുത്തശേഷം ജോലിക്കാരെ മുഴുവൻ പറഞ്ഞു വിട്ടു. താഴത്തെ നിലയിലുള്ള ഹോട്ടലിനു പ്രവർത്തനാനുമതി നൽകിയിട്ടില്ല. അതിനാൽ ഇത് കാരണമായ വരുമാനവും മുടങ്ങിയ അവസ്ഥയിലാണ്. സാമ്പത്തികമായി കുരുക്കിലായതോടെ ഹോട്ടൽ ഉടമകളും സമ്മർദ്ദത്തിലായി. ഇപ്പോൾ രണ്ടു മാസത്തിനു ശേഷം അധികൃതർ ഇവരെ അറിയിക്കുന്നത് ഒരു റൂമിന് മുന്നൂറു രൂപ വെച്ച് വാടക നൽകാമെന്നാണ്. ആയിരം മുതൽ രണ്ടായിരം വരെയുള്ള റൂമുകളുടെ വാടകയാണ് മുൻസിപ്പൽ അധികൃതർ മുന്നൂറു രൂപയായി തീരുമാനിച്ചിരിക്കുന്നത്. അപ്പോഴാണ് മുന്നൂറു രൂപ വാടക തീരുമാനിച്ചതായി അധികൃതർ അറിയിക്കുന്നത്. ബാക്കി തുക മുനിസിപ്പാലിറ്റിക്ക് ആവശ്യമുണ്ട് എന്നാണ് ഇവരെ അറിയിച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ടൂറിസ്റ്റ് ഹോം തിരികെ ലഭിച്ചാൽ മതിയെന്ന അവസ്ഥയിലാണ് കുടുംബം.

മുൻപ് നേപ്പാളിലായിരുന്നു ഈ ഹോട്ടൽ ഉടമകളുടെ കുടുംബം. . മൂന്നര പതിറ്റാണ്ടോളം നേപ്പാളിലെ കൊടുംതണുപ്പിൽ ജോലി ചെയ്ത ശേഷം നാടായ പുനലൂരിൽ വന്നപ്പോഴാണ് ഇവർ പുനലൂരിൽ കൈലാസ് ടൂറിസ്റ്റ് ഹോം തുടങ്ങിയത്. രണ്ടു പതിറ്റാണ്ട് മുൻപാണ് ഈ ഹോട്ടൽ തുടങ്ങുന്നത്. പതിനഞ്ചോളം റൂമുകൾ ഉള്ള ടൂറിസ്റ്റ് ഹോം ആണിത്. . അതും താഴെ നിലയിലുള്ള ഹോട്ടൽ വാടകയിൽ നിന്നും ലഭിക്കുന്ന വരുമാനവുമാണ് കുടുംബത്തിന്റെ ആശ്രയം. ഇപ്പോൾ രണ്ടു മാസത്തിലേറെയായി ഹോട്ടലിൽ നിന്ന് വരുമാനമില്ല. ടൂറിസ്റ്റ് ഹോം ആണെങ്കിൽ സർക്കാരിന്റെ കയ്യിൽ. ഈ അവസ്ഥ നിലനിൽക്കുമ്പോഴാണ് അനാസ്ഥ കൊണ്ട് ഹോട്ടൽ നശിപ്പിക്കപ്പെടുന്ന വീഡിയോയും ചിത്രങ്ങളും കുടുംബത്തിനു ലഭിക്കുന്നത്. ഇതോടെ ഇവർ തീർത്തും ആശങ്കയിലാണ്.

കൈലാസ് ഹോട്ടലിന്റെ പ്രശ്‌നം അറിയാമെന്നു പുനലൂർ ആർഡിഒ ശശികുമാർ മറുനാടനോട് പറഞ്ഞു. നിലവിൽ ഹോട്ടൽ സർക്കാരിന്റെ അധീനതയിലാണ്. ഇൻസ്റ്റിട്ട്യുഷണൽ കൊറന്റൈനു വേണ്ടി സ്ഥാപനങ്ങൾ വേണ്ടി വന്നപ്പോൾ ഏറ്റെടുത്തതാണ് ഈ ഹോട്ടലും. അവിടെ ഇപ്പോൾ ക്വാറന്റൈനിലായ ആളുകളുണ്ട്. അവിടെ വെള്ളത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. എന്തോ പൈപ്പിന് തകരാറു സംഭവിച്ച് വെള്ളം ലീക്ക് ചെയ്തതാണ്. അത് പരിഹരിച്ചിട്ടുണ്ട്. റൂമുകൾ തന്നെ വൃത്തിയായി പരിപാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇലക്ട്രിസിറ്റി ബിൽ ഒക്കെ ഹോട്ടൽ ഉടമയാണ് നൽകുന്നത്. മുന്നൂറു രൂപ ആളുള്ള മുറികൾക്ക് വാടകയിനത്തിൽ നൽകാം എന്ന് അവരെ അറിയിച്ചിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ ഈ കാര്യത്തിൽ വന്നിട്ടില്ല.

ഈ പ്രൊപ്പോസൽ ഞങ്ങൾ സർക്കാരിനു നൽകുകയായിരുന്നു. ഇവരുടെ നിലവിലെ അവസ്ഥ മനസിലാക്കിയിട്ടാണ് ഈ രീതിയിൽ നീക്കം നടത്തിയത്. ഫോർ സ്റ്റാർ ഹോട്ടൽ ഞങ്ങൾ ഏറ്റെടുത്തപ്പോൾ വാടകയിനത്തിൽ നൽകുന്നത് ആയിരം രൂപയാണ്. നാലായിരം രൂപയുള്ള റൂമിനാണ് ആയിരം രൂപ നൽകുന്നത്. അതായത് നാലിലൊന്ന് തുക. കൈലാസ് ഹോട്ടലിൽ ആയിരം വാടകയുള്ള റൂമിന് ഞങ്ങൾ മുന്നൂറു രൂപ നൽകുന്നു. ഈ അവസ്ഥയിൽ ഒരു ടൂറിസ്റ്റ് ഹോമും പ്രവർത്തന ക്ഷമമല്ല. ഈ അവസ്ഥയിൽ എന്തെങ്കിലും വരുമാനമെങ്കിലും അവർക്ക് ലഭിക്കുന്നുണ്ടല്ലോ എന്ന് ഇവർ ആലോചിക്കണം. ഇലക്ട്രിസിറ്റി ബിൽ ഇനത്തിലെ തുകയെങ്കിലും ഇവർക്ക് നൽകാൻ കഴിയുമല്ലോ എന്നാണു ഞങ്ങൾ ആലോചിച്ചത്. ആ രീതിയിലാണ് തുക മൂന്നിലോന്നായി ഫിക്‌സ് ചെയ്തത്-ആർ ഡി പറയുന്നു.

ആർഡിഒയുടെ മറുപടിയോടെ തത്ക്കാലം ഹോട്ടൽ സർക്കാരിന്റെ അധീനതയിൽ തന്നെ തുടരും എന്ന സൂചനയാണ് ലഭിക്കുന്നത്. കൈലാസം ഹോട്ടൽ ഉടമ മാത്രമല്ല സർക്കാർ ഏറ്റെടുത്ത പല ടൂറിസ്റ്റ് ഹോം ഉടമകളും ആശങ്കയിലാണ്. വാട്ടർ-ഇലക്ട്രിസിറ്റി ബില്ലുകൾ ഉടമകൾ നൽകണം. ജീവനക്കാരുടെ ശമ്പളവും നൽകണം. ടൂറിസ്റ്റ് ഹോമിൽ നിന്നും ഒരു രൂപ പോലും വരുമാനവുമില്ല. ഈ അവസ്ഥയിൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് ഈ രീതിയിൽ സർക്കാർ ഏറ്റെടുത്ത ഹോട്ടൽ-റിസോർട്ട്-ടൂറിസ്റ്റ് ഹോം ഉടമകളെ ചൂഴ്ന്നു നിൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP