Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടുകാരുടെ കണ്ണിലുണ്ണിയും സൽസ്വഭാവിയും; ദീപേഷുമായി അടുപ്പം തുടങ്ങിയത് ഗൾഫിൽ വച്ച്; തിരിച്ചെത്തി ക്രഷർ യൂണിറ്റിൽ ജോലി ചെയ്തതോടെ കുടുംബവുമായും അടുത്തു; സുഹൃത്ത് ഖത്തറിലേക്ക് മടങ്ങിയപ്പോഴും ഡ്രൈവറായി നാട്ടിൽ തുടർന്നതോടെ കൂട്ടുകാരന്റെ ഭാര്യയുമായും അടുത്തു; ഒന്നുമറിയാതെ വിവാഹം ഉറപ്പിച്ചത് വീട്ടുകാരും; ഉറുമ്പിനെ പോലും നോവിക്കാത്ത സനീഷിന് സ്മിതയെ കൊല്ലാനാകില്ലെന്ന് ഉറച്ച് വിശ്വസിച്ച് കരിക്കോടുകാർ; പുത്തൂരിലെ സത്യം തെളിയിക്കാൻ പൊലീസും

നാട്ടുകാരുടെ കണ്ണിലുണ്ണിയും സൽസ്വഭാവിയും; ദീപേഷുമായി അടുപ്പം തുടങ്ങിയത് ഗൾഫിൽ വച്ച്; തിരിച്ചെത്തി ക്രഷർ യൂണിറ്റിൽ ജോലി ചെയ്തതോടെ കുടുംബവുമായും അടുത്തു; സുഹൃത്ത് ഖത്തറിലേക്ക് മടങ്ങിയപ്പോഴും ഡ്രൈവറായി നാട്ടിൽ തുടർന്നതോടെ കൂട്ടുകാരന്റെ ഭാര്യയുമായും അടുത്തു; ഒന്നുമറിയാതെ വിവാഹം ഉറപ്പിച്ചത് വീട്ടുകാരും; ഉറുമ്പിനെ പോലും നോവിക്കാത്ത സനീഷിന് സ്മിതയെ കൊല്ലാനാകില്ലെന്ന് ഉറച്ച് വിശ്വസിച്ച് കരിക്കോടുകാർ; പുത്തൂരിലെ സത്യം തെളിയിക്കാൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പുത്തൂർ: നാട്ടിലും വീട്ടിലുമൊന്നും ഒരു എതിരഭിപ്രായവുമില്ല സനീഷിനെക്കുറിച്ച്. ഒരു ഉറുമ്പിനെ പോലും നുള്ളി നോവിക്കാത്തയാൾ എന്ന വിശേഷണവും. എന്നിട്ടും ആരും അറിയാതെ സനീഷ് എടുത്ത് ചാടിയത് വൻ ദുരന്തത്തിലേക്ക്. അവിഹിതം മരണത്തിലേക്കുള്ള ചുവടായി മാറിയപ്പോൾ സനീഷിനൊപ്പം ഇല്ലാതാകുന്നത് ഉറ്റ സുഹൃത്തിന്റെ ഭാര്യയും. സ്മിത മരിച്ചപ്പോൾ അനാഥരാകുന്നത് സ്മിതയുടെ രണ്ടു മക്കളും. സനീഷിന്റെ മരണവാർത്ത വരുമ്പോൾ, ഒപ്പം വന്ന സ്മിതയുടെ മരണവാർത്ത കൂടി അറിഞ്ഞപ്പോൾ സനീഷിന്റെ നാടായ കരിക്കോട് നടുങ്ങുകയാണ്. ഒന്നും വിശ്വസിക്കാനാകാതെ അവസ്ഥയിലാണ് സനീഷിന്റെ കുടുംബവും നാട്ടുകാരും. 

സത്സ്വഭാവിയായി എല്ലാവരും കരുതിയിരുന്ന സനീഷ് ഈ അടുപ്പത്തിലേക്ക് എങ്ങിനെ വന്നുപെട്ടുവെന്നു സനീഷിനെ അറിയുന്ന ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇരട്ടമരണങ്ങൾ നാടിനെ നടുക്കി. കൊല്ലം പുത്തൂരിലെ രണ്ടു മരണങ്ങളും ആത്മഹത്യ എന്ന നിലയിലേക്ക് പൊലീസ് അന്വേഷണം നീങ്ങുമ്പോൾ അത് സനീഷിന്റെ വീട്ടുകാർക്ക് ആശ്വാസമാവുകയാണ്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത വ്യക്തിക്ക് എങ്ങിനെ ഒരാളെ കൊല്ലാൻ കഴിയും? ഈ ചോദ്യമാണ് സനീഷിന്റെ വീട്ടുകാർ ഇന്നലെ ഉയർത്തിയിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ബലത്തിൽ സ്മിതയുടെ മരണം ആത്മഹത്യ എന്ന നിലയിലേക്ക് പൊലീസ് നീങ്ങുമ്പോൾ അത് സനീഷിന്റെ കുടുംബത്തിനും നാട്ടുകാർക്കും ആശ്വാസമാവുകയാണ്.

സ്മിതയുടെ ഭർത്താവ് ദീപേഷും സനീഷും ഒരുമിച്ച് ഖത്തറിൽ ജോലി ചെയ്തവരാണ്. കൊല്ലത്തെ ക്രഷർ യൂണിറ്റിലും അവർ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവർക്കും ഇടയിൽ നല്ല അടുപ്പമുണ്ടായിരുന്നു. പക്ഷെ ഈ അടുപ്പം എങ്ങിനെ സ്മിതയുമായുള്ള അടുപ്പത്തിലേക്ക് നീങ്ങിയത് എന്ന കാര്യം സനീഷിന്റെ വീട്ടുകാർക്ക് അറിയില്ല. സനീഷിനു എന്ത് ബന്ധം ഉണ്ടായാലും സനീഷ് സ്മിതയെ കൊല്ലില്ല. സനീഷിനു അതിനു കഴിയുകയുമില്ല. സനീഷിന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു.

ദീപേഷും സനീഷും ഗൾഫിൽ വച്ചാണ് പരിചയം തുടങ്ങിയത്. അതിന് ശേഷം ഇരുവരും നാട്ടിലെത്തി. കൊല്ലത്തെ ക്രഷർ യൂണിറ്റിൽ ജോലി തുടങ്ങി. ഇതിനിടെ ദീപേഷ് വീണ്ടും ഖത്തറിലേക്ക് പോയി. അപ്പോൾ സനീഷ് നാട്ടിൽ തന്നെ തുടർന്നു. ഇതിന് ശേഷമാണ് സ്മിതയുമായി അടുപ്പം തുടങ്ങുന്നത്. ഇതാണ് ദുരന്തത്തിലേക്ക് എത്തിയതും. സ്മിത ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യത പൊലീസ് കാണുന്നുണ്ട്. എന്നാൽ ഇതിന് സ്ഥിരീകരണമില്ല. വിശദ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്ന ശേഷം കാര്യങ്ങൾ വിശകലനം ചെയ്ത ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ. ഏതായാലും രണ്ട് മരണങ്ങൾക്ക് പിന്നിലും ബാഹ്യ ഇടപെടൽ ഇല്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

സനീഷ് സ്മിതയെ കൊന്നശേഷം ആത്മഹത്യ ചെയ്തു എന്ന വാർത്ത സനീഷിന്റെ കുടുംബത്തിന് ഉൾക്കൊള്ളാനായില്ല. കുടുംബത്തെ സ്തബ്ധമാക്കിയ ഈ വാർത്ത തിരുത്തപ്പെടുന്നതിൽ ആശ്വാസം കൊള്ളുകയാണ് ഈ കുടുംബം. വാർത്ത വന്നപ്പോൾ അതുകൊണ്ട് തന്നെ കുടുംബം നടുങ്ങി. സനീഷിന്റെ മരണം തന്നെ ഇവർക്ക് താങ്ങാനായില്ല. അപ്പോഴാണ് സ്മിതയുടെ മരണത്തിന്റെ ഉത്തരവാദിത്തം കൂടി ഈ സനീഷിന്റെ ചുമലിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ മരണത്തിന്റെ ആഘാതത്തിനൊപ്പം കൊലപാതകത്തിന്റെ ഉത്തരവാദിത്തം കൂടി വന്നത് സനീഷിന്റെ കുടുംബത്തെ അസ്വസ്ഥമാക്കി.

സനീഷിന്റെ ബന്ധം ഞങ്ങൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് സനീഷിന്റെ വിവാഹവുമായി ഞങ്ങൾ മുന്നോട്ടു പോയത്. ഇതിന്നിടയിൽ ഇത്തരം സംഭവവികാസങ്ങൾ, ഞങ്ങൾക്ക് ഒരറിവുമുണ്ടായിരുന്നില്ല-സനീഷിന്റെ കുടുംബം മറുനാടനോട് പറഞ്ഞു. സനീഷിന്റെ കുടുംബത്തിനെക്കുറിച്ച് കൊട്ടാത്തലയിൽ നല്ല മതിപ്പാണ്. കരിക്കോട് ഉള്ളവർക്ക് മിക്കവർക്കും സനീഷിന്റെ അച്ഛനെയറിയാം,. കുടുംബത്തെയറിയാം. ഈ കുടുംബത്തിൽ നിന്നും ഇങ്ങിനെയൊരു ദുരന്തം. അതാരും പ്രതീക്ഷിച്ചിരുന്നില്ല. സനീഷിന്റെ സഹോദരി വിവാഹിതയാണ്. സനീഷ് കൂടി വിവാഹിതനാകണം എന്ന് കുടുംബം ആലോചിച്ചു. അതിനാലാണ് സനീഷിന്റെ വിവാഹം ആലോചിച്ചത്-കുടുംബം പറയുന്നു. അതുകൊണ്ട് തന്നെ അശനിപാതം പോലെ വന്ന ദുരന്തം കുടുംബത്തിന് താങ്ങാവുന്നതും അപ്പുറത്തായിരുന്നു.

കോട്ടാത്തല ഏറത്തുമുക്ക് ഓരനല്ലൂർ വീട്ടിൽ സ്മിതയെ വെണ്ടാറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. അതിനു പിന്നാലെ അന്വേഷണം വന്നപ്പോഴാണ് സ്മിതയുടെ സുഹൃത്തായ കരിക്കോട് കാഞ്ഞിരക്കോട് മേലേതിൽ എസ്.സനീഷി(32)നെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിനുസമീപം തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്മിതയെ കൊന്ന ശേഷം സനീഷ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതാണ് ഇപ്പോൾ തിരുത്തപ്പെടുന്നത്. ചില വസ്തുതകൾ സംഭവം സ്മിതയുടേയ് ആത്മഹത്യയാകാമെന്ന നിഗമനം ശരിവയ്ക്കുന്നതായി പൊലീസ് അറിയിച്ചു. സനീഷിനെ അടുത്ത് കിട്ടാനാണ് കുടുംബ വീട്ടിൽ നിന്ന് സ്മിത വാടക വീട്ടിൽ താമസത്തിന് എത്തിയത്. ഇതിനിടെ സനീഷിന്റെ വിവാഹ നിശ്ചയമായി. ഇത് പറയനായിരുന്നു സംഭവ ദിവസം സനീഷ് വീട്ടിലെത്തിയത്. ഇത് കേട്ടതോടെ തന്നെ സ്മിത ബഹളം തുടങ്ങി. കുട്ടികളുടെ മുമ്പിൽ വച്ച് ഉന്തും തള്ളുമായി. അതിന് ശേഷമാണ് സ്മിതയുടെ മരണം പുറംലോകത്ത് അറിഞ്ഞത്. സനീഷ് തന്നെയാണ് വിവരം സ്മിതയുടെ കൂട്ടുകാരിയെ അറിയിച്ചത്. ഇതിന് ശേഷം സനീഷും ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇഷ്ടക്കാരന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞ സ്മിത നിരാശയായി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് പൊലീസ് മുന്നിൽ കാണുന്നത്. സ്മിതയുടെ മരണം തിരിച്ചറിഞ്ഞ സനീഷ് നാണക്കേട് ഒഴിവാക്കാൻ ആത്മഹത്യ ചെയ്തുവെന്നും പൊലീസ് വിലയിരുത്തുന്നു. സ്മിതയുടെ ഷാളിന്റെ ഒരു ഭാഗം പിന്നിലെ മുറിയിൽ ഉയരത്തിലുള്ള പൈപ്പിൽ കെട്ടിയ നിലയിലും ബാക്കി വീട്ടിൽ നിന്നും സംഭവദിവസം തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപയോഗിച്ചു കഴുത്തു മുറുക്കിയതാണോ എന്ന സംശയവും ഉടലെടുത്തിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

സ്മിത തന്നെ ഈ ഷാളുപയോഗിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാം എന്നാണു പുതിയ സൂചന. സംഭവദിവസം രാത്രി വീട്ടിലെത്തിയ സനീഷ് സ്മിതയുമായി വാക്കുതർക്കത്തിലേർപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് പിന്നിലെ മുറിയിലേക്കു പോയ സ്മിത ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കാം. ഇതു ശ്രദ്ധയിൽപ്പെട്ട സനീഷ് ഷാൾ അറുത്തു സ്മിതയെ ഹാളിലേക്കു കൊണ്ടുവന്നു കിടത്തിയതായി കരുതുന്നു. സനീഷിന്റെ ഏലസും ചരടും സ്മിതയുടെ പാദസരത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെടുത്തിരുന്നു. ഇതും ആത്മഹത്യാ വാദത്തിന് തെളിവാണ്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം. കഴുത്തിൽ ഷാളോ സമാനമായ മറ്റെന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മരണം ശ്വാസംമുട്ടിയാണെന്നാണ് ഡോക്ടർമാരിൽനിന്ന് ലഭിക്കുന്ന പ്രാഥമിക സൂചനയെന്നും പൊലീസ് പറഞ്ഞു.

തൂങ്ങി നിന്ന സ്മിതയെ താഴെയിറക്കുന്നതിനിടയിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്മിത മരിച്ചു എന്നു സംശയിച്ച സനീഷ്, സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചറിയിച്ചിട്ടു സ്ഥലം വിടുകയായിരുന്നു. പിന്നീട് സനീഷ് ട്രെയിനിനു മുന്നിൽച്ചാടി ജീവൻ ഒടുക്കിയതാകാം എന്നും സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലവും വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമാകും. വ്യാഴം രാവിലെ ആറിനാണു സ്മിതയെ വെണ്ടാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സനീഷിനെ പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP