Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

രണ്ട് പബ്ബുകളിലായി 90 മിനിട്ടുകൊണ്ട് 17കാരൻ ചെലവഴിച്ചത് 48000 രൂപ! പൂണെയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയിട്ടും കൗമാരക്കാരന് അതിവേഗം ജാമ്യം; പോർഷെ കാറിന് രജിസ്‌ട്രേഷനുമില്ല; റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനോടുള്ള 'പ്രത്യേക കരുതലിൽ' കടുത്ത വിമർശനം

രണ്ട് പബ്ബുകളിലായി 90 മിനിട്ടുകൊണ്ട് 17കാരൻ ചെലവഴിച്ചത് 48000 രൂപ! പൂണെയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയിട്ടും കൗമാരക്കാരന് അതിവേഗം ജാമ്യം; പോർഷെ കാറിന് രജിസ്‌ട്രേഷനുമില്ല; റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനോടുള്ള 'പ്രത്യേക കരുതലിൽ'  കടുത്ത വിമർശനം

മറുനാടൻ ഡെസ്‌ക്‌

പുണെ: പൂനയിൽ 17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പൊലീസ് നടപടികൾക്കെതിരെ കടുത്ത വിമർശനം. കാറോടിച്ച പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യം അനുവദിച്ചതാണ് വലിയ വിമർശനത്തിന് ഇടയാക്കിയത്. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കിൽ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിക്കുക, മദ്യപിക്കുന്ന ശീലം ഉൾപ്പെടെ മാറ്റാനായി കൗൺസിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികൾ മുന്നോട്ടുവച്ചാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നൽകിയത്. എന്നാൽ, ഇതിനെതിരേ വ്യാപക വിമർശനമാണുയർന്നത്.

ഞായറാഴ്ച പുലർച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരൻ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയർമാർ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിർസിങ്പുർ സ്വദേശി അനീഷ് ആവാഡിയ(24), ജബൽപുർ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവർക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. മദ്യലഹരിയിൽ ആയിരുന്നു വാഹനമോടിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ കർശന നടപടിയുമായി മഹാരാഷ്ട്ര ഗതാഗത കമ്മിഷണർ രംഗത്തുവന്നു. കാറോടിച്ച 17-കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ നിന്ന് വിലക്കിയതായി ഗതാഗത കമ്മിണർ വിവേക് ഭിമൻവാർ പറഞ്ഞു. അപകടമുണ്ടാക്കിയ പോർഷെ ടയ്കാൻ കാറിന് രജിസ്ട്രേഷൻ ഇല്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 1758 രൂപ ഫീസ് അടയ്ക്കാത്തതിനാലാണ് രജിസ്ട്രേഷൻ പൂർത്തിയാകാത്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

വൈദ്യുതവാഹനങ്ങൾക്ക് മഹാരാഷ്ട്രയിൽ നികുതി ഇളവുണ്ട്. പോർഷെ ടയ്കാന്റെ ആകെ രജിസ്ട്രേഷൻ ഫീസ് 1758 രൂപ മാത്രമാണ്. 1500 രൂപ ഫീസ്, സ്മാർട്ട കാർഡ് ആർ.സിക്കുവേണ്ടി 200 രൂപ, തപാൽ ചാർജായി 58 രൂപ എന്നിവ അടങ്ങുന്നതാണ് ആകെ ഫീസ്. എന്നാൽ ഈ ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാനായി ഉടമ വന്നില്ല എന്നാണ് ആർ.ടി.ഒ. ഉദ്യോഗസ്ഥർ പറയുന്നത്.

അതേസമയം വാഹനത്തിന് കർണാടകയിൽ നിന്ന് ലഭിച്ച താത്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ട്. ആറുമാസം കാലാവധിയുള്ള ഈ സർട്ടിഫിക്കറ്റ് 2024 മാർച്ചിലാണ് ലഭിച്ചത്. സെപ്റ്റംബർ വരെയാണ് താത്കാലിക സർട്ടിഫിക്കറ്റിന്റെ കാലാവധി. ബെംഗളൂരുവിലുള്ള ഡീലറാണ് കാർ ഇറക്കുമതി ചെയ്ത് കർണാടകയിൽ താത്കാലിക രജിസ്ട്രേഷൻ നടത്തി ഉടമയ്ക്ക് കൈമാറിയത്. താത്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങൾ ആർ.ടി.ഒ. ഓഫീസിലേക്കും തിരിച്ചും മാത്രമേ ഓടിക്കാൻ പാടുള്ളൂവെന്നാണ് നിയമം.

അതേസമയം അപകടത്തിന് മുമ്പ് സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു. രണ്ട് പബ്ബുകളിലായി 90 മിനിട്ടുകൊണ്ട് 48000 രൂപയാണ് 17-കാരൻ ടെസലവഴിച്ചത്. ശനിയാഴ്ച രാത്രി 10:40-ഓടെ കോസി എന്ന ആദ്യ പബ്ബിലും പിന്നീട് 12:10-ഓടെ ബ്ലാക്ക് മാരിയട്ട് എന്ന മറ്റൊരു പബ്ബിലുമാണ് 17-കാരനും സംഘവും പോയത്. കോസി പബ്ബിലെ ജീവനക്കാർ ഇവർക്ക് മദ്യം നൽകുന്നത് നിർത്തിയതോടെയാണ് അടുത്ത പബ്ബ് തേടി ഇവർ പോയത്.

സംഭവത്തിൽ 17-കാരന്റെ പിതാവ് വിശാൽ അഗർവാളിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽപ്പോയ വിശാലിനെ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽനിന്ന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾപ്രകാരമാണ് അറസ്റ്റുചെയ്തതെന്ന് പുണെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയതിന് രണ്ട് ഹോട്ടലുകളിലെ മൂന്നുജീവനക്കാരെയും പൊലീസ് അറസ്റ്റുചെയ്തു. കോസി റസ്റ്ററന്റ് ഉടമ പ്രഹ്ലാദ് ഭൂട്ട, മാനേജർ സച്ചിൻ കട്കർ, ഹോട്ടൽ ബ്ലാക്ക് മാരിയട്ട് മാനേജർ സന്ദീപ് സാംഗിൾ എന്നിവരാണ് അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP