Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹണി ട്രാപ്പിലൂടെ പണം തട്ടാനെന്ന വാദത്തിൽ ഉറച്ച് അന്വേഷണ സംഘം; മോഡൽ കൂടിയായ നടിയുടെ ദൃശ്യങ്ങൾ കൈയിലെത്തിയാൽ ലക്ഷങ്ങൾ തട്ടാമെന്ന് പ്രതികൾ കരുതിയെന്നും വിശദീകരണം; ആസൂത്രകർ പൾസർ സുനിയും മാർട്ടിനും മാത്രമെന്ന് വിശദീകരണം; നടിയെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെ സൂപ്പർ സ്റ്റാർ വാദം പൊലീസ് തള്ളുന്നത് ഇങ്ങനെ

ഹണി ട്രാപ്പിലൂടെ പണം തട്ടാനെന്ന വാദത്തിൽ ഉറച്ച് അന്വേഷണ സംഘം; മോഡൽ കൂടിയായ നടിയുടെ ദൃശ്യങ്ങൾ കൈയിലെത്തിയാൽ ലക്ഷങ്ങൾ തട്ടാമെന്ന് പ്രതികൾ കരുതിയെന്നും വിശദീകരണം; ആസൂത്രകർ പൾസർ സുനിയും മാർട്ടിനും മാത്രമെന്ന് വിശദീകരണം; നടിയെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെ സൂപ്പർ സ്റ്റാർ വാദം പൊലീസ് തള്ളുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൾസർ സുനി ഹണി ട്രാപ് വഴി പണം തട്ടുന്നതിൽ വിരുതെന്ന നിഗമനത്തിൽ പൊലീസ്. ഹണിട്രാപ്പിലൂടെ ചലച്ചിത്ര മേഖലയിലെ ചിലർ ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ശ്രമം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. യുവതികളെ ദുരുപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി ബ്ലാക്‌മെയിൽ ചെയ്യുന്നതാണു ഹണി ട്രാപ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലും ഇത് സംഭവിക്കാനുള്ള സാധ്യതയിലേക്ക് തന്നെയാണ് അന്വേഷണ സംഘം ഇപ്പോഴും നിൽക്കുന്നത്. ഗൂഢാലോചന വാദം തള്ളക്കളഞ്ഞാണ് ഹണി ട്രാപ്പ് ഫോർമുല അവതരിപ്പിക്കുന്നത്. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സിനിമയിലെ ഒരു സൂപ്പർതാരത്തിന് പങ്കുണ്ടെന്ന വാദമാണ് പൊലീസ് തള്ളുന്നത്.

നടിയെ അക്രമിച്ച് സുനി പകർത്തിയ ദൃശ്യങ്ങൾ ചോർന്നതായി സൂചനയുണ്ട്. ദൃശ്യങ്ങൾ കൂട്ടുപ്രതികളെ കൂടാതെ കോയമ്പത്തൂരിലെ ചിലരെയും സുനി കാണിച്ചതായി പൊലീസ് സംശയിക്കുന്നു. കോയമ്പത്തൂരിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുമ്പോൾ ദൃശ്യങ്ങൾ സുനി കാണിച്ചതായി കൂട്ടുപ്രതി മണികണ്ഠൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ ഈ ഫോണിൽനിന്ന് മറ്റ് എവിടേയ്ക്കെങ്കിലും പകർത്തിയോയെന്നതിൽ പൊലീസിന് വ്യക്തതയില്ല. ശനിയാഴ്ച സുനിയുടെ സുഹൃത്തിന്റെ താമസ സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും പെൻഡ്രൈവും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ വെണ്ണലയിലെ കാനയിലെറിഞ്ഞുകളഞ്ഞുവെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിൽ ഈ മൊബൈൽ കണ്ടെത്തേണ്ടത് അതി നിർണ്ണായകമാണ്.

ഏതായാലും ഹണി ട്രാപ്പാണ് നടിക്കെതിരെ നടത്തിയതെന്ന നിലപാടിൽ തന്നെ പൊലീസ് ഇപ്പോഴും. അതിനല്ലാതെ ഒരു തെളിവും ഇതു വരെ അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഗൂഢാലോചനയിലേക്ക് എത്താനായൊന്നും സുനി പറയുന്നതുമില്ല. സുഹൃത്തിന്റെ സഹായത്തോടെയാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തതെന്നാണ് സൂചന. നടിയെ ആക്രമിച്ച് ദൃശ്യം പകർത്താനുള്ള പദ്ധതിക്കു മൂന്നു മാസത്തെ ആസൂത്രണമുണ്ടെന്നാണു സുനിലിന്റെ മൊഴി. സുനിലിനു പുറമേ, കൂട്ടുപ്രതികളിൽ മാർട്ടിനു മാത്രമാണ് ഇതേപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നത്. നടി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനിയിൽ മാർട്ടിനെ ഡ്രൈവറായി കയറ്റിയതുപോലും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു.

മോഡലിങ് രംഗത്തുകൂടി പ്രവർത്തിക്കുന്നതിനാലാണ് ഈ നടിയെത്തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പൾസർ സുനി മൊഴി നൽകിയത്. ഏതെങ്കിലും നടി എന്നതിലുപരി മോഡൽ കൂടിയായ നടിയുടെ ദൃശ്യങ്ങൾ കൈയിലെത്തിയാൽ ലക്ഷങ്ങൾ ഉണ്ടാക്കാമെന്നായിരുന്നു കണക്കുകൂട്ടലെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കേസിന്റെ ഗൂഢാലോചന പൾസർ സുനിയിലും മാർട്ടിനിലുമായി ഒതുക്കാനുള്ള നീക്കമാണു നടക്കുന്നത്. മാർട്ടിനുമായി ചേർന്ന് ഒരു മാസത്തിലെറേയായി സുനി നടത്തിയ ഗൂഢാലോചനയാകും പൊലീസ് വരച്ചുകാട്ടുക. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള തെളിവെടുപ്പുകൾ പൂർത്തിയാക്കുകയാണ് പൊലീസിന്റെ ഇപ്പോഴത്തെ പ്രധാനനീക്കം.

സമാനമായി തട്ടിപ്പിനായി ഏതാനും മാസങ്ങൾക്കു മുൻപ് മറ്റൊരു സുഹൃത്തിനൊപ്പം ചില യുവതികളെ ഇയാൾ സമീപിച്ചതായാണു വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഹണി ട്രാപ് പദ്ധതി വിജയിച്ചില്ലെന്നാണു സുനിലും സുഹൃത്തും പൊലീസിനോടു പറഞ്ഞത്. ഈ സുഹൃത്തുമായി ചേർന്നു കൊച്ചിയിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി സുനിൽ ആരംഭിച്ചിരുന്നതായും വിവരം ലഭിച്ചു. സുനിലിന്റെ കയ്യിൽ കഴിഞ്ഞ വർഷം മാത്രം എത്തിയത് 15 ലക്ഷം രൂപയാണെന്നു ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോടു പറഞ്ഞു.

ഇതിൽ ഏഴു ലക്ഷം രൂപ ചെലവഴിച്ചതു മുന്തിയ ഹോട്ടലിൽ താമസിക്കാനും മുന്തിയ വാഹനങ്ങളിൽ ചുറ്റിക്കറങ്ങാനുമാണ് ചെലവഴിച്ചത്. സിനിമയിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നയാളുടെ കയ്യിൽ ഇത്രയും രൂപയെങ്ങനെയെത്തിയെന്നതും ഹണിട്രാപ്പ് ഫോർമുലയ്ക്ക് കരുത്ത് പകരുന്നു. ചില ബിസിനസുകാർക്ക് അത്യാവശ്യഘട്ടങ്ങളിൽ ലക്ഷങ്ങൾ പലിശയ്ക്ക് ഏർപ്പാടാക്കി കൊടുക്കുന്നതിനുള്ള കമ്മിഷനായാണ് വൻതുക കയ്യിലെത്തിയതെന്നാണ് സുനിയുടെ മൊഴി.എന്നാൽ, ഇതു പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

രണ്ടു വട്ടം പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ബുട്ടീക് ഉടമയായ യുവതിക്കു രണ്ടു വർഷം മുൻപ് 10 ലക്ഷം രൂപ ഇയാൾ നൽകി. ഇതു പിന്നീട് പലിശ സഹിതം തിരിച്ചുകൊടുത്തെന്നാണു യുവതിയുടെ മൊഴി. സുനിലിനെ അറസ്റ്റ് ചെയ്ത ശേഷവും അന്വേഷണ സംഘം യുവതിയെ ചോദ്യം ചെയ്തിരുന്നു. പണം തിരികെ ലഭിച്ചതായി സുനിലും സമ്മതിച്ചു. നേരത്തേ ഇവരുടെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴുള്ള പരിചയം വച്ചായിരുന്നു ബിസിനസിനായി പണം സംഘടിപ്പിച്ചു നൽകിയത്. നടിയെ ആക്രമിച്ച ശേഷം രാത്രിയിൽ സുനിൽ ഇവരെ സന്ദർശിച്ചുവെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അതു ശരിയല്ലെന്നും ഇവരുമായി പണമിടപാടു മാത്രമാണു നടത്തിയതെന്നുമാണു സുനിലിന്റെ മൊഴി.

സുനിയുടെ അഭിഭാഷകൻ ആലുവ കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണിന്റെയും പഴ്സിന്റെയും പാസ്പോർട്ടിന്റെയും ശാസ്ത്രീയ പരിശോധനാഫലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസ് രാഷ്ട്രീയ വിവാദമായി മാറിയ സാഹചര്യത്തിൽ സമഗ്രമായ തെളിവുകളോടെ പരമാവധി വേഗത്തിൽ കുറ്റപത്രം കോടതിയിൽ എത്തിക്കാനാണു ശ്രമം.
ദൃശ്യങ്ങൾ പകർത്തിയ ഫോൺ മെമ്മറി കാർഡ് ഊരിയെടുത്ത ശേഷം ഗോശ്രീ പാലത്തിൽ നിന്ന് വെള്ളത്തിെേലക്കറിഞ്ഞെന്ന് സുനി മൊഴി മാറ്റിയിരുന്നു. ഫോൺ കണ്ടെത്താനായി അവിടെ തെരച്ചിൽ നടതത്തുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്.

നേരത്തേ പാലാരിവട്ടത്തിനു സമീപം ഫോൺ ഓടയിലെറിഞ്ഞെന്ന മൊഴിയെ തുടർന്ന് ഇവിടെ പൊലീസ് പരിശോധന നടത്തിയിരുന്നു. അവിടെ ഷർട്ടാണ് ഉപേക്ഷിച്ചതെന്നാണു സുനി പിന്നീടു പറയുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP