Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പി.എസ്.സി പരീക്ഷാ സമയത്ത് പ്രണവിന്റെ ഫോണിലേക്ക് സന്ദേശങ്ങൾ നിരന്തരം അയച്ചത് ഗോകുൽ; പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ യൂണിവേഴ്‌സിറ്റി കോളജിലെ മുൻ എസ്എഫ്‌ഐ നേതാവിന് ഉത്തരങ്ങൾ പറഞ്ഞ് കൊടുത്തത് സുഹൃത്തും അയൽവാസിയുമായ പൊലീസുകാരൻ തന്നെ; 2017ൽ സർവീസിൽ കയറിയ എ ആർ ക്യാമ്പിലെ കോൺസ്റ്റബിളിലേക്ക് അന്വേഷണം എത്തിയത് സൈബർ പൊലീസിന്റെ സഹായത്തോടെ

പി.എസ്.സി പരീക്ഷാ സമയത്ത് പ്രണവിന്റെ ഫോണിലേക്ക് സന്ദേശങ്ങൾ നിരന്തരം അയച്ചത് ഗോകുൽ; പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ യൂണിവേഴ്‌സിറ്റി കോളജിലെ മുൻ എസ്എഫ്‌ഐ നേതാവിന് ഉത്തരങ്ങൾ പറഞ്ഞ് കൊടുത്തത് സുഹൃത്തും അയൽവാസിയുമായ പൊലീസുകാരൻ തന്നെ; 2017ൽ സർവീസിൽ കയറിയ എ ആർ ക്യാമ്പിലെ കോൺസ്റ്റബിളിലേക്ക് അന്വേഷണം എത്തിയത് സൈബർ പൊലീസിന്റെ സഹായത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി എസ് സി പരീക്ഷാ തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പരീക്ഷ എഴുതുമ്പോൾ പ്രണവിന്റെ നമ്പരിലേക്ക് വന്ന സന്ദേശങ്ങളിൽ ഒന്ന് പൊലീസുകാരന്റെത്. സുഹൃത്തും അയൽവാസിയുമായി ഗോകുലിന്റെ ഫോണിൽ നമ്പരിൽ നിന്നാണ് സന്ദേശമെത്തിയത്. എ ആർ ക്യാമ്പിലെ കോൺസ്റ്റബിളാണ് ഗോകുൽ. പുതിയൊരു നമ്പർ എടുത്താണ് സന്ദേശം അയച്ചത്. ഈ നമ്പർ എടുക്കാനായി തന്റെ യഥാർത്ഥ നമ്പർ കടയിൽ നൽകിയിരുന്നു. ഇതാണ് പൊലീസുകാരനിലേക്ക് അന്വേഷണം എത്തിയത്. ഇതോടെ എസ് എം എസ് വഴിയാണ് പരീക്ഷയിൽ ക്രമക്കേട് നടന്നതെന്ന് വ്യക്തമാകുകയാണ്.

പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടിൽ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലൻസാണ് കണ്ടെത്തിയത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുൽ. 2017-ലാണ് ഇയാൾ പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈൽ ഫോണിൽനിന്നാണ് പ്രണവിന് സന്ദേശങ്ങൾ ലഭിച്ചതെന്നാണ് വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങൾ വന്നെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്.ഐ.യിൽനിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുൻ നേതാവും.

പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവർക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളിൽനിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളിൽനിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളിൽനിന്നാണ് എസ്.എം.എസ്. വന്നത്. ഇതിൽ ഒരു നമ്പറിൽനിന്നുതന്നെ രണ്ടുപേർക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാൽ, ഈ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പൊലീസിനോട് ആവശ്യപ്പെട്ടത്. ഈ അന്വേഷണമാണ് ഗോകുലിലേക്ക് എത്തിയത്. ഇതോടെ ക്രമക്കേട് തെളിയുകയാണ്. പ്രണവിന്റെ സുഹൃത്താണ് ഗോകുൽ. ഇയാൾ 2017 ലാണ് വിജിലൻസ് സംഘം പൊലീസ് ജോലിയിൽ പ്രവേശിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ ഇവർ പ്രതികളായതോടെയാണ് പി.എസ്.സി. പരീക്ഷയെ സംബന്ധിച്ചും സംശയങ്ങളുയർന്നത്. തുടർന്ന് പി.എസ്.സി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പരീക്ഷയിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചിരുന്നു. മൂന്നുപേർക്കും ഒരേ കോഡിലുള്ള, അതായത് 'സി' കോഡ് ചോദ്യക്കടലാസാണ് ലഭിച്ചത്. മൂന്നുപേർക്കും കിട്ടിയത് ഒരേക്രമത്തിലുള്ള ചോദ്യപേപ്പർ. ഇത് യാദൃച്ഛികമാണെന്നാണു പി.എസ്.സി.യുടെ വിശദീകരണം. ഒരേ കോഡിലുള്ള ചോദ്യം ലഭിക്കുന്നത് ഉത്തരം പകർത്തൽ എളുപ്പമാക്കും. പരീക്ഷാകേന്ദ്രത്തിലെ ഒരു ക്ലാസിൽ 20 പേരാണ് ഉണ്ടാകുക. ഒരു ബെഞ്ചിൽ രണ്ടുപേർ. എ, ബി, സി, ഡി കോഡുകളിലാണ് ചോദ്യക്കടലാസുകൾ തയ്യാറാക്കുന്നത്.

അടുത്തിരിക്കുന്നവർക്ക് വ്യത്യസ്ത കോഡിലുള്ള ചോദ്യക്കടലാസായിരിക്കും കിട്ടുക. നൂറു ചോദ്യങ്ങൾ നാലുകോഡുകളിലും ഒന്നായിരിക്കുമെങ്കിലും ക്രമത്തിൽ വ്യത്യാസമുണ്ടാകും. പ്രതികളുടെ മൂവരുടെയും ഒ.എം.ആർ. ഉത്തരക്കടലാസുകൾ പി.എസ്.സി. പരിശോധിച്ചപ്പോൾ തെറ്റുകൾക്കും സമാനതയുണ്ടെന്നു കണ്ടെത്തി. ശിവരഞ്ജിത്ത് 78.33 മാർക്കോടെ ഒന്നാം റാങ്കും പ്രണവ് 78 മാർക്കോടെ രണ്ടാം റാങ്കും നസീം 65.33 മാർക്കോടെ 28-ാം റാങ്കും നേടി. ഇതിന് കാരണം ഇവരുടെ ഫോണുകളിലേക്ക് പരീക്ഷാസമയത്ത് വന്നത് 100 കണക്കിന് എസ്.എം.എസുകളാണ്.

മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യംചോർത്തിയ സംഭവം 2010-ലെ എസ്‌ഐ ട്രെയിനി പരീക്ഷയിലും. പരീക്ഷാകേന്ദ്രങ്ങളുടെ ചുമതലയുണ്ടായിരുന്ന പി.എസ്.സി. ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. 2010 ഒക്ടോബർ 12-ന് നടന്ന എസ്‌ഐ പരീക്ഷയ്ക്ക് കൊല്ലം ചവറ ശങ്കരമംഗലം ഗവ.എച്ച്.എസ്.എസ്., ക്രേവൻ എൽ.എം.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരീക്ഷാർഥികൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഉത്തരം എഴുതിയത്. ഇതിനെക്കുറിച്ച് പി.എസ്.സി. ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കുകയും നാല് ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ അസാധുവാക്കുകയും ചെയ്തു. അതിലും ഭീകരമാണ് ഇപ്പോൾ നടന്ന തട്ടിപ്പ്.

ചോദ്യം പുറത്തേക്കു ചോർത്തി ഉത്തരങ്ങൾ എസ്.എം.എസായി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൂന്ന് സാധ്യതകളാണ് ഇതിനുള്ളത്. പരീക്ഷാഹാളിൽനിന്ന് വാട്‌സാപ്പ് പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് ചോദ്യങ്ങൾ പുറത്തെത്തിക്കുക. പരീക്ഷയ്ക്ക് 10 മിനിറ്റ് മുമ്പാണ് ചോദ്യബുക്ക്‌ലെറ്റ് ഉദ്യോഗാർഥിക്കു നൽകുന്നത്. പരീക്ഷ തുടങ്ങുന്നത് രണ്ടുമണിക്കും.സീൽ പൊട്ടിച്ച് രണ്ടുമണിക്ക് ചോദ്യക്കടലാസ് തുറക്കാം. ഇതിനിടെ ഇൻവിജിലേറ്ററുടെ സഹായത്തോടെയോ അവർ അറിയാതെയോ ചോദ്യക്കടലാസ് പുറത്തെത്തിച്ചിട്ടുണ്ടാകാം.

ഇതിന് സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, പെൻകാമറകൾ എന്നിവയുടെ സഹായം വേണ്ടിവരും. മൊബൈൽഫോൺ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ പരീക്ഷാഹാളിൽ പി.എസ്.സി. അനുവദിക്കാറില്ല. എന്നാൽ, രഹസ്യമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നു. പഴയ ഏതെങ്കിലും ചോദ്യക്കടലാസ് കൈയിൽ കരുതും. യഥാർഥത്തിലുള്ളത് പുറത്തേക്കെറിയും. മുമ്പ് ഇങ്ങനെ തട്ടിപ്പ് നടന്നതായി ആരോപണമുണ്ട്. ഇതെല്ലാം പി എസ് സി പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP