Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പുറത്തുകൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ഉഷ്ണിച്ചിരുന്ന് പരീക്ഷ എഴുതിയവരെ മണ്ടരാക്കിയത് കോപ്പിയടിച്ചവർ; പിഎസ്എസി ഒഎംആർ ഷീറ്റ് അച്ചടിയുടെ രഹസ്യഫയലുകൾ നഷ്ടമായപ്പോൾ ഉയരുന്നതും ചോദ്യപേപ്പർ ചോർത്തിക്കൊടുക്കാനുള്ള ശ്രമം എന്ന സംശയം; ചോദ്യപേപ്പർ അച്ചടിച്ചത് സർക്കാർ സെൻട്രൽ പ്രസിലും; പ്രസിലെ കമ്പ്യൂട്ടറിൽ നിന്നും രഹസ്യവിവരങ്ങൾ നഷ്ടപ്പെട്ടിട്ടും കുലുക്കമില്ലാതെ പിഎസ് സി; ഫയലുകൾ നഷ്ടമായത് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പുറത്തുകൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ഉഷ്ണിച്ചിരുന്ന് പരീക്ഷ എഴുതിയവരെ മണ്ടരാക്കിയത് കോപ്പിയടിച്ചവർ; പിഎസ്എസി ഒഎംആർ ഷീറ്റ് അച്ചടിയുടെ രഹസ്യഫയലുകൾ നഷ്ടമായപ്പോൾ ഉയരുന്നതും ചോദ്യപേപ്പർ ചോർത്തിക്കൊടുക്കാനുള്ള ശ്രമം എന്ന സംശയം; ചോദ്യപേപ്പർ അച്ചടിച്ചത് സർക്കാർ സെൻട്രൽ പ്രസിലും; പ്രസിലെ കമ്പ്യൂട്ടറിൽ നിന്നും രഹസ്യവിവരങ്ങൾ നഷ്ടപ്പെട്ടിട്ടും കുലുക്കമില്ലാതെ പിഎസ് സി; ഫയലുകൾ നഷ്ടമായത് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

എം മനോജ് കുമാർ

 തിരുവനന്തപുരം: ഒഎംആർ ഷീറ്റിന്റെ അച്ചടിയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ സർക്കാർ പ്രസിലെ ലാപ്‌ടോപ്പിൽ നിന്ന് നഷ്ടമായ സംഭവത്തിൽ വൻ തിരിമറിയും ഗൂഢാലോചനയും നടന്നിട്ടുണ്ട് എന്ന് സൂചന. പി എസ്സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച പോലുള്ള ഒരു ഗൂഢാലോചന ഒഎംആർ ഷീറ്റിന്റെ രഹസ്യഫയലുകൾ നഷ്ടമായതിലും വന്നിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ പോലെ ചോദ്യപേപ്പർ ചോർത്തിക്കൊടുക്കാനുള്ള ശ്രമം തന്നെയാണോ ഒഎംആർ ഷീറ്റിന്റെ രഹസ്യങ്ങൾ നഷ്ടമായ സംഭവത്തിലും വന്നിരിക്കുന്നത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. പി.എസ്.സിക്ക് ഈ മാസം കൈമാറേണ്ടിയിരുന്ന 27 ലക്ഷം കോപ്പികളുടെ സാങ്കേതികവിവരങ്ങളാണ് ലാപ് ടോപ്പിൽ നിന്നും നഷ്ടമായത്.

വിവിധ ഒബ്ജക്ടീവ് പരീക്ഷകൾക്ക് ഒഎംആർ ഷീറ്റുകൾ പ്രിന്റ് ചെയ്യാൻ സർക്കാർ പ്രസുമായി ആദ്യമേ പിഎസ്‌സി കരാറിൽ എത്തിയിരുന്നു. അതിനായി 19 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. 2020-21 കാലത്തേക്കാണ് ഈ തുക പിഎസ് സി വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം തന്നെ ഇത് സംബന്ധമായ ഉത്തരവ് പിഎസ് സി ഇറക്കിയിട്ടുണ്ട്. എന്നാൽ ഒഎംആർ ഷീറ്റിന്റെ രഹസ്യങ്ങൾ വെളിയിൽ പോയപ്പോൾ അച്ചടിവകുപ്പ് ഡയറക്ടർ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞത് ഒഎംആർ ഷീറ്റ് അച്ചടിയിൽ പിഎസ് സിയുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല എന്നാണ്. പിഎസ് സിയുമായി ഒഎംആർ ഷീറ്റ് അച്ചടിയിൽ ഏർപ്പെട്ടിരിക്കെയാണ് ഇത് ഒളിപ്പിച്ചുവെച്ചുകൊണ്ട് അച്ചടിവകുപ്പ് ഡയരക്ടർ തന്നെ തെറ്റായ വാർത്താക്കുറിപ്പ് ഇറക്കുന്നത്. ഒഎംആർ ഷീറ്റ് രഹസ്യങ്ങൾ വെളിയിൽ പോയ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാലാണ് ഒഎംആർ അച്ചടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അന്വേഷിക്കണം എന്ന് പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിരിക്കുന്നത്.

ഒഎംആർ ഷീറ്റിന്റെ രഹസ്യങ്ങൾ വെളിയിൽ പോകുമ്പോൾ ചോദ്യപേപ്പറും കൂടി ചോരാനുള്ള സാധ്യതകൾ ഏറെയാണ്. ഒഎംആർ ഷീറ്റും ചോദ്യപേപ്പറും ഒരുമിച്ചാണ് പ്രിന്റ് ചെയ്യുക പതിവ്. അതുകൊണ്ട് തന്നെ ഒഎംആർ ഷീറ്റിന്റെ രഹസ്യങ്ങൾ വെളിയിൽ പോകുമ്പോൾ ചോദ്യപേപ്പറും ചോരാനുള്ള സാധ്യതകൾ വളരെ അധികമാണ്. ഒഎംആർ ഷീറ്റിന്റെ രഹസ്യങ്ങൾ വെളിയിൽ പോകുമ്പോൾ എന്തായാലും പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടമാകും. പിഎസ് സിയുടെ ചോദ്യപേപ്പർ ചോർച്ച മുന്നിൽ നിൽക്കുമ്പോൾ ഒഎംആർ ഷീറ്റിന്റെ രഹസ്യസ്വഭാവമുള്ള രേഖകൾ വെളിയിൽ പോയപ്പോൾ എല്ലാം ഒളിപ്പിച്ച് വയ്ക്കുന്നതിലാണ് സർക്കാർ ശ്രദ്ധിച്ചത്.

ഫയലുകൾ ലാപ്‌ടോപ്പിൽ സൂക്ഷിച്ച് ഈ ഫയലുകൾ പുറത്തുകൊണ്ടുപോവുകയാണ് സർക്കാർ പ്രസിലെ ജീവനക്കാരൻ ചെയ്തത്. അച്ചടി വകുപ്പ് ഡയറക്ടർ വരെ പ്രതിക്കൂട്ടിലാകുന്ന സംഭവം പ്രസിലെ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്ത് ഒതുക്കി തീർക്കുകയാണ് സർക്കാർ ചെയ്തത്. ഒഎംആർ ഷീറ്റുകൾ അടിക്കുന്നതിൽ പിഎസ് സിയുമായി ആദ്യമേ കരാർ പ്രിന്റിങ് വകുപ്പ് ഒപ്പ് വെച്ചിരുന്നു. ഒഎംആർ രഹസ്യങ്ങൾ പുറത്ത് പോയി എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ കരാർ വെച്ചിട്ടില്ല എന്നാണ് പ്രിന്റിങ് വകുപ്പ് ഡയരക്ടർ വാർത്താക്കുറിപ്പ് ഇറക്കിയത്. ഇത് പൂർണമായും കളവായിരുന്നു. 

കഴിഞ്ഞ മാസമാണ് പിഎസ് സി സർക്കാർ പ്രസുമായി സർക്കാർ പ്രസുമായി കരാറിൽ ഏർപ്പെട്ടത്. ഒഎംആർ ഷീറ്റ് അച്ചടിക്ക് സർക്കാർ പ്രസിനെ ചുമതലപ്പെടുത്തിയതായി കഴിഞ്ഞ മാസം ഏഴിന് ഇറക്കിയ ഉത്തരവിൽ പിഎസ് സി വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധമായ ഉത്തരവിന്റെ കോപ്പി പുറത്ത് ഇറങ്ങിയിട്ടുമുണ്ട്. വാസ്തവം ഇങ്ങനെയായിരിക്കെയാണ് ഒഎംആർ ഷീറ്റ് അച്ചടിക്ക് ഒരു കരാറും പിഎസ് സിയുമായി നിലനിൽക്കുന്നില്ലെന്ന് അച്ചടിവകുപ്പ് ഡയറക്ടർ പത്രക്കുറിപ്പ് ഇറക്കുന്നത്. ഒഎംആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ടു ജീവനക്കാരനായ സജിയെ സസ്‌പെൻഡ് ചെയ്യുന്നു എന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്.

പിഎസ് സിയുടെ ഒഎംആർ ഷീറ്റിന്റെ അച്ചടക്ക നടപടിയുമായി ജീവനക്കാരനായ സജി ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും കാട്ടിയെന്നാണ്. സജിയെ നിയോഗിച്ചിരിക്കുന്നത് പിഎസ്‌സിയുടെ ഒഎംആർ ഷീറ്റ് അച്ചടിക്കാണ്. എന്നാൽ സജി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പിലെ ഒഎംആർ അച്ചടിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ തിരിച്ചെടുക്കാൻ കഴിയാത്ത വിധം നഷ്ടമായിരിക്കുന്നു. അതിനാൽ സജിയെ സസ്‌പെൻഡ് ചെയ്യുന്നു എന്നാണ് അച്ചടിവകുപ്പ് ഡയരക്ടർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇതേ അച്ചടി വകുപ്പ് ഡയറക്ടർ തന്നെയാണ് പിഎസ്‌സിയും അച്ചടിവകുപ്പും തമ്മിൽ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നു വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒഎംആർ ഷീറ്റ് രഹസ്യങ്ങൾ വെളിയിൽ പോയതിൽ ദുരൂഹത നിലനിൽക്കുകയാണ്.

ഒ.എം.ആർ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട അതീവരഹസ്യ സ്വഭാവമുള്ള ഫയലുകൾ തിരുവനന്തപുരത്തെ സർക്കാർ സെൻട്രൽ പ്രസിലെ ലാപ്‌ടോപ്പിൽനിന്നുമാണ് നഷ്ടമായത്. പി.എസ്.സിക്ക് ഈ മാസം കൈമാറേണ്ടിയിരുന്ന 27 ലക്ഷം കോപ്പികളുടെ സാങ്കേതികവിവരങ്ങളാണ് നഷ്ടമായത്. ഷൊർണൂർ സർക്കാർ പ്രസിലെ ഒന്നാം ഗ്രേഡ് ബൈൻഡർ വി.എൽ. സജിയാണ് വിവരങ്ങൾ നഷ്ടമായതിന്റെ പേരിൽ സസ്‌പെൻഷനിൽ തുടരുന്നത്. ബാർ കോഡിങ് രേഖപ്പെടുത്തുന്നതടക്കം ഒ.എം.ആർ ഷീറ്റിൽ ഉൾപ്പെടുത്തേണ്ട രഹസ്യസ്വഭാവമുള്ള വിവരങ്ങളും ഫയലുകളും സജി ഉപയോഗിച്ച ലാപ്‌ടോപ്പിലും കമ്പ്യൂട്ടറിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. ഇയാൾ സ്ഥലം മാറിപ്പോയപ്പോൾ എത്തിയ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ നഷ്ടമായ വിവരം അറിയുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ഒ.എം.ആർ ഷീറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഷീറ്റുകൾ സർക്കാർ പ്രസുകളിൽ അച്ചടിക്കാൻ പി.എസ്.സി തീരുമാനിച്ചത്. എന്നാൽ സജി ഔദ്യോഗിക ലാപ്‌ടോപ് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും മറ്റ് പലയിടങ്ങളിൽ കൊണ്ടുപോയതായും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സജിക്ക് സസ്‌പെൻഷൻ നൽകിയത്. ഒഎംആർ ഷീറ്റ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഇങ്ങനെ:

അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ നഷ്ടമായത് അന്വേഷിക്കണം: രമേശ് ചെന്നിത്തല:

സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ ഒഎംആർ ഷീറ്റിന്റെ അച്ചടിയുമായി ബന്ധപ്പെട്ട് അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ തിരുവനന്തപുരത്തെ സർക്കാർ സെൻട്രൽ പ്രസ്സിലെ ഔദ്യോഗിക കമ്പ്യൂട്ടറിൽ നിന്നും ലാപ്ടോപ്പിൽ നിന്നും നഷ്ടപ്പെട്ട സംഭവം അത്യന്തം ആശങ്കയോടെയാണ് പൊതുസമൂഹവും, പിഎസ്‌സി ഉദ്യോഗാർത്ഥികളും നോക്കിക്കാണുന്നത്. അച്ചടിവകുപ്പിന് കീഴിൽ ഗവൺമെന്റ്. പ്രസ്സിൽ ഒന്നാം ഗ്രേഡ് ബൈന്റർ തസ്തികയിൽ ജോലി ചെയ്തിരുന്ന വി.എൽ സജിയെ ഈ വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണവിധേയമായി അച്ചടിവകുപ്പ് ഡയറക്ടർ സസ്പെന്റ് ചെയ്തതായാണ് മനസ്സിലാകുന്നത്.

എന്നാൽ ബൈന്റർ തസ്തികയിൽ പ്രവർത്തിക്കുന്ന ഈ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി ഇക്കാര്യത്തിൽ നടന്നിട്ടുള്ള ഗുരുതര ക്രമക്കേടുകളേയും വീഴ്‌ച്ചകളേയും ഒതുക്കിത്തീർക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബാർകോഡിംഗിൽ രേഖപ്പെടുത്തുന്നതടക്കം ഒ.എം.ആർ ഷീറ്റിൽ ഉൾപ്പെടുത്തേണ്ട രഹസ്യവിവരങ്ങളാണ് കമ്പ്യൂട്ടറുകളിൽ നിന്നും, ലാപ്ടോപ്പിൽ നിന്നും തിരിച്ചെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നത്. ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്ന ഈ രഹസ്യവിവരങ്ങളും, ഫയലുകളും ഭാവിയിൽ പല വിധത്തിലും ദുരുപയോഗപ്പെടുത്താനുമിടയുണ്ട്.

പിഎസ്‌സി പരീക്ഷകളുടെ സുതാര്യമായ നടത്തിപ്പിനേയും, ഫല നിർണ്ണയപ്രക്രിയയെപ്പോലും അട്ടിമറിക്കാൻ ഉതകുന്ന തരത്തിലുള്ള രഹസ്യ വിവരങ്ങളാണ് നഷ്ടമായിരിക്കുന്നത്. ഈ ഔദ്യോഗിക ലാപ്ടോപ്പ് പ്രസ്തുത ഉദ്യോഗസ്ഥൻ സ്വകാര്യആവശ്യങ്ങൾക്ക് വിനിയോഗിച്ചിരുന്നതായും, ഓഫീസിൽ നിന്നും പുറത്തുകൊണ്ടുപോയിരുന്നതായും ആക്ഷേപമുണ്ട്. കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയുടെ ഒഎംആർ ഷീറ്റുകളെ സംബന്ധിച്ച് ഉയർന്നിരുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ പ്രസ്സിൽ ഇവ പ്രിന്റ് ചെയ്യുന്നതിനായി സർക്കാർ തീരുമാനിച്ചതെങ്കിലും തികഞ്ഞ ലാഘവബുദ്ധിയോടെയാണ് ഇവിടെയും ഇതിന്റെ പ്രിന്റിങ് നടപടികൾ കൈകാര്യം ചെയ്തിരിക്കുന്നത്. ബൈന്റർ തസ്തികയിൽ പ്രവർത്തിച്ചിരുന്ന ടി ജീവനക്കാരനെ ഇത്ര നിർണ്ണായകമായ പ്രവർത്തനത്തിനായി എന്തടിസ്ഥാനത്തിൽ, ആരാണ് ചുമതലപ്പെടുത്തിയതെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഗുരുതരമായ സൂപ്പർവൈസറി ലാപ്സാണ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. പ്രിന്റിങ് വകുപ്പിലെ ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഗുരുതരമായ മേൽനോട്ട വീഴ്‌ച്ചയും, പാളിച്ചയും സംഭവിച്ചിട്ടുണ്ട്. ഒഎംആർ ഷീറ്റിന്റെ പ്രിന്റിങ് പ്രക്രിയയുടെ ഭാഗമായിരുന്ന / ചുമതലയുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ജീവനക്കാരുടേയും പങ്കും, വീഴ്‌ച്ചകളും ഇക്കാര്യത്തിൽ അന്വേഷണവിധേയമാക്കേണ്ടതുണ്ട്. സംസ്ഥാന പിഎസ്‌സിയുടെ വിശ്വാസ്യത ഇപ്പോൾ തന്നെ സംശയത്തിന്റെ നിഴലിലാണ്. ഒഎംആർ ഷീറ്റുകളുടെ രഹസ്യവിവരങ്ങൾ നഷ്ടമായത് ഈ ഭരണഘടനാസ്ഥാപനത്തിനു മേലുള്ള സംശയങ്ങൾ വീണ്ടും വർദ്ധിപ്പിക്കും. ഈ സാഹചര്യത്തിൽ പ്രിന്റിങ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ള വീഴ്‌ച്ചയും, പാളിച്ചയേയും സംബന്ധിച്ച് അന്വേഷിച്ച് ഈ ക്രമക്കേടിന് ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് താൽപര്യപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP