Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെ അന്നകരയിലെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്; ആൻലിയയുടെ ഭർതൃ മാതാവടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ; ബെംഗലൂരുവിലേക്ക് പോകാൻ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടു വിട്ടതും തിരോധാനം സംബന്ധിച്ച് പരാതി നൽകിയതും ജസ്റ്റിനാണെന്നിരിക്കേ സംശയിക്കത്തക്ക തെളിവില്ലെങ്കിലും മരണം 'കൊലപാതക'മാണോ എന്നും അന്വേഷണം

ജസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെ അന്നകരയിലെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്; ആൻലിയയുടെ ഭർതൃ മാതാവടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ; ബെംഗലൂരുവിലേക്ക് പോകാൻ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടു വിട്ടതും തിരോധാനം സംബന്ധിച്ച് പരാതി നൽകിയതും ജസ്റ്റിനാണെന്നിരിക്കേ സംശയിക്കത്തക്ക തെളിവില്ലെങ്കിലും മരണം 'കൊലപാതക'മാണോ എന്നും അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: കൊച്ചി സ്വദേശിനിയും നഴ്‌സുമായ ആൻലിയായുടെ മരണത്തിൽ ഭർതൃമാതാവടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ. കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ ആ ജസ്റ്റിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ്. ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെ റിമാൻഡ് ചെയ്ത ശേഷം വിയ്യൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജസ്റ്റിനെ അന്നകരയിലെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടർച്ചയായുള്ള മാനസിക പീഡനം മൂലം ആൻലിയയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് ജസ്റ്റിന് എതിരെ എടുത്തിരിക്കുന്ന കേസ്.

ആൻലിയ ഭർതൃ വീട്ടിൽ നിന്നും കഠിനമായ പീഡനമേറ്റെന്ന് വെളിവായിരിക്കേ ഭർതൃമാതാവടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ബെംഗലൂരുവിൽ പരീക്ഷയ്ക്കായി പുറപ്പെട്ട ആൻലിയയെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതും ഇതിന് കുറച്ച് ദിവസത്തിന് ശേഷം തിരോധാനം സംബന്ധിച്ച് പരാതി നൽകിയതും ജസ്റ്റിനാണെന്നിരിക്കേ മരണം കൊലപാതകമാണെന്ന തരത്തിലുള്ള തെളിവില്ലെങ്കിലും ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. പരാതി നൽകിയ വിവരം മാതാപിതാക്കളെ അറിയാക്കാതിരുന്നതും സംശയം ബലപ്പെടുത്തുന്നുണ്ട്.

മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നുവെന്ന് കാട്ടി ആൻ ലിയയുടെ പിതാവ് ഹൈജിനസ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ കുറ്റങ്ങളാരോപിച്ച് ജസ്റ്റിനെതിരേ കേസെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ലെന്നു കാണിച്ച് അദ്ദേഹം മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതും ജസ്റ്റിൻ കീഴടങ്ങിയതും. കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് ആൻ ലിയയെ കാണാതായത്. 28-ന് മൃതദേഹം ആലുവാപ്പുഴയിൽ കണ്ടെത്തി.

ഹൈജിനസിന്റെ ആരോപണങ്ങൾ തള്ളി ജസ്റ്റിൻ

2016 ഡിസംബർ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ ഒരു വയസുള്ള ആൺകുട്ടിയും ഉണ്ട്. കുട്ടി ഇപ്പോൾ എന്റെ കൂടെ വീട്ടിലാണ്. ആൻലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് എനിക്കെതിരെ ഉയർത്തുന്നത് തെറ്റായ ആരോപണങ്ങളാണ്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മർദ്ദവും കൊണ്ടാണ് അവർ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാൻ വിചാരിച്ചിരുന്നത്. ആരോപണങ്ങൾ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഞാൻ നിർബന്ധിതനായത്.

കോടതി വഴി നീതി ലഭിക്കാൻ വർഷങ്ങൾ എടുക്കും. എന്നാൽ എനിക്കും കുഞ്ഞിനും വീട്ടുകാർക്കുമൊക്കെ ഇവിടെ ജീവിക്കണ്ടതല്ലേ. ആൻലിയയുടെ സ്വർണം ചോദിച്ച് ഞാൻ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങൾക്കുശേഷം ബാങ്കിലെ ലോക്കറിൽ വച്ച സ്വർണം ഇതുവരെ അവിടെ നിന്ന് ഞാൻ എടുത്തിട്ടില്ല. ലോക്കർ തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം. ആൻലിയയ്ക്ക് അലമാര വാങ്ങുന്നതിനായി അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങൾ തമ്മിൽ ആകെയുണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകളും എന്റെ കൈവശമുണ്ട്. കാണാതായ ദിവസം ആൻലിയ വിളിച്ച്, ഞാൻ പോവുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്.

പഠിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയായിരുന്ന ആൻലിയയിൽ, വിവാഹത്തിന് കുറച്ച് നാളുകൾക്കുശേഷം ചെറിയ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവിക മാറ്റമാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഒരു വർഷം മുന്പ് തന്നെ ആൻലിയയുടെ ചില ഡയറിക്കുറിപ്പുകൾ ഞാനും എന്റെ പപ്പയും കണ്ടിരുന്നു. അതിൽ പലതും ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു. അത് ആൻലിയയുടെ പപ്പയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഡയറി എഴുതുന്ന ആളാണെങ്കിൽ വിവാഹത്തിനും മുമ്പും എഴുതിക്കാണില്ലേ. അതൊന്നും പക്ഷേ അവർ കാണിക്കുന്നുമില്ല.

ഞാൻ ആൻലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരാരോപണം. എങ്കിൽ ഇതെന്തുകൊണ്ട് ആൻലിയ മരിക്കുന്നതിന് മുമ്പ് അവർ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആൻലിയ മരിച്ചതിനുശേഷമാണ് അവർ ഉയർത്തുന്നത്.
നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആൻലിയയുടെ ശവസംസ്‌കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികൻ അറിയിച്ചതുകൊണ്ടാണ് മരണാനന്തര ചടങ്ങിൽ ഞാനും വീട്ടുകാരും പങ്കെടുക്കാതിരുന്നത്.

ആൻലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാൻ വേണ്ടിയാണ് അവളെ ബംഗളൂരുവിൽ എംഎസ് സി നഴ്സിംഗിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാർ ആരോപിക്കുന്നതുപോലെ നിർബന്ധിച്ച് അയച്ചതല്ല.മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ അവരുടെ സ്നേഹവും വാത്സല്യവും ലഭിക്കാതെ വളർന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആൻലിയ എപ്പോഴും പറഞ്ഞിരുന്നു. ആൻലിയയ്ക്ക് ഇങ്ങനെയുള്ള സ്വഭാവം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഡിവോഴ്സിന് ശ്രമിച്ചില്ല എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എനിക്ക് ആൻലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും ഞങ്ങൾക്ക് കുറേ സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്നതുമാണ് അതിന് ഉത്തരമായി എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് ഡിവോഴ്സിന് ശ്രമിക്കാതെ അവളെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിച്ചത്.

എന്തൊക്കെ സംഭവിച്ചാലും തന്റെ ഭാഗം ന്യായീകരിക്കാൻ മതിയായ തെളിവുകളുള്ളതിനാൽ പതറാതെ മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞാണ് ജസ്റ്റിൻ വിശദീകരണം അവസാനിപ്പിക്കുന്നത്. സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും വീട്ടിൽ കാത്തിരിക്കുന്ന കുഞ്ഞിനുവേണ്ടി എല്ലാം ധൈര്യത്തോടെ തന്നെ നേരിടുമെന്നും കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവർക്ക് ആൻലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണമെന്നും ജസ്റ്റിൻ ഓർമിപ്പിക്കുന്നുണ്ട്.

ജസ്റ്റിന്റെ കുടുംബവുമായി മുൻപ് ബന്ധമില്ലെന്ന് വൈദികൻ

അതേസമയം, ആൻലിയയെ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി വൈദികനും രംഗത്തെത്തിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ആക്രമണം ഉള്ളതിനാൽ തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിൻ ആൻലിയയെ മർദ്ദിച്ചിരുന്നുവെന്നും വൈദികൻ വ്യക്തമാക്കുന്നുണ്ട്.

ആൻലിയ മാതാപിതാക്കൾക്കൊപ്പം

പെൺകുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതൽ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചാൽ ബോധ്യപ്പെടും.

ജസ്റ്റിനെതിരെ കേസ് കൊടുക്കാൻ മുതിർന്നപ്പോൾ നിരുൽസാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല, പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മാത്രമേ പൊലീസിനോടു പറയൂ എന്നു പറഞ്ഞിരുന്നു. കേസ് കൊടുക്കുകയോ, ആൻലിയയ്ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോൾ ഇല്ല എന്നു തന്നെയാണ് പൊലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP