Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202422Thursday

'മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ' എന്ന ആദിശേഖറിന്റെ നിഷ്‌കളങ്ക ചോദ്യത്തിൽ നിന്നുള്ള പ്രിയരഞ്ജന്റെ പക് പൈശാചികമായ കൊലപാതകമായി; കൊല നടത്തിയത് എംഡിഎംഎ കേസിലെ പ്രതി; പുളിങ്കോട്ടെ ക്രൂരൻ ഒളിവിൽ തുടരുമ്പോൾ

'മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ' എന്ന ആദിശേഖറിന്റെ നിഷ്‌കളങ്ക ചോദ്യത്തിൽ നിന്നുള്ള പ്രിയരഞ്ജന്റെ പക് പൈശാചികമായ കൊലപാതകമായി; കൊല നടത്തിയത് എംഡിഎംഎ കേസിലെ പ്രതി; പുളിങ്കോട്ടെ ക്രൂരൻ ഒളിവിൽ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാട്ടാക്കട: ക്ഷേത്രപരിസരത്തു മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയത് ലഹരിമാഫിയയുടെ സമ്മർദ്ദത്തിൽ. കൊലപാതകം ആസൂത്രിതമെന്നും കുട്ടിയോടുള്ള മുൻ വൈരാഗ്യമാണു കാരണമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നര മാസം മുൻപ് കൊലപാതകിയായ പ്രിയരഞ്ജൻ ഉൾപ്പെടുന്ന സംഘത്തെ ലഹരിമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയതായും ഉന്നത ഇടപെടലിനെ തുടർന്നു തടിയൂരിയതായും പൊലീസിനു വിവരം ലഭിച്ചു. ഇതോടെ കൊടും ക്രിമിനലാണ് പ്രിയരഞ്ജൻ എന്ന് വ്യക്തമാകുന്നത്.

കാറോടിച്ച കാട്ടാക്കട പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജന് (42) എതിരെ കാട്ടാക്കട പൊലീസ് കൊലക്കുറ്റം ചുമത്തി. പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രിക് കാറിടിച്ച് പുളിങ്കോട് 'അരുണോദയ'ത്തിൽ എ.അരുൺകുമാറിന്റെ മകൻ ആദിശേഖർ (15) ആണു മരിച്ചത്. ഏപ്രിലിൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ആദിശേഖറിനെ പ്രിയരഞ്ജൻ തടഞ്ഞുവച്ചു മർദിക്കാൻ ശ്രമിച്ചെന്ന അരുൺകുമാറിന്റെ അടുത്ത ബന്ധുവായ ലതാകുമാരിയുടെ മൊഴി കേസിൽ നിർണായകമായി. എന്നാൽ പ്രതിയെ കുറിച്ച് തുമ്പൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

കൊലപാതകമാണെന്നു കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തതോടെയാണു കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. പ്രിയരഞ്ജൻ കുടുംബത്തോടൊപ്പം നാടുവിട്ടതായാണു സൂചന. മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. ക്ഷേത്ര പരിസരത്തെ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിച്ച ശേഷം വീട്ടിലേക്കു മടങ്ങാൻ സൈക്കിൾ തിരിക്കുമ്പോഴാണു പാർക്ക് ചെയ്തിരുന്ന കാർ ആദിശേഖറിനെയും സൈക്കിളിനു പിന്നിലിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി ആർ.നീരജിനെയും ഇടിക്കാൻ പാഞ്ഞടുത്തത്.

കാർ വരുന്നതു കണ്ട നീരജ് ക്ഷേത്രപരിസരത്തേക്കു ചാടി രക്ഷപ്പെട്ടു. ആദിശേഖറിനെ ഇടിച്ചു തെറിപ്പിച്ച കാർ ശരീരത്തിന്റെ ഒരു ഭാഗത്തു കൂടി കയറിയിറങ്ങി. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസ് എടുത്തത്. പിന്നീട് മനഃപൂർവമല്ലാത്ത നരഹത്യയായി മാറി. പിന്നീട് കൊലക്കുറ്റം ചുമത്തി. പ്രിയരഞ്ജൻ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. മകനെ അപായപ്പെടുത്തുമെന്നു പ്രിയരഞ്ജൻ ഭീഷണി മുഴക്കിയിരുന്നതായി ആദിശേഖറിന്റെ അച്ഛൻ ആരോപിച്ചു.

പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ നാലാഞ്ചിറയിലാണു താമസിക്കുന്നത്. വിദേശത്തുള്ള ഭാര്യ കൊലപാതക വിവരം അറിഞ്ഞു നാട്ടിൽ എത്തിയിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. വഞ്ചിയൂർ ഗവ.എച്ച്എസിലെ അദ്ധ്യാപകൻ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ് ആദിശേഖർ.

പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും പ്രതി മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആദിശേഖറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസ് നരഹത്യയായി പരിഗണിച്ചത്.

'മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ' എന്ന ആദിശേഖറിന്റെ നിഷ്‌കളങ്ക ചോദ്യത്തിൽ നിന്നുണ്ടായ പ്രിയരഞ്ജന്റെ പകയാണ് പൈശാചികമായ കൊലപാതകത്തിലെത്തിയത്. ഇക്കഴിഞ്ഞ 30 ന് വൈകിട്ട് 4.56 നാണ് പ്രതി പ്രിയരഞ്ജൻ കാറിലെത്തിയത്. കുട്ടിയെ കാർ കയറ്റി കൊന്നശേഷം അതിവേഗത്തിൽ പാഞ്ഞുപോകുമ്പോൾ സമയം 5.23. കൂടെയുണ്ടായിരുന്ന കുട്ടിയിൽ നിന്ന് ആദിശേഖറിന്റെ സ്വന്തം സൈക്കിൾ വാങ്ങി കയറാൻ തുടങ്ങുമ്പോഴാണ് പിന്നാലെ വേഗത കുറച്ചുവന്ന ഇലക്ട്രിക് കാർ (കെ.എൽ 19 എൻ.6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുകൊന്നശേഷം കടന്നുപോയത്.

പ്രിയപ്പെട്ട ആദിശേഖർകാർ ഇടിക്കാനായി തൊട്ടടുത്തെത്തുമ്പോൾ ആദിശേഖർ സൈക്കിളിലിരുന്ന് തിരിഞ്ഞുനോക്കുന്ന ദൃശ്യം കരളലിയിക്കുന്നതാണ്. പ്രായത്തേക്കൾ പക്വതയും നേതൃപാടവവുമുള്ള ആദിശേഖർ കൂട്ടുകാർക്കും അദ്ധ്യാപകർക്കും പ്രിയപ്പെട്ടവനായിരുന്നു. കാട്ടാക്കട ചിന്മയയിലെ വിദ്യാർത്ഥിയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP