Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭാര്യയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു; സഹോദരനെ വിളിച്ചു വരുത്തി സ്വന്തം വീട്ടിൽ പോകും മുമ്പ് പ്രിയങ്ക മൊബൈൽ ഫോണിൽ ഭീഷണി ദൃശ്യങ്ങൾ പകർത്തി; പരിക്കേറ്റ പാടുകളും തെളിവായതോടെ ഉണ്ണി പി ദേവ് ഉടൻ അറസ്റ്റിലാകും; പ്രിയങ്കയുടെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു

ഭാര്യയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു; സഹോദരനെ വിളിച്ചു വരുത്തി സ്വന്തം വീട്ടിൽ പോകും മുമ്പ് പ്രിയങ്ക മൊബൈൽ ഫോണിൽ ഭീഷണി ദൃശ്യങ്ങൾ പകർത്തി;  പരിക്കേറ്റ പാടുകളും തെളിവായതോടെ ഉണ്ണി പി ദേവ് ഉടൻ അറസ്റ്റിലാകും; പ്രിയങ്കയുടെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സിനിമ, സീരിയൽ താരം ഉണ്ണി പി.രാജൻദേവിന്റെ ഭാര്യയും അദ്ധ്യാപികയുമായ പ്രിയങ്ക ജീവനൊടുക്കിയ കേസിൽ അന്വേഷണം തുടരുന്നതായി പൊലീസ്. ഉണ്ണി പി.രാജൻദേവിനെക്കുറിച്ചുള്ള വിവരങ്ങൾ അങ്കമാലി പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു.

ഉണ്ണിയുടെ ആക്രമണത്തിൽ പരുക്കേറ്റതിന്റെ പാടുകളും പ്രിയങ്കയെ വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. അതേ സമയം കോവിഡ് പരിശോധന ഫലം ലഭിക്കാത്തതിനാൽ പ്രിയങ്കയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനിൽ ജെ.പ്രിയങ്കയെ(25) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂളിലെ കായിക അദ്ധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭർത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നൽകിയത്.

അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, കഴിഞ്ഞ ദിവസം പ്രിയങ്ക വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

ഇതിനിടെ, വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കൾ കഴിഞ്ഞദിവസം പുറത്തുവിട്ടു.

2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അദ്ധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹശേഷം കാക്കനാട്ട് ഫ്‌ളാറ്റ് വാങ്ങുന്നതിനായി ഉണ്ണി പ്രിയങ്കയോട് പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പണം നൽകിയെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് പ്രിയങ്കയെ മർദിക്കുന്നത് പതിവായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.

പ്രിയങ്കയുടെ മരണം നൽകിയ ഷോക്കിൽ നിന്നും സഹോദരൻ വിഷ്ണുവും മറ്റ് കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. വീട്ടുകാരോട് അത്രത്തോളം ആത്മബന്ധമായിരുന്നു പ്രിയങ്കയ്ക്ക് ഉണ്ടായിരുന്നത്. സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കി. കൂലിപ്പണിയെടുത്ത് കുടുംബംപോറ്റുന്ന സഹോദരന് ഒരു കൈത്താങ്ങാകുന്നതിന് വേണ്ടിയായിരുന്നു പ്രിയങ്ക ജോലിക്ക് പോയത് തന്നെ. തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ നീന്തൽ അദ്ധ്യാപികയായിരുന്ന പ്രിയങ്ക അവിടെ വച്ചാണ് ഉണ്ണി പി ദേവിനെ പരിചയപ്പെടുന്നത്. പരിചയം പിന്നെ പ്രണയമായി.

അവരുടെ സ്നേഹബന്ധം പ്രിയങ്കയുടെ വീട്ടുകാർ അംഗീകരിച്ചെങ്കിലും ഉണ്ണിയുടെ കുടുംബം അവരുടെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. പ്രിയങ്കയുടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി തന്നെയായിരുന്നു പ്രധാനകാരണം. ഒടുവിൽ ഉണ്ണിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. സ്ത്രീധനമായി അവർ ഒന്നും ചോദിച്ചില്ലെങ്കിലും തങ്ങളാൽ കഴിയുന്ന സ്വർണമൊക്കെ നൽകിയാണ് വിഷ്ണു സഹോദരിയെ വിവാഹം ചെയ്തയച്ചത്.

പ്രണയിച്ച് വിവാഹം ചെയ്ത പ്രിയങ്കയും ഉണ്ണിയും ആദ്യകാലങ്ങളിൽ വളരെ സ്നേഹത്തിലായിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരൻ വിഷ്ണു പറയുന്നു. എന്നാൽ ഉണ്ണി ജോലിക്ക് പോകാൻ തയ്യാറാകാത്തതും കഞ്ചാവ് ഉപയോഗവുമൊക്കെ വീട്ടിൽ വഴക്കുകൾ സൃഷ്ടിച്ചിരുന്നു. എങ്കിൽപോലും അത് ഒന്നോ രണ്ടോ ദിവസങ്ങൾക്കപ്പുറം പോകുമായിരുന്നില്ല. പ്രിയങ്കയുടെ സമ്പാദ്യങ്ങളും സ്വർണവുമൊക്കെ ഉപയോഗിച്ചായിരുന്നു ഫ്ളാറ്റിന്റെ വാടകയും മറ്റ് ചെലവുകളും നടന്നുവന്നിരുന്നത്.

സമ്പാദ്യം കുറഞ്ഞുവന്നതോടെ അവർ ഫ്ളാറ്റ് വിട്ട് ഒരു വീട്ടിലേയ്ക്ക് താമസം മാറ്റി. വിവാഹത്തോട് വലിയ താൽപര്യമില്ലാതിരുന്ന ഉണ്ണിയുടെ വീട്ടുകാരും പിണക്കങ്ങൾ മാറ്റിവച്ച് സഹകരിച്ചുതുടങ്ങി. എന്നാൽ പ്രിയങ്കയുടെ സ്വർണം മുഴുവൻ വിറ്റുതീർന്നതോടെ മാസങ്ങൾക്ക് മുമ്പ് ചെറിയ വഴക്കുകൾ വലിയ കലഹങ്ങളായി മാറി. ക്രൂരമായ പീഡനങ്ങൾ നിത്യസംഭവമായതോടെയാണ് പ്രിയങ്ക അങ്കമാലിയിൽ നിന്നും വെമ്പായത്തെ വീട്ടിലേയ്ക്ക് തിരിച്ചുവരുന്നത്. അന്നു വൈകിട്ടുതന്നെ വട്ടപ്പാറയിലെ സ്റ്റേഷനിൽ ചെന്ന് പരാതി നൽകുകയായിരുന്നു.

തന്നെ ഭർത്താവ് ഉപദ്രവിക്കുന്നതായി അങ്കമാലി പൊലീസിനേയും 10-ാം തീയതി അറിയിച്ചിരുന്നു. അവർ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞുതീർത്തിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരന്റെ കൂടെ പ്രിയങ്ക പോന്നത്. 12-ാം തീയതി രാവിലെ ഭക്ഷണം കഴിച്ച ശേഷം പ്രിയങ്കയ്ക്ക് ഒരു ഫോൺ കോൾ വന്നിരുന്നതായി സഹോദരൻ പറയുന്നു. അതിന് ശേഷം കിടക്കാൻ പോകുന്നുവെന്ന് പറഞ്ഞ് മുറിയ്ലേയ്ക്ക് പോയ പ്രിയങ്കയെ ഉച്ചയോടെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോണിൽ വിളിച്ചത് ഉണ്ണിയായിരുന്നോ എന്ന കാര്യത്തിൽ വീട്ടുകാർക്ക് സംശയം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP