Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്യാണ രാമനാകാൻ മതം മാറ്റം; മങ്കയത്തെ ആമിന ഉമ്മയെ കൊന്നിട്ടും തുണയായത് തെളിവുകളുടെ അഭാവം; നാല് കെട്ടിയ മുഹമ്മദ് ആമീൻ ഇപ്പോൾ എവിടെ എന്ന് ആർക്കും അറിയില്ല; പണം കിട്ടാൻ മതവിശ്വാസം മതിയെന്ന് ഭാര്യയോട് പറഞ്ഞ ഭർത്താവ്; ബാലുശേരിയിലെ ഈ പ്രജു എവിടെ?

കല്യാണ രാമനാകാൻ മതം മാറ്റം; മങ്കയത്തെ ആമിന ഉമ്മയെ കൊന്നിട്ടും തുണയായത് തെളിവുകളുടെ അഭാവം; നാല് കെട്ടിയ മുഹമ്മദ് ആമീൻ ഇപ്പോൾ എവിടെ എന്ന് ആർക്കും അറിയില്ല; പണം കിട്ടാൻ മതവിശ്വാസം മതിയെന്ന് ഭാര്യയോട് പറഞ്ഞ ഭർത്താവ്; ബാലുശേരിയിലെ ഈ പ്രജു എവിടെ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കിനാലൂർ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതിയാണ് പ്രജു എന്ന മുഹമ്മദ് അമീൻ. ഭാര്യയ്ക്കും വീട്ടുകാർക്കും വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷം നാടുവിട്ട കല്യാണരാമൻ. ഇയാൾ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ഇവരെ വിവാഹം കഴിക്കുന്നതിന് മൂന്നുവർഷംമുമ്പ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഈ പ്രജുവിനെയാണ് ഇപ്പോൾ പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നത്.

ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായ മലയാളികളുടെ കൂട്ടത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരാമർശിച്ച പേരുകാരനാണ് പ്രജു. 2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്ക് വിദേശത്തു പോയ ശേഷം ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. ഇക്കൂട്ടത്തിൽ തുരുത്തിയാട് സ്വദേശി പ്രജു എന്ന പേരും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു.

ഈ പ്രജുവിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് സുരക്ഷാ വിഭാഗത്തിനോ ലോക്കൽ പൊലീസിനോ ഇല്ല. ഭർത്താവിനെ കാണുന്നില്ല എന്ന പനായി സ്വദേശിയായ യുവതിയുടെ പരാതിയിൽ ബാലുശേരി സ്റ്റേഷനിൽ 2015ൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയിൽ ചൂണ്ടിക്കാട്ടിയ ഭർത്താവിന്റെ പേര് മതം മാറുന്നതിന് മുമ്പ് പ്രജു എന്നാണ്. മതം മാറിയ ശേഷം മുഹമ്മദ് ആമീനും. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷം വിവിധ ഏജൻസികളിലെ ഉദ്യാഗസ്ഥർ കഴിഞ്ഞ ദിവസം ഭാര്യവീട്ടിലെത്തി കൂടുതൽ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഐസിസിൽ ചേർന്നവരുടെ പേര് വിവരം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ഒരു പ്രജുവിനെകുറിച്ച് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രജു ആരെന്നും എവിടെയെന്നുമുള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇങ്ങനെയൊരു വ്യക്തിയെ കുറിച്ച് സംസ്ഥാന പൊലീസിനോ ഇന്റലിജൻസിനോ യാതൊരു വിവരവുമില്ലെന്നതാണ് സംഭവം കൂടുതൽ ഗൗരവകരമാക്കുന്നത്.

കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പ്രജുവെന്ന ആളെ കാണാതായി എന്ന് ഭാര്യ നൽകിയ ഒരു പരാതി മാത്രമാണ് ഇതുവരെയായും പൊലീസ് രേഖകൾ പ്രകാരം ഉള്ളത്. 2015ലാണ് ഇയാളെ കാണ്മാനില്ലെന്ന് കാട്ടി പനായി സ്വദേശിനിയായ ഭാര്യയുടെ പരാതി ലഭിച്ചത്. എന്നാൽ ഈ പ്രജു ഇപ്പോഴും വിദേശത്തു തന്നെയാണോ അതോ ഐസിസിൽ ചേർന്നോ എന്നതിന് തെളിവുകളൊന്നുമില്ല.

2019 വരെ മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്ക് വിദേശത്തു പോയ ശേഷം ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി ഭീകരസംഘടയിൽ അംഗങ്ങളായി എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. അക്കൂട്ടത്തിലാണ് ബാലുശ്ശേരി തുരുത്യാട് സ്വദേശിയായ പ്രജുവിന്റെ പേരും ഉൾപ്പെട്ടത്. കിനാലൂർ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായിരുന്നു പ്രജു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഭാര്യയ്ക്കും വീട്ടുകാർക്കും വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷമാണ് ഇയാൾ നാടുവിട്ടത്.

പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളായതിനാൽ ഐസിസിൽ ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഭാര്യ പറഞ്ഞു. ഒമ്പതു വർഷം മുമ്പ് ഭർത്താവ് തന്നെ ഉപേക്ഷിച്ച് വീടു വിട്ടിറങ്ങിയിരുന്നെന്നും പിന്നീട് വേറൊരു വിവാഹം കഴിച്ചതായി അറിഞ്ഞെന്നും ഭാര്യ പറഞ്ഞു. ഇതുവരെ നാലു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് മതം മാറിയതെന്നും ഭാര്യ പറഞ്ഞു.

കടുത്ത മതവിശ്വാസം പുലർത്തിയിരുന്ന ഇയാൾ ആ വഴിക്ക് നീങ്ങാൻ സുന്നി വിശ്വാസിയായ തന്നെ നിർബന്ധിച്ചിരുന്നതായും അങ്ങനെ ചെയ്താൽ ഇഷ്ടംപോലെ പണം കിട്ടുമെന്നു പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തി. 2009-ലാണ് മങ്കയം വാരിയമലയിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധിക ആമിന ഉമ്മ കൊലചെയ്യപ്പെട്ടത്. തെളിവില്ലാത്തതിനെത്തുടർന്ന് പ്രജുവിനെയും മറ്റൊരു പ്രതിയായ ആമിന ഉമ്മയുടെ മകളുടെ മകൻ മൻസൂറിനെയും കോടതി വെറുതെവിട്ടു. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയതായി ആരോപിച്ച് അന്നവർ പത്രസമ്മേളനം നടത്തുകയും ചെയ്തു.

കോടതി കുറ്റവിമുക്തരാക്കിയെങ്കിലും കേസ് നടത്തിപ്പിനായി വലിയ സാമ്പത്തികച്ചെലവ് വന്നിരുന്നു. ഈയാവശ്യത്തിനായി ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യവ്യക്തിക്ക് പണയപ്പെടുത്തി ഇയാൾ ഏഴ് ലക്ഷം രൂപ വാങ്ങി. യുവതിയുടെ പരിചയക്കാരും ബന്ധുക്കളുമായ പല വ്യക്തികളിൽനിന്നും കടംവാങ്ങിയിരുന്നു. വിവാഹസമയത്തുനൽകിയ 15 പവൻ സ്വർണവും കൈക്കലാക്കി. നാടുവിടുമ്പോൾ യുവതിയുടെ സ്‌കൂട്ടറും എടുത്തിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതിനൽകിയിരുന്നെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP