Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഇരുട്ടിയിൽ കൊല്ലപ്പെട്ട ശോഭയുടെ കുഞ്ഞു മക്കളെ കണ്ടെത്താൻ സഹായിച്ചത് കാലടി സ്‌റ്റേഷനിലെ പൊലീസ് ഓഫീസർ പി.പി. ബിനു; ആറു വയസുകാരൻ ആര്യനെയും നാലു വയസുകാരി അമൃതയെയും കണ്ടെത്തിയത് മുംബൈയിൽനിന്ന്; കേരള പൊലീസിന്റെ അഭിമാനമായ ബിനുവിന് അഭിനന്ദനപ്രവാഹം

ഇരുട്ടിയിൽ കൊല്ലപ്പെട്ട ശോഭയുടെ കുഞ്ഞു മക്കളെ കണ്ടെത്താൻ സഹായിച്ചത് കാലടി സ്‌റ്റേഷനിലെ പൊലീസ് ഓഫീസർ പി.പി. ബിനു; ആറു വയസുകാരൻ ആര്യനെയും നാലു വയസുകാരി അമൃതയെയും കണ്ടെത്തിയത് മുംബൈയിൽനിന്ന്; കേരള പൊലീസിന്റെ അഭിമാനമായ ബിനുവിന് അഭിനന്ദനപ്രവാഹം

കണ്ണൂർ: ഇരുട്ടിയിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിനി ശോഭയുടെ മക്കളായ ആറു വയസുകാരൻ ആര്യനെയും നാലു വയസുകാരി അമൃതയെയും കണ്ടെത്താൻ കേരള പൊലീസിനു കഴിഞ്ഞത് കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.പി. ബിനുവിന്റെ സമയോചിത ഇടപെടൽ മൂലം. മുംബൈയിൽനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ശിശുശേക്ഷ സമിതി സന്ദർശിച്ച ബിനുവിന്റെ പരിചയമാണ് ആര്യനെയും അമൃതയെയും കണ്ടെത്താൻ പൊലീസിനു സഹായകരമായത്. 

കാലടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടത്താനായി രണ്ടുമാസം മുമ്പ് ഈ പൊലീസ് ഉദ്യോഗസ്ഥൻ മുംബൈ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അഥോറിറ്റിയുടെകീഴിലുള്ള മുംബൈ ഉമ്മർക്കാടിയിലെ ചൈൽഡ് വൈൽഫെയർ ഹോമിൽ പോയിരുന്നു. മുംബൈയിൽ അനാഥമായി കണ്ടെത്തുന്ന കുട്ടികളെ പൊലീസും സന്നദ്ധ സംഘടനകളും ആദ്യം എത്തിക്കുന്നത് ഇവിടെയാണ്. ഇവിടെ നിന്നു തന്നെയാണ് ആര്യനെയും അമൃതയെയും തിരിച്ചറിഞ്ഞത്.

Stories you may Like

കഴിഞ്ഞ ജനുവരി 20 ഓടെ തന്നെ ചൈൽഡ് വെൽഫെയർ ഹോമിൽ ആര്യനും അമൃതയും എത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ അനാഥരായി നടക്കുന്നതുകൊണ്ട് റെയിൽവേ പൊലീസാണ് കുട്ടികളെ ഹോമിലെത്തിച്ചത്. കാലടിയിൽ നിന്ന് കാണാതായ പെൺകുട്ടിയേയും ഇവിടെ നിന്നാണ് ഈ പൊലീസ് കണ്ടെത്തിയത്.

അന്ന് കുട്ടിയുമായി മടങ്ങുമ്പോൾ ഹോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുംബൈ പൊലീസിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ബിനു തന്റെ മൊബൈൽ നമ്പർ നൽകുകയും ഇനി കേരളത്തിൽ നിന്ന് ഇത്തരത്തിൽ കുട്ടികളെത്തിയാൽ അറിയിക്കണെമന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം ഈ വനിത പൊലീസ് ഉദ്യോഗസ്ഥ ബിനുവിനെ വിളിച്ച് രണ്ട് കുട്ടികളുടെ കാര്യം പറയുകയും ഈ കുട്ടികളുമായി ബിനു ഫോണിൽ സംസാരിക്കുകയും ചെയ്തു. അപ്പോൾ ഇളയകുട്ടി അമൃത മലയാളത്തിലുള്ള ചോദ്യത്തിന് മറുപടി നൽകി. ഇതോടെ ബിനു പൊലീസ് ആസ്ഥാനത്തും, കാസർഗോഡ് മുതലുള്ള സിഐ ഓഫീസുകളിലും കുട്ടികളെ കുറിച്ചുള്ള വിവരം അറിയിക്കാൻ തീരുമാനിച്ചു.

കാസർഗോഡ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ഇരിട്ടിയിൽ നിന്നാണ് കുട്ടികളെ കാണാതയാതെന്ന സംശയം പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ, കേസന്വേഷിക്കുന്ന എസ്ഐ എസ്.അൻഷാദ് എന്നിവരുമായി ഈ പൊലീസ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടു. മുബൈയിൽ നിന്ന് വാട്സ്ആപ്പ് വഴിലഭിച്ച ഫോട്ടോയും ഇവർക്ക് കൈമാറി. ഇതോടെയാണ് സ്ഥിരീകരണം ഉണ്ടായത്.

ജനുവരി പതിനഞ്ചിനാണ് ആര്യന്റെയും അമൃതയുടെയും അമ്മ കർണാടക മണ്ഡ്യ സ്വദേശിനി ശോഭ കൊല്ലപ്പെട്ടത്. ശോഭയുടെ ബന്ധു മഞ്ജുനാഥാണ് കൊലക്കേസിലെ പ്രതി. കുട്ടികളെയും ഇയാൾ കൊന്നുവെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ കുട്ടികളെ മംബൈയിലേക്കു ട്രെയിൻ കയറ്റിവിടുകയായിരുന്നുവെന്ന പ്രതിയുടെ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

ശോഭ കൊല്ലപ്പെട്ട ജനുവരി15ന് പുലർച്ചെ തന്നെ പ്രതി മഞ്ജുനാഥ് ആര്യനെയും അമൃതയെയും കൂട്ടി സ്ഥലം വിട്ടിരുന്നു. മംഗളൂരുവിൽ നിന്ന് മുബൈക്ക് കുട്ടികളെ ട്രെയിൻ കയറ്റി വിട്ട പ്രതി മഞ്ജുനാഥ് അവിടെ നിന്ന് സ്വദേശമായ മാണ്ഡ്യയിലേക്ക് കടക്കുകയുമായിരുന്നു.

കഴിഞ്ഞ ജനുവരി18നാണ് ഇരിട്ടി പഴയ പാലത്തിന് സമീപം പൊട്ടകിണറ്റിൽ യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ സാധ്യതയായിരുന്നു പോസറ്റ് മോർട്ടം റിപ്പോർട്ടിൽ. എന്നിരുന്നാലും കഴുത്ത് ഞെരിച്ച് കിണറ്റിലിട്ട് നടത്തിയ കൊലയാണിതെന്ന് എസ്ഐ ട്രയിനിയായ അൻഷാദ് അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. പിന്നീട് കൊല്ലപ്പെട്ട യുവതി കർണാടക മാണ്ഡ്യ സ്വദേശിനിയായ ശോഭയെ (25)യാണെന്ന് കണ്ടെത്തി. കൊല്ലപ്പെട്ട ശോഭയുടെ അമ്മയുടെ സഹോദരി ഭർത്താവ് തുംകൂർ സ്വദേശി മഞ്ജുനാഥ് (45)ആണ് പ്രതിയെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

ആര്യനെയും അമൃതയെയും ദത്തെടുക്കാൻ 25 ഓളം മക്കളില്ലാത്ത ദമ്പതികൾ കേസന്വേഷിക്കുന്ന സിഐ സുനിൽകുമാറിനെ സമീപിച്ചിട്ടുണ്ട്. കുട്ടികളെ തിരികെ കൊണ്ടുവരാൻ എസ്ഐ എസ് . അൻഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുബൈയിൽ എത്തിയിട്ടുണ്ട്.

16 ന് കുട്ടികളെ ഇരിട്ടിയിൽ കൊണ്ടുവന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ സിആർപിസി 164 പ്രകാരം ശോഭയുടെ കൊലപാതകത്തിലെ സാക്ഷിമൊഴി നൽകിക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കുട്ടികളെ കണ്ടെത്താൻ സമയോചിത ഇടപെടൽ നടത്തിയ കാലടി പൊലീസ് സ്റ്റേഷനിലെ ജനമൈത്രീ ബീറ്റ് ഓഫീസർകൂടിയായ ബിനുവിനെ അവിടെ സഹപ്രവർത്തകരും ഉദ്യോഗസ്ഥരും ചേർന്ന് അനുമോദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP