Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആ കുരുന്നിന്റെ ജീവൻ എടുത്തത് തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; പിഞ്ചു ശരീരത്തിലെ വാരിയെല്ലുകൾ ഇടിയേറ്റ് തകർന്ന നിലയിൽ; ശരീരം മുഴുവനും ഇടിയേറ്റു ചതഞ്ഞതിന്റെ പാടുകൾ; മുഖത്തും മുറിപ്പാടുകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് അരുൺ ആനന്ദെന്ന മനുഷ്യമൃഗത്തിന്റെ കൊടും ക്രൂരതകൾ; മൃതദേഹം അമ്മയുടെ ഉടുമ്പന്നൂരിലെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു; നീറുന്ന നെഞ്ചുമായി ആയിരങ്ങളുടെ അടക്കിക്കരച്ചിലുകളുടെ അകമ്പടിയിൽ അവന് യാത്രമൊഴി

ആ കുരുന്നിന്റെ ജീവൻ എടുത്തത് തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; പിഞ്ചു ശരീരത്തിലെ വാരിയെല്ലുകൾ ഇടിയേറ്റ് തകർന്ന നിലയിൽ; ശരീരം മുഴുവനും ഇടിയേറ്റു ചതഞ്ഞതിന്റെ പാടുകൾ; മുഖത്തും മുറിപ്പാടുകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് അരുൺ ആനന്ദെന്ന മനുഷ്യമൃഗത്തിന്റെ കൊടും ക്രൂരതകൾ; മൃതദേഹം അമ്മയുടെ ഉടുമ്പന്നൂരിലെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു; നീറുന്ന നെഞ്ചുമായി ആയിരങ്ങളുടെ അടക്കിക്കരച്ചിലുകളുടെ അകമ്പടിയിൽ അവന് യാത്രമൊഴി

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ പങ്കാളിയുടെ ക്രൂര മർദ്ദനത്തിനിരയായി ഏഴുവസുകാരൻ മരണപ്പെട്ടതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്കാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. കുഞ്ഞിനെ ഭിത്തിയിൽ ശക്തമായി അടിച്ചതിന് പിന്നാലെ തലയോട്ടിക്ക് സാരമായ പൊട്ടലേറ്റിരുന്നു. അരുൺ ആനന്ദ് എന്ന് കൊടും ക്രൂരന്റെയുള്‌ലിലെ മൃഗത്തെയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ വെളിവാക്കുന്നത്. ശക്തമായ മർദ്ദനത്തെ തുടർന്ന് വാരിയെല്ലടക്കം തകർന്നിരുന്നുവെന്നും ശരീരം മുഴുവനും മർദ്ദനമേറ്റതിന്റെ പാടുകളും ചതവുകളുമായിരുന്നെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ അമ്മയുടെ ഉടുമ്പന്നൂരിലെ വീട്ടുവളപ്പിൽ മൃതദ്ദേഹം സംസ്‌കരിച്ചു. കുഞ്ഞിന് യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.

കുഞ്ഞിനെ ആദ്യം തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശത്തെ അരുൺ ആനന്ദ് എതിർക്കുകയും ഇത് കുഞ്ഞിന് ചികിത്സ കിട്ടുന്നത് വൈകാൻ കാരണമായെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. തലയോട്ടിയിൽ ഗുരുതരമായ പൊട്ടലുണ്ടായതിന് പുറമേ കുഞ്ഞിന്റെ തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. മാത്രമല്ല കുഞ്ഞിന്റെ ശരീരത്തിൽ ശക്തമായി ഇടിച്ചതിന്റെ പാടുകളും കാണാമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ശനിയാഴ്‌ച്ച രാവിലെ പതിനൊന്നരയോടെ മെഡിക്കൽ സംഘം കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 10 ദിവസമായി ചികിൽസയിലായിരുന്ന കുഞ്ഞിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു നിലനിർത്തിയിരുന്നത്. തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത അരുൺ ആനന്ദ് റിമാൻഡിലാണ്.

ക്രൂരമായി മർദിച്ചശേഷം അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ചികിൽസ മനഃപൂർവം വൈകിപ്പിക്കാൻ അരുൺ ആനന്ദ് ശ്രമിച്ചതിന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണു തെളിവായത്. മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടർമാരുമായി വഴക്കിടുകയും പിന്നീടു കുട്ടിക്കൊപ്പം ആംബുലൻസിൽ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു.

മദ്യലഹരിയിൽ അരുൺ ആനന്ദ് ഡ്രൈവ് ചെയ്ത കാറിലാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിൽ എത്തിയത്. ഷർട്ട് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകൾ നിലത്തുറയ്കാത്ത നിലയിൽ ആയിരുന്നു. വേച്ചുവേച്ചാണ് അയാൾ നടന്നു നീക്കിയത്. പിൻസീറ്റിൽ കിടത്തിയിരുന്ന കുഞ്ഞുമായി യുവതി ആശുപത്രിക്കുള്ളിലേക്ക് സ്ട്രെച്ചറിൽ നീങ്ങി. പ്രാഥമിക ശുശ്രൂഷ നൽകി അടിയന്തര ചികിത്സ നൽകാൻ അവർ തയ്യാറായിരുന്നില്ല. അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ആനന്ദ് ഡോക്ടർമാരുമായി വഴക്കിട്ട് സമയം വൈകിപ്പിക്കുകയായിരുന്നു.

ഇതാണ് യുവതിയുടെ ജീവനെടുത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചതും. മദ്യലഹരിയായ അരുൺ ആനന്ദ് ബഹളം ഉണ്ടാക്കിയതോടെ കുഞ്ഞിന്റെ അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിക്കുകയായിരുന്നു. എന്നാൽ ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതിയെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാർ ഉടൻ ഓപ്പറേഷൻ വേണമെന്ന് ഇവരോട് ആവശ്യപ്പെടുന്നു.

എന്നാൽ അരുൺ ഇതിനോട് യോജിക്കുന്നില്ല. സമ്മതപത്രം ഒപ്പിട്ടുനൽകാനും തയാറായില്ല. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിടാൻ യുവതിയും തയാറായില്ല. പിന്നീട് ഡോക്ടർമാർ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോൺനമ്പർ ചോദിച്ചു. എന്നാൽ, ഇതിനും വഴങ്ങാതെ അധികൃതരോട് തർക്കിക്കുകയാണ് ഇരുവരും ചെയ്തത്. ഇതോടെ കാര്യങ്ങൾ പന്തികേടാണെന്ന് തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുൺ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതോടെ ദുരൂഹത ഉറപ്പിച്ചു. തുടർന്നു പൊലീസ് അന്വേഷണത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുകയും ചെയ്തു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെകയറാൻ യുവതിയും അരുൺ ആനന്ദും തയാറായിരുന്നില്ല.

കുഞ്ഞിന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത

ഇപ്പോൾ കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹതകാണുകയാണ് വീട്ടുകാർ. അരുൺ ആനന്ദും അക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മയും അടുത്തതിനെ ചൊല്ലിയാണ് അഭ്യൂഹങ്ങൾ. നല്ല ആരോഗ്യമുണ്ടായിരുന്ന മകന് എങ്ങനെ ഹൃദയാഘാതം വന്നുവെന്ന് വീട്ടുകാർക്ക് ഇനിയും എത്തും പിടിയുമില്ല. മകൻ മരിച്ച് മൂന്നാം നാൾ മരുമകൾക്ക് അരുണിനെ കെട്ടണമെന്ന ആഗ്രഹമുണ്ടായതിലും പിടിത്തമില്ല. എന്നാൽ ഭർത്താവ് മരിച്ച ശേഷമാണ് താൻ അരുണുമായി അടുത്തതെന്നാണ് പൊലീസിന് യുവതി നൽകിയ മൊഴി.

മകൻ ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി കുട്ടിയുടെ മുത്തച്ഛനായ് തിരുവനന്തപുരം സ്വദേശി പറഞ്ഞു. 2018 മെയ് 23നു ഹൃദയാഘാതത്തെ തുടർന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടിൽ വച്ചാണ് മകൻ മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്നു തന്നെ അരുൺ ആനന്ദ് വീട്ടിലെത്തി. മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകൾ തന്നോട് പറഞ്ഞതായി കുട്ടിയുടെ മുത്തച്ഛൻ പറയുന്നു.''ബിജുവിനോട് അരുൺ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വർഷം മുൻപു അരുണും ബിജുവും വഴക്കിട്ടിരുന്നു.

പിന്നീട് ഇവർ തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ല.'' ''ബിജുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഫോണിൽ ഞങ്ങളോട് സംസാരിച്ചു. വർക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വർക്ഷോപ്പിൽ നിന്നു നല്ല വരുമാനമുണ്ടെന്നും പറഞ്ഞു. മെക്കാനിക്കൽ എൻജിനീയറായിരുന്നു മകൻ.'' അരുൺ എങ്ങനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ബിജുവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നും സ്‌നേഹത്തിലായതെന്നുമാണ് യുവതി പൊലീസിനു നൽകിയ മൊഴി. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നു. മരിച്ച കുട്ടിയുടെ അച്ഛന്റെ അച്ഛന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ അരുൺ. ഇളയകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചും സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചും മൃഗീയാന്ദം കണ്ടെത്തിയ അരുൺ ആനന്ദ് കൊലപാതക കേസിലും പ്രതിയായ കൊടുംക്രിമിനലാണ്. കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച തുകയും അരുൺ ആനന്ദ് അടിച്ചു തീർത്തുവെന്നാണ് ഉയരുന്ന ആരോപണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP