Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആതിരയെ മതം മാറ്റി ഒളിവിൽ താമസിപ്പിച്ച കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായ ഷീന ഫർസാന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച യുവതി; അഖിൽ അബ്ദുള്ളയുടെ തിരോധാനവുമായും ഇവർക്ക് ബന്ധമെന്ന് സൂചന

ആതിരയെ മതം മാറ്റി ഒളിവിൽ താമസിപ്പിച്ച കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായ ഷീന ഫർസാന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച യുവതി; അഖിൽ അബ്ദുള്ളയുടെ തിരോധാനവുമായും ഇവർക്ക് ബന്ധമെന്ന് സൂചന

എം പി റാഫി

പാലക്കാട്: ചെർപരുളശ്ശേരി കച്ചേരിക്കുന്ന് സ്വദേശി ആതിര(21)യെ മതം മാറ്റി മതപഠനം നടത്തുന്നതിനായി ഒളിവിൽ താമസിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം പട്ടിക്കാട് നെന്മിനി സ്വദേശികളായ ഷീന ഫർസാന(38), നാസർ (28) എന്നിവരെയാണ് പാലക്കാട് എസ്‌പി ഡോ. ശ്രീനിവാസന്റെ നിർദേശ പ്രകാരം അഗളി ഡി.വൈ.എസ്‌പിയും സംഘവും അറസ്റ്റു ചെയ്തത്. പിടിയിലായ രണ്ടു പേരും പേപുലർഫ്രണ്ട് പ്രവർത്തകരാണെന്നും ഷീന ഫർസാന കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവർക്കു പുറമെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ആതിരയുടെ താൽപര്യപ്രകാരമാണ് താമസിപ്പിച്ചതും മതപഠനം നടത്തിയതെന്നുമായിരുന്നു ഇവർ പൊലീസിൽ പറഞ്ഞു.

മതപഠനത്തിനെന്ന പേരിൽ ആതിരയെ തട്ടിക്കൊണ്ടു പോയെന്നും ഒളിവിൽ താമസിച്ചെന്നും ചൂണ്ടിക്കാട്ടി പിതാവ് അപ്പുണ്ണി ജൂൺ 15ന് ചെർപുളശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും അറസ്റ്റു ചെയ്തത്. പട്ടിക്കാട് സ്വദേശിയായ നൗഫലിന്റെ നിർദേശപ്രകാരമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി ജൂൺ 13ന് മതപഠനത്തിനെന്നു പറഞ്ഞ് വീടു വിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ജൂൺ 13ന് വിദേത്തേക്കു കടന്ന നൗഫൽ പെൺകുട്ടിയെ നാസറിനെ ഏൽപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും കാണാതായ അഖിൽ അബ്ദുള്ളയുടെ മതം മാറ്റത്തിനു പിന്നിലും നൗഫലാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എം.എം അക്‌ബറിന്റെ നിച്ച് ഓഫ് ട്രൂത്തിന്റെ സജീവ പ്രവർത്തകനായ നൗഫൽ യമനിലേക്ക് നാടു വിട്ടതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം.

നാസറിനോടൊപ്പം എത്തിയ പെൺകുട്ടിയെ ഷീന ഫർസാനയുടെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. മറ്റുള്ളവരുമായി സംസാരിക്കാനോ ഫോണിൽ ബന്ധപ്പെടാനോ ഇവിടെനിന്നും അനുവദിച്ചിരുന്നില്ല. പിന്നീട് ഒന്നര മാസക്കാലം ഷീന ഫർസാനയോടൊപ്പമായിരുന്നു ആതിരയെ താമസിപ്പിച്ചിരുന്നത്. കേസിൽ ഷീന ഫർസാന ഒന്നാം പ്രതിയും നാസർ രണ്ടാം പ്രതിയുമാണ്. ആതിരയെ തിരിച്ചു കിട്ടുന്നതിനായി വീട്ടുകാർ ഹൈക്കോടതിയിൽ ഹേൽബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തിരുന്നു. എന്നാൽ ആദ്യം ഹരജി പരിഗണിച്ചപ്പോൾ ഫർസാനക്കൊപ്പം പോയി. രണ്ടാമത് സമർപ്പിച്ച ഹരജിയിലാണ് വീട്ടുകാരോടൊപ്പം പോകാൻ ആതിര താൽപര്യ പ്രകടിപ്പിച്ചത്.

ഷീന ഫർസാന, നാസർ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി ആദ്യ ഹരജി പരിഗണിച്ചപ്പോൾ തന്നെ പൊലീസിനോട് നിർദ്ദേശം നൽകിയിരുന്നു. രക്ഷിതാക്കളോടൊപ്പം പോയ ആതിര ഇപ്പോൾ പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. അറസ്റ്റിലായ പ്രതികളെ എൻ.ഐ.എയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് അഞ്ചോളം പ്രതികൾ ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിവരം. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകാൻ അപേക്ഷ നൽകിയിട്ടുണ്ട്. അഖിൽ അബ്ദുള്ളയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നൗഫൽ അടക്കമുള്ളവർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഈ പശ്ചാത്തലത്തിൽ റിമാൻഡിലായവരെ കസ്റ്റഡിയെലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് വിവിധ അന്വേഷണ സംഘങ്ങളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP