Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

ഐഎസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; ദേശ വിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചുമത്തി; വ്യക്തമായ മാസ്റ്റർ പ്ലാനുമായി വ്യാമസേനയുടെ ഗജരാജയിൽ പറന്നിറങ്ങി നേതാക്കളെ പൊക്കി; പൊലീസിനെ അറിയിച്ചെങ്കിലും സുരക്ഷ ഒരുക്കിയത് സി ആർ പി എഫ്; റെയ്ഡിൽ ലക്ഷ്യമിട്ടത് കേരളത്തിലെ പോപ്പുലർ ഫ്രണ്ടിനെ നിശബ്ദമാക്കലോ?

ഐഎസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; ദേശ വിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചുമത്തി; വ്യക്തമായ മാസ്റ്റർ പ്ലാനുമായി വ്യാമസേനയുടെ ഗജരാജയിൽ പറന്നിറങ്ങി നേതാക്കളെ പൊക്കി; പൊലീസിനെ അറിയിച്ചെങ്കിലും സുരക്ഷ ഒരുക്കിയത് സി ആർ പി എഫ്; റെയ്ഡിൽ ലക്ഷ്യമിട്ടത് കേരളത്തിലെ പോപ്പുലർ ഫ്രണ്ടിനെ നിശബ്ദമാക്കലോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത് അതീവ രഹസ്യമായി. അതുകൊണ്ട് തന്നെ നേതാക്കൾ അടക്കം ആർക്കും മുന്നൊരുക്കമൊന്നും നടത്താനായില്ല. അരെയെല്ലാം അറസ്റ്റ് ചെയ്യണമെന്ന വ്യക്തമായ മാസ്റ്റർ പ്ലാനുമായാണ് സംഘം എത്തിയത്. രാജ്യത്ത് ഇതുവരെ ഇത്രയും വലിയൊരു റെയ്ഡ് കേന്ദ്ര ഏജൻസികൾ നടത്തിയില്ല. എൻഐഎ, ഇഡി ഉദ്യോഗസ്ഥ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് വ്യോമസേനയുടെ ഗജരാജ വിമാനത്തിൽ. മൊബൈൽ ജാമറുൾപ്പെടെയുള്ള സംവിധാനങ്ങളുമായി ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഘം വിമാനത്താവളത്തിലെത്തിയത്. കേരളത്തിലെ പോപ്പുലർ ഫ്രണ്ട് സംവിധാനത്തെ തകർക്കുകയെന്നതായിരുന്നു റെയ്ഡിന്റെ പ്രധാന ലക്ഷ്യമെന്ന ആരോപണമുണ്ട്.

കേരളത്തിലെ പ്രധാന നേതാക്കളെ എല്ലാം അറസ്റ്റു ചെയ്തു. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ് കെ.മുഹമ്മദലി, കെ.പി.ജംഷീദ്, സ്ഥാപക നേതാവും മുൻ ചെയർമാനുമായ ഇ.അബൂബക്കർ, ദേശീയ സമിതി അംഗം പ്രഫ.പി.കോയ, കെ.പി.ഷഫീർ, ഇ.എം.അബ്ദുർ റഹ്മാൻ, നജുമുദീൻ മുഹമ്മദ്, കോട്ടയം ജില്ലാ പ്രസിഡന്റ് ടി.എസ്.സൈനുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ, കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാൻ, എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ, കരമന അഷഫറ് മൗലവി, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, ഷൈഹാസ് ഹുസൈൻ, പി.അൻസാരി, എം.എം.മുജീബ് എന്നിവരെയാണ് കേന്ദ്ര ഏജൻസി അറസ്റ്റു ചെയ്തത്. കേരളത്തിലെ പ്രധാന നേതാക്കളെല്ലാം അഴിക്കുള്ളിലായി.

പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു. എന്നാൽ കുറ്റാരോപണം പി എഫ് ഐ ഭാരവാഹികൾ തള്ളി. പ്രതികളെ കൊച്ചി എൻ ഐ എ കോടതി അടുത്ത് 20 വരെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി. പലയിടത്തും സംസ്ഥാന പൊലീസിന് ഒഴിവാക്കി കേന്ദ്രസേനയുടെ സുരക്ഷയോട് കൂടിയായിരുന്നു പരിശോധന. പല സ്ഥലങ്ങളിലും പ്രവർത്തകർ പ്രതിഷേധവുമായെത്തി.

ലോക്കൽ പൊലീസിനെ റെയ്ഡ് വിവരം അറിയിച്ചിരുന്നെങ്കിലും വിശദ വിവരങ്ങൾ കൈമാറിയിരുന്നില്ല. സിആർപിഎഫിനായിരുന്നു മുഖ്യസുരക്ഷാ ചുമതല. വൻ പൊലീസ് സന്നാഹം റെയ്ഡ് നടന്നയിടങ്ങളിലെല്ലാം നിലയുറപ്പിച്ചിരുന്നു. കേരളമടക്കം 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 45 പേരെ എൻഐഎയും മറ്റുള്ളവരെ സംസ്ഥാന പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ആയുധങ്ങളും ഡിജിറ്റൽ രേഖകളും പണവും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. 18 പേരെ ഡൽഹി കോടതി റിമാൻഡ് ചെയ്തു.

രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ റെയ്ഡ് ആണിതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. 300 എൻഐഎ ഉദ്യോഗസ്ഥർ പങ്കെടുത്തു. തീവ്രവാദ പ്രവർത്തനങ്ങൾക്കു പണം നൽകിയതും പരിശീലന ക്യാംപുകൾ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട 5 കേസുകളിലാണു റെയ്ഡ് നടത്തിയതെന്ന് എൻഐഎ വ്യക്തമാക്കി. കേരളത്തിൽ നിന്നാണ് ഏറ്റവുമധികം പേരെ അറസ്റ്റ് ചെയ്തത് 19. കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, ബംഗാൾ, മണിപ്പുർ, ബിഹാർ, തമിഴ്‌നാട്, അസം, യുപി, ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

റെയ്ഡുകളുടെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്ത എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. തെലങ്കാനയിലും ആന്ധ്രയിലുമുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിൽ ഈ മാസം 18ന് റെയ്ഡ് നടത്തിയിരുന്നു. ഇനിയും റെയ്ഡുകൾ തുടരും. പോപ്പുലർ ഫ്രണ്ടിന് പണം എവിടെ നിന്ന് വരുന്നുവെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. വിദേശ ഫണ്ടുകൾ എങ്ങനെ എത്തുന്നു എന്നതിലാണ് അന്വേഷണം.

കേരളത്തിൽ അൻപതോളം കേന്ദ്രങ്ങളിൽ പുലർച്ചെയായിരുന്നു റെയ്ഡ്. മലപ്പുറം ജില്ലയിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ 5 പേരുടെ വീടുകളിലും ദേശീയപാതയിൽ പുത്തനത്താണിക്കു സമീപമുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസിലുമാണ് റെയ്ഡ് നടന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും 2 നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നു. പോപ്പുലർ ഫ്രണ്ട് നേതാവ് എം.എം.മുജീബിന്റെ വീടിന്റെ പിൻവശത്തെ വാതിൽ തകർന്ന നിലയിലാണ്. എൻഐഎ ഉദ്യോഗസ്ഥരാണ് വാതിൽ തകർത്തതെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.

പോപ്പുലർ ഫ്രണ്ട് കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി ഓഫിസിലും കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടത്തി. കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും അദ്ദേഹം ഉണ്ടായിരുന്നില്ല. സുലൈമാനെ പിന്നീട് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പട്ടാമ്പി ഓഫിസിലും സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തി. റൗഫ് വീട്ടിലുണ്ടായിരുന്നില്ല. തൃശൂർ ജില്ലയിൽ ചാവക്കാട്ടെ ജില്ലാ ഓഫിസിലും 2 നേതാക്കളുടെ വസതിയിലുമായിരുന്നു റെയ്ഡ്.

തിരുവനന്തപുരത്ത് രണ്ടിടത്തായിരുന്നു റെയ്ഡ്. സംസ്ഥാന നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ട്രിവാൻഡ്രം എജ്യുക്കേഷനൽ സർവീസ് ട്രസ്റ്റ് ചെയർമാൻ അബ്ദുൽ റഷീദിന്റെ മണക്കാട്ടെ വീട്ടിലുമായിരുന്നു പരിശോധന. കൊല്ലം കരുനാഗപ്പള്ളി പുതിയകാവിലെ എസ്ഡിപിഐ ദക്ഷിണ കേരള ഓഫിസിലും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഒരു വർഷം മുൻപ് എൻഐഎ അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെറീഫിന്റെ വീട്ടിലും റെയ്ഡ് നടന്നു. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസിലാണു റൗഫ് അറസ്റ്റിലായത്.

പത്തനംതിട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ അടൂർ പറക്കോടുള്ള ഓഫിസിലും ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടിയ സാദിഖിനെ തൊട്ടടുത്ത കെട്ടിടത്തിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിൽ മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ജില്ലാ സെക്രട്ടറി താവളത്തിൽ സൈനുദ്ദീനെ ഇടുക്കി പെരുവന്താനത്തെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. റെയ്ഡ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച സൈനുദ്ദീന്റെ മകനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. തൊടുപുഴയിലെ ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു.

പോപ്പുലർ ഫ്രണ്ട് കർണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്‌സർ പാഷ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നസീർ പാഷ എന്നിവരുടെ ബെംഗളൂരുവിലെ വീടുകളിൽ റെയ്ഡ് നടന്നു. 7 പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ 11 ഇടത്ത് റെയ്ഡ് നടന്നു. തമിഴ്‌നാട്ടിൽ 5 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP