Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പണം നിക്ഷേപിച്ചവരിൽ ഉന്നത രാഷ്ട്രീയക്കാരും; 90 ശതമാനവും കള്ളപ്പണം; ഒറ്റക്കേസിൽ ജാമ്യം നേടി പാപ്പർ ഹർജിയിലൂടെ മുതലാളിക്കും കുടുംബത്തിനും രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചത് ഹൈക്കോടതി; പെൺമക്കളുടെ പാസ്‌പോർട്ടിന്റെ കോപ്പി ആക്ഷൻ കൗൺസിലിന് കിട്ടിയപ്പോൾ അത് സൂരജിലൂടെ സുരേന്ദ്രൻ അറിഞ്ഞത് അതിവേഗ അറസ്റ്റായി; കേസ് അട്ടിമറിക്കാൻ നടന്ന ശ്രമം തകർത്തത് നിർണ്ണയകമായി; പോപ്പുലർ തട്ടിപ്പ് കേസ് ഇനി ആലപ്പുഴയിലെ പ്രത്യേക കോടതിയിൽ; നിക്ഷേപകർ പ്രതീക്ഷയിൽ

പണം നിക്ഷേപിച്ചവരിൽ ഉന്നത രാഷ്ട്രീയക്കാരും; 90 ശതമാനവും കള്ളപ്പണം; ഒറ്റക്കേസിൽ ജാമ്യം നേടി പാപ്പർ ഹർജിയിലൂടെ മുതലാളിക്കും കുടുംബത്തിനും രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചത് ഹൈക്കോടതി; പെൺമക്കളുടെ പാസ്‌പോർട്ടിന്റെ കോപ്പി ആക്ഷൻ കൗൺസിലിന് കിട്ടിയപ്പോൾ അത് സൂരജിലൂടെ സുരേന്ദ്രൻ അറിഞ്ഞത് അതിവേഗ അറസ്റ്റായി; കേസ് അട്ടിമറിക്കാൻ നടന്ന ശ്രമം തകർത്തത് നിർണ്ണയകമായി; പോപ്പുലർ തട്ടിപ്പ് കേസ് ഇനി ആലപ്പുഴയിലെ പ്രത്യേക കോടതിയിൽ; നിക്ഷേപകർ പ്രതീക്ഷയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസ് ആലപ്പുഴയിലെ പ്രത്യേക കോടതി പരിഗണിക്കും. പ്രൊട്ടക്ഷൻ ഓഫ് ദ ഇന്ററസ്റ്റ് ഓഫ് ദി ഇൻവെസ്റ്റർ ആക്ട് 2013 പ്രകാരം സ്ഥാപിതമായ കോടതിക്ക് പത്തനംതിട്ട ജില്ലയിലും അധികാര പരിധിയുണ്ട്. നിക്ഷേപത്തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുന്നവരുടെ താൽപര്യ സംരക്ഷണാർഥമാണ് 2013 ൽ ഈ നിയമം നിലവിൽ വന്നത്.

ഫിനാൻസ് കമ്പനി ഉടമയുടെ വസ്തുവകകളും ആസ്തിയുമെല്ലാം വിറ്റ് നിക്ഷേപകർക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപിക്കുന്നവരുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി 2013 ൽ സംസ്ഥാന സർക്കാരാണ് നിയമം കൊണ്ടു വന്നത്. ആ വകുപ്പു കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ആലപ്പുഴയിലെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്. തുടർ നടപടികൾ എല്ലാം ഇനി ഈ കോടതിയുടെ കീഴിൽ വരും.

ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയുമെല്ലാം ഈ കോടതിയാകും പരിഗണിക്കുക. നിക്ഷേപകരുടെ താൽപര്യം നോക്കിയില്ലെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് കണ്ടാണ് സർക്കാർ പ്രത്യേക താൽപര്യമെടുത്ത് കേസിൽ ഈ വകുപ്പ് കൂടി ചേർത്തത്. നിലവിൽ എൺപതോളം കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയ്ക്ക് ഓരോന്നിനും പ്രത്യേകം എഫ്ഐആറും ഇട്ടിട്ടുണ്ട്. ആദ്യം ഒറ്റ് എഫ്ഐആർ മതിയെന്ന് സർക്കാർ നിർദേശിച്ചതിനെ തുടർന്ന് അങ്ങനെ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേകമാക്കി പുതിയ എഫ്ഐആർ ഇടും.

അതിനിടെ പോപ്പുലർ ഫിനാൻസ് ഉടമകളെ രക്ഷിക്കാൻ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് നീക്കം ഉണ്ടായതായി ആരോപണം ഉയരുന്നു. പ്രതികളെ രക്ഷിക്കാൻ വേണ്ടി സർക്കാർ തലത്തിൽ നീക്കം നടന്നതിന്റെ ഭാഗമായിരുന്നു എല്ലാ കേസിനും കൂടി ഒറ്റ എഫ്ഐആർ എന്ന ഡിജിപിയുടെ ഉത്തരവ്. ഒറ്റക്കേസിൽ ജാമ്യം ലഭിച്ചാൽ പിന്നീട് പ്രതികൾക്ക് പുറത്തിറങ്ങി പാപ്പർ ഹർജിയും ഫയൽ ചെയ്ത് രക്ഷപ്പെടാൻ കഴിയുമായിരുന്നു. ഇതിനാണ് ഹൈക്കോടതി ഇടപെടലോടെ അന്ത്യമായിരിക്കുന്നത്.

പോപ്പുലറിൽ പണം നിക്ഷേപിച്ചവരിൽ ഉന്നത രാഷ്ട്രീയക്കാരുമുണ്ട്. കോടികൾ നിക്ഷേപിച്ചതിൽ 90 ശതമാനവും കള്ളപ്പണമാണ്. ഇങ്ങനെ വൻ തുക ഇട്ടവരുടെ പരാതികൾ ഇതുവരെ പൊലീസിലോ കോടതിയിലോ എത്തിയിട്ടുമില്ല. പോപ്പുലർ ഉടമകൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പൊലീസ് കാര്യമായ തെരച്ചിൽ നടത്തിയിരുന്നില്ല. പോപ്പുലർ ഇൻവെസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പോപ്പുലർ ഉടമ റോയി തോമസിന്റെ മക്കളായ റിനു, റീബ എന്നിവരുടെ പാസ്പോർട്ടിന്റെ കോപ്പി ബിജെപി ജില്ലാ സെക്രട്ടറി വിഎ സൂരജിന് കൈമാറുകയായിരുന്നു. ഇവർ എപ്പോൾ വേണമെങ്കിലും വിദേശത്തേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകി.

സൂരജാകട്ടെ വിഷയം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തി. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്ന് വിവരം കേന്ദ്രവിദേശകാര്യ മന്ത്രി വി മുരളീധരന്റെ ഓഫീസിലേക്ക് കൈമാറി. അങ്ങനെയാണ് രണ്ടു പേരെയും ഡൽഹി വിമാനത്താവളത്തിൽ പിടികൂടിയത്. ഇതിന് ശേഷം റോയിയെയും ഭാര്യ പ്രഭയെയും അറസ്റ്റ് ചെയ്തതും ധാരണയുടെ പുറത്തായിരുന്നു. അറസ്റ്റിന് മുൻപ് സംസ്ഥാന സർക്കാരിലെ പ്രമുഖനുമായി ഇവർ ചർച്ച നടത്തിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ ഒരു പുരോഹിതൻ ഇടപെട്ടാണ് ഇവരെ പൊലീസിന് കൈമാറിയത്. ഇടിഞ്ഞില്ലത്തെ ലോഡ്ജിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഈ വിവരം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞപ്പോഴാണ് പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകർ പോലും അറിഞ്ഞതെന്നത് കൂട്ടി വായിച്ചാൽ ധാരണ വ്യക്തമാണ്. ഇടിഞ്ഞില്ലത്ത് പൊലീസ് പറയുന്നത് പോലെ ഒരു ലോഡ്ജ് ഇല്ല. ആ കഥ പൊലീസ് മെനഞ്ഞതായിരുന്നു. ചങ്ങനാശേരിയിൽ സ്വകാര്യ വാഹനത്തിൽ വന്ന പ്രതികളെ ഇടിഞ്ഞില്ലത്ത് വച്ച് പന്തളം പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ ഏറ്റു വാങ്ങി എസ്‌പി ഓഫീസിലേക്ക് കൊണ്ടു വരികയായിരുന്നു.

ഈ സമയമെല്ലാം കോന്നി സ്റ്റേഷനിൽ ഒരു എഫ്ഐആർ മാത്രമാണ് പോപ്പുലർ തട്ടിപ്പ് കേസിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഈ എഫ്ഐആറിൽ ചേർത്തു. ഇതിന്റെ ഗുണം ആത്യന്തികമായി പോപ്പുലർ ഉടമകൾക്ക് ലഭിക്കാൻ വേണ്ടിയായിരുന്നു ഒറ്റ എഫ്ഐആർ എന്ന തന്ത്രം. അത് ഉത്തരവാക്കി ഡിജിപി പുറത്തു വിട്ടതും സർക്കാരിന്റെ മൗനാനുവാദത്തോടെയായിരുന്നു.

ഒറ്റ എഫ്ഐആർ മാത്രമുള്ളതിനാൽ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അപ്പോൾ തന്നെ പുറത്ത് ഇറങ്ങാമായിരുന്നു. വഞ്ചന, തട്ടിപ്പ് കേസുകളിൽ ലഭിക്കുന്ന പരാതികൾക്ക് എല്ലാം അതത് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതാണ് പതിവ്. അതു കൊണ്ടാണ് സോളാർ കേസിൽ സരിതയ്ക്ക് ജാമ്യം കിട്ടാൻ വൈകിയത്. അവസാന കേസിലും ജാമ്യം നേടിയ ശേഷമാണ് സരിതയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചത്. ഈ ഗതികേട് പോപ്പുലർ ഉടമകൾക്ക് ഉണ്ടാകരുതെന്ന് ആർക്കോ നിർബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു ഒറ്റ എഫ്ഐആർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP