Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് മൂന്നു മാസം മുൻപ് തട്ടുകട അടിച്ചു തകർത്തു; നടത്തിപ്പുകാരിയെയും കുടുംബാംഗങ്ങളെയും മർദിച്ചു; സിപിഎം പഞ്ചായത്തംഗത്തിന്റെ മകനായതിനാൽ സ്റ്റേഷൻ ജാമ്യം: പൂങ്കാവിലെ പെട്രോൾ പമ്പ് മാനേജരെ തലയ്ക്കടിച്ച് വീഴ്‌ത്തിയതും ഇതേ പ്രതിയുടെ നേതൃത്വത്തിൽ: ഗത്യന്തരമില്ലാത്തതിനാൽ അറസ്റ്റ്

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് മൂന്നു മാസം മുൻപ് തട്ടുകട അടിച്ചു തകർത്തു; നടത്തിപ്പുകാരിയെയും കുടുംബാംഗങ്ങളെയും മർദിച്ചു; സിപിഎം പഞ്ചായത്തംഗത്തിന്റെ മകനായതിനാൽ സ്റ്റേഷൻ ജാമ്യം: പൂങ്കാവിലെ പെട്രോൾ പമ്പ് മാനേജരെ തലയ്ക്കടിച്ച് വീഴ്‌ത്തിയതും ഇതേ പ്രതിയുടെ നേതൃത്വത്തിൽ: ഗത്യന്തരമില്ലാത്തതിനാൽ അറസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പൂങ്കാവിൽ പെട്രോൾ പമ്പിൽ അക്രമം നടത്തിയ നാലംഗ സംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമാടം ഈട്ടിവിള ഭാസ്‌കര ഭവൻ വീട്ടിൽ ഭാസ്‌കരന്റെ മകൻ ഗിരിൻ(23),പ്രമാടം തറയിശ്ശേരി വീട്ടിൽ പ്രസാദിന്റെ മകൻ അനൂപ് (20),പ്രമാടം കിഴത്തേത് വീട്ടിൽ ശിവപ്രകാശിന്റെ മകൻ ആരോമൽ (21) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ആരോമൽ പ്രമാടം പഞ്ചായത്ത് 19-ാം വാർഡിലെ സിപിഎം അംഗം ലിജ ശിവപ്രകാശിന്റെ മകനാണ്. ജനുവരി 13 ന് പൂങ്കാവിലെ തട്ടുകട അടിച്ചു തകർത്തതും ആരോമലിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് ലഘുവായ വകുപ്പുകൾ ചേർത്ത് കേസെടുത്ത പൊലീസ് ഇയാളെയും സംഘത്തെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പൂങ്കാവ് ജങ്ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ആരോമലും സംഘവും കാറിന് പെട്രോൾ അടിക്കാൻ എത്തിയിടത്ത് നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇയാൾ യു.പി.ഐ മുഖേനെ പണം അടച്ച് പെട്രോൾ അടിക്കാൻ ചെന്നപ്പോൾ സമയം വൈകി എന്ന് പറഞ്ഞായിരുന്നു അക്രമം. ഈ സമയം പമ്പിൽ കറണ്ടില്ലായിരുന്നു.ജീവനക്കാർ ജനറേറ്റർ ഓൺ ചെയ്ത ശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യണം എന്ന് പറഞ്ഞതോടെയാണ് ഉണ്ണികൃഷ്ണൻ എന്ന ജീവനക്കാരനെ അടിച്ച് താഴെയിട്ടത്. ഇയാൾക്ക് തലയ്ക്ക് പരുക്കേറ്റു. ഇതു കണ്ട് ഓടി വന്ന പമ്പ് മാനേജർ സാം മാത്യുവിന്റെ തല അടിച്ചു പൊട്ടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാമിന് ഗുരുതര പരുക്കുണ്ട്. പമ്പുടമയും സാമിന്റെ സഹോദരനുമായ വർഗീസിനെയും ഇവർ ക്രൂരമായി മർദിച്ചു. ഇതിനിടെ ഇവർ കൂടുതൽ ആൾക്കാരെ വിളിച്ചു വരുത്തി. വർഗീസ് പൊലീസിൽ വിവരമറിയിച്ചതോടെ അക്രമി സംഘത്തിലെ ആരോമൽ ഒഴികെ എല്ലാവരും രക്ഷപ്പെട്ടു. ഇയാളെ പൊലീസിന് കൈമാറി. തുടർന്നാണ് മറ്റ് രണ്ടു പേരെ പൊലീസ് പിടികൂടിയത്. പ്രതീഷ് എന്ന യുവാവിടെ പിടികിട്ടാനുണ്ട്.

സിപിഎം പഞ്ചായത്തംഗത്തിന്റെ മകൻ എന്ന ലേബലിലാണ് ആരോമലും സംഘവും ഗുണ്ടാ വിളയാട്ടം നടത്തുന്നത്. ജില്ലാ നേതൃത്വം ഇടപെട്ടാണ് കേസിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തുന്നതെന്ന് പറയുന്നു. കഴിഞ്ഞ ജനുവരി 13 നാണ് ഇവർ പൂങ്കാവിലെ തട്ടുകടയിൽ അതിക്രമം നടത്തിയത്. പല തവണ വന്ന് ഭക്ഷണം കഴിച്ചിട്ടും പണം കൊടുക്കാതെ പോയി. ഒടുവിൽ ഭക്ഷണത്തിന്റെ കാശ് ചോദിച്ചപ്പോഴാണ് തട്ടുകട നടത്തുന്ന കുടുംബത്തിനെ മർദിച്ചത്. പരുക്കേറ്റ ഇവർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ തട്ടുകട അടിച്ചു തകർത്ത് തീ വയ്ക്കുകയും ചെയ്തു.

പ്രമാടം പഞ്ചായത്തിലെ പൂങ്കാവിൽ തട്ടുകട നടത്തുന്ന നാരങ്ങാനം സ്വദേശി സിബി ജോർജ്, ഭാര്യ ലിൻസി, മകൻ ലിനോ തോമസ് എന്നിവരെയാണ് 13 ന് രാത്രി ഏഴു മണിയോടെ എട്ടംഗ സംഘം മർദിച്ചത്. പ്രമാടം പഞ്ചായത്ത് 19ാം വാർഡിലെ സിപിഎം അംഗം ലിജ ശിവപ്രകാശിന്റെ മകൻ കെ.എസ്. ആരോമലിന്റെ നേതൃത്വത്തിലാണ് ഗുണ്ടായിസം കാണിച്ചതെന്ന് ലിനോ തോമസ് പറഞ്ഞു മർദനമേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയതിനിടെ രാത്രിയിൽ കടയ്ക്ക് തീവയ്ക്കുകയായിരുന്നു. പാചക ഉപകരണങ്ങൾ, ബോർഡ്, എന്നിവ കത്തി നശിച്ചു. കട അടിച്ചു തകർക്കുകയും ചെയ്തു.

ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളാണ് ആരോമൽ. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇവർ കടയിൽ വന്ന് ഭക്ഷണം കഴിച്ചും പാഴ്സൽ വാങ്ങിയും പോകും. പണം ഗൂഗിൾ പേ ചെയ്യാമെന്ന് പറയും. എന്നാൽ, പണം കൊടുക്കാറില്ല. ഇവരെ കടയിൽ കണ്ടപ്പോൾ കിട്ടാനുള്ള പണത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. ഇൻസ്റ്റായിൽ അടക്കം വിലസുന്ന സംഘത്തിന് മറ്റുള്ളവരുടെ മുന്നിൽ വച്ച് പണം ചോദിച്ചത് മാനക്കേടായി. തുടർന്ന് ലിനോയെയും മാതാപിതാക്കളെയും മർദിക്കുകയായിരുന്നു. കട കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതു കാരണം ഭയന്ന് കടയിൽ തന്നെ ഇരുന്ന ഇവർ പിന്നീട് ആശുപത്രിയിലേക്ക് പോയപ്പോഴാണ് കടയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

മൂന്ന് മാസത്തിനിടയിൽ പല തവണയായി കഴിച്ച ഭക്ഷണത്തിന്റെ പണം ആണ് കട ഉടമ ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഒന്നര ലക്ഷം ഫോളോവേഴ്സുള്ള തനിക്ക് അവരുടെ പിന്തുണ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ലിനോ പറയുന്നു. സിപിഎമ്മിന്റെ പഞ്ചായത്തംഗത്തിന്റെ മകൻ ആയതിനാൽ നടപടിയെടുക്കുന്നതിൽ പൊലീസ് വിമുഖത കാട്ടി. ഒടുക്കം സിപിഎം നേതൃത്വം നിർദേശിച്ചതു പോലെ നിസാര വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു. അതിനുള്ള കുറ്റമേ അവർ ചെയ്തിട്ടുള്ളു എന്ന വിചിത്രമായ വാദമാണ് പൊലീസ് ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP