Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴ്‌നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റായി അറുപതോളം യുവതികളേയും പെൺകുട്ടികളേയും കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവം; കേസിൽ എട്ടുപേർ അറസ്റ്റിലായതിന് പിന്നാലെ പിടിച്ചെടുത്തത് നൂറുകണക്കിന് പീഡന ദൃശ്യങ്ങൾ; ഭരിക്കുന്ന അണ്ണാ ഡിഎംകെയ്ക്കും സഖ്യമുണ്ടാക്കിയ ബിജെപിക്കും എതിരെ പ്രചരണം അഴിച്ചുവിട്ട് ഡിഎംകെ; റിസോർട്ടുകളിലും കാട്ടിലും വാഹനങ്ങളിലും വച്ചെല്ലാം പീഡനം നടന്നുവെന്ന് സ്ഥിരീകരണം; 20 പ്രതികളുണ്ടെന്ന് ആദ്യഘട്ടത്തിൽ പൊലീസ്; കേസ് ക്രൈംബ്രാഞ്ചിന് വിട്ട് സർക്കാർ

തമിഴ്‌നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റായി അറുപതോളം യുവതികളേയും പെൺകുട്ടികളേയും കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവം; കേസിൽ എട്ടുപേർ അറസ്റ്റിലായതിന് പിന്നാലെ പിടിച്ചെടുത്തത് നൂറുകണക്കിന് പീഡന ദൃശ്യങ്ങൾ; ഭരിക്കുന്ന അണ്ണാ ഡിഎംകെയ്ക്കും സഖ്യമുണ്ടാക്കിയ ബിജെപിക്കും എതിരെ പ്രചരണം അഴിച്ചുവിട്ട് ഡിഎംകെ; റിസോർട്ടുകളിലും കാട്ടിലും വാഹനങ്ങളിലും വച്ചെല്ലാം പീഡനം നടന്നുവെന്ന് സ്ഥിരീകരണം; 20 പ്രതികളുണ്ടെന്ന് ആദ്യഘട്ടത്തിൽ പൊലീസ്; കേസ് ക്രൈംബ്രാഞ്ചിന് വിട്ട് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറുപതോളം പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ നാലുപേർ അറസ്റ്റിലായതോടെ വിഷയം തമിഴ്‌നാട് രാഷ്ട്രീയ ലോകത്ത് വലിയ തരംഗം സൃഷ്ടിക്കുന്നു. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ അറിവോടെ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടന്നുവെന്നും ഇതിൽ ചില നേതാക്കൾക്ക് തന്നെ പങ്കുണ്ടെന്നും പ്രശ്‌നം ഡിഎംകെ ചർച്ചയാക്കിതോടെ ഈ തിരഞ്ഞെടുപ്പുകാലത്ത് വിഷയം വലിയ തിരിച്ചടിയാകും അണ്ണാഡിഎംകെയ്ക്ക്. പ്രത്യേകിച്ചും കേസിൽ ഒരു പാർട്ടി നേതാവ് അറസ്റ്റിലാവുകയും കൂടെ ചെയ്തതോടെ. കേസ് സിബിഐക്ക് വിടണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളതെങ്കിലും തൽക്കാലം തമിഴ്‌നാട് ക്രൈംബ്രാഞ്ച് (സിബിസിഐഡി) ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ

വരുന്ന തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്‌ക്കെതിരെ ആണ് സർവേഫലങ്ങൾ മിക്കവയും പുറത്തുവന്നത് എന്നതിനാൽ ഈ വിഷയവും വലിയ ചർച്ചയായിട്ടുണ്ട് ഇപ്പോൾ. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നുള്ള അറുപതോളം യുവതികളേയും പെൺകുട്ടികളേയും ഭീഷണിപ്പെടുത്തി ഇരുപത് പേർ ചേർന്ന് പീഡിപ്പിച്ചെന്നും ഇതിന്റെ ചിത്രങ്ങളെടുത്ത് പ്രതികൾ പീഡനം തുടർന്നു എന്നുമാണ് പരാതി ഉയർന്നിട്ടുള്ളത്.

പീഡനത്തിനിരയായ ഒരു 19 കാരി പൊലീസിനെ സമീപിച്ചതോടെയാണ് കഴിഞ്ഞ ആഴ്ച വിവരം പുറത്തറിയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ നാലു പ്രതികൾ പിടിയിലായി. പിന്നീട് മറ്റൊരു നാൽവർ സംഘവും. മറ്റുള്ളവർ ഒളിവിലാണ്. ഏതായാലും രണ്ടു ഘട്ടങ്ങളിലായി നടന്ന അറസ്റ്റിനു പിന്നാലെ നൂറുകണക്കിന് പീഡന ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈ, കോയമ്പത്തൂർ, സേലം, അടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. പലരും നാണക്കേട് ഭയന്ന് പുറത്ത് പറഞ്ഞിട്ടില്ല. പ്രതികളുടെ മൊബൈലിൽ നിന്നും മറ്റും ഇത്തരത്തിൽ പീഡനം നടന്നതിന്റെയും ദൃശ്യങ്ങൾ പകർത്തിയതിന്റേയും വിവരം പുറത്തുവന്നിട്ടുണ്ട്.

റിസോർട്ടുകളിലും, ഹോട്ടലുകളിലും, ഫാം ഹൗസുകളിലും വാഹനങ്ങളിലും വച്ചെല്ലാം പീഡനം നടന്നു. ചിലരെ ആഴ്ചകൾ തടവിൽ പാർപ്പിച്ചും പീഡിപ്പിച്ചുവെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള വാർത്തകളിൽ പറയുന്നു. ആനമല കാട്ടിൽ കൊണ്ടുപോയും ചിലരെ ഇരകളാക്കിയെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഓഫീസർ വ്യക്തമാക്കി.

20 പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് ഇത്തരമൊരു സംഭവത്തിന് സ്ഥിരീകരണം ഉണ്ടായത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോൾ ഒരു പെൺകുട്ടിയെ തടവിൽ വച്ച് നിരവധി യുവാക്കൾ ചേർന്ന് പീഡിപ്പിക്കുന്ന ദൃശ്യമാണ് ലഭിച്ചത്. ഇതിൽ ഒരു എഐ എഡി എംകെ പ്രവർത്തകനും ഉൾപ്പെടും.

ഏതായാലും ഈ സംഭവം പുറത്തുവന്നതോടെ നടൻ കമൽഹാസൻ ഉൾപ്പെടെ സർക്കാരിനെതിരെ വലിയ വിമർശനവുമായിരംഗത്തെത്തി. ഡിഎംകെ നേതാവ് സ്റ്റാലിന് ഉൾപ്പെടെ വിഷയത്തിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് പിന്നാലെ പാർട്ടി പൊള്ളാച്ചിയിലെ ഒരു പാർട്ടി പ്രവർത്തകനെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

എന്നാൽ കൂടുതൽ എഐഎഡിഎംകെ നേതാക്കൾക്ക് ഈ പീഡനങ്ങളുമായി ബന്ധമുണ്ടെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇരയായ പെൺകുട്ടികളിൽ ഒരാളുടെ സഹോദരനെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പാർട്ടി പ്രവർത്തകൻ എ നാഗരാജിനെ എ ഐ എ ഡി എം കെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

ഫെബ്രുവരി 25 നാണ് ഇതു സംബന്ധിച്ച് ആദ്യപരാതി പൊലീസിന് ലഭിച്ചത്. അതേ തുടർന്ന് മൂന്ന് പേരെ കസ്ററഡിയിലെടുത്തിരുന്നു. പിന്നീട് കെ തിരുനാവകരശ് എന്നയാൾ അറസ്റ്റിലായി. ഇയാളുടെ ഫോണിൽ നിന്ന് നാൽപത് വിവിധ പെൺകുട്ടികളുടെ 40 വീഡിയോ കണ്ടെടുത്തു. സമാന രീതിയിൽ പിന്നീടും നിരവധി ദൃശ്യങ്ങളും തെളിവും ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു. സർക്കാർ വേണ്ട വിധം കേസ് കൈകാര്യം ചെയ്തില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിനും എം ഡി എം കെ നേതാവ് വൈകോയും വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് സംഭവം തെളിയിക്കുന്നതെന്ന് വനിതാ നേതാവ് കനിമൊഴിയും വ്യക്തമാക്കി.

എന്നാൽ തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യത്തിലായ ബിജെപിക്കും വലിയ ക്ഷീണമാണ് സംഭവം വരുത്തിവച്ചിട്ടുള്ളത്. സർക്കാർ അന്വേഷണം നടത്തുമെന്ന് ബിജെപി നേതാവ് മുരളീധർ റാവു പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെ കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP