Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ വിഷയത്തിൽ നടൻ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്നത് പാതിരാത്രിയോളം നീളുന്നു; ആലുവ പൊലീസ് ക്‌ളബ്ബിൽ സൂപ്പർതാരത്തെ ചോദ്യംചെയ്യാൻ എത്തിയത് പൾസർ സുനിയെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച് എസ്‌പി ഉൾപ്പെടെയുള്ളവർ; കേസിൽ വഴിത്തിരിവുണ്ടാകുന്ന നിർണായക തെളിവുകൾ ലഭിച്ചതായി സൂചനകൾ

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ വിഷയത്തിൽ നടൻ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്നത് പാതിരാത്രിയോളം നീളുന്നു; ആലുവ പൊലീസ് ക്‌ളബ്ബിൽ സൂപ്പർതാരത്തെ ചോദ്യംചെയ്യാൻ എത്തിയത് പൾസർ സുനിയെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച് എസ്‌പി ഉൾപ്പെടെയുള്ളവർ; കേസിൽ വഴിത്തിരിവുണ്ടാകുന്ന നിർണായക തെളിവുകൾ ലഭിച്ചതായി സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനേയും നാദിർഷായേയും ദിലീപിന്റെ മാനേജരേയും ആലുവ പൊലീസ് ക്‌ളബ്ബിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത് പൊലീസ് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക മൊഴിയെടുത്തു. പകൽ പന്ത്രണ്ടരയോടെ തുടങ്ങിയ ചോദ്യംചെയ്യൽ പാതിരാത്രിയോളം നീളുകയാണ്. ചോദ്യംചെയ്യൽ അവസാനിച്ചതായും മൊഴി രേഖപ്പെടുത്തുന്നതിന്റെ അവസാന ഘട്ട നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് വിവരം. ആലുവ പൊലീസ് ക്‌ളബ്ബിൽ നടന്ന വിശദമായ ചോദ്യംചെയ്യലിൽ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്. പൊലീസ് ക്‌ളബ്ബിലേക്ക് പുറപ്പെടുംമുമ്പ്, താൻ നൽകിയ പരാതിയിൽ മൊഴിയെടുക്കാനാണ് പൊലീസ് വിളിച്ചതെന്നാണ് ദിലീപ് വ്യക്തമാക്കിയത്. എ്ന്നാൽ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന തെളിയിക്കാൻ സമഗ്രമായ ചോദ്യംചെയ്യലാണ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

നടിയെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ പൾസർ സുനിയുടെ അടുത്ത ദിവസങ്ങളിലെ വെളിപ്പെടുത്തലുകളും കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന നിരവധി വിവരങ്ങളും ഉൾപ്പെടെ സമഗ്രമായി തയ്യാറാക്കിയ ചോദ്യാവലിയാണ് ദിലീപിനെ കാത്തിരുന്നത്. മാത്രമല്ല, കേസിൽ പൾസർ സുനിയെ അറസ്റ്റുചെയ്ത് പൊലീസ് കളബ്ബിൽ ചോദ്യംചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ ഉൾപ്പെടെ ഉള്ളവർ ദിലീപിനെയും ചോദ്യംചെയ്യാൻ എത്തിയിരുന്നു.

പൾസർ സുനിയെ ചോദ്യംചെയ്ത സംഘാംഗങ്ങളും ചോദ്യംചെയ്യലിൽ പങ്കെടുത്ത സാഹചര്യത്തിൽ നടനിൽ നിന്ന് എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് പൊലീസ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാകുന്നു. നാളെ അമ്മയുടെ ജനറൽ ബോഡി യോഗം നടക്കുന്നതിനാലും അതിൽ ദിലീപിന് പങ്കെടുക്കേണ്ടതിനാലും ഇന്ന് പരമാവധി ചോദ്യംചെയ്യലിനോട് സഹകരിക്കാമെന്ന് ദിലീപ് സമ്മതിച്ചെന്നും അതിനാലാണ് ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടുപോയതെന്നുമാണ് വിവരം. മൂന്നോ നാലോ മണിക്കൂറോളം ചോദ്യംചെയ്യൽ തുടർന്നേക്കുമെന്നാണ് ആദ്യം സൂചനകൾ വന്നതെങ്കിലും ഇത് നീണ്ടുപോയത് വലിയ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്്.

നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനി തന്നെ ബ്‌ളാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടൻ ദിലീപ് നൽകിയ പരാതിയിൽ മൊഴിയെടുക്കാനാണ് പൊലീസ് വിളിച്ചതെന്ന നിലയിലാണ് ആദ്യം കാര്യങ്ങൾ പുറത്തുവന്നത്. നടനും പൊലീസ് ക്‌ളബ്ബിലേക്ക് പോകും മുമ്പ് പ്രതികരിച്ചത് ഇങ്ങനെയാണ്. എന്നാൽ ആദ്യഘട്ടം കഴിഞ്ഞതോടെ ചോദ്യംചെയ്യൽ കൂടുതൽ വിശദമാകുകയും ഗൂഢാലോചന സംബന്ധിച്ചും മറ്റുമുള്ള സംശയ നിവാരണത്തിലേക്ക് പൊലീസ് നീങ്ങുകയുമായിരുന്നു. ഇതോടെ ശക്തമായ ചോദ്യംചെയ്യൽ തന്നെയാണ് ആലുവ പൊലീസ് ക്‌ളബ്ബിൽ നടന്നത്. വെറുമൊരു മൊഴിയെടുക്കൽ എന്നതിലുപരി മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ നടന്നതോടെ കേസിൽ നിർണായകമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. നടൻ പറഞ്ഞ കാര്യങ്ങളിലെ സത്യാവസ്ഥ വരും ദിവസങ്ങളിൽ പൊലീസ് അന്വേഷിക്കും. ഇതിനു ശേഷമാകും കേസിലെ തുടർനടപടികൾ.

നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതി പൾസർ സുനി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിച്ചത്. ഇതോടൊപ്പം ദിലീപും നാദിർഷയും നൽകിയ പരാതികളിലെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇരുവരെയും രണ്ടു മുറികളിൽ ഇരുത്തി പ്രത്യേക സംഘങ്ങളാണ് ചോദ്യം ചെയ്യുകയായിരുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിച്ചു. ഇവരുടെയെല്ലാം മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചാകും പൊലീസിന്റെ തുടർ നടപടികൾ.

ചോദ്യംചെയ്യലുമായി ദിലീപും നാദിർഷായും അപ്പുണ്ണിയും പൂർണമായും സഹകരിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ദിലീപും നാദിർഷയും പൊലീസിന് മുന്നിൽ ഹാജരായത്. കേസിന്റെ ചുമതലയുള്ള എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഇടയ്ക്ക് അൽപനേരം ഭക്ഷണത്തിനും വിശ്രമത്തിനും അനുവദിച്ചായിരുന്നു ചെറിയ ഇടവേളകൾ നൽകി ചോദ്യം ചെയ്യൽ നടന്നത്. പൊലീസ് നടപടി മണിക്കൂറുകൾ പിന്നിട്ടതോടെ സിനിമാ ലോകത്ത് ഇത് വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യൽ പ്രാഥമിക ഘട്ടം മാത്രമാണെന്നും ഇരുവരുടേയും മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടാൽ വീണ്ടും വിശദമായ ചോദ്യം ചെയ്യൽ ഉണ്ടായേക്കുമെന്നും വ്യക്തമായിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ ഉദ്ദേശിച്ച് ഭീഷണിപ്പെടുത്താനാണ് പൾസർ സുനി ശ്രമിച്ചതെന്ന പരാതിയാണ് ദിലീപ് നൽകിയത്. രണ്ടുമാസം മുമ്പ് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളിലെ മൊഴിയെടുക്കലിനൊപ്പം കഴിഞ്ഞദിവസം പൾസർ സുനി പൊലീസിനോട് നടത്തിയ വെളിപ്പെടുത്തലുകളിലെ കാര്യങ്ങളും ചോദ്യംചെയ്യലിൽ ഉൾപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

ആദ്യം ദിലീപ് നൽകിയ പരാതിയിൽ മൊഴിയെടുത്ത ശേഷം 3.45ന് ശേഷം മൊഴിയെടുക്കലിന്റെ ആദ്യഘട്ടം പിന്നിട്ടു. പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷമാണ് പൊലീസ് തങ്ങളുടെ സംശയങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലിലേക്ക് കടന്നത്. തന്റെ കരിയർ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായ വിവരാണ് ദിലീപ് പറഞ്ഞതെന്നാണ് സൂചനകൾ. എഡിജിപി ബി.സന്ധ്യ, ആലുവ റൂറൽ എസ്‌പി എവി ജോർജ്, പെരുമ്പാവൂർ സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായിരുന്നു ദിലീപ് ഇന്നലെ വൈകിട്ടോടെ തേനിയിൽനിന്ന് കൊച്ചിയിലെത്തുകയും ഇന്ന് ഉച്ചയ്ക്ക് പൊലീസ് നിർദ്ദേശ പ്രകാരം മൊഴി നൽകാൻ എത്തുകയുമായിരുന്നു.

തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണ് ദിലീപ് പരാതി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിരുന്നില്ല. അന്ന് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നൽകിയിരുന്നത്. പക്ഷേ, ദിലീപിന് നൽകാനെന്ന പേരിൽ പൾസർ സുനി തയ്യാറാക്കിയതെന്ന് പറയുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടെ പരിഗണിച്ച് പൊലീസ് വിശദീകരണങ്ങൾക്കായി ദിലീപിനേയും നാദിർഷായേയും വിളിപ്പിച്ചത്. ഇതോടൊപ്പം നടിയെ ആക്രമിച്ച പ്രതി പൾസർ സുനി കഴിഞ്ഞദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ചർച്ചാ വിഷയമായി.

കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാൽ വിഷ്ണുവല്ല, പൾസർ സുനിതന്നെയാണ് ഫോൺ വിളിച്ചതെന്നു പിന്നാലെ കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ വൻ ഗൂഢാലോചന നടന്നോ എന്ന ചർച്ചയും കഴിഞ്ഞ കുറച്ചു ദിവസമായി സജീവ ചർച്ചയാണ്. ഇതിന് പിന്നാലെയാണ് ദിലീപിനെ തന്നെ ചോദ്യംചെയ്യാൻ പൊലീസ് തീരുമാനിക്കുന്നത്. ആലുവയിലെ വീട്ടിൽ നിന്നാണ് ദിലീപ് മൊഴി നൽകാനായി പൊലീസ് ക്ലബ്ബിൽ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നേരത്തെ ദിലീപിന് നോട്ടീസ് നൽകിയിരുന്നു.

ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിനു പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായ വെളിപ്പെടുത്തലും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നൽകണമെന്നും ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നും പല സമ്മർദവുമുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഇത്തരത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളുമാണ് ഉണ്ടാകുന്നത്. സിനിമാ ലോകത്തെ പലരും പ്രതികരണങ്ങളുമായി എത്തുകകൂടി ചെയ്തതോടെ വിഷയം കൂടുതൽ ചർച്ചയായി മാറുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP