Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപിന്റെ പരാതിയിൽ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് പറയുന്നത് പച്ചക്കള്ളം; 13 മണിക്കൂർ നേരം തുടർച്ചയായി ദിലീപിനെയും കൂട്ടുകാരനെയും പൊലീസ് ചോദ്യം ചെയ്തതു നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം തെളിയിക്കാൻ; അറസ്റ്റ് ചെയ്യാതെ പറഞ്ഞയച്ചത് ഉന്നത ഇടപെടൽ മൂലം

ദിലീപിന്റെ പരാതിയിൽ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് പറയുന്നത് പച്ചക്കള്ളം; 13 മണിക്കൂർ നേരം തുടർച്ചയായി ദിലീപിനെയും കൂട്ടുകാരനെയും പൊലീസ് ചോദ്യം ചെയ്തതു നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം തെളിയിക്കാൻ; അറസ്റ്റ് ചെയ്യാതെ പറഞ്ഞയച്ചത് ഉന്നത ഇടപെടൽ മൂലം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ അത്യന്തം സസ്‌പെൻസ് നിറഞ്ഞ എപ്പിസോഡായിരുന്നു ഇന്നലെ ആലുവ പൊലീസ് ക്ലബ്ബിൽ അരങ്ങേറിയത്. സംഭവത്തിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചു വരുത്തിയത് മുതൽ തുടങ്ങിയ സംഭവ വികാസങ്ങൾ ഇന്ന് പുലർച്ചെ 1.05 വരെ നീണ്ടു നിന്നു. പതിമൂന്ന് മണിക്കൂറോളോളമാണ് ജനനായകനെ പൊലീസ് ചോദ്യം ചെയ്തത്. താൻ നൽകിയ ബ്ലാക്‌മെയിൽ കേസിൽ മൊഴി നൽകാനാണെന്നും അല്ലാതെ, നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാനല്ലെന്നും പറഞ്ഞാണ് താരം പോയത്. എന്നാൽ, സംഭവിച്ചത് മറിച്ചായിരുന്നു. ആരോപണ വിധേയമായ കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായി പൊലീസ് ചോദിച്ചറിഞ്ഞു.

ചോദ്യം ചെയ്യൽ വേളയിൽ ദിലീപ് സഹകരിക്കാതെ വന്ന സാഹചര്യത്തിലാണ് പതിമൂന്ന് മണിക്കൂർ നേരത്തേക്ക് കാര്യങ്ങൾ നീങ്ങിയത്. മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന ദിലീപിന്റെ വാദം പച്ചക്കള്ളമാണെന്നാണ് വ്യക്തമാക്കുന്നതാണ് പൊതുവിൽ വ്യക്തമാകുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടി തന്നെയാണ് ദിലീപിന് വിളിപ്പിച്ചതെന്നാണ് പൊലീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ചോദ്യങ്ങളോട് താരം പലപ്പോഴും നിസ്സഹകരിച്ചു എന്നാണ് അറിയുന്നത്. ഈ നില തുടർന്നതോടെ താരത്തെ അറസ്റ്റു ചെയ്യാൻ പോലും പൊലീസ് ആലോചിച്ചിരുന്നു. എന്നാൽ, ഇങ്ങനെ സംഭവിച്ചാൽ അത് മലയാള സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുമെന്ന് കണ്ട് സിനിമാ രംഗത്തു നിന്നും വലിയ സമ്മർദ്ദങ്ങളുണ്ടായി. നടൻ സിദ്ദിഖ് നേരിട്ട് ആലുവ പൊലീസ് ക്ലബ്ബിലെത്തിയതും ഉന്നത ഇടപെടലിന്റെ തെളിവായി മാറി.

എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ നടന്നത്. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യൽ വ്യാഴാഴ്ച പുലർച്ചെ 1.05നാണു അവസാനിച്ചത്. അതേസമയം പുറത്തിറങ്ങിയ ശേഷവും ദിലീപ് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയായിരുന്നു. എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താൻ വളരെ ആത്മവിശ്വാസത്തിലാണെന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്നു കൊച്ചിയിൽ നടക്കുന്ന 'അമ്മ' ജനറൽ ബോഡിയിൽ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. ബുധനാഴ്ച ദിലീപ് ഇല്ലാതെയാണു അമ്മ എക്‌സിക്യുട്ടീവ് യോഗം ചേർന്നത്. ചെന്നൈയിൽ ആയതിനാൽ നടി രമ്യാ നമ്പീശനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇന്നു നടക്കുന്ന അമ്മ വാർഷികയോഗത്തിൽ നടി അക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യുമെന്നു ഇടവേള ബാബു അറിയിച്ചു. എക്‌സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയായതയി അദ്ദേഹം പറഞ്ഞിരുന്നു.

മൊഴി നൽകാനെത്തിയ ദിലീപും നാദിർഷയും 12 മണിക്കൂറുകൾക്കു ശേഷവും പുറത്തുവരാത്തതിനെ തുടർന്നു നടൻ സിദ്ദിഖ് ആലുവ പൊലീസ് ക്ലബിൽ എത്തിയപ്പോൾ. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ദിലീപിനേയും നാദിർഷയേയും പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയത്. നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ മൊഴിയെടുക്കാനാണു വിളിച്ചുവരുത്തിയതെന്നായിരുന്നു ആദ്യവിവരം. പിന്നീടാണു നടിയെ ആക്രമിച്ചതുമായും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുകയാണെന്ന സൂചനകൾ പുറത്തുവന്നത്. പുലർച്ചെ 1.05 ഓടെയാണ് ദിലീപും നാദിർഷായും ആലുവ പൊലീസ് ക്ലബിനു പുറത്തെത്തിയത്. വിശദമായ മൊഴിയെടുക്കലാണു നടന്നതെന്നു ദിലീപ് പറഞ്ഞു.

'പൊലീസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസുമായി സംസാരിച്ചു. ചോദ്യം ചെയ്യലല്ല നടന്നത്. വിശദമായ മൊഴിയെടുക്കലാണ്. സത്യം പുറത്തു വരേണ്ടതു തന്റെയും ആവശ്യമാണ്'- ദിലീപ് പറഞ്ഞു. അതേസമയം, ദിലീപിനും നാദിർഷയ്ക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കേസ് അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കിൽ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറൽ എസ്‌പി എ.വി. ജോർജ് പറഞ്ഞു

മൊഴി നൽകാനെത്തിയ ദിലീപും നാദിർഷയും 12 മണിക്കൂറുകൾക്കു ശേഷവും പുറത്തുവരാത്തതിനെ തുടർന്നു നാദിർഷയുടെ സഹോദരൻ സമദ് ആലുവ പൊലീസ് ക്ലബിൽ എത്തിയപ്പോൾ. ദിലീപിനേയും നാദിർഷയേയും 12 മണിക്കൂറുകൾക്കു ശേഷവും വിട്ടയയ്ക്കാത്തതിനെത്തുടർന്നു നടൻ സിദ്ദിഖ് ആലുവ പൊലീസ് ക്ലബിൽ എത്തിയിരുന്നു. അദ്ദേഹത്തിനു പക്ഷേ ഇരുവരെയും കാണാനായില്ല. ആരും വിളിച്ചിട്ടുവന്നതല്ലെന്നും സഹപ്രവർത്തകൻ എന്ന നിലയ്ക്കു വന്നതാണെന്നും സിദ്ദിഖ് പറഞ്ഞു. രണ്ടോമൂന്നോ മണിക്കൂറിനുശേഷം മൊഴി നൽകി പുറത്തുവരുമെന്നു കരുതിയ ദിലീപിനേയും നാദിർഷയെയും ഇത്ര നേരമായിട്ടും കാണാത്തതിനെ തുടർന്നാണു എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ഇരുവരെയും കാണാനാവില്ലെന്നു പൊലീസ് അറിയിച്ചതിനെത്തുടർന്നു സിദ്ദിഖ് മടങ്ങി. നാദിർഷയുടെ സഹോദരൻ സമദും പൊലീസ് ക്ലബിൽ സിദ്ദിഖിനൊപ്പം എത്തിയിരുന്നു. സമദിനെ പിന്നീടു ക്ലബിന് അകത്തേക്കു പൊലീസ് കൂട്ടിക്കൊണ്ടുപോയി. ദിലീപിനും നാദിർഷയ്ക്കും ഒപ്പമാണു സമദ് പുറത്തിറങ്ങിയത്.

ദിലീപിനെയും നാദിർഷയെയും ആദ്യം ഒന്നിച്ചിരുത്തിയും രണ്ടാം ഘട്ടത്തിൽ വെവ്വേറെ ഇരുത്തിയുമാണു പൊലീസ് മൊഴിയെടുത്തത്. ബ്ലാക്‌മെയിൽ, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുത്തതായാണു വിവരം. ഇരുവരും സഹകരിച്ചെന്നു പൊലീസ് അറിയിച്ചു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങൾ പറഞ്ഞെന്നാണു സൂചന. മൊഴി നൽകാനെത്തിയ ദിലീപും നാദിർഷയും 12 മണിക്കൂറുകൾക്കു ശേഷം ആലുവ പൊലീസ് ക്ലബിൽനിന്നു പുറത്തിറങ്ങിയപ്പോൾ ''ഒരു കാര്യം തുറന്നു പറയാം, ആർക്കും വിഷമമൊന്നും തോന്നരുത്, ചിലരുടെ മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കാൻ എനിക്കു നേരമില്ല. എനിക്കു പറയാനുള്ളതു പൊലീസിനോടും കോടതിയോടും ഞാൻ പറഞ്ഞോളാം. എന്നെ പ്രതിയാക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാൻ പോകുന്നില്ല. ഞാനിപ്പോൾ പോകുന്നത് എന്റെ പരാതിയിൽ മൊഴി കൊടുക്കാനാണ്'' ദിലീപ് വ്യക്തമാക്കി.

എന്നാൽ, പൊലീസ് ക്ലബ്ബിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി വലിയ തോതിൽ ഇടപെടൽ നടന്നു എന്നാണ് പുറത്തുവരുന്ന സൂചന. ചോദ്യം ചെയ്യൽ അതേനിലയിൽ തുടർന്നുപോയാൽ അറസ്റ്റിലേക്ക് തന്നെയാണ് കാര്യങ്ങളെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് സിനിമാലോകം ഉണർന്നു പ്രവർത്തിച്ചത്. അമ്മയുടെ തലപ്പത്തുള്ളവർ തന്നെ ഇതിന് വേണ്ടി ഇടപെടൽ നടത്തി. അമ്മയുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ ദിലീപിനെ അനുവദിക്കണം. തിയേറ്റർ ഉടമകളുടെ സംഘടനയുടെ ഉദ്ഘാടനവും ഉണ്ട്. ഇവിടെ ദിലീപ് അനിവാര്യ ഘടകവുമാണ്. ഈ സംഘടനയുടെ പ്രസിഡന്റാണ് ദിലീപ്. ഈ പ്രത്യേക സാഹചര്യത്തിൽ ഇന്ന് തന്നെ വിട്ടയക്കണമെന്നായിരുന്നു താര സംഘടനയുടെ പ്രമുഖരുടെ ആവശ്യം. ഇത് ഭരണതലത്തിലെ ഉന്നതരുമായും സംസാരിച്ചു. ഇവരുടെ നിർദ്ദേശ പ്രകാരമാണ് പാതിരാത്രി ഒരുമണിയോടെ ചോദ്യം ചെയ്യൽ അവസാനിപ്പിക്കാൻ കാരണം.

ദിലീപിനേയും നാദീർഷായേയും ചോദ്യം ചെയ്യുന്നത് പൊലീസ് പൂർത്തിയാക്കിയിരുന്നില്ല. അതിന് മുമ്പാണ് വിട്ടയക്കേണ്ടി വന്നതെന്ന സൂചന പൊലീസും നൽകുന്നുണ്ട്. ഇനിയും വിളിച്ചുവരുത്തുമെന്ന് പറഞ്ഞതിലൂടെ ഇക്കാര്യം വ്യക്തമാണ് താനും. ഉന്നതതസ ചർച്ചകൾക്കൊടുവിലാണ് ദീലീപിനേയും നാദിർഷായേയും വിട്ടയയ്ക്കാൻ തീരുമാനിച്ചത്. ഇരുവരും പൊലീസ് ക്ലബ്ബിൽ തുടർന്നാൽ ഇവരെ കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യവും ഉണ്ടായേനെ. ഓരാളെ പൊലീസ് ചോദ്യം ചെയ്യൽ തുടങ്ങിയാൽ 24 മണിക്കൂറിനകം അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കേണ്ട സാഹചര്യം ഉരുത്തിരിയും. അതായത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണി കഴിഞ്ഞാൽ ദിലീപിനേയും നാദിർഷായേയും ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി അനിവാര്യമാണ്. ഇത് മനസ്സിലാക്കിയാണ് അമ്മയിലെ ചില മുതിർന്ന അംഗങ്ങൾ ഇടപെട്ടത്.

ദിലീപിനെ വിട്ടയക്കുമെന്ന സൂചന കിട്ടിയ ശേഷമാണ് നടൻ സിദ്ദിഖ് പൊലീസ് ക്ലബ്ബിലെത്തിയത്. നാദിർഷായുടെ സഹോദരനും ഈ സൂചന കിട്ടി. ആദ്യഘട്ടത്തിൽ പൊലീസ് ഇരുവരേയും പൊലീസ് ക്ലബ്ബിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അപ്പോഴും പുറത്ത് കാത്തു നിന്നത് ദിലീപിന്റെ മോചനത്തിൽ ഉറപ്പ് കിട്ടയതു കൊണ്ട് മാത്രമാണ്. നടിയെ ആക്രമിച്ച കേസിൽ താര സംഘടനയായ അമ്മ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതിലെ ഗൂഢാലോചന മഞ്ജു വാര്യർ ചർച്ചയാക്കിയതോടെ എല്ലാം അവസാനിപ്പിച്ചു. ഒരു ഗൂഢാലോചനയുമില്ലെന്ന് മുഖ്യമന്ത്രി അന്ന് പ്രഖ്യാപിച്ചതോടെ എല്ലാം താര സംഘടന മറുന്നു. പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ നിർണ്ണായകമായി.

എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്‌പി കെ.എസ്. സുദർശൻ,ആലുവ റൂറൽ എസ്‌പി എ.വി ജോർജ്,അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.ഐ ബൈജു പി പൗലോസ്് എന്നിവരാണ് ഇവരെ ചോദ്യം ചെയ്തത്. ആലുവ പൊലീസ് ക്ലബിൽ ഉച്ചയ്ക്ക് 12.30 മണിക്കാണ് മൊഴിയെടുക്കലും ചോദ്യംചെയ്യലും ആരംഭിച്ചത്. തന്റെ സിനിമജീവിതം തകർക്കാൻ ശ്രമിക്കുന്ന ചിലരെക്കുറിച്ച് ദിലീപ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായും തെളിവുകൾ കൈമാറിയതായും സൂചനയുണ്ട്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായിരുന്ന ദിലീപ് ഇന്നലെ വൈകിട്ടോടെ തേനിയിൽനിന്ന് കൊച്ചിയിലെത്തിയത്. ദിലീപിന്റെ പേര് പറയാതിരിക്കാൻ നാദിർഷായെയും തന്റെ ഡ്രൈവർ അപ്പുണ്ണിയെയും വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്മെയിലിങ്ങിന് ശ്രമിച്ചതായി കാണിച്ച് ദിലീപ് ഫെബ്രുവരിയിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

എന്നാൽ, അപ്പുണ്ണിയുമായി ഫോണിൽ സംസാരിച്ചത് ജയിലിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയാണെന്ന് പിന്നീട് കണ്ടെത്തി. ഈ പരാതിയിൽ ദിലീപിന്റെ മൊഴിയെടുക്കാനാണ് മൂവരെയും പൊലീസ് വിളിച്ചുവരുത്തിയത്. ദിലീപിന്റെ പരാതിക്ക് പുറമെ സംഭവത്തിലെ ഗൂഢാലോചന, കത്തിലൂടെയും പൊലീസിനോട് നേരിട്ടും പൾസർ സുനി ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങി കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുകയാണ് പൊലീസ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP