Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി എൻഐഎ; ഹർത്താലിനിടെ ബസ് കത്തിച്ചവരെ രക്ഷിക്കാൻ പൊലീസുകാരൻ നേരിട്ട് ഇടപെട്ടതും ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസി; പൊലീസുകാരന്റെ മൊഴിയിലും വെളിപ്പെടുത്തലുകൾ; കേരളാ പൊലീസിൽ 'പച്ചവെളിച്ചം' ടീം സജീവം; ഓപ്പറേഷൻ ഒക്ടോപ്പസ് അടുത്ത ഘട്ടത്തിലേക്ക്

സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി എൻഐഎ; ഹർത്താലിനിടെ ബസ് കത്തിച്ചവരെ രക്ഷിക്കാൻ പൊലീസുകാരൻ നേരിട്ട് ഇടപെട്ടതും ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസി; പൊലീസുകാരന്റെ മൊഴിയിലും വെളിപ്പെടുത്തലുകൾ; കേരളാ പൊലീസിൽ 'പച്ചവെളിച്ചം' ടീം സജീവം; ഓപ്പറേഷൻ ഒക്ടോപ്പസ് അടുത്ത ഘട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ പൊലീസിൽ 'പച്ച വെളിച്ചം' ടീം സജീവം. പൊലീസിലും തീവ്രവാദ സ്വഭാവമുള്ളവർ നുഴഞ്ഞു കയറിയെന്ന് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിപ്പോർട്ട് നൽകി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

പോപ്പുലർഫ്രണ്ട് ബന്ധമുള്ളതായി കരുതുന്ന പട്ടികയിലുള്ള സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്‌ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്‌പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജൻസികളുടെ നിരീക്ഷണ വലയത്തിലുള്ളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്.

പോപ്പുലർഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള ഹർത്താലിൽ കെ എസ് ആർ ടി സി ബസ് കത്തിച്ചവരെ പൊലീസുകാരൻ സഹായിച്ചുവെന്നതിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് പോപ്പുലർ ഫ്രണ്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചത്. ഇയാൾ മുമ്പും സമാന സംശയങ്ങളിൽ പെട്ടിരുന്നു. ഇയാളെ വിളിച്ചു വരുത്തി എൻഐഎ മൊഴി എടുത്തു. അതിന് ശേഷമാണ് പൊലീസിലെ തീവ്രവാദികളെ കുറിച്ചുള്ള റിപ്പോർട്ട് എൻഐഎ അന്തിമമായി തയ്യാറാക്കിയത്. കേരളത്തിലെ നേതാക്കളെ കൊലപ്പെടുത്താനായി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിന് പിന്നിലും ചില പൊലീസ് സഹായങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.

പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയത് ഓപ്പറേഷൻ ഒക്ടോപ്പസ് എന്ന പദ്ധതിയായിരുന്നു. അതീവ രഹസ്യമായി ഇത് നടപ്പാക്കി. വിവരം ചോരാതിരിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. ഇനി ഇവർക്ക് സഹായം ചെയ്തവരെ കണ്ടെത്തുകയാണ് കേന്ദ്ര ഏജൻസിയുടെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. ഓപ്പറേഷൻ ഓക്ടോപ്പസ് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സാരം.

പൊലീസ് സേനയിൽ പോപ്പുലർ ഫ്രണ്ട് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയത് മുമ്പ് ചർച്ചയായിരുന്നു. എന്നാൽ ആർക്കെതിരേയും നടപടി വന്നില്ല. ഉന്നത ഇടപെടലായിരുന്നു ഇതിന് കാരണം. അടൂർ കെ എ പി തേർഡ് ബറ്റാലിയൻ ക്യാമ്പിലെ 20ലേറെ പേർ അടങ്ങുന്ന പൊലീസുകാരാണ് പച്ചവെളിച്ചം എന്ന വാട്സ് ആപ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നതെന്ന വാർത്തയും ചർച്ചയായി. അഭിഷ്, റിയാസ്, അനസിലാൽ; നിജുമുദീൻ; നിസാമുദീൻ എന്നിവർ അടങ്ങുന്ന 12 പൊലീസുകാർ എയർപോർട്ട് ഡ്യൂട്ടിക്ക് നിർബന്ധം പിടിച്ചതിൽ ദുരുഹത തോന്നിയ ബറ്റാലിയൻ ഐ ജി ഷെഫിൻ അഹമ്മദ് സൈബർ സെല്ലിനും രഹസ്യ അന്വേഷണ ഏജൻസിക്കും വിവരം നൽകി .തുടർന്ന് അന്വേഷണ ഏജൻസിയുടെ പരിശോധനയിലാണ് വിവരം സ്ഥിരീകരിച്ചത് .

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇത്തരക്കാർ സംസ്ഥാന പൊലീസിൽ തന്നെ കടന്നു കൂടിയിരിക്കുന്നവെന്ന ആശങ്ക വലിയ ചർച്ചയായി. എന്നാൽ ആരും നടപടി എഠുത്തില്ല. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ മേഖലയിലെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്‌ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു. ഇതും പച്ചവെളിച്ചെ ഇഫക്ടായിരുന്നു. ഈ ഗ്രൂപ്പിലുള്ള പൊലീസുകാർ എല്ലാം കേന്ദ്ര ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കേസന്വേഷണത്തിന്റെ വിവരങ്ങൾ ചോർത്തി നൽകിയ രണ്ട് രഹസ്യാനേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി നേരിടേണ്ടി വന്നിരുന്നു. കോഴിക്കോട് ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരെ മലപ്പുറം എം എസ് പി ക്യാമ്പിലേക്ക് മാറ്റി. ഏലിയറ മല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ കെ കെ ഷാജിക്കു നേരെ 2019 ഒക്ടോബർ 12 നു കൊലപാതക ശ്രമം നടന്നിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഷാജിയെ ഓട്ടം വിളിച്ചു കൊണ്ട് പോയി അക്രമിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റ വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയ പൊലീസുദ്യോഗസ്ഥർക്ക് നേരെയാണ് അന്ന് നടപടി വന്നത്.

രഹസ്യാനേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിപ്പറമ്പ സ്വദേശിയായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ചാത്തമംഗലം സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ എന്നിവർക്കെതിരെയായിരുന്നു നടപടി. ഷാജിയെ ആക്രമിച്ച മൂന്ന് അംഗ പോപുലർ ഫ്രണ്ട് സംഘത്തിനെതിരെ അന്വേഷണം നീങ്ങിയ ഘട്ടത്തിൽ ഉദ്യോഗസ്ഥർ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നായിരുന്നു ആരോപണം. ഇതൊന്നും വലിയ നടപടികളിലേക്ക് എത്തിയില്ല. അന്ന് കൊലപാതകക്കേസിൽ മായനാട് പുനത്തിൽ അബ്ദുല്ല, ചായിച്ചൻ കിണ്ടിയിൽ അബ്ദുൾ അസീസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി മുൻ കൂർ ജാമ്യം നേടി ഒളിവിൽ പോയിരുന്നു.

പൊലീസുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയതോടെയാണ് ഇവരുടെ ഭീകര സംഘടനാ ബന്ധം അന്വേഷണ സംഘത്തിന് മനസ്സിലായത്. ഇതോടെയാണ് നടപടി വന്നത്. പൊലീസ് സേനയിലെ പച്ച വെളിച്ചം ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിന് ശേഷം ഈയിടെ നടന്ന ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് കേരളത്തിലുടനീളം നടത്തിയ അക്രമങ്ങളെപ്പറ്റി വിശദമായ റിപ്പോർട്ട് നല്കാൻ കേന്ദ്ര സർക്കാർ കേരളത്തോടു നിർദ്ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.

രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരേ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി നൂറിലേറെ പേരെ അറസ്റ്റു ചെയ്തിട്ടും കേരളത്തിൽ മാത്രമാണ് ഹർത്താലും വലിയ തോതിലുള്ള അക്രമങ്ങളും നടന്നതെന്നു കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ചത്തെ ഹർത്താലിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പോപ്പുലർ ഫ്രണ്ടുകാർ അക്രമം അഴിച്ചുവിട്ടിരുന്നു. 70 കെഎസ്ആർടിസി ബസ്സുകൾ തകർത്ത അവർ ഇതര വാഹനങ്ങളും ആക്രമിച്ചു. പത്തു ഡ്രൈവർമാരും പൊലീസുകാരും അടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്. സംഭവത്തോടനുബന്ധിച്ച് പൊലീസ് 281 കേസുകളാണ് എടുത്തിട്ടുള്ളത്.

പോപ്പുലർ ഫ്രണ്ടിന്റെ അക്രമം നേരിടുന്നതിൽ സംസ്ഥാന പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് സൂചന. മിന്നൽ ഹർത്താലിൽ അക്രമങ്ങൾക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നല്കിയതാണ്. മുമ്പും പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലുകൾ അക്രമാസക്തമായിരുന്നു. അതുപോലെ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പ് ആഭ്യന്തര വകുപ്പ് അവഗണിച്ചെന്നാണ് സംശയിക്കേണ്ടത്. പലയിടങ്ങളിലും പൊലീസ് തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമ റിപ്പോർട്ടുകളിലുണ്ട്. കൺമുമ്പിൽ അക്രമങ്ങൾ നടന്നിട്ടും പൊലീസ് ലാത്തിയും തൂക്കി നിൽക്കുന്ന വീഡിയോകളാണ് പുറത്തു വന്നിട്ടുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് സംശയമുള്ളവരുടെ പട്ടിക കേരളാ പൊലീസിന് എൻഐഎ കൈമാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP