Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അമ്മായിയമ്മയുടെ പോരുകാരണം ഏഴാംമാസത്തിൽ അബോർഷനായി; എന്നിട്ടും പിടിച്ചുനിന്ന രാഖിക്ക് തന്നെ പടിയിറക്കി വിടാനുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും തീരുമാനം താങ്ങാനായില്ല; യുവതിയുടെ മരണത്തിൽ സൈനികനായ ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസ്

അമ്മായിയമ്മയുടെ പോരുകാരണം ഏഴാംമാസത്തിൽ അബോർഷനായി; എന്നിട്ടും പിടിച്ചുനിന്ന രാഖിക്ക് തന്നെ പടിയിറക്കി വിടാനുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും തീരുമാനം താങ്ങാനായില്ല; യുവതിയുടെ മരണത്തിൽ സൈനികനായ ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസ്

തിരുവനന്തപുരം: ഭർതൃ വസതിയിൽ യുവതിയുടെ ആത്മഹത്യക്കു പിന്നിൽ ദുരൂഹത ഏറുന്നു. സൈനികനായ ഭർത്താവിന്റെയും അയാളുടെ മാതാവിന്റെയും മാതൃസഹോദരന്റെയും കൊടിയ പീഡനമാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഒരു വർഷത്തിനു മുമ്പാണ് കരിങ്കുളം പഞ്ചായത്ത് അംഗം ഗീതാ കുമാരിയുടെയും രാജന്റെയും മകൾ രാഖി (24)യും പരശുവക്കൽ ശ്യാമളകുമാരിയുടെ മകൻ രാജീവും (30) തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനുശേഷം ഭർതൃ വീട്ടിലായിരുന്ന യുവതിക്ക് ഭർത്താവിന്റെ അമ്മയിൽ നിന്ന് കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് ആരോപണം.

സ്ത്രീധനം കുറഞ്ഞു പോയെന്നും എന്റെ മകന് ഇതിലും നല്ല ബന്ധം കിട്ടുമായിരുന്നു എന്നൊക്കെ പറഞ്ഞ് രാഖിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരുന്നതായി രാഖിയുടെ മാതാപിതാക്കൾ പരാതിപ്പെടുന്നു.

രാഖിയുടെ മരണത്തിന് ഉത്തരവാദിയായ ഭർത്താവ് രാജീവ്, അയാളുടെ മാതാവ് ശ്യാമള കുമാരി, മാതൃ സഹോദരൻ ചന്ദ്രൻ എന്നിവർക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ബന്ധുക്കളിൽ നിന്നും ശക്തമായി ഉയർന്നിട്ടുണ്ട്.

രാഖിയുടെ ബന്ധുക്കൾ പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ: വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം രാഖി ഗർഭം ധരിച്ചിരുന്നു. പിന്നീട് ആർമിയിൽ ജോലി നോക്കുന്ന ഭർത്താവ് രാജീവ് സ്ഥലത്ത് ഇല്ലാതിരുന്ന സമയങ്ങളിൽ മാതാവ് യുവതിയെ വളരെയധികം പീഡിപ്പിക്കുകയും ഏഴാം മാസത്തിൽ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തു. ഇതിനുശേഷം ഭർത്താവ് ജോലിക്ക് പോകുന്ന വേളയിൽ രാഖിയെ അവരുടെ വീട്ടിൽ നിർത്തിയിട്ട് പോവുകയായിരുന്നു.

നവംബർ 6ന് ലീവിന് നാട്ടിലെത്തിയ രാജീവ് വീണ്ടും രാഖിയേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. മാതാവിന്റെ തീരുമാന പ്രകാരം രാഖിയുമായി അകൽച്ച പാലിക്കുകയും അവളെ ഉപേക്ഷിക്കാൻ തീരുമാനക്കുകയുമായിരുന്നു. രാഖിയോട് വീടുവിട്ടു പോകാൻ ഭർത്താവ് ആവശ്യപ്പെട്ടു. രാജീവിന്റെ അമ്മ രാഖിയുടെ വീട്ടിൽ വിളിച്ച് നിങ്ങളുടെ മകളെ കൂട്ടിക്കൊണ്ടു പോകണമെന്ന് പറഞ്ഞു. തുടർന്ന് രാഖിയുടെ അച്ഛനും അമ്മയും അവിടെ എത്തുകയും ചെയ്തു.

രാഖിയെ കുറിച്ചും രാഖിയുടെ മാതാപിതാക്കളെക്കുറിച്ചും ശ്യാമളകുമാരിയും ചന്ദ്രനും അസഭ്യം പറയുകയും, നിങ്ങളുടെ മകളെ എത്രയും വേഗം എന്റെ മകന്റെ തലയിൽ നിന്നും ഒഴിപ്പിച്ചു തരണമെന്നും, ഈ ബന്ധം തന്റെ മകന് താത്പര്യമില്ലെന്നും പറഞ്ഞു. എന്നാൽ രാഖി പോകാൻ തയ്യാറായിരുന്നില്ല. ഈ സംഭവത്തിൽ മനംനൊന്ത് രാഖി റൂമിൽ കയറി വാതിൽ അടയ്ക്കുകയും ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്കു ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടു ദിവസം വെന്റിലേറ്ററിലായിരുന്ന രാഖിയുടെ ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ചയോടു കൂടി രാഖി മരിച്ചു

പാറശാല പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് നടപടിയെ മുന്നിൽ കണ്ട് രാജീവും മാതാവും സഹോദരനും ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം. ഇവർക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP