Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

തുടർപഠനത്തിന് പണം കണ്ടെത്താൻ ഫാൻസി ഷോപ്പിൽ ജോലിക്ക് കയറിയ കൗമാരക്കാരന് രണ്ട് മാസം തൊഴിലെടുത്തിട്ടും ശമ്പളം ലഭിച്ചില്ല; പണം ചോദിച്ചപ്പോൾ ഒരോ കാരണം പറഞ്ഞ് കബളിപ്പിച്ചു; ഫോൺ എടുക്കാതായപ്പോൾ വീട്ടിൽ പോയിപ്പോൾ ആളില്ലെന്ന് മറുപടി; വൈകുന്നേരമായപ്പോൾ ക്വട്ടേഷൻ സംഘങ്ങൾക്ക് ഒപ്പമെത്തി കൈ തല്ലിയൊടിച്ചു; ഫാൻസി ഷോപ്പ് ഉടമക്കെതിരെ കേസെടുത്തു പൊലീസ്

തുടർപഠനത്തിന് പണം കണ്ടെത്താൻ ഫാൻസി ഷോപ്പിൽ ജോലിക്ക് കയറിയ കൗമാരക്കാരന് രണ്ട് മാസം തൊഴിലെടുത്തിട്ടും ശമ്പളം ലഭിച്ചില്ല; പണം ചോദിച്ചപ്പോൾ ഒരോ കാരണം പറഞ്ഞ് കബളിപ്പിച്ചു; ഫോൺ എടുക്കാതായപ്പോൾ വീട്ടിൽ പോയിപ്പോൾ ആളില്ലെന്ന് മറുപടി; വൈകുന്നേരമായപ്പോൾ ക്വട്ടേഷൻ സംഘങ്ങൾക്ക് ഒപ്പമെത്തി കൈ തല്ലിയൊടിച്ചു; ഫാൻസി ഷോപ്പ് ഉടമക്കെതിരെ കേസെടുത്തു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: തുടർ പഠനത്തിന് പണം കണ്ടെത്താൻ ജോലിക്ക് പോയ പതിനേഴുകാരന് കൂലി ചോദിച്ചതിന്റെ പേരിൽ കടയുടമയും ഗുണ്ടകളും മർദ്ദിച്ച് അവശനാക്കി കൈ തല്ലിയൊടിച്ചു. ഓച്ചിറ വലിയകുളങ്ങര അറ്റത്ത് ശ്രീജിത്തി(17)നെയാണ് കടയുടമയുടെ കൊട്ടേഷനിൽ ഗുണ്ടകൾ ആക്രമിച്ചത്. വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിൽ കൊണ്ടു പോയാണ് മർദ്ദിച്ചത്. മർദ്ദനത്തിന് ശേഷം കടയുടമ വീട്ടുകാരെ അസഭ്യം പറയാൻ പറയുകയും അത് മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ശ്രീജിത്തിന്റെ പരാതിയിൽ ഓച്ചിറ സ്വദേശി നിഷാദ്, കായംകുളം സ്വദേശിയും ക്വട്ടേഷൻ അംഗവുമായ ഷൈജു, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. നിഷാദിന് ഉത്സപറമ്പുകളിലും മറ്റും ഫാൻസി സാധനങ്ങളുടെ വിൽപ്പനയാണ്. നിഷാദിന്റെ ഫാൻസി ഷോപ്പിൽ ജോലിക്ക് നിന്നതായിരുന്നു ശ്രീജിത്ത്. രണ്ട് മാസത്തിലധികം ജോലി ചെയ്തതിന്റെ കൂലി കിട്ടാതിരുന്നത് ചോദിച്ചതിനാണ് നിഷാദും ഗുണ്ടകളും ചേർന്ന് ശ്രീജിത്തിനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ചത്.

സംഭവത്തെ പറ്റി ശ്രീജിത്ത് പറയുന്നതിങ്ങനെ: രണ്ട് മാസമായി കിട്ടാനുള്ള ശമ്പളം ചോദിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് പിന്നീട് തരമാമെന്ന് പറഞ്ഞ് നിഷാദ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ അടുത്തിടെയായി ഫോൺ എടുക്കാതായതോടെ നിഷാദിന്റെ വീട്ടിൽ പലതവണ ശമ്പളം ചോദിച്ച് ചെന്നിരുന്നു. എന്നാൽ നിഷാദ് അവിടെയുണ്ടായിരുന്നില്ല. അങ്ങനെ കഴിഞ്ഞ 7 ന് നിഷാദിന്റെ വീട്ടിൽ ശമ്പളം ചോദിച്ച് എത്തിയപ്പോഴും അവിടെ ഇല്ലെന്ന് വീട്ടുകാർ പറഞ്ഞു. വൈകിട്ട് താൻ വീണ്ടും വരുമെന്നും അപ്പോൾ രൂപ വാങ്ങി വയ്ക്കണമെന്നും വീട്ടുകാരോട് പറഞ്ഞ് ഞാൻ മടങ്ങി.

അന്ന് വൈകിട്ട് അഞ്ചരമണിയോടെ ഷൈജുവും കണ്ടാലറിയാവുന്ന ഒരാളും വീട്ടിലെത്തുകയും പൈസ തരാനാണ് എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി. അവർ വന്ന ബൈക്കിൽ കയറ്റുകയും വീട്ടിൽ വന്ന് പൈസ ചോദിക്കുമോടാ എന്ന് ചോദിച്ച് ഷൈജു മർദ്ദിക്കാൻ തുടങ്ങി. കൃഷ്ണപുരം പാലത്തിന് കീഴിൽ കൊണ്ടു പോയി തലയ്ക്കും ശരീരത്തിലും ക്രൂരമായി മർദ്ദിച്ചു. പൈസ ചോദിച്ച് ഉനി മേലിൽ വീട്ടിൽ വരരുത് എന്ന് താക്കീത് നൽകുകയും അവിടെ നിന്നും നിഷാദിന്റെ വീട്ടിലേക്ക് കൊണ്ടു പോയി വീണ്ടും മർദ്ദിച്ചു. വീട്ടിൽ വന്ന് പണം ചോദിച്ചതിന് നിഷാദിന്റെ ബാപ്പയോട് കാലിൽ വീണ് മാപ്പ് പറയാൻ ആവിശ്യപ്പെടുകയും ചെയ്തു. ഗത്യന്തരമില്ലാതെ നിഷാദിന്റെ ബാപ്പയുടെ കാലിൽ വീണ് മാപ്പു പറയുകയും ഇനി വീട്ടിലേക്ക് വരില്ല എന്നും പറഞ്ഞു. പിന്നീട് ഇക്കാര്യം പൊലീസിൽ പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി.

പൊലീസിൽ പരാതി നൽകുകയാണെങ്കിൽ കാണിക്കാനാണ് എന്ന് പറഞ്ഞ് നിഷാദും ഷൈജുവും ചേർന്ന് എന്നെ കൊണ്ട് വീട്ടുകാരെ അസഭ്യം പറയാൻ പറയുകയും അത് മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് അവിടെ നിന്നും ബൈക്കിൽ തന്നെ ഓച്ചിറ മരുതവന ഓഡിറ്റോറിയത്തിനടുത്തുകൊണ്ട് വന്ന് തള്ളിയിട്ടു. അവിടെ വച്ചും മർദ്ദിച്ചു. പിന്നീട് അടുത്തുള്ള ഒരു കടയിൽ നിന്നും വെള്ളം കുടിക്കാൻ വാങ്ങി തന്നിട്ട് അവർ പോയി. ദേഹമാസകലം വേദനയും കയ്യിലെ നീരും കൊണ്ടാണ് ആശുപത്രിയിൽ പോയത്. അവിടെ വച്ച് കൈക്ക് പൊട്ടലുണ്ടെന്ന് അറിഞ്ഞു. പിന്നീട് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു എന്നും ശ്രീജിത്ത് പറയുന്നു.

നിർദ്ധന കുടുംബത്തിലെ അംഗമാണ് പതിനേഴുകാരനായ ശ്രീജിത്ത്. പിതാവ് മരിച്ചതോടെ മാതാവ് കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിയുന്നത്. അതിനാൽ പത്താം ക്ലാസ് കഴിഞ്ഞ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. എങ്ങനെയും കുറച്ചു പണം ഉണ്ടാക്കി ഐ.ടി.ഐയിൽ പഠിക്കാൻ പോകണം എന്ന ഉദ്ധേശത്തോടെയാണ് ശ്രീജിത്ത് നിഷാദിന്റെ കടയിൽ ജോലിക്ക് പോയത്. കേസ് കൊടുത്തിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഉണ്ടയിട്ടില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്ന് ശ്രീജിത്ത് പറയുന്നു. പരാതി കൊടുത്തതിന്റെ പേരിൽ നിഷാദ് ഭീഷണിയുമായി വീണ്ടും എത്തിയെന്നും ശ്രീജിത്ത് പറയുന്നു. ശ്രീജിത്തിന്റെ പഠിക്കാനുള്ള സ്വപ്നം ഇതോടു കൂടി ഇല്ലാതാവുകയാണ്.

അതേ സമയം നിഷാദ് സ്ഥിരമായി തന്റെ ഷോപ്പിൽ കുട്ടികളെ നിർത്തി ജോലിയെടുപ്പിക്കുകയും പണം കൊടുക്കാതിരിക്കുന്നതും പതിവാണെന്നുമുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഷൈജു സ്‌ക്കൂൽ കുട്ടികൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുകയും ഒരു ഭാഗത്തിന്റെ കയ്യിൽ നിന്നും പണം വാങ്ങി എതിർഭാഗത്തെ മർദ്ദിക്കുകയും ചെയ്യുന്ന രീതി ഉള്ളതായും വിവരമുണ്ട്. കൂടാതെ ഓച്ചിറ ടൗണിലെ സ്ഥിരം തലവേദയായ ഇയാൾക്കെതിരെ പൊലീസ് ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപവുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP