Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202302Monday

സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിൽ പിടിവീഴുമോ? പരിശോധന കർശനമാക്കാൻ പൊലീസ്; സിനിമ സെറ്റുകളിൽ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; സിനിമ രംഗത്തുള്ളവർ പിന്തുണയ്ക്കുന്നെന്നും കെ. സേതുരാമൻ

സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിൽ പിടിവീഴുമോ? പരിശോധന കർശനമാക്കാൻ പൊലീസ്; സിനിമ സെറ്റുകളിൽ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; സിനിമ രംഗത്തുള്ളവർ പിന്തുണയ്ക്കുന്നെന്നും കെ. സേതുരാമൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗമുണ്ടെന്ന പരാതിയിൽ പരിശോധന കർശനമാക്കാൻ പൊലീസ്. പരിശോധന കർശനമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ അറിയിച്ചു. ലൊക്കേഷനുകളിൽ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകും. നിയമലംഘകർക്കെതിരേ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേർന്നിരുന്നതായും കമ്മിഷണർ പറഞ്ഞു.

സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിക്കില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. എന്നാൽ എല്ലാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതൽ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകും. സിനിമാ രംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. അതേസമയം എക്സൈസും ലഹരി ഉപയോഗിക്കുന്ന സംഘത്തെ രഹസ്യമായി നിരീക്ഷിക്കും.

ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ലഭിച്ചാൽ മൊഴിയെടുക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. ലഹരിയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലാണ്. സിനിമ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിലും ലഹരി ഉപയോഗം വ്യാപകമാണ്. ലഹരി ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടേണ്ടിവരും. ലഹരി ഉപയോഗിക്കുന്നവർ സ്വയം ഉണരണമെന്നും കമീഷണർ പറഞ്ഞു.

ടിനി ടോം, ബാബുരാജ് ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ നേരത്തേ സിനിമാ രംഗത്തെ രൂക്ഷമായ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താരസംഘടനയായ അമ്മയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് അംഗത്വം നൽകില്ലെന്ന നിയമഭേദഗതി തന്നെയുണ്ട്. എന്നിട്ടും ഈ രംഗത്തെ ലഹരി ഉപയോഗം ഇല്ലാക്കാനാവുന്നില്ല. ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ലിസ്റ്റ് തന്നെയുണ്ടെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു.

കൊച്ചി നഗരത്തിലെ ലഹരി ഇടപാടുകളെക്കുറിച്ച് വിശദമായി പഠിച്ച പൊലീസ് സംഘം 3000 ലേറെ കാരിയർമാരുടെ ഫോൺ നമ്പറുകൾ കണ്ടെത്തിയിരുന്നു. ഇവരുമായി സജീവമായി ഇടപെടുന്ന 300 പേരുടെ ചുരുക്കപ്പട്ടികയും തയാറാക്കിയപ്പോൾ പൊലീസ് ശരിക്കും ഞെട്ടുകയുണ്ടായി. ഇവയിലെല്ലാം സിനിമ പ്രവർത്തകരുടെ പേരുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, സിനിമാക്കാരിലേക്ക് അന്വേഷണം എത്തുമ്പോൾ എല്ലാം വഴിമാറിപ്പോകുന്ന അവസ്ഥയാണുള്ളത്.

ഇതിനിടെ ടിനി ടോമിന്റെ വെളിപ്പെടുത്തലും സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി. മകനെ സിനിമയിൽ അഭിനയിക്കാൻ വിടാഞ്ഞത് ലഹരി ഉപയോഗിക്കുമെന്ന ഭയം മൂലമാണെന്നും ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചുപോയ താരത്തെ തനിക്കറിയാമെന്നും നടൻ ടിനി ടോം തുറന്നടിച്ചത് പൊതുസമൂഹത്തെ ശരിക്കും ഞെട്ടിക്കുകയുണ്ടായി.

താരങ്ങളുടെ ലഹരി ഉപയോഗത്തെ ന്യായീകരിക്കാനില്ല എന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. സംഘടനയുടെ പുതിയ നിയമഭേദഗതിയിൽ ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ മദ്യത്തിനോ ലഹരി മരുന്നിനോ അടിമപ്പെടാൻ പാടില്ലാത്തതാണെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും നിർദ്ദേശമുണ്ട്. കർശനമായ പരിശോധനകൾക്കു ശേഷം മാത്രം പുതിയ അംഗങ്ങളെ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് അമ്മ. 14 അംഗ എക്സിക്യൂട്ടീവ് ഏകകണ്ഠമായി അംഗീകരിച്ചാൽ മാത്രമേ ഇപ്പോൾ അംഗത്വം നൽകാൻ കഴിയൂ. പ്രശ്നങ്ങൾ ഉണ്ടായതിനു തൊട്ടു പിന്നാലെ ശ്രീനാഥ് ഭാസിയും മറ്റും അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും മറുപടി നൽകിയിട്ടില്ല.

ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ട് എന്നവകാശപ്പെട്ട നിർമ്മാതാക്കൾ ഇക്കാര്യത്തിൽ പരസ്യമായ ഏറ്റുമുട്ടലിന് തൽക്കാലം തയാറല്ല. ലഹരിക്കാരുമായി തൽക്കാലം അകലം പാലിക്കാനാണ് തീരുമാനം. എന്നാൽ സെറ്റിൽ പൊലീസോ എക്സൈസോ നിയമാനുസൃത പരിശോധന നടത്തിയാൽ എതിർക്കില്ല. ലഹരി ഉപയോഗം സംബന്ധിച്ച് നിർണായക വിവരം കിട്ടിയ എക്സൈസ് സംഘം പ്രമുഖ നടന്റെ കാറിന്റെ അരികിൽ വരെയെത്തി എന്ന ബാബുരാജിന്റെ അഭിമുഖവും സജീവ ചർച്ചയായിട്ടുണ്ട്. പലരും ലഹരി ഉപയോഗിക്കുന്നത് പരസ്യമായാണെന്നും ബാബു വെളിപ്പെടുത്തുന്നു.

ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യാതിഥിയായി എത്തിയ ടിനി ടോം പ്രമുഖ താരങ്ങളുടെ ശബ്ദം അനുകരിച്ച് സദസ്സിനെ കയ്യിലെടുത്തു. ഇതിനൊപ്പമാണ് ലഹരിയിലെ വെളിപ്പെടുത്തൽ.

''സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 161-8 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു'' ടിനി ടോം പറഞ്ഞു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി ടിനി ടോം പറഞ്ഞു.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ സർക്കാർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടനും അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ ടിനി ടോമിനെ മൊഴിയെടുക്കാൻ എക്‌സൈസ് വകുപ്പ് വിളിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൈവശമുണ്ടെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിലാണു മൊഴിയെടുക്കൽ. ടിനിയുടെ മൊഴി എടുത്ത ശേഷം ആന്റണി പെരുമ്പാവൂരിനേയും വിളിപ്പിക്കും. നടൻ ബാബു രാജിന്റെ വെളിപ്പെടുത്തലും ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഈ മൊഴികളിൽ ബാബുരാജ് പറയുന്നതാകും കൂടുതൽ നിർണ്ണായകം. ഇതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തൽ ടിനി ടോം നടത്തുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക താരസംഘടനയുടെ കൈവശമുണ്ടെന്ന ആരോപണത്തിൽ നടൻ ബാബുരാജിനെയും എക്‌സൈസ് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കും. ഗുരുതര ആരോപണമാണ് ബാബു രാജ് ഉന്നയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP