Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവംബറിൽ സ്‌കൂളിൽ ഒരു ബർത്ത്‌ഡേ പാർട്ടി നടത്തിയതോടെ ചില കുട്ടികൾ നോട്ടപ്പുള്ളികളായി; മൊബൈൽ കണ്ടെടുത്തതോടെ അശ്വിൻ കൃഷ്ണ അടക്കം 11 വിദ്യാർത്ഥികൾ സംശയദൃഷ്ടിയിൽ; ഏഴു പേരെ പുറത്താക്കിയതിന് പുറമേ നാല് പേർക്ക് എതിരെ അച്ചടക്ക നടപടി; ലോക് ഡൗൺ കാലത്ത് മകനെ പുറത്താക്കിയതായി അശ്വിന്റെ അച്ഛന് പ്രിൻസിപ്പലിന്റെ ഫോൺകോൾ; എല്ലാം കേട്ടുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥി; റൂമിലേക്ക് പോയ 16 കാരൻ രാവിലെ വിളിച്ചിട്ടും ഉണർന്നില്ല; കഴക്കൂട്ടം സൈനിക് സ്‌കൂളിന് എതിരെ പരാതിയുമായി മാതാപിതാക്കൾ

നവംബറിൽ സ്‌കൂളിൽ ഒരു ബർത്ത്‌ഡേ പാർട്ടി നടത്തിയതോടെ ചില കുട്ടികൾ നോട്ടപ്പുള്ളികളായി; മൊബൈൽ കണ്ടെടുത്തതോടെ അശ്വിൻ കൃഷ്ണ അടക്കം 11 വിദ്യാർത്ഥികൾ സംശയദൃഷ്ടിയിൽ; ഏഴു പേരെ പുറത്താക്കിയതിന് പുറമേ നാല് പേർക്ക് എതിരെ അച്ചടക്ക നടപടി; ലോക് ഡൗൺ കാലത്ത് മകനെ പുറത്താക്കിയതായി അശ്വിന്റെ അച്ഛന് പ്രിൻസിപ്പലിന്റെ ഫോൺകോൾ; എല്ലാം കേട്ടുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥി; റൂമിലേക്ക് പോയ 16 കാരൻ രാവിലെ വിളിച്ചിട്ടും ഉണർന്നില്ല; കഴക്കൂട്ടം സൈനിക് സ്‌കൂളിന് എതിരെ പരാതിയുമായി മാതാപിതാക്കൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അശ്വിൻ കൃഷ്ണ (16) യുടെ ആത്മഹത്യ വിവാദമാകുന്നു. ഇന്നലെയാണ് തൃശൂരിലുള്ള വീട്ടിൽ അശ്വിൻ കൃഷ്ണ ആത്മഹത്യ ചെയ്തത്. ഒന്നാം നിലയിലെ റൂമിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടത്. സ്‌കൂൾ അധികൃതരിൽ നിന്നുമേറ്റ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് മരണം എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. അശ്വിൻ കൃഷ്ണയുടെ മരണത്തിനു കാരണക്കാരായ സ്‌കൂൾ അധികൃതർക്ക് എതിരെ തൃശൂർ പൊലീസ് സൂപ്രണ്ടിന് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. മകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വിരമിച്ച സൈനികനായ കെ.ഉണ്ണികൃഷ്ണന്റെയും നിഥയുടെയും മകനാണ് അശ്വിൻ കൃഷ്ണ. അനുകൃഷ്ണയാണ് സഹോദരി. സ്‌കൂളിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ദത്തെതുടർന്നാണ് അശ്വിൻ കൃഷ്ണയുടെ മരണം എന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. മരണം സ്‌കൂൾ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. മരണം അറിഞ്ഞു സ്‌കൂൾ അധികൃതർ വിളിക്കുകയോ അനുശോചനം രേഖപ്പെടുത്താൻ ആരെയും അയക്കുകയോ ചെയ്തിട്ടില്ല. മരണം മറച്ചു വെയ്ക്കുന്ന നടപടികളാണ് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വന്നത് എന്നാണ് അശ്വിന്റെ മാതാപിതാക്കളും ഒരു വിഭാഗം രക്ഷിതാക്കളും ആരോപിക്കുന്നത്.

അശ്വിൻ കൃഷ്ണയടക്കം പതിനൊന്നു വിദ്യാർത്ഥികൾക്ക് നേരെ സ്‌കൂൾ അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു. ഏഴു കുട്ടികളോട് ടിസി വാങ്ങാൻ നിർദ്ദേശിച്ചപ്പോൾ നാല് കുട്ടികൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് അറിയിച്ചത്. എഴുപേരെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായി സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ടിസി നൽകിയതുമില്ല. ഈ ഡിസംബറിൽ ക്ലാസ് അവസാനിക്കാനിരിക്കെയാണ് പാതിവഴിയിലുള്ള ഈ പുറത്താക്കൽ. കഴിഞ്ഞ ദിവസം സ്‌കൂൾ പ്രിൻസിപ്പാൾ അശ്വിന്റെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. പുറത്താക്കിയ തീരുമാനത്തിൽ മാറ്റമൊന്നുമില്ല ...വേറെ സ്‌കൂൾ തിരക്കണം എന്നാണ് പറഞ്ഞത്. പക്ഷെ കൊറോണ കാരണം ലോക്ക് ഡൗൺ തുടരവേ എന്ത് നിവൃത്തി എന്ന് പിതാവ് പ്രിൻസിപ്പാളിനോട് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമൊന്നുമില്ല എന്നാണ് പ്രിൻസിപ്പാൾ പ്രതികരിച്ചത്. ഈ ഫോൺ സംഭാഷണത്തിനു അശ്വിൻ ദൃക്‌സാക്ഷിയായിരുന്നു. ആ സമയത്ത് അവൻ പ്രതികരിച്ചില്ലെങ്കിലും ഇന്നലെ വീടിന്റെ ഒന്നാം നിലയിലെ ബെഡ് റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു.

അശ്വിന്റെ മരണം ബന്ധുക്കളെയും കഴക്കൂട്ടം സൈനിക് സ്‌കൂൾ വിദ്യാർത്ഥികളെയും നടുക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ സ്‌കൂളിൽ കുട്ടികൾ ഒരു ബർത്ത്‌ഡേ പാർട്ടി നടത്തിയിരുന്നു. ഇത് സ്‌കൂൾ അധികൃതർ വലിയ വിഷയമായി എടുത്തിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉള്ള കേക്ക് മുറിക്കൽ ചടങ്ങാണ് നടത്തിയത്. അന്ന് മുതൽ ചില കുട്ടികൾ നോട്ടപ്പുള്ളികൾ ആയി മാറി. ഇതിനു ശേഷമാണ് മൊബൈൽ ഫോൺ കണ്ടെടുത്ത പ്രശനം വരുന്നത്. മാർച്ചിലാണ് സ്‌കൂളിൽ നിന്നും ഒരു മൊബൈൽ ഫോൺ സ്‌കൂൾ അധികൃതർ കണ്ടെടുത്തത്. സൈനിക് സ്‌കൂളിൽ മൊബൈൽ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ഇത് സ്‌കൂൾ അധികൃതരെ രോഷം കൊള്ളിച്ചിരുന്നു. ഇതിനെ തുടർന്ന് ആഭ്യന്തര അന്വേഷണം വന്നിരുന്നു. ആരാണ് ഫോൺ കൊണ്ടുവന്നത് എന്ന് തെളിയിക്കാൻ സ്‌കൂൾ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.

പക്ഷെ സംശയദൃഷ്ടി അശ്വിന് നേർക്കും നീണ്ടിരുന്നു. അശ്വിൻ അടക്കമുള്ള പതിനൊന്നു കുട്ടികളെ നോട്ടപ്പുള്ളികളാക്കി മാറ്റിയായിരുന്നു സ്‌കൂൾ അധികൃതരുടെ നീക്കങ്ങൾ. ഇവർക്ക് എല്ലാവർക്കും തന്നെ സ്‌കൂൾ അധികൃതർ മെയ്‌ ആദ്യവാരം അറിയിപ്പ് നൽകി. സ്‌കൂളിൽ നിന്ന് ഇവരെ പുറത്താക്കിയതയുള്ള അറിയിപ്പാണ് നൽകിയത്. കൊറോണ കാരണം എത്താൻ കഴിയില്ലാ എന്ന് അറിയിച്ചിട്ടും സ്‌കൂളിൽ വരാൻ സ്‌കൂൾ അധികൃതർ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ആർക്കും ടിസി ഇഷ്യൂ ചെയ്ത് നൽകാൻ അധികൃതർ തയ്യാറായതുമില്ല. എന്നാൽ പതിനൊന്നു കുട്ടികളെ പുറത്താക്കിയ തീരുമാനം മാറ്റിയതുമില്ല. വിദ്യാർത്ഥികളുടെ ഭാവി ത്രിശങ്കുവിലായ അവസ്ഥയിലാണ് അശ്വിന്റെ ആത്മഹത്യയും വന്നത്. ഇതോടെ പ്രശ്‌നങ്ങൾ സങ്കീർണ്ണമായ അവസ്ഥയിലെത്തി.

മകനെ കഴക്കൂട്ടം സൈനിക് സ്‌കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പാൾ തന്നെ വിളിച്ച് സംസാരിച്ചതായി അശ്വിന്റെ പിതാവ് ഉണ്ണിക്കൃഷ്ണൻ മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ തുടരവേ പ്ലസ് ടു വിദ്യാർത്ഥിയെ സൈനിക് സ്‌കൂൾ പോലുള്ള ഒരു സ്‌കൂളിൽ നിന്ന് പുറത്താക്കിയാൽ തങ്ങൾ എന്ത് ചെയ്യും എന്ന് പ്രിൻസിപ്പാളിനോട് തിരിച്ച് ചോദിച്ചിരുന്നു. സൈനിക് സ്‌കൂൾ സിലബസും മറ്റു സിലബസുകളും തമ്മിൽ വ്യത്യാസമുണ്ട്. ഈ ഘട്ടത്തിൽ ഈ രീതിയിൽ ഉള്ള നടപടികൾ വരുമ്പോൾ എന്ത് ചെയ്യും എന്ന ചോദ്യത്തിനു അതൊന്നും തങ്ങൾക്ക് നോക്കേണ്ട ആവശ്യമില്ലെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. ഈ സംഭാഷണം നടക്കുമ്പോൾ മകൻ ദൃക്‌സാക്ഷിയായിരുന്നു. ഞങ്ങൾ മകനെ ചീത്ത പറയുകയോ എന്തെങ്കിലും സമ്മർദ്ദം നടത്തുകയോ ചെയ്തിട്ടില്ല. ഈ സംഭാഷണം നടന്നു അന്ന് രാത്രി തന്നെ അവൻ ആത്മഹത്യ ചെയ്തു. കഴക്കൂട്ടം സ്‌കൂളിൽ ചേർത്തതിനെ തുടർന്ന് മകനെ ഞങ്ങൾക്ക് നഷ്ടമായി. ഒൻപതാം തരത്തിലാണ് കഴക്കൂട്ടം സൈനിക് സ്‌കൂളിൽ മകനെ ചേർക്കുന്നത്. വളരെ മോശം സാഹചര്യങ്ങളാണ് അവിടെ നിലനിൽക്കുന്നത്. മോശം ഭക്ഷണമാണ്. ദുരിതം നിറഞ്ഞ റൂമിലാണ് ഇവരെ താമസിപ്പിച്ചത്. എല്ലാം കൊണ്ടും വലിയ വിഷമമാണ് വന്നത്. ഞങ്ങളെ സംബന്ധിച്ച് വലിയ ദുരന്തമാണ് നടന്നത്. ഒരിക്കലും പരിഹൃതമാകാത്ത ദുരന്തം-ഉണ്ണിക്കൃഷ്ണൻ നായർ പറയുന്നു. ഉണ്ണിക്കൃഷ്ണൻ നായർക്ക് ഒപ്പമുണ്ടായിരുന്ന ഇതേ സ്‌കൂളിലെ രക്ഷിതാവ് സ്‌കൂളിലെ സംഭവങ്ങൾ വിവരിക്കുന്നത് ഇങ്ങനെ:

പുതിയ പ്രിൻസിപ്പാൾ വന്നതിന് ശേഷമാണ് സ്‌കൂളിൽ പ്രശ്‌നങ്ങൾ ഉരുണ്ടു കൂടിയത്. വലിയ സ്ട്രിക്റ്റ് ആണ് സ്‌കൂളിൽ. സ്‌കൂളുമായി ബന്ധപ്പെട്ട വാട്‌സ് അപ്പ് ഗ്രൂപ്പുണ്ട്. എന്തെങ്കിലും ചോദ്യങ്ങൾ രക്ഷിതാക്കൾ ഉതിർത്താൽ വിദ്യാർത്ഥി തന്നെ നോട്ടപ്പുള്ളിയാകും. പിന്നീട് അച്ചടക്ക നടപടിപോലുള്ള വലിയ കുരിശുകൾ വരും. പതിനൊന്നു പേർക്കാണ് സ്‌കൂളിൽ നിന്നും ഇപ്പോൾ പുറത്ത് പോകേണ്ടി വന്നത്. പക്ഷെ ആർക്കും ടിസി ഇഷ്യു ചെയ്ത് നൽകിയിട്ടില്ല. സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. പകരം ലാന്റ് ലൈൻ ഉണ്ട്. ഈ പ്രിൻസിപ്പാൾ വന്നപ്പോൾ ലാന്റ് ലൈനിൽ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്ക് ബന്ധപ്പെടാൻ കഴിയാതായി. ലാന്റ് ലൈൻ തകരാറ് എന്നാണ് പറയാറ്. ഞങ്ങൾ ബിഎസ്എൻഎല്ലിൽ വിളിച്ചപ്പോൾ സ്‌കൂൾ ഫോണുകൾക്ക് ഒരു കുഴപ്പവും ഇല്ലെന്ന മറുപടിയാണ് ബിഎസ്എൻഎൽ അധികൃതർ നൽകിയത്-രക്ഷിതാവ് പറയുന്നു. സ്‌കൂൾ അധികൃതരെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP