Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ഇബിയിൽ പ്രവർത്തിക്കവേ അനുമതി ഇല്ലാതെ സിറിയയിൽ പോയി; 200 കോടിയുടെ ബാങ്കിടപാട് നടത്തിയെന്ന് ഇഡി പറഞ്ഞപ്പോൾ ഞെട്ടിയത് സഹപ്രവർത്തകർ; സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് സസ്‌പെൻഷനിലായ പി.എഫ്.ഐ ദേശീയ ചെയർമാൻ ഒ എം എ സലാമിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; സസ്‌പെൻഷൻ കാലാവധിയിലും സലാമിന് നൽകിയത് 7.84 ലക്ഷം

കെഎസ്ഇബിയിൽ പ്രവർത്തിക്കവേ അനുമതി ഇല്ലാതെ സിറിയയിൽ പോയി; 200 കോടിയുടെ ബാങ്കിടപാട് നടത്തിയെന്ന് ഇഡി പറഞ്ഞപ്പോൾ ഞെട്ടിയത് സഹപ്രവർത്തകർ; സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് സസ്‌പെൻഷനിലായ പി.എഫ്.ഐ ദേശീയ ചെയർമാൻ ഒ എം എ സലാമിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; സസ്‌പെൻഷൻ കാലാവധിയിലും സലാമിന് നൽകിയത് 7.84 ലക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൾ സലാമിനെ കെഎസ്ഇബി സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിൽ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. നിലവിൽ എൻഐഎ കസ്റ്റഡിയിലാണ് സലാം.

പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്പെൻഷനിലായിരുന്നു. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണവും നടത്തിരുന്നു. സർവ്വീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വർഷം ആഗസ്റ്റിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. സെപ്റ്റംബർ 30നാണ് പിരിച്ചുവിടൽ ഉത്തരവുണ്ടായത്.

രാവിലെയോടെയാണ് പിരിച്ചു വിട്ടതായി കെഎസ്ഇബി അറിയിപ്പ് പുറപ്പെടുവിച്ചത്. മഞ്ചേരിയിലെ റീജണൽ ഓഡിറ്റ് ഓഫീസിലെ സീനിയർ ഓഡിറ്റ് ഓഫീസർ ആയിരുന്നു സലാം. സസ്പെൻഷനിലായിരുന്നിട്ടും കെഎസ്ഇബി സലാമിന് ശമ്പളം നൽകിയതായി കണ്ടെത്തിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. 67,600 രൂപയാണ് സലാമിന്റെ ശമ്പളം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സലാമിന് 7.84 ലക്ഷം രൂപ ചട്ടങ്ങൾ മറികടന്ന് നൽകിയെന്നാണ് കണ്ടെത്തൽ.

ഭീകരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റിലായതിനെ തുടർന്ന് സസ്പെൻഷനിലായ പോപ്പുലർഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ.സലാമിനെ കെ എസ് ഇ ബിയിൽ തിരിച്ചെടുക്കാൻ കള്ളക്കളികൾ നടന്നിരുന്നു. സലാമിന്റെ സസ്പെൻഷൻ പിൻവലിപ്പിക്കാനും സർവ്വീസിൽ തിരിച്ചെടുക്കാനും വലിയ സമ്മർദ്ദം നടന്നു. പൊലീസ് മേധാവിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ തിരിച്ചെടുക്കാമെന്ന നിലപാട് പോലും കെ എസ് ഇ ബിക്ക് എടുക്കേണ്ടി വന്നു. എന്നാൽ അത്തരമൊരു ക്ലീൻ ചിറ്റ് കേരളാ പൊലീസ് മേധാവി അനിൽകാന്ത് നൽകിയതുമില്ല. ഇതോടെ സർവ്വീസിൽ തിരിച്ചു കയറുക അസാധ്യമായി. സസ്പെൻഷനിൽ തന്നെ തുടർന്നു. എന്നാൽ ഇക്കാലയളവിൽ ശമ്പളത്തിന്റെ മുന്നിലൊന്ന് ജോലി ചെയ്യാതെ സലാമിന് നൽകേണ്ടിയും വന്നു.

തെളിവുകളുടെ അടിസ്ഥാനത്തിൽ സലാമിനെ സർവ്വീസിൽ നിന്ന് പുറത്താക്കാമായിരുന്നു. എന്നാൽ സമ്മർദ്ദം കാരണം അതിന് കഴിയാതെ പോയി. അതുകൊണ്ട് തന്നെ കഴിഞ്ഞ 20 മാസമായി കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന വൈദ്യുതി ബോർഡ് ശമ്പളം നൽകി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 7.8 നാലു ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ.സലാം സമർപ്പിച്ച ഇൻകംടാക്സ് സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുണ്ട്.

കെഎസ്ഇബി മഞ്ചേരി ഡിവിഷൻ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ അസിസ്റ്റന്റ് ആയ ഒ.എം.എ.സലാം, പോപ്പുലർ ഫ്രണ്ടിനുവേണ്ടി വിദേശരാജ്യങ്ങളിൽ നിന്ന് ശതകോടികൾ സ്വീകരിക്കുകയും ഈ പണം ഉപയോഗിച്ച് രാജ്യദ്രോഹ പ്രവർത്തനം നടത്തുകയും ചെയ്തതിനെത്തുടർന്ന് 2020 ഡിസംബറിൽ അദ്ദേഹത്തെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് 2020 ഡിസംബർ 14ന് സലാമിനെ കെഎസ്ഇബി യിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിൽ ആയ വ്യക്തിക്ക് ആറുമാസക്കാലത്തേക്ക് ഉപജീവന ബത്ത നൽകണമെന്നും അതിനിടയിൽ സസ്പെൻഷന് കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആണ് നിയമം. അന്വേഷണം പൂർത്തിയാക്കി നടപടിയുണ്ടായില്ലെങ്കിൽ തുടർന്ന് സസ്പെൻഷനിൽ നിർത്തി നിശ്ചിത തുക ശമ്പളം കൊടുക്കണമെന്നുമാണ് നിയമം.

ആദ്യത്തെ ആറുമാസം സബ്‌സിസ്റ്റൻസ് അലവൻസ് (ഉപജീവന ബത്ത) കൊടുത്തു. അതിന് ശേഷം ഇതുവരെയും ശമ്പളവും കൊടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് ആരോപണം. ഏതായാലും പ്രതിമാസം 67600 രൂപ സലാമിന് കെ എസ് ഇ ബി കൊടുക്കുന്നുണ്ട്. സസ്പെൻഷനിൽ ആയതിനാൽ ഓഫീസിൽ വരികയും വേണ്ട. കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, മുഴുവൻ കാലയളവും സസ്പെന്ഷനിൽ ആയിരുന്നിട്ടും കെ എസ് ഇ ബിയിൽ നിന്നുമുള്ള ഇയാളുടെ ശമ്പള വരുമാനം 7.84ലക്ഷം ആണ്. ഇത് ശമ്പളത്തിന്റെ മൂന്നിലൊന്നാണെന്നും സൂചനയുണ്ട്.

രാജ്യത്തിനെതിരെ ഭീകര പ്രവർത്തനത്തിൽ പങ്കാളിയായ വ്യക്തിയായിട്ടുപോലും ഇദ്ദേഹത്തിനെതിരെ വൈദ്യുതി ബോർഡോ കേരള സർക്കാരോ അന്വേഷണം നടത്തി നടപടി എടുക്കാൻ മടിച്ചതിനാലാണ് തുടർന്നും ശമ്പളം നൽകേണ്ടി വരുന്നത്. ചുരുക്കത്തിൽ, ഓഫീസിൽ വരാതെ, സർക്കാർ ശമ്പളം വാങ്ങി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം നടത്തിക്കൊണ്ടുപോകാൻ ദേശീയ ചെയർമാനായ സലാമിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് സസ്പെൻഷനിലൂടെ സർക്കാർ ചെയ്തത് എന്ന ആരോപണമാണ് സജീവമാകുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും സിപിഎം നേതൃത്വം നൽകുന്ന കേരള സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് സലാമിന്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടുപോകുന്നതിന്റെ കാരണം എന്നാണ് ആരോപണം.

സലാമിനെ തിരിച്ചെടുക്കാൻ വലിയ സമ്മർദ്ദം ഉണ്ടായി എന്ന് കെ എസ് ഇ ബി മാനേജ്മെന്റും സമ്മതിക്കുന്നുണ്ട്. പൊലീസ് മേധാവി അനിൽ കാന്തിന്റെ നിലപാട് കാരണമാണ് ഈ നീക്കം പാളിയത്. അല്ലാത്ത പക്ഷം കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥനും എൻഐഎ റെയ്ഡിൽ അറസ്റ്റിലായി എന്ന വാർത്ത വരുമായിരുന്നു. 2020 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് പിന്നീട് ജാമ്യത്തിലിറങ്ങിയ സലാമിനെ കഴിഞ്ഞ ദിവസം രാജ്യത്തെ നൂറോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ മഞ്ചേരിയിലെ വീട്ടിൽ നിന്ന് പിടികൂടുകയും അറസ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടു പോവുകയുമാണുണ്ടായത്.

മഞ്ചേരി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായിരുന്നു അബ്ദുൾ സലാം ഓവുങ്കൽ എന്ന ഒഎംഎ സലാം രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികൾ അന്വേക്ഷിക്കുന്ന ആളാണെന്ന് സസ്പെൻഷൻ ഉത്തരവ് എത്തിയപ്പോഴാണ് അടുത്തിരുന്ന ജോലി ചെയ്യുന്ന സഹപ്രവർത്തകൻ പോലും അറിയുന്നത്. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നടപടി എടുത്തത്. ചിരിച്ചു കൊണ്ട് ഓഫീസിൽ എത്തിയിരുന്ന ഒ എം എ സലാം പലപ്പോഴും ദീർഘ അവധിയിൽ പോകാറുണ്ടായിരുന്നു.

സഹ പ്രവർത്തകർ ചോദിക്കുമ്പോൾ അതിന് വിശ്വസനായമായ കഥകൾ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. തങ്ങൾക്കിടയിൽ ഇഴുകി നടക്കുന്ന ഒരു ഉദ്യോഗസ്ഥനെ അവിശ്വസിക്കാനും മഞ്ചേരി കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥർക്ക് കഴിയുമായിരുന്നില്ല. കെ എസ് ഇ ബി യുടെ മഞ്ചേരി റീജണൽ ഓഡിറ്റ് ഓഫീസിലെ സീനിയർ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്തിരുന്നത്. ക്യാഷ്യറായാണ് സലാം സർവ്വീസിൽ പ്രവേശിക്കുന്നത്. രണ്ടു പ്രമോഷൻ പിന്നിട്ട് സീനിയർ അസിസ്റ്റന്റുമായി.അടുത്ത സ്ഥാന കയറ്റത്തിൽ ഗസ്റ്റഡ് പദവിയിൽ എത്തേണ്ടതായിരുന്നു സലാമെന്ന് ജീവനക്കാർ പറയുന്നു.

200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് തങ്ങൾക്കൊപ്പം ജോലി ചെയ്തതെന്ന് സഹ പ്രവർത്തകർക്ക് ആദ്യം അറസ്റ്റിലായപ്പോൾ തന്നെ വിശ്വസിക്കാനാവുന്നില്ല. വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ അഖിലേന്ത്യ ചെയർമാനാണ് ഒഎംഎ സലാം എന്ന് സഹ പ്രവർത്തകർ അറിയാത്തത് അന്വേഷണ ഏജൻസികളിലും അന്ന് ഞെട്ടലുളവാക്കിയിരുന്നു. ആവശ്യമായ അനുമതികൾ കൂടാതെ ഒ എം എ സലാം നടത്തിയ വിദേശ യാത്രകളുമാണ് നടപടി എടുക്കാൻ കെ എസ് ഇ ബി യെ പ്രേരിപ്പിച്ചത് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP