Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപുലർ ഫ്രണ്ട് നിരോധനത്തിൽ തുടർ നടപടികളുമായി സംസ്ഥാന സർക്കാർ; പി.എഫ്.ഐയുടെ 17 ഓഫീസുകൾ ആദ്യം പൂട്ടും; നിരീക്ഷിക്കേണ്ട നേതാക്കളുടെ പട്ടിക എൻ.ഐ.എ കൈമാറി; ആവശ്യമെങ്കിൽ അറസ്റ്റും കരുതൽ തടങ്കലും; പിഎഫ്ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചു

പോപുലർ ഫ്രണ്ട് നിരോധനത്തിൽ തുടർ നടപടികളുമായി സംസ്ഥാന സർക്കാർ; പി.എഫ്.ഐയുടെ 17 ഓഫീസുകൾ ആദ്യം പൂട്ടും; നിരീക്ഷിക്കേണ്ട നേതാക്കളുടെ പട്ടിക എൻ.ഐ.എ കൈമാറി; ആവശ്യമെങ്കിൽ അറസ്റ്റും കരുതൽ തടങ്കലും; പിഎഫ്ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ തുടർ നടപടികളുമായി സംസ്ഥാന സർക്കാറും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദ്ദേശം നൽകി. ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ.വേണുവാണ് ഉത്തരവിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂർണമായും നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ നടപടികൾ തുടങ്ങി. സംസ്ഥാന വ്യാപകമായി ആദ്യമുള്ള പി.എഫ്.ഐയുടെ 17 ഓഫിസുകളാണ് പൂട്ടുക. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എൻ.ഐ.എ കൈമാറി. ആവശ്യമെങ്കിൽ കരുതൽ തടങ്കലും അറസ്റ്റുമാവാം. കോഴിക്കോട് സംസ്ഥാന സമിതി ഓഫിസിനെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂർ, കണ്ണൂർ, തൊടുപുഴ, തൃശൂർ, കാസർകോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി ഓഫീസുകളാണ് ആദ്യം പൂട്ടുന്നത്. നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കുള്ള അധികാരം കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറങ്ങിയിരുന്നു. നടപടികൾ ക്രമീകരിക്കാൻ ഡിജിപി സർക്കുലർ ഇറക്കും.

അതേസമയം പൊലീസ് മേധാവിമാരുടെ യോഗം ഡി.ജി.പി അനിൽകാന്ത് വിളിച്ചു. ഓൺലൈനായാണ് യോഗം. നിരോധനം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ ഇനിയുള്ള നടപടികൾ വിശദീകരിക്കാനാണ് യോഗം. അതേസമയം, പി.എഫ്.ഐ ഓഫീസുകൾ പലതും അവരുടെ പേരിലല്ല പ്രവർത്തിക്കുന്നതും മറ്റു പല പേരിലുമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓഫീസുകൾ അടയ്ക്കുമ്പോൾ പ്രതിഷേധം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെ പോപുലർ ഫ്രണ്ടിന്റെ ഓഫിസുകൾ പൂട്ടാനുള്ള നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്. അതിനുള്ള നടപടികൾ പൊലീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം പിഎഫ്ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെയാണ് നടപടി. കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് ഇന്നലെ തന്നെ പ്രവർത്തനരഹിതമായിരുന്നു. സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പേരും മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള 'പിഎഫ്ഐ പ്രസ് റിലീസ്' എന്ന ഗ്രൂപ്പിന്റെ പേരാണ് 'പ്രസ് റിലീസ്' എന്ന് ചുരുക്കിയത്.

രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. പിഎഫ്ഐ ചെയർമാൻ എഎംഎ സലാമിന്റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു. വിവിധ സംസ്ഥാനങ്ങളും നിരോധനം നടപ്പാക്കി തുടങ്ങി. സംഘടനയുടെ പ്രവർത്തനങ്ങൾ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും കർണാടകയും മഹാരാഷ്ട്രയും ഉത്തരവിറക്കി. കർണാടകയിലെ മംഗളൂരുവിൽ സംഘടനയുടെ പത്തോളം ഓഫീസുകളും അടച്ചുപൂട്ടി. കസബ ബെംഗ്രെ, ചൊക്കബെട്ട്, കാട്ടിപ്പള്ള, കിന്നിപദവ്, കെസി റോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കൈ റോഡ്, കുദ്രോളി, അസിസുദ്ദീൻ റോഡ് ബന്തർ എന്നിവിടങ്ങളിൽ പിഎഫ്ഐ ഓഫീസുകളും റാവു ആൻഡ് റാവു സർക്കിളിലെ ഇൻഫർമേഷൻ ആൻഡ് എംപവർമെന്റ് ഓഫീസുമാണ് മംഗളൂരു പൊലീസ് സീൽ ചെയ്തത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പിഎഫ്ഐ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ സേനയെയും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയാണ് പിഎഫ്ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി ഉത്തരവിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞിരുന്നു. 'പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു', അബ്ദുൽ സത്താർ പ്രസ്താവനയിൽ വ്യക്തമാക്കി.

തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP