Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല; കോഴിക്കോട് മെഡിക്കൽ കോളജ് സിഐക്കും എഎസ്ഐക്കുമെതിരെ പരാതി; ഇരയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായും ആക്ഷേപം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല;  കോഴിക്കോട് മെഡിക്കൽ കോളജ് സിഐക്കും എഎസ്ഐക്കുമെതിരെ പരാതി; ഇരയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായും ആക്ഷേപം

ജംഷാദ് മലപ്പുറം

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസ് രജിസ്റ്റർചെയ്തിട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം പ്രതിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ഇരയും അഭിഭാഷകനുമാണ് പരാതിയുമായി രംഗത്ത് വന്നത്.കോഴിക്കോട് മെഡിക്കൽ കോളജ് സിഐ ബെന്നിലാലുവിനും, എഎസ്ഐ ഉണ്ണിക്കൃഷ്ണനുമെതിരെയാണ് യുവതിയും, അഭിഭാഷകനും ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. കേസ് രജിസ്റ്റർചെയ്ത് 50ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് ഒതുക്കിത്തീർക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും പരാതിക്കാരിയുടെ അഭിഭാഷകനായ അഡ്വ. കെ.വി.യാസർ പറഞ്ഞു.

വിവാഹ വാഗ്ദാനം യുവതിയെ പീഡിപ്പിച്ച കോഴിക്കോട് തിക്കോടി സ്വദേശി 31കാരനായ യുവാവിനെതിരെ വ്യക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭ്യമായിട്ടും സിഐയും സംഘവും നടത്തുന്ന നിരുത്തരവാദ സമീപനത്തിനെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് റൂറൽ എസ്‌പിക്കും, സിറ്റിപൊലീസ് പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുന്നതോടൊപ്പം മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും പരാതിക്കാരിയും അഭിഭാഷകനും പറയുന്നു.

പ്രതിയുവതിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും, ശബ്ദസന്ദേശങ്ങളും ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കേരളാ പൊലീസിൽനിന്നും ഇത്തരത്തിലൊരു സമീപനം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ നൽകുകയും, കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽവെച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു.

അതോടൊപ്പം തന്നെ ഉന്നത ഇടപെടലുകളുണ്ടെങ്കിലെ കേസന്വേഷണം നടക്കുകയുള്ളുവെന്നും പൊലീസ് സ്റ്റേഷനിലെ ഒരു ഓഫീസർ തന്നോട് പറഞ്ഞുവെന്നും പരാതിക്കാരി പറഞ്ഞു. ഇതിന് പുറമെ കേസിൽ ഇടപെടൽ നടത്താൻ കഴിയുന്ന ഒരാളെ ആവശ്യമാണെങ്കിൽ പരിചയപ്പെടുത്തി നൽകാമെന്നും ഇയാൾക്കു ഉന്നത സ്വാധീനമുണ്ടെന്നും പൊലീസ് ഓഫീസർ തന്നോട് പറഞ്ഞു. ഇയാൾ പരാതിക്കാരിയായ തന്റെ ഫോൺ നമ്പർ ആവശ്യപ്പെട്ടുവെന്നും ഫോൺ നമ്പർ നൽകട്ടെയെന്നും പൊലീസുകാർ തന്നെ തന്നോട് ചോദിച്ചുവെന്നും ഇവരുമായി സംസാരിച്ച ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

അതോടൊപ്പം തന്നെ പൊലീസ് സ്റ്റേഷനിൽവെച്ച് യുവതിയുടെ മൊഴിയെടുക്കുന്ന സമയത്തും മേൽപറഞ്ഞ പൊലീസിൽ പിടിപാടുള്ള പുറത്തുനിന്നുള്ള ഒരു വ്യക്തി സ്ഥലത്തുണ്ടായിരുന്നുവെന്നും ഇയാൾ സ്റ്റേഷനിലെ പൊലീസുകാർക്കും മധുരം വിതരണം ചെയ്യുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. തന്റെ മൊഴിയെടുക്കുന്ന സ്ഥലത്തും ഇയാൾ വന്നുവെന്നും തന്റെ കേസിനെ കുറിച്ചു പൊലീസുകാരോട് ചോദിച്ചറിഞ്ഞു.പിന്നീടാണ് തന്റെ ഫോൺ നമ്പർ ചോദിച്ചതെന്നും കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയതെന്നും ഇവർ പറയുന്നു

സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് ഇയാൾ സഹായിക്കുമെന്ന് പറഞ്ഞ് വിളിച്ചു പറഞ്ഞതെന്നും പരാതിക്കാരി ആരോപിച്ചു. മെഡിക്കൽ സിഐ. ബെന്നിലാലുവും എഎസ്ഐ ഉണ്ണിക്കൃഷ്ണനും ചേർന്ന് അന്വേഷിക്കുന്ന കേസിൽ നടന്ന ഗുരുതര വീഴ്‌ച്ചയിൽ ശക്തമായ നടപടികളുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയും അഭിഭാഷകനും അറിയിച്ചു. നടപടിയെടുക്കേണ്ട പൊലീസുകാർ തന്നെ ഇരയെ ചൂഷണംചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് അഭിഭാഷനായ കെ.വി.യാസർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP