Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു സ്വകാര്യ ബസുള്ളവൻ മുതലാളി; ആറായിരം ബസ് ഉണ്ടായിട്ടും കെഎസ്ആർടിസിക്ക് പറയാൻ ദാരിദ്ര്യം മാത്രം: ആനവണ്ടിക്ക് ആണിയടിക്കുന്നത് ആര്? മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര ആരംഭിക്കുന്നു

ഒരു സ്വകാര്യ ബസുള്ളവൻ മുതലാളി; ആറായിരം ബസ് ഉണ്ടായിട്ടും കെഎസ്ആർടിസിക്ക് പറയാൻ ദാരിദ്ര്യം മാത്രം: ആനവണ്ടിക്ക് ആണിയടിക്കുന്നത് ആര്? മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര ആരംഭിക്കുന്നു

ജെയിംസ് വടക്കൻ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും നഷ്ടത്തിൽ ഓടുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ് ആർടിസി. പ്രാരാബ്ധക്കാരായ ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകാറില്ല. പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻ ലഭിക്കാതെ നിരാശയുമായി ഒരു പാവപ്പെട്ടവൻ നിയമസഭയ്ക്കകത്ത് കയറിയാണ് ചിന്നംവിളിച്ചത്. ഈ മന്ത്രിസഭ അധികാരമേറ്റ ശേഷം മൂന്ന് മന്ത്രിമാരാണ് മാറി മാറി ഭരിച്ചത്. കെഎസ്ആർടിസി എംടിമാർ നാഴികയ്ക്ക് നാൽപത് വട്ടമാണ് മാറിമറിഞ്ഞത്. എന്നിട്ടും ഇത് പൊട്ടലിന്റെ വക്കിലാണ്. എന്തുകൊണ്ടാണ് കെഎസ് ആർടിസിയെ ആർക്കും വേണ്ടാത്തത്. ഒരു ബസുള്ളവർ മുതലാളിമാരായി അനേകം ബസുകൾ വാങ്ങുന്ന നാട്ടിൽ 6000 ബസുകൾ ഉണ്ടായിട്ടും കെഎസ്ആർടിസി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് ഓടുന്നത് എന്തുകൊണ്ട്? മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം സർക്കാർ ബസുകൾ മാന്യമായി സർവ്വീസ് നടത്തിയിട്ടും കേരളത്തിൽ മാത്രം എന്തുകൊണ്ട് നഷ്ടം? കെഎസ്ആർടിസി ഇല്ലാതാക്കാൻ ആരെങ്കിലും ശപഥം ചെയ്തിട്ട് രംഗത്തെത്തിയിട്ടുണ്ടോ? ഇതേക്കുറിച്ച് മറുനാടൻ മലയാളി നടത്തിയ അന്വേഷണങ്ങൾ അവിശ്വസനീയമായ കാര്യങ്ങളാണ് കണ്ടെത്തിയത്.

ദൈവം തമ്പുരാൻ വിചാരിച്ചാലും നന്നാകാത്ത കെഎസ്ആർടിസി

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആര്യാടൻ മുഹമ്മദ് കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് എടുത്തു നൽകുകയുണ്ടായി. സ്വാഭാവികമായും അധികമായി കൈവശം വച്ചിരുന്ന വകുപ്പ് എടുത്തുമാറ്റുമ്പോൾ് ആര്യാടൻ് പിണങ്ങേണ്ടതാണ്. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. കടംകയറി മൂടിയ കെഎസ്ആർടി അടങ്ങുന്ന ഗതാഗത വകുപ്പ് തിരുവഞ്ചൂരിന് നൽകാൻ ആര്യാടന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ ആർക്കും വേണ്ടാത്ത കെഎസ്ആർടിസിയെ അങ്ങനെ തിരുവഞ്ചൂർ ഏറ്റെടുത്തു. മേൽപ്പറഞ്ഞ കാര്യത്തിൽ നിന്നും ഒരുകാര്യം വ്യക്തമാകും മുൻഗാമികൾ കറവപ്പശുവാക്കിയ ഈ സർക്കാർ സ്ഥാപനം ഇപ്പോൾ നിലനിൽപ്പിനായി ഊർദ്ധശ്വാസം വലിക്കുകയാണ്. ഇങ്ങനെ ശ്വാസം മുട്ടുന്ന വകുപ്പിലെ തലവേദന എടുക്കാൻ ആരും തയ്യാറല്ല.

ദൈവം തമ്പുരാൻ വിചാരിച്ചാലും കെഎസ്ആർടിസി രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞിട്ടുള്ളതാണ്.. ഏറ്റവും ഒടുവിൽ കേട്ടത് കെഎസ്ആർടിസിയെന്ന പേര് തന്നെ കർണ്ണാടകം കൊണ്ടുപോയി എന്നാണ്. ഇങ്ങനെ എല്ലാം നഷ്ടപ്പടുന്ന വിധത്തിലേക്ക് ഈ സർക്കാർ സ്ഥാപനം എങ്ങനെയെത്തി? ഈ ചോദ്യത്തിന്റെ ഉത്തരം തേടിപ്പോയാർ രാഷ്ട്രീയക്കാർ മുതൽ കോർപ്പറേഷനിലെ ഡ്രൈവർമാർ വരെ കുറ്റക്കാരാണെന്ന് പറയേണ്ടി വരും. ..കെ.എസ്.ആർ.ടി.സി യിലെ അധിക ശമ്പളബാദ്ധ്യതയും പെൻഷൻ ബാധ്യതയും ഓർഡിനറി യാത്രക്കാർക്കുമേൽ പെൻഷൻ സെസോ അധിക ബസുകൂലിയോ ആയി അടിച്ചേൽപ്പിച്ചാൽ ആനവണ്ടിയുടെ ബാധ്യതകൾ തീരുമോ? ഇല്ലെന്ന് എല്ലാവർക്കുമറിയാം. എത്ര തവണ നിരക്ക് കൂട്ടി? അപ്പോഴെല്ലാം കൂടുതൽ നഷ്ടങ്ങളിലേക്കാണ് വെള്ളാന ആളുകളുമായി നീങ്ങിയത്. സർക്കാർ പണം കൊടുത്ത് നന്നാക്കാൻ ശ്രമിച്ച സമുദ്രത്തിലേക്ക് കിണർ വെള്ളം ഒഴിക്കുന്നതുപോലെയാണ്.

1938 ഫെബ്രുവരി 20ാം തീയതി തിരുവിതാംകൂർ സർക്കാരിന്റെ ഭാഗമായി സ്ഥാപിച്ച ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ആദ്യ വിദേശബസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും കവടിയാർ കൊട്ടാരത്തിലേക്കു യാത്രതിരിച്ചതാണ് ഭാരതത്തിലെ ആദ്യ ദേശസാൽകൃതബസിന്റെ കന്നി ഓട്ടം. ഇതാണ് കെഎസ്ആർടിയെന്ന സ്ഥാപനമായി പിൽക്കാലത്ത് പടന്നുപന്തലിച്ചത്. അയൽ സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ ബസുകൂലിയായിരുന്നിട്ടും ആദ്യവർഷം തന്നെ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ലാഭത്തിലായിരുന്നു.

ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം, ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ പ്രതിവർഷ നഷ്ടം വരുത്തുന്ന ഏക ഗതാഗത കോർപ്പറേഷൻ, 44801 ജീവനക്കാരും 36130 പെൻഷൻകാരും അടക്കം 80931 കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം, സംസ്ഥാന ഖജനാവിൽനിന്ന് ഏറ്റവും കൂടുതൽ പണം ഊറ്റിക്കുടിക്കുന്ന വെള്ളാന, ഇതൊക്കെയാണ് കെഎസ്ആർടിസിയെപ്പറ്റി എല്ലാവരുടെയും ധാരണ. എന്നാൽ ഖജനാവിലേക്ക് പണമെത്തിക്കുന്ന നാട്ടുകാർക്ക് താങ്ങും തണലുമായിരുന്നു ഈ ആനവണ്ടിയെന്ന് പലരും മറന്നു പോകുന്നു. ആ നല്ല കാലം ഇങ്ങനെ ആയതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയാലെ എന്തെങ്കിലും തിരുത്തുകളും സാധിക്കൂ.

അടച്ച് പൂട്ടിയാൽ പ്രതിവർഷം സർക്കാരിന് ലഭിക്കുന്നത് 120 കോടി

കെഎസ്ആർടിസി നഷ്ടക്കണക്ക് പറയുമ്പോൾ സ്വകാര്യ ബസുകൾ ലാഭമുണ്ടാക്കാനുള്ള മത്സര ഓട്ടത്തിലാണ്. മോട്ടോർ വാഹന നികുതിയായി പ്രതിവർഷം 1.35 ലക്ഷം രൂപയും പഞ്ചായത്ത്/മുനിസിപ്പൽ ഫീസുകളായി മറ്റൊരു 65,000 രൂപ അടക്കം പ്രതിവർഷം 2 ലക്ഷം രൂപാ നികുതിയായി സർക്കാരിലേക്ക് പണമടച്ചാണ് സ്വകാര്യബസുകളുടെ ഓട്ടം. എന്നിട്ടും അവർക്ക് ലാഭം. നികുതി അടയ്ക്കാതെ 5812 ബസുകൾ അടയ്ക്കുന്ന കെഎസ്ആർടിസിക്ക് പ്രതിവർഷം 574 കോടി നഷ്ടവും. അതിന്റെ കൂടെ 682 കോടി രൂപാ വായ്പയും. പോരാത്തതിന് അടിക്കടി സർക്കാർ സഹായവും.

ചുരുക്കി പറഞ്ഞാൽ കെഎസ്ആർടിസി അടച്ച് പൂട്ടി ആ ബസുകൾ സ്വകാര്യ മേഖലയ്ക്ക് നൽകിയാൽ ബസ് ഒന്നിൽനിന്നും രണ്ട് ലക്ഷം രൂപ വീതം സർക്കാരിന് പ്രതിവർഷം 120 കോടി രൂപ ലാഭം കിട്ടും. കൂടാതെ ബസുകൾ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയും കെഎസ്ആർടിസിയുടെ പേരിലുള്ള കോടിക്കണക്കിന് വിലവരുന്ന സ്ഥാപന വസ്തുക്കളുടെ വരുമാനവും. റൂട്ടു സഹിതം ഒരു ബസ് വിട്ടാൽ കുറഞ്ഞത് 10 ലക്ഷം രൂപയാണ് ലഭിക്കുക. ഇതാണ് ഏറ്റവും ലളിതമായ കണക്ക്. എന്ന് വച്ചാൽ കെഎസ്ആർടിസി എന്ന വെള്ളാന അടച്ച് പൂട്ടിയാൽ കുറഞ്ഞത് സർക്കാരിന് ലഭിക്കുന്നത് 1000 കോടി രൂപയാണ്. എന്നാൽ ഇത് അപകടകരമായ ഒരു കണ്ടെത്തലും പരിഹാഹവുമായിരിക്കും. ഒരു സർക്കാർ സ്ഥാപനത്തെ ലാഭക്കണക്ക് കൊണ്ട് മാത്രം കാണാതെ അത് നൽകുന്ന സാമൂഹ്യ ഉത്തരവാദിത്തം കൂടി കാണക്കിലെടുക്കണം. അതുകൊണ്ട് തന്നെ അടിസ്ഥാന രോഗം കണ്ടെത്തി ചികിത്സിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. അടച്ചു പൂട്ടൽ ഒരു പരിഹാരമേയല്ല.

രണ്ട് വർഷം കൊണ്ട് കൂടിയത് 2000 കോടിയുടെ കടം

കാര്യക്ഷമതയുള്ളതും ചെലവുകുറഞ്ഞതും വിശ്വസനീയവുമായ ഒരു ഗതാഗത സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുക എന്ന മുഖ്യലക്ഷ്യത്തോടെ 1965 മാർച്ച് 15ന് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആക്ട് പ്രകാരം സ്ഥാപിതമായതാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. സംസ്ഥാനത്ത് അതുവരെ ബസ് സർവീസുകൾ നടത്തിക്കൊണ്ടിരുന്ന ഗതാഗത വകുപ്പിന്റെ സ്വത്തുക്കളും ബാദ്ധ്യതകളും ഏറ്റെടുത്തുകൊണ്ടായിരുന്നു കെ.എസ്.ആർ.ടി.സി യുടെ ആരംഭം. അന്ന് 661 ഷെഡ്യൂളുകളാണുണ്ടായിരുന്നത്. 901 ബസുകളും ഉണ്ടായിരുന്നു.

കെഎസ്ആർടിസിക്കുള്ളത് 90 യൂണിറ്റുകളിലെ 5812 ബസുകൾ

മുൻകാലങ്ങളെ അപേക്ഷിച്ച് കെഎസ്ആർടിസി വളർന്നോ എന്ന് ചോദിച്ചാൽ വളർന്നു. ബസുകളുടെ എണ്ണം ഒരുപാട് കൂടി. കൂടുതൽ സർവീസുകൾ തുടങ്ങി. എന്നാൽ ഇതിനൊപ്പം നഷ്ടക്കണക്കുകളും കൂടിവന്നു. 55.55 കോടി കിലോമീറ്ററാണ് കെഎസ്ആർടിയിലെ ബസുകൾ പ്രതിവർഷം ഓടുന്നത്. 121.56 കോടി യാത്രക്കാർ ഇക്കാലയളവിൽ സർക്കാർ വണ്ടിയിൽ യാത്ര നടത്തി. ഇതിൽ കൂടി 1572.96 കോടി രൂപാ യാത്രക്കൂലി വരുമാനവും 53.34 കോടി ഇതരവരുമാനവും അടക്കം 1626.30 കോടി വരുമാനവും കിട്ടി. എന്നാൽ 2200.69 കോടി രൂപാ ചിലവും 574.39 കോടി നഷ്ടവും 2012-03 കാലഘട്ടത്തിൽ വരുത്തി. 2013 മാർച്ചിലെ കെ.എസ്.ആർ.ടി.സി യുടെ നഷ്ടം 1256 കോടി രൂപ. നാളിതുവരെയുള്ള സഞ്ചിതനഷ്ടം 3092.06 കോടി രൂപയാണ്.

കടമെടുത്ത പണം തിരിച്ചടച്ച് ശരിക്കും വട്ടിപ്പലിശക്കാരന് തലവച്ചു കൊടുത്ത ആളുടെ അവസ്ഥയിലാണ് കെഎസ്ആർടിസി. ഉയർന്ന പലിശനിരക്കിൽ വൻതോതിൽ പണം കടമെടുത്താണ് കോർപ്പറേഷൻ മുന്നോട്ടുപോകുന്നത്. 2011-12ൽ കടം 1245.94 കോടിയായിരുന്നെങ്കിൽ 2012-13ൽ കടം 1928.57 കോടിയായി ഉയർന്നു. 2012-13ൽ മാത്രം കടമെടുത്തത് 682.63 കോടി രൂപയാണ്. രണ്ട് ദിവസത്തിന് മുമ്പ് ഡീസൽ വില കുറയ്ഞഞതിന്റെ അടിസ്ഥാനത്തിൽ വിലകുറയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂർ പറയാൻ കാരണമായി പറഞ്ഞതും ഈ കണക്കായിരുന്നു.

പെൻഷൻ നൽകാത്തതും സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ ഏറ്റെടുക്കാമെന്നു കോടതി നിർദ്ദേശിച്ചിട്ടും ഭരണനേതൃത്വം അതിനു തയ്യാറാകാത്തതും കെ.എസ്.ആർ.ടി.സി റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ കടന്നുകയറ്റവും വരുമാനക്കുറവുമാണ് സർക്കാർ ബസ് സർവ്വീസിനെ തകർക്കുന്നത്. കെഎസ്ആർടിസി യുടെ പ്രതിസന്ധിവിഷയങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന തൊഴിലാളി യൂണിയനുകളും ഇപ്പോൾ മൗനത്തിലാണ്. അടിക്കടി ചാർജുകൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുകൂടുകയാണ് എല്ലാവരും.

സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന ദേശസാൽക്കരണ അധികാരം ഉപയോഗിച്ച് 'പ്രതിദിന കിലോമീറ്റർ ഓട്ടം' കൂടുതലുള്ള സർവ്വീസുകൾ കെഎസ്ആർടിസി ക്കും കിലോമീറ്റർ ഓട്ടം കുറഞ്ഞ ഓർഡിനറി ബസുകൾ സ്വകാര്യമേഖലയ്ക്കും നീക്കിവയ്ക്കണം. കൂടിയ ശമ്പളച്ചിലവും പെൻഷൻ ബാധ്യതയും കെഎസ്ആർടിസിയെ നിത്യനഷ്ടത്തിലേക്കു നയിക്കുന്ന ഘടകങ്ങളായതിനാൽ ഇക്കാര്യങ്ങളിൽ തൊഴിലാളികളുമായി ധാരണയുണ്ടാക്കണം. ബസ്‌തൊഴിലാളി കാര്യക്ഷമത ഉറപ്പാക്കിയേ ഈ പൊതുമേഖലാ സ്ഥാപനത്തിന് ജനങ്ങളെ സേവിക്കാൻ കഴിയൂ. അല്ലെങ്കിൽ സമീപ ഭാവിയിൽ തന്നെ വണ്ടി കട്ടപ്പുറത്താകും.
(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP