Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ ഇതുവരെ അന്വേഷിച്ച പൊലീസ് മെല്ലപോക്കിൽ; ക്രൈം ബ്രാഞ്ചാവട്ടെ പ്രതികളുടെ മൊഴി മാത്രം വിശ്വസിച്ച് മുമ്പോട്ട്; സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ സ്വീകരിക്കാതെ അന്വേഷണം മെല്ലെ ഇഴയുന്നു; പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വസ്ത്രവും കൊടുക്കാൻ സിപിഎമ്മിന്റെ പ്രത്യേക സംഘം; കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതക കേസിൽ ഉന്നത തല ഗൂഢാലോചന അന്വേഷിക്കാനിടയില്ല

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ ഇതുവരെ അന്വേഷിച്ച പൊലീസ് മെല്ലപോക്കിൽ; ക്രൈം ബ്രാഞ്ചാവട്ടെ പ്രതികളുടെ മൊഴി മാത്രം വിശ്വസിച്ച് മുമ്പോട്ട്; സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ സ്വീകരിക്കാതെ അന്വേഷണം മെല്ലെ ഇഴയുന്നു; പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വസ്ത്രവും കൊടുക്കാൻ സിപിഎമ്മിന്റെ പ്രത്യേക സംഘം; കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതക കേസിൽ ഉന്നത തല ഗൂഢാലോചന അന്വേഷിക്കാനിടയില്ല

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: കല്യോട്ടെ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം പീതാംബരിനിലും പ്രാദേശിക നേതാക്കളിലും മാത്രമായി ഒതുങ്ങും. അതിന് അപ്പുറത്തേക്കുള്ള ഗൂഢാലോചന അന്വേഷിക്കില്ല. സാഹചര്യത്തെളിവുകൾ ശേഖരിക്കാനും സാക്ഷിമൊഴികൾ രേഖപ്പെടുത്താനും വൈകുന്നത് ഇതിന്റെ ഭാഗമാണ്. കേസ് ദുർബലപ്പെടുത്തുന്നത് കാസർഗോട്ടെ ഉന്നത സിപിഎം നേതാക്കൾക്ക് വേണ്ടിയാണെന്നാണ് വിമർശനം. കണ്ണൂരിലെ ക്വട്ടേഷൻ ഗുണ്ടകളിലേക്കും കാര്യങ്ങളെത്തില്ല. കൃപേഷിനേയും ശരത് ലാലിനേയും കൊന്നത് തങ്ങളാണെന്ന് പീതാംബരനും കൂട്ടരും സമ്മതിച്ചു. അതുകൊണ്ട് പ്രതികൾ നൽകിയ മൊഴിമാത്രം അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ അന്വേഷണം.

കേസ് ക്രൈംബ്രാഞ്ചിനുവിട്ട സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘവും മെല്ലെപ്പോക്കിലാണ്. താനാണ് ശരത്ത്ലാലിനെയും കൃപേഷിനെയും കൊന്നതെന്നും മറ്റാർക്കും കൊലയിൽ നേരിട്ട് പങ്കില്ലെന്നും ഒന്നാംപ്രതി പീതാംബരൻ ആദ്യ ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് വിശ്വസിക്കുകയാണ ്‌പൊലീസ്. ക്രൈംബ്രാഞ്ചിനും ഇതിന് അപ്പുറത്തേക്ക് അന്വേഷണവുമായി പോകാനാകില്ല. ചോദ്യം ചെയ്യലിൽ പ്രതികളും കരുതലോടെയാണ് മൊഴി നൽകുന്നത്. അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ ഗ്യാങിലേക്ക് എത്താതിരിക്കാനാണ് ഇത്. ഇതു വിശ്വാസിക്കാതെ കൂട്ടുപ്രതികളെ വെവ്വേറെ മുറികളിൽ പൊലീസ് ചോദ്യംചെയ്തു. ഇവർ ആദ്യം പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ അന്വേഷണസംഘം കുഴങ്ങി. തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ പ്രതികൾ നടന്ന സംഭവം ഒന്നൊന്നായി വിവരിച്ചു. ഇതാണ് പൊലീസ് പരിഗണിക്കുന്നത്.

കൊലനടന്ന ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രകഴകത്തിൽ പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം നടന്നിരുന്നു. ഇവിടെനിന്ന് ശരത്തും കൃപേഷും ബൈക്കിൽ പോകുന്നവിവരം അക്രമിസംഘത്തെ അറിയിച്ചതാരാണെന്ന കാര്യത്തിൽ പൊലീസ് വിവരമൊന്നും പുറത്തു വിടുന്നില്ല. കേസിൽ അറസ്റ്റിലായ അശ്വിന്റെ ഫോൺ പരിശോധിച്ചതുവഴി ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളെ പിടിച്ചാൽ ഗൂഢാലോചനയുടെ ചുരുളഴിയും. അതുകൊണ്ട് തന്നെ അത് വേണ്ടെന്നാണ് തീരുമാനം. ഈ ഫോൺ വിളി അന്വേഷണത്തിന്റെ ഭാഗവുമാകില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തേയും നാട്ടുകാരും വീട്ടുകാരും തള്ളി പറയുന്നത്. സിബിഐയ്ക്ക് വേണ്ടി ആവശ്യം ഉന്നയിക്കുന്നതും ഈ സാഹചര്യത്തിലാണ്.

കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾ ഒരുപാട് സംശയം ഉയർത്തിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തിലെ എതിർപ്പുൾപ്പെടെ ഇതിൽ വരും. സിപിഎമ്മിനുള്ള പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഉന്നത തല ഗൂഢാലോചനയുടെ സൂചനകളും കുടുംബം പുറത്തു വിട്ടു. ഫെയ്‌സ് ബുക്കിലും മറ്റും വന്ന വധ ഭീഷണിയിലും സംശയം ഉന്നയിച്ചു. എന്നാൽ പൊലീസ് ഇതൊന്നും കാര്യമായെടുത്തില്ല. ക്രൈംബ്രാഞ്ചും പ്രതികളുടെ മൊഴിയാകും പിന്തുടരുക. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിച്ചത് പുകമറ സൃഷ്ടിക്കാനാണെന്ന അഭിപ്രായവും സജീവമാണ്.

പ്രതികൾ പറഞ്ഞ മൊഴിയനുസരിച്ചുള്ള തിരച്ചലിൽ ആയുധങ്ങൾ കിട്ടിയതോടെ കൃത്യമായ ദിശയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തി. സാഹചര്യത്തെളിവുകളുടെ പശ്ചാത്തലത്തിൽ ചോദ്യംചെയ്യാനായി ഒട്ടേറെപ്പേർ പൊലീസിന് മുമ്പിലുണ്ട്. ദൃക്സാക്ഷിയില്ലാത്ത കേസായതിനാൽ പഴുതുകൾ അടച്ച് അന്വേഷണം പുരോഗമിച്ചില്ലെങ്കിൽ പ്രതികൾ രക്ഷപ്പെടും. കല്യോട്ട് താനിത്തോട്-കൂരാങ്കര റോഡിൽ കൊലനടന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള ശാസ്താ ഗംഗാധരന്റെയോ പ്രതികൾ സഞ്ചരിച്ചുവെന്ന് പറയുന്ന വാഹനങ്ങൾ നിർത്തിയിട്ട ശാസ്താ മധുവിന്റെയോ വീട്ടുകാരെ പൊലീസ് ചോദ്യംചെയ്തിട്ടില്ല. ശാസ്താ ഗംഗാധരന്റെ വീടിന്റെ പുറത്തെ ലൈറ്റ് ഇട്ടിരുന്നുവെങ്കിൽ പ്രദേശത്ത് ഇരുട്ട് ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കാര്യം പൊലീസ് മുഖവിലയ്‌ക്കെടുക്കുകയോ ആ വീട്ടുകാരോട് ചോദിക്കുകയോ ചെയ്തില്ല.

ഗംഗാധരന്റെ മകൻ ഗിജിൻ ഈ കേസിൽ റിമാൻഡിലാണ്. മറ്റൊരു പ്രതി സുരേഷിന് ഗിജിന്റെ ഷർട്ട് കൊടുത്തുവെന്ന് പ്രതികളുടെ മൊഴിയുണ്ട്. ഗംഗാധരന്റെ വീട്ടുകാരോട് ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ശരത്ത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ മൊഴിയും ഇത്രയും ദിവസം കഴിഞ്ഞിട്ടും പൊലീസ് രേഖപ്പെടുത്തിട്ടില്ല. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകുന്നു. ശരത്തിന്റെ അകന്ന ബന്ധുവും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ കെ. ശ്രീകുമാറാണ് കേസിലെ പരാതിക്കാരൻ.

ഇദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്തിരുന്നു. പീതാംബരനെ ആക്രമിച്ച കേസിലെ പ്രതിയുമാണ് ശ്രീകുമാർ. അതുകൊണ്ടുതന്നെ ഇയാളുടെ മൊഴി പീതാംബരനോടുള്ള മുൻവൈരാഗ്യം കൊണ്ടുണ്ടായതാണെന്ന് വ്യാഖാനിക്കപ്പെടും. ഇങ്ങനെ പീതാംബരനെ രക്ഷിക്കാനുള്ള എല്ലാം അന്വേഷണത്തിൽ നടക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾക്ക് വിഐപി ജീവിതമാണ് ഉള്ളത്. എന്തും ഏതും ചെയ്തു കൊടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പിന്നിലും സിപിഎം ആണെന്നാണ് ആരോപണം. പീതാംബരനു മർദനമേറ്റതിനു തിരിച്ചടിയായി ശരത്‌ലാലിനെ ആക്രമിച്ചപ്പോൾ കൃപേഷും ഉൾപ്പെട്ടുവെന്നും 2 പേരും കൊല്ലപ്പെട്ടു എന്നുമുള്ള രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കൊലപാതകം നടന്ന് 2 ദിവസം കഴിഞ്ഞ് 19 നു പീതാംബരൻ അടക്കമുള്ള 7 പ്രതികളെ സിപിഎം ജില്ലാ നേതാവ് എസ്‌പി ഓഫിസിൽ പുലർച്ചെ ഹാജരാക്കി. അപ്പോൾ മുതൽ ഇവർ മാത്രമാണു കൊലയാളികൾ എന്ന് പൊലീസ് അന്വേഷണം ചുരുക്കി. പ്രഫഷനൽ കൊലയാളികളാണെന്നു സൂചനകളുണ്ടായിട്ടും ഇതു സ്ഥിരീകരിക്കാൻ സിസിടിവി ദൃശ്യങ്ങളോ മൊബൈൽ ഫോൺ വിളികളോ പരിശോധിച്ചിട്ടില്ല.

നാട്ടുകാർ പറഞ്ഞ കണ്ണൂർ റജിസ്‌ട്രേഷൻ ജീപ്പ്, ക്ഷേത്രത്തിലെത്തിയ അജ്ഞാത സംഘം എന്നീ സൂചനകളും അവഗണിച്ചു. കൊല്ലപ്പെട്ടവർക്കേറ്റ മുറിവ് കനമുള്ളതും മൂർച്ചേറിയതുമായ ആയുധം കൊണ്ട് ഉണ്ടായതാണെന്നു ഫൊറൻസിക് വിദഗ്ദ്ധർ വ്യക്തമാക്കിയെങ്കിലും പൊലീസ് കണ്ടെടുത്തത് കനമില്ലാത്ത, മൂർച്ചയുള്ള 2 വാളുകളും മറ്റൊരു തുരുമ്പെടുത്ത വാളും. പിടിച്ചെടുത്ത വാഹനങ്ങളിലാകട്ടെ കാര്യമായ രക്തപ്പാടുകളില്ല. ഇതെല്ലാം കേസിനെ ദുർബലപ്പെടുത്തും.

പ്രതികൾക്കു പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വസ്ത്രവും എത്തിച്ചു നൽകുന്നതു സിപിഎം പ്രാദേശിക നേതാക്കൾ. പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ.പീതാംബരൻ, സി.ജെ.സജി (സജി ജോർജ്) എന്നിവർക്കു കഴിഞ്ഞ ദിവസങ്ങളിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്കു 'സഹായങ്ങൾ' എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ചോദ്യം ചെയ്യാൻ വിളിക്കുന്ന സമയമൊഴികെ പ്രതികൾ മുഴുവൻ സമയവും ബേക്കൽ സ്റ്റേഷനിലാണുള്ളത്. പ്രതികളെ സംരക്ഷിക്കില്ലെന്നു സിപിഎം ആവർത്തിക്കുമ്പോഴും ഏരിയാ നേതാക്കളുൾപെടെയുള്ളവരുടെ സംരക്ഷണയിൽ തന്നെയാണ് ഇരുവരും. ഇടയ്ക്കിടെ സ്റ്റേഷനിലെത്തി പ്രതികളുമായി നേതാക്കൾ സംസാരിക്കുന്നുമുണ്ട്.

ഇരട്ടക്കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാൽ 7 പേർ മാത്രമാണു പിടിയിലായത്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമൻ, പിടിയിലായവർ ഒളിവിൽ താമസിച്ചതിനടുത്തുള്ള പാർട്ടി ഓഫിസിൽ കഴിഞ്ഞ 5 ദിവസവും ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരമുണ്ട്. പാർട്ടി ഓഫിസ് ഇന്നലെ വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാൾക്ക് ഭക്ഷണം നൽകിയതു സമീപത്തെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നിന്നാണെന്നു നാട്ടുകാർ പറയുന്നു. ഇന്നലെ മുതൽ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഇയാൾ മറ്റൊരു താവളത്തിലേക്കു മാറിയതായാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP