Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

കൂട്ടുകാരിക്ക് ലോൺ കൊടുക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജരെ കുരുക്കാൻ പൊലീസുകാരിയെ വേഷം മാറ്റി അയച്ചു; വ്യാജ പീഡനക്കേസിൽ കുടുക്കി പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ തല്ലിച്ചതച്ച കേസിൽ ഉഗ്രൻ ട്വിസ്റ്റ്; വാദം അവസാനഘട്ടത്തിലെത്തിയപ്പോൾ പേഴ്‌സിക്ക് മനംമാറ്റം; സിവിൽകേസ് പിൻവലിച്ചു; നിശാന്തിനി ഐപിഎസിനെതിരായ കേസ് പിൻവലിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമോയെന്ന് സംശയിച്ച് പേഴ്‌സിയുടെ മുൻഅഭിഭാഷകൻ

കൂട്ടുകാരിക്ക് ലോൺ കൊടുക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജരെ കുരുക്കാൻ പൊലീസുകാരിയെ വേഷം മാറ്റി അയച്ചു; വ്യാജ പീഡനക്കേസിൽ കുടുക്കി പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ തല്ലിച്ചതച്ച കേസിൽ ഉഗ്രൻ ട്വിസ്റ്റ്; വാദം അവസാനഘട്ടത്തിലെത്തിയപ്പോൾ പേഴ്‌സിക്ക് മനംമാറ്റം; സിവിൽകേസ് പിൻവലിച്ചു; നിശാന്തിനി ഐപിഎസിനെതിരായ കേസ് പിൻവലിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമോയെന്ന് സംശയിച്ച് പേഴ്‌സിയുടെ മുൻഅഭിഭാഷകൻ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങി ഉന്നതരെയും നിശാന്തിനി ഐ പി എസ് അടക്കം പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് തൊടുപുഴ യൂണിയൻ ബാങ്ക് മുൻ മാനേജരായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ട് തൊടുപുഴ സബ്ബ്കോടതിയിൽ നൽകിയ ഒ എസ് 11/17 നമ്പറിലുള്ള സിവിൽ കേസ്സ് പിൻവലിച്ചു. ഈ കേസിന്റെ വാദം അവസാന ഘട്ടത്തിലേയ്ക്കടുത്തപ്പോൾ ഇതുമായി ബന്ധപ്പെട്ട് 1847/2019 നമ്പറിൽ എതിർ ഭാഗം ഹൈക്കോടതിയിൽ ഒ പി ഫയൽ ചെയ്തിരുന്നു. ഇതിന്മേലുള്ള നടപടികളുടെ ഭാഗമായി നടന്ന മീഡിയേനിൽ നഷ്ടപരിഹാര കേസ്സ് ഒത്തുതീർപ്പായി എന്ന് കാണിച്ചാണ്പേഴ്സി ജോസഫിന്റെ അഭിഭാഷകൻ കേസ്സ് പിൻവലിച്ചിരിക്കുന്നത്.

1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയിരുന്ന കേസ്സിൽ തെളിവുകൾ അനുകൂലമായിരുന്നിട്ടും പേഴ്സി ജോസഫ് പിന്മാറിയത് രഹസ്യ അജണ്ടയുടെ ഭാഗമാണോ എന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴ യൂണിയൻ ബാങ്ക് മാനേജരായിരിക്കെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയായ നിശാന്തിനിയുടെ നേതൃത്വത്തിൽ പേഴ്‌സി ജോസഫിനെ പീഡനക്കേസ്സിൽ അറസ്റ്റുചെയ്തിരുന്നു. കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയത് കേസ്സിൽ വഴിത്തിരിവായി.

പിന്നീടാണ് നിശാന്തിനി അടക്കം കേസ്സ് സൃഷ്ടിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരെയും ഇവരുടെ മേലധികാരികളെയും പ്രതികളാക്കി സിവിൽ- ക്രിമിനൽ കേസ്സുകൾ നൽകാൻ പേഴ്സി ജോസഫ് തയ്യാറായത്. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിച്ച് അഡ്വ. സി എം ടോമി വഴിയാണ് ഈ കേസ്സുകളും പേഴ്സി ജോസഫിന് കോടതിയിലെത്തിച്ചത്. യൂണിയൻ ബാങ്കിന്റെ അഭിഭാഷകൻ എന്ന നിലയിലാണ് അഡ്വ.ടോമി കേസ്സിൽ ആദ്യം ഇടപെടുന്നത്. തൊടുപുഴ സ്റ്റേഷനിൽ കക്കൂസിന്റെ ഭാഗത്ത് മർദ്ദനമേറ്റ് അവശനിലയിലാണ് ആദ്യം പേഴ്സി ജോസഫിനെ കാണുന്നതെന്നും പൊലീസ് കൊണ്ടുപോകുമ്പോൾ തലയിൽ മുണ്ടിട്ടുനടന്ന ഇയാളെ രൂപം ഇന്നും മനസ്സിലുണ്ടെന്നും കേസ്സ് നടപടികളിലൂടെ തീർത്തും അഗ്‌നി ശുദ്ധി വരുത്തി പുറത്തുവന്ന തന്റെ മുൻ കക്ഷിയുടെ ഇപ്പോഴത്തെ മനംമാറ്റം അത്ഭുതമുണ്ടാക്കുന്നതാണെന്നും അഡ്വ.ടോമി മറുനാടനോട് വ്യക്തമാക്കി.

സിവിൽ കേസ്സിൽ അനുകൂല ഘടകങ്ങൾ നിരവധിയായിരുന്നെന്നും വിജയത്തോടടുത്തപ്പോൾ തന്നെ ഒഴിവാക്കി പേഴ്സി കേസ്സ് മറ്റൊരു അഭിഭാഷകനെ ഏൽപ്പിക്കുകയായിരുന്നെന്നും ഇതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമുള്ളതായി അന്നേ തോന്നിയിരുന്നെന്നും അഡ്വ.ടോമി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ക്രിമിനൽ കേസ്സുകൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. ഈ കേസ്സുകളുടെ കാര്യത്തിലും സിവിൽ കേസിന്റെ സാമനഗതി തന്നെ ഉണ്ടാവുമെന്ന് താൻ ആശങ്കപ്പെടുന്നുണ്ടെന്നും അഡ്വ. ടോമി അറിയച്ചു.

തൊടുപുഴ എഎസ് പി ഓഫീസിലെ വനിതാ പൊലീസുകാരിയായിരുന്ന പ്രമീള ബിജു ഉന്നയിച്ച ആരോപണമാണ് തെറ്റാണെന്ന് കണ്ട് കോടതി തള്ളിയത്. 2011ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പ്രമീള ബിജുവിന്റെ ഇരു കൈകളിലും, കടന്നുപിടിച്ച് മാനഭംഗപ്പെടുത്തി എന്നാരോപിച്ച്, തൊടുപുഴ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
കേസ് അന്നത്തെ എ.എസ്‌പി. നിശാന്തിനിയും, പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി പ്രതിയായ പേഴ്സി ജോസഫിനെ വെറുതെ വിടുകകയായിരുന്നു. ടയർ കമ്പനിയുടെ ലോൺ പുതുക്കി കൊടുക്കാൻ മടിച്ചതിലുള്ള വൈരാഗ്യം തീർക്കാൻ വേണ്ടിയാണ് നിശാന്തിനി ബാങ്ക് മാനേജർ പേഴ്‌സിക്കെതിരെ വ്യാജ കേസ് കെട്ടിച്ചമച്ചത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

മുൻസിപ്പൽ വൈസ് ചെയർപേഴ്‌സണായിരുന്ന ഷീജാ ജയനും തൊടുപുഴ എഎസ്‌പിയായി ജോലി നോക്കുകയായിരുന്നു നിശാന്തിനിയും അക്കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു. ഷീജ ജയന് വേണ്ടി ബാങ്ക് മാനേജറെ മെരുക്കാൻ നിശാന്തിനി രംഗത്തെത്തുകയായിരുന്നെന്നാണ് അന്ന് പുറത്തുവന്ന വിവരങ്ങൾ. കൃത്യമായ ഗൂഢാലോചനയോടെ നിശാന്തിനി വനിതാ പൊലീസുകാരികളായ പ്രമീള ബിജു, യമുന എന്നിവരെ വേഷപ്രച്ഛന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കിൽ വിടുകയും കള്ള കേസ് ചമയ്ക്കുകയും ആയിരുന്നു. കീഴുദ്യോഗസ്ഥരായ ഇവർ ഇതിന് മെനക്കെട്ടത് നിശാന്തിനിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. കാബിനിൽ കയറിയ പ്രമീളയെ പേഴ്‌സി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പിന്നീട് പരാതി ഉയർന്നത്.

ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നു. പൊലീസുകാരികളായ പ്രമീള ബിജുവിനെയും യമുന എന്ന ഉദ്യോഗസ്ഥയെയും സ്‌കൂട്ടറിന് ലോൺ എടുക്കുവാൻ എന്ന ആവശ്യത്തോടെ ബാങ്ക് മാനേജരെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. ഉച്ചയ്ക്കു രണ്ടോടെ സ്വന്തം ക്യാബിനിൽ വച്ച് പേഴ്‌സി ജോസഫ് ഇരുകൈകളിലും കടന്നു പിടിച്ചുവെന്നാണ് പരാതിപെട്ടത്. ഇതേതുടർന്നു ജൂലൈ 26ന് പേഴ്‌സി ജോസഫിനെ എഎസ്‌പിയുടെ ഓഫീസിൽ വിളിച്ചുവരുത്തി മർദിക്കുകയും ചെയ്തു. എഎസ്‌പി നിശാനിയാണ് പേഴ്‌സി ജോസഫിനെ വിളിച്ചു വരുത്തിയത്. കേസിൽ പൊലീസ് നടപടികൾ ക്രൂരവും, മൃഗീയവുമാണെന്നു കോടതി നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. പരിഷ്‌കൃത രീതിയിലാണു കുറ്റാന്വേഷണം നടത്തേണ്ടത്. മൂന്നാംകിട രീതിയിലുള്ള മർദ്ദന മുറകൾ നിയമവിരുദ്ധമാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പാണു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒന്നാം സാക്ഷിയായ പ്രമീളയ്ക്ക് ഡ്രൈവിങ് അറിയില്ല. അപമാനം ഉണ്ടായിട്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയായ പ്രമീള മൗനം പാലിച്ചെന്നും കോടതി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം കോടതി പ്രത്യേകമായി വിധിന്യായത്തിൽ പരാമർശിക്കുകയും ചെയ്തു. 26 നു ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കുവാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയതിലും ദുരൂഹതയുണ്ടെന്നും ഈസമയം പ്രതി കസ്റ്റഡിയിൽ സ്റ്റേഷനിൽ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി.ബാങ്ക് മാനേജരുടെ ക്യാബിൻ ചില്ലിട്ടതും എല്ലാ ആളുകൾക്കും വ്യക്തമായി കാണാവുന്നതുമാണ്. മാത്രമല്ല, സിസിടിവിയിൽ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളില്ലന്നും കോടതി കണ്ടെത്തി. കൂത്താട്ടുകുളത്തുള്ള ആൾ അവിടെ ബാങ്കിൽ അക്കൗണ്ടുണ്ടായിട്ടും മുപ്പതോളം ബാങ്കുകൾ തൊടുപുഴയിൽ ഉണ്ടായിട്ടും യൂണിയൻ ബാങ്കിൽ തന്നെ ചെന്നത് സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു. മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചു എന്ന് ആരോപിച്ചിട്ടും പത്തു വർഷത്തോളമായി പൊലീസിലുള്ള പ്രമീള, ഒരുതരത്തിലും പ്രതികരിക്കാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു.

സംഭവത്തെ തുടർന്ന്, ഇതിൽ ഉൾപ്പെട്ട പൊലീസ്സുകാരെ സസ്‌പെന്റ് ചെയ്യുകയും, എ.എസ്‌പി. നിശാനി, അന്നത്തെ ഇടുക്കി എസ്‌പി. ജോർജ്ജ് വർഗ്ഗീസ് എന്നിവരെ സസ്‌പെന്റ് ചെയ്യുവാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചില ബാഹ്യശക്തികളുടെ ഇടപെടലുകൾ മൂലം ആ നടപടികളൊക്കെ മരവിപ്പിക്കുകയായിരുന്നു. പിന്നീട് കൊച്ചിയിൽ കമ്മീഷണറായി നിയോഗിക്കപ്പെട്ട നിശാന്തിനി മയക്കുമരുന്നു പിടിക്കാൻ മെനക്കെട്ട് രംഗത്തിറങ്ങി. ഇതോടെ ഇവരുടെ പഴയ കഥകൾ മാധ്യമങ്ങൾ മറന്നു. കൂടാതെ ഇവർക്ക് വീരപരിവേഷം നൽകുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP