Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളിമുറിയിലും അരുണിന്റെ ബൈക്കിലും കണ്ടെത്തിയ രക്തക്കറകൾ നിർണ്ണായകമായി; 2012ലെ കലണ്ടറിലെ ഒക്ടോബർ മാസത്തെ പേജ് കൊലപാതകിയെ ഉറപ്പിച്ചു; പഴയിടത്തെ ബന്ധുവിലെ മോഷ്ടാവിനേയും കൊലപതാകിയേയും കണ്ടെത്തിയത് 'അദൃശ്യ കരം'; ഫോറൻസിക് ബുദ്ധി എല്ലാത്തിനും വഴിയൊരുക്കി; അരുൺ ശശിയെന്ന ക്രൂരന് വേണ്ടി അപ്പീൽ എത്തുമോ?

കുളിമുറിയിലും അരുണിന്റെ ബൈക്കിലും കണ്ടെത്തിയ രക്തക്കറകൾ നിർണ്ണായകമായി; 2012ലെ കലണ്ടറിലെ ഒക്ടോബർ മാസത്തെ പേജ് കൊലപാതകിയെ ഉറപ്പിച്ചു; പഴയിടത്തെ ബന്ധുവിലെ മോഷ്ടാവിനേയും കൊലപതാകിയേയും കണ്ടെത്തിയത് 'അദൃശ്യ കരം'; ഫോറൻസിക് ബുദ്ധി എല്ലാത്തിനും വഴിയൊരുക്കി; അരുൺ ശശിയെന്ന ക്രൂരന് വേണ്ടി അപ്പീൽ എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: വീണ്ടും വധശിക്ഷ. തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്‌കരൻ നായരും ഭാര്യ തങ്കമ്മയും വീടിനുള്ളിൽ കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ട് പൊട്ടിക്കരഞ്ഞ വ്യക്തി തന്നെ പിന്നീട് പ്രതിയായി. അടുത്ത ബന്ധു. 2013 ഓഗസ്റ്റ് 28നു ഒരു തെളിവും അവശേഷിപ്പിക്കാതെ ബന്ധു നടത്തിയ കൊലപാതകം. സത്യത്തിന്റെ അദൃശ്യകരം തുമ്പുണ്ടാക്കിയ കേസിന്റെ വിധിയാണ് 10 വർഷത്തിനു ശേഷം ഇന്നലെ ഉണ്ടായത്. ഒടുവിൽ അരുൺ കുമാർ എന്ന അരുണിന് തൂക്കുകയറും. ആ ഗ്രാമം ഇപ്പോഴും ആ കൊലകളെ ഞെട്ടലോടെയാണ് കാണുന്നത്.

സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്കു മരിച്ചവരുടെ ഫോട്ടോ ആൽബത്തിൽ നിന്ന് എടുത്തുകൊടുത്തതും അരുണാണ്. ആൺമക്കളില്ലാത്ത ദമ്പതികളുടെ മകന്റെ സ്ഥാനത്തു നിന്നു മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. പൊലീസ് നായ എത്തിയപ്പോൾ മാത്രം സ്ഥലത്തു നിന്നു മാറി. മരിച്ചവരുടെ മരുമക്കളെ സംശയിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും അരുൺ അഴിച്ചുവിട്ടു. ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമോ എന്ന ചോദ്യത്തിന് 'വീട്ടുകാർ പോകുന്നെങ്കിൽ പോകട്ടെ' എന്നായിരുന്നു അരുൺ ശശിയുടെ പ്രതികരണം. മകനാണു ബന്ധുക്കളെ നിഷ്ഠുരം കൊലപ്പെടുത്തിയതെന്ന് അറിഞ്ഞ ശേഷം അരുണിന്റെ മാതാപിതാക്കൾ ആകെ തളർന്നിരുന്നു. ആദ്യം അമ്മയും പിന്നീട് ഒരു വർഷം മുൻപ് അച്ഛനും മരിച്ചു. മരിച്ച തങ്കമ്മയുടെ സഹോദര പുത്രനായിരുന്നു അരുൺ.

ഇംഗ്ലീഷ് സിനിമകൾ കണ്ട് നടത്തിയ കൊല. ഇംഗ്ലിഷ് സിനിമകളുടെ ഒട്ടേറെ സിഡികളും ഡിവിഡികളും ഇയാൾ വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. കുറ്റാന്വേഷണ സിനിമകളാണ് ഇയാൾ കണ്ടിരുന്നതിൽ ഏറെയും. മഞ്ഞൾ പൊടിയും മുളക് പൊടിയും വിതറി തെളിവില്ലാതാക്കാനും ശ്രമിച്ചു. ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം അരുൺ സ്വന്തം വീട്ടിലെത്തുമ്പോൾ അച്ഛൻ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. കുളിച്ചിട്ട് അകത്തേക്കു വരാം, പോയി കിടന്നോളൂ എന്ന് അച്ഛനോടു വിളിച്ചു പറഞ്ഞു. വീടിന്റെ പിൻവശത്തെ കുളിമുറിയിലെത്തി വസ്ത്രങ്ങൾ കഴുകി രക്തക്കറ മാറ്റി. തുടർന്നു വീട്ടുകാർ ഉറങ്ങി എന്നുറപ്പാക്കിയ ശേഷം കുളിമുറിയിലെ രക്തക്കറ കഴുകി വൃത്തിയാക്കി. കുളിമുറിയിലും അരുണിന്റെ ബൈക്കിലും കണ്ടെത്തിയ രക്തക്കറകൾ കേസിൽ നിർണായക തെളിവായി. കൊലപാതകം നടന്ന വീട്ടിൽ നിന്നു മോഷ്ടിച്ചുവിറ്റ 57 ഗ്രാം സ്വർണം വിവിധ ജൂവലറികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

കൊലപാതക തയ്യാറെടുപ്പുകളുടെ ഭാഗമായി അരുൺ, ഭാസ്‌കരൻ നായരുടെ വീട്ടിലേക്കുള്ള ഫോൺ കണക്ഷൻ രാത്രി വിഛേദിച്ചു. വീട്ടുമുറ്റത്തെ ബൾബ് ഊരി മാറ്റി. പിന്നീടു രാത്രി എത്തി കോളിങ് ബെൽ അമർത്തി. ഭാസ്‌കരൻ നായർ എത്തി കതകു തുറന്നതോടെ അരുൺ അകത്തുകയറുകയായിരുന്നു. രണ്ടാം നിലയിൽ നിന്ന് ഊരിയ മാറ്റിയ ബൾബിൽ മാത്രമാണ് അരുണിന്റെ വിരലടയാളം പൂർണമായി പതിഞ്ഞിരുന്നത്. വിരലടയാള വിദഗ്ധരായ കെ.ആർ.ഷൈലജയും ജോസ് ടി.ഫിലിപ്പും കേസിൽ നിർണ്ണായകമായി. എന്തോ പൊതിഞ്ഞു കൊണ്ടുവന്ന കലണ്ടർ പേജ് മേശപ്പുറത്തു ചുരുട്ടിവച്ചിരിക്കുന്നതു ഷൈലജ കണ്ടത് നിർണ്ണായകമായി. ചിറക്കടവ് സഹകരണ ബാങ്ക് പുറത്തിറക്കിയ 2012ലെ കലണ്ടറിലെ ഒക്ടോബർ മാസത്തെ പേജായിരുന്നു അത്. പ്രതി പഴയ കലണ്ടർ പേജ് കീറിയെടുത്തു ചുറ്റിക പോലുള്ള ആയുധം പൊതിഞ്ഞു കൊണ്ടുവന്നതാകാം ഇതെന്ന സംശയം ഷൈലജ പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചു.

കൊല ചെയ്യപ്പെട്ട തങ്കമ്മയുടെ വിരലടയാളവും ബൾബിലെ വിരലടയാളവും തമ്മിൽ സാമ്യമുണ്ടായിരുന്നു. തങ്കമ്മയുടെ രക്തബന്ധുക്കളാരെങ്കിലുമായിരിക്കും കൊലയ്ക്കു പിന്നിലെന്ന സംശയവും ഷൈലജ പൊലീസ് ഉദ്യോഗസ്ഥരോടു പങ്കുവച്ചിരുന്നു. മറ്റൊരു കേസിൽ അരുൺ ശശി ഈസ്റ്റ് പൊലീസിന്റെ പിടിയിലായപ്പോൾ പ്രതിയുടെ വിരലടയാളവും ബൾബിലെ വിരലടയാളവും ഒന്നാണെന്നു തെളിഞ്ഞു. തെളിവെടുപ്പിനായി അരുണിനെ അയാളുടെ വീട്ടിൽ കൊണ്ടുപോയപ്പോൾ വീട്ടുചുമരിലെ കലണ്ടർ ഷൈലജ പരിശോധിച്ചു. 2012ലെ കലണ്ടറിൽ നിന്ന് ഒക്ടോബർ മാസത്തെ പേജ് വലിച്ചുകീറിയിരിക്കുന്നു. കേസിലെ പ്രധാന രേഖകളിലൊന്നായി അതുമാറി.

ബെംഗളൂരുവിലെയും കേരളത്തിലെയും വിവിധ കമ്പനികളിലായി ജോലി ചെയ്‌തെങ്കിലും ഒരിടത്തും സ്ഥിരമാകാതെ വന്നതോടെയാണ് അരുൺ നാട്ടിൽ നിൽക്കാൻ തീരുമാനിച്ചത്. തന്റെ കാർ അപകടത്തിൽ പെട്ടതോടെ പുതിയ കാർ വാങ്ങാൻ നിശ്ചയിച്ചു. ഇതിനുള്ള പണം സ്വന്തം വീട്ടിൽ ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണു മോഷണം നടത്താനിറങ്ങിയത്. കൊലപാതകത്തിനു 3 മാസം മുൻപ് ആദ്യമോഷണം. അച്ഛന്റെ മറ്റൊരു സഹോദരിയുടെ മാല മോഷ്ടിച്ചു. മോഷ്ടാവിനെ തിരയാൻ അരുണും അന്നു നാട്ടുകാർക്കൊപ്പം കൂടിയിരുന്നു. പിന്നീടു പഴയിടത്തെത്തി അമ്മായിയെയും ഭർത്താവിനെയും കൊലപ്പെടുത്തി സ്വർണം കവർന്നു. അതിനുശേഷം കഞ്ഞിക്കുഴിയിൽ മാലമോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോൾ കുറ്റകൃത്യങ്ങൾ ഓരോന്നായി പുറത്തായി. കൊലപാതകം നടന്ന അന്നു രാവിലെയും അരുൺ മാല മോഷ്ടിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. വാഴൂരിൽ ഒരു യുവതിയെ തടഞ്ഞു നിർത്തിയെങ്കിലും ഇവർ ബഹളം വച്ചതോടെ കടന്നുകളയുകയായിരുന്നു.

റിട്ട. പിഡബ്ല്യുഡി സൂപ്രണ്ട് ചിറക്കടവ് പഴയിടം തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്‌കരൻ നായർ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസർ വിധി പറഞ്ഞത്. വധശിക്ഷയെന്ന വിധി കേട്ടിട്ടും അരുണിന് കുലുക്കമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട തങ്കമ്മയുടെ സഹോദരപുത്രനാണു പ്രതി അരുൺ. 2013 ഓഗസ്റ്റ് 28നു പ്രതി ദമ്പതികളെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു എന്നാണു കേസ്. കാർ വാങ്ങാനുള്ള പണത്തിനായി പ്രതി കൊലപാതകം നടത്തിയെന്നാണു മണിമല പൊലീസ് കണ്ടെത്തിയത്. 57 ഗ്രാം സ്വർണം വീട്ടിൽനിന്നു മോഷണം പോയിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന സംഭവത്തിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസ് തെളിയിച്ചത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP