Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം നോട്ടമിട്ടത് വീടിനടുത്തുള്ള ബന്ധുവിനെ; ഇരയായത് പിതൃസഹോദരിയും ഭർത്താവും; മികച്ച വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിലും കാശുണ്ടാക്കാനുള്ള ആർത്തിയിൽ 'നാട്ടിലെ സൗമ്യനായ' അരുൺ ശശി പിശാചായി; പഴയിടം ഇരട്ടകൊലപാതകക്കേസിലെ പ്രതി തന്റെ ജീവൻ എടുക്കാൻ ഒരുങ്ങിയതിന്റെ ഞെട്ടലിൽ ബന്ധു

ആദ്യം നോട്ടമിട്ടത് വീടിനടുത്തുള്ള ബന്ധുവിനെ; ഇരയായത് പിതൃസഹോദരിയും ഭർത്താവും; മികച്ച വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിലും കാശുണ്ടാക്കാനുള്ള ആർത്തിയിൽ 'നാട്ടിലെ സൗമ്യനായ' അരുൺ ശശി പിശാചായി; പഴയിടം ഇരട്ടകൊലപാതകക്കേസിലെ പ്രതി തന്റെ ജീവൻ എടുക്കാൻ ഒരുങ്ങിയതിന്റെ ഞെട്ടലിൽ ബന്ധു

സി. ആർ. ശ്യാം

കോട്ടയം: പഴയിടം ഇരട്ടകൊലപാതക കേസിലെ പ്രതി ആദ്യം കൊലപ്പെടുത്താൻ നോട്ടമിട്ടിരുന്നത് വീടിന് അടുത്ത് തന്നെയുള്ള ബന്ധുവിനെ. പഴയിടം തീമ്പനാൽ ഭാസ്‌ക്കരൻ നായരെയും ഭാര്യ തങ്കമ്മയെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതോടെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. നാട്ടിൽ സൗമ്യനായിരുന്ന മികച്ച വിദ്യാഭ്യാസവും ജോലിയും നേടിയിരുന്ന പഴയിടം ചൂരപ്പാടി അരുൺ ശശി (39) ഈ കൊല ചെയ്തതെങ്ങനെയെന്ന് ഇപ്പോഴും പലർക്കും വിശ്വസിക്കാനാവുന്നില്ല. കാർ വാങ്ങുന്നതിനായാണ് ഇയാൾ ഈ പരാക്രമങ്ങളെല്ലാം കാട്ടി കൂട്ടിയത്. അതിനിടയിൽ കഷ്ടിച്ച് ജീവൻ തിരിച്ച് കിട്ടിയതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ഇയാളുടെ അയൽവാസിയും ബന്ധുവുമായയാൾ.

ഇവരുടെ വീടുമായി അരുൺ ശശി നല്ല അടുപ്പത്തിലായിരുന്നു. പലപ്പോഴും കുശല അന്വേഷണം നടത്തും. ഒരു ദിവസം വീട്ടുമുറ്റത്ത് കുരുമുളക് ഉണങ്ങി ചാക്കുകളിൽ നിറച്ച് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് അരുൺ വിൽക്കുന്നത് എപ്പോഴാണെന്ന് ചോദിച്ചു. പിന്നീട് വിൽപ്പന നടത്തിയ ശേഷവും വിവരങ്ങൾ തിരക്കി. എന്നാൽ ചെക്കാണ് കടക്കാർ നൽകിയതെന്നും മൂന്ന് നാല് ദിവസം കഴിഞ്ഞ് ബാങ്കിൽ നിന്നും മാറാൻ കഴിയുകയുള്ളുവെന്നും പറഞ്ഞു. അതിന് മുൻപ് ഒരു ദിവസം വീട്ടിൽ നിന്നും ഇരുപതിനായിരം രൂപ മോഷണവും പോയിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് ദിവസങ്ങൾ കഴിഞ്ഞാണ് അന്വേഷിച്ചെത്തുന്നത്. അതിനാൽ ആളെ കണ്ടെത്താനുമായില്ല. ഈ സംഭവങ്ങൾ കഴിഞ്ഞ് ഒരാഴ്‌ച്ച കഴിയുമ്പോഴാണ് വീടിന് സമീപത്തായി ഇരട്ടകൊലപാതകം നടക്കുന്നത്.

ഈ സംഭവത്തിൽ അരുൺ ശശി പിടിയിലാകുമ്പോൾ പൊലീസിൽ നൽകിയ മൊഴിയാണ് ആദ്യം താൻ വീടിന് അടുത്തുള്ള ബന്ധുവിനെ കൊലപ്പെടുത്താനാണ് ആലോചിച്ചിരുന്നതെന്ന്. ഇക്കാര്യം പൊലീസിൽ നിന്നാണ് ബന്ധു അറിയുന്നത്. ഇരുപതിനായിരം രൂപയും ഇവൻ തന്നെ മോഷ്ടിച്ചതാണെന്ന് അപ്പോൾ വ്യക്തമായി. ഇക്കാര്യം പൊലീസിൽ അറിയിച്ചപ്പോൾ തന്റെ പണം അല്ലെ പോയള്ളോ... നിന്നെ തന്നെ വകവരുത്തായിരുന്നു പ്രതിയുടെ ആലോചനയെന്ന് പൊലീസ് പറഞ്ഞു. അപ്പോഴാണ് അരുൺ തന്നോട് ചോദിച്ചതെല്ലാം ഓർത്തെടുത്തത്. താനും ഭാര്യയും വീട്ടിൽ നിന്നും മാറുന്ന സമയം നിരീക്ഷിച്ചാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുന്നത്.

കാർ വാങ്ങുന്നതിനും ആർഭാട ജീവിതത്തിനുമായി ബന്ധു വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. പിതാവ് വാങ്ങിയ കാർ അരുണും സുഹൃത്തുമായി യാത്ര ചെയ്തപ്പോൾ അപകടം സംഭവിച്ചു. ഇതോടെ തകരാറിലായ കാർ വർക്ക്ഷോപ്പിലായി. പിന്നീടാണ് പുതിയ കാർ വാങ്ങാൻ ആഗ്രഹിച്ചത്. ഇതിന് പെട്ടെന്ന് പണം കണ്ടെത്തുന്നതിനായി അരുൺ സ്വീകരിച്ച മാർഗമായിരുന്നു മോഷണം. മറ്റൊരു അപ്പച്ചിയുടെ സ്വർണമാല വീട്ടിൽ നിന്നും ഇയാൾ മോഷ്ടിച്ചു. പൊൻകുന്നത്ത് നിന്നുള്ള ബസ് യാത്രയിൽ മാല നഷ്ടപ്പെട്ടിരിക്കാമെന്ന് ഇയാൾ തന്നെ അപ്പച്ചിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇയാൾ കാഞ്ഞിരപ്പള്ളിയിലുള്ള ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അവിടെയും മോഷണം നടത്തിയിരുന്നു. ഇങ്ങനെ ചെറിയ ചെറിയ മോഷണം നടത്തി വരുമ്പോഴാണ് പിതാവിന്റെ സഹോദരിയെയും ഭർത്താവിനെയും കൊലപ്പടുത്തുന്നത്. കോട്ടയത്ത് മാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലുമായി.

പെൺമക്കളെ രണ്ടു പേരെയും വിവാഹം ചെയ്തയച്ചതോടെ പ്രായമായ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ സഹായത്തിനായി എപ്പോഴും വീട്ടിൽ വരുമായിരുന്നു അരുൺ ശശി. ചെറിയ സാമ്പത്തിക സഹായമൊക്കെ ഭാസ്‌ക്കരൻ നായരും ഭാര്യയും അരുണിന് നൽകുമായിരുന്നു. അരുണിന്റെ കാൽ പാദത്തിന് ചെറിയ വളവുണ്ടായിരുന്നു. അത് ചികിത്സിക്കുന്നതിനുള്ള പണം നൽകിയത് ദമ്പതികളാണ്. ഇതിനിടയിൽ കാർ വാങ്ങാൻ കുറച്ച് പണം നൽകണമെന്ന് തങ്കമ്മയോട് ആവശ്യപ്പെട്ടു. ഇതിന് തടസ്സം നിന്നതിനാണ് ഭാസ്‌ക്കരൻ നായരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഒച്ച കേട്ട് മുകളിലത്തെ നിലയിൽ നിന്നും ഇറങ്ങി വന്ന തങ്കമ്മയെയും അരുൺ വക വരുത്തുകയായിരുന്നു. 2013 ഓഗസ്റ്റ് 29 ന് രാത്രി എട്ടു മണിയോടെയാണ് സംഭവം.

കൊല നടത്തിയ ശേഷം യാതൊരു ഭാവമാറ്റവുമില്ലാതെയാണ് അരുൺ പെരുമാറിയത്. പൊലീസിന് സഹായം ചെയ്തതും മരണാനന്തര ചടങ്ങുകളിൽ കൂടെ നിന്നതു മുതൽ പ്രതിയെ എത്രയുംപ്പെട്ടെന്ന് പിടികൂടാൻ നാട്ടുകാരെ സംഘടിപ്പിച്ച് പൊലീസിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിന് വരെ അരുൺ മുന്നിൽ നിന്നപ്പോഴും ആരും അറിഞ്ഞിരുന്നില്ല കൊലയാളി ഇയാൾ തന്നെയാകുമെന്ന്. സമീപവാസികൾ ഉൾപ്പെടെയുള്ളവരെയും വീടിനു മുൻപിലുണ്ടായിരുന്ന ഷാപ്പിൽ എത്തിയവരെയും ഇതര സംസ്ഥാന തൊഴിലാളികളെ വരെ വിശദമായി ചോദ്യം ചെയ്തു. ചിലരുടെ ഫിഗംർപ്രിന്റുകൾ വരെ പരിശോധിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കടുത്ത മാനസിക വിഷമം നേരിടേണ്ടി വന്നതായി തൊട്ടടുത്ത് താമസിക്കുന്ന ഗോപാലകൃഷ്ണൻ പറയുന്നു.

കൊല നടത്തിയ ശേഷം അന്വേഷണം വഴിതെറ്റിക്കാൻ അരുണിന്റെ കൂർമ്മ ബുദ്ധി പ്രയോഗിച്ചു. മൃതദേഹങ്ങൾ കിടന്ന വീട്ടിനുള്ള മുളകുപൊടിയും മഞ്ഞൾപൊടിയും വിതറി. ഡോഗ് സ്‌ക്വാഡ്് എത്തിയപ്പോൾ തന്ത്രപരമായി അരുൺ അവിടെ നിന്നും മാറി. പിന്നീടാണ് മോഷണ കേസിൽ പടിയിലാകുന്നതും കുറ്റം സമ്മതിക്കുന്നതും. പിന്നീട് പഴുതുകളടച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് ശാ്സ്ത്രീയ തെളിവുകൾ കണ്ടെത്തി അരുണിന്റെ കൊലക്കയർ മുറുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP